കത്തുകള്‍
നാവിനെ സൂക്ഷിക്കുക PDF Print E-mail


ആത്മപരിശോധനയ്‌ക്കും തെറ്റുകള്‍ തിരുത്താനും നിഷ്‌കളങ്കമായ പശ്ചാത്താപത്തിനും ഏറ്റവും അനുയോജ്യമായ സന്ദര്‍ഭത്തിലാണ്‌ നാമിപ്പോള്‍. ചെറുതും വലുതുമായി നാം ചെയ്‌തുപോയ തെറ്റുകള്‍ റബ്ബിനു മുമ്പില്‍ നിരത്തി പശ്ചാത്താപം നടത്തേണ്ടതിന്റെ അനിവാര്യത ഉണര്‍ത്തിയ എഡിറ്റോറിയല്‍ (ലക്കം 6) സന്ദര്‍ഭോചിതമായി. നാവുകൊണ്ട്‌ ചെയ്യുന്ന കുറ്റങ്ങള്‍ പലരും അത്ര ഗൗനിക്കാറില്ല. പലരെയും മോശമാക്കിപ്പറഞ്ഞും ഏഷണി-പരദൂഷണങ്ങള്‍ നടത്തിയും പലരും നിരവധി പാപങ്ങള്‍ ചെയ്‌തുകൂട്ടുന്നുണ്ട്‌. വ്രതത്തിലൂടെ നേടിയെടുത്ത ചൈതന്യം കൊണ്ട്‌ ഇത്തരത്തിലുള്ളവ വര്‍ജിക്കാന്‍ വിശ്വാസികള്‍ക്ക്‌ സാധിക്കണം.

അക്‌ബറലി- കാസര്‍കോഡ്‌

സാമ്പത്തിക സന്തുലിതത്വം വേണം


ഇന്ന്‌ ലോകസാമ്പത്തിക മേഖലയില്‍ മുഖ്യചര്‍ച്ചാവിഷയമാണ്‌ ഇസ്‌ലാമിക്‌ ബാങ്കിംഗ്‌. നിരവധി രാഷ്‌ട്രങ്ങള്‍ ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ രീതി അനുവര്‍ത്തിച്ചുവരുന്നുണ്ട്‌. എന്നാല്‍ നമ്മുടെ രാജ്യത്ത്‌ `ഇസ്‌ലാമിക്‌' എന്ന പേരു കേട്ടതോടെ തന്നെ സംഘപരിവാരവും അനുകൂലികളും ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്‌. യഥാര്‍ഥത്തില്‍ പലിശമുക്തമായ സാമ്പത്തിക ക്രമമാണ്‌ ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
ലോകം വന്‍ സാമ്പത്തിക അസന്തുലിതത്വം അനുഭവിക്കുന്നുണ്ട്‌. അസംഘടിത മേഖലയിലെ തൊഴിലിനെയും തൊഴിലാളികളെയും കുറിച്ച്‌ നിരവധി പഠനങ്ങള്‍ നടക്കാറുണ്ട്‌. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തില്‍ പരം ജനങ്ങളുടെയും പ്രതിദിന ആളോഹരി ഉപഭോഗം 30 രൂപയ്‌ക്ക്‌ താഴെയാണെന്ന്‌ ഒരു റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുകയുണ്ടായി. അംബാനിമാരും ടാറ്റമാരുമൊക്കെ വിലസുന്ന നമ്മുടെ രാജ്യത്ത്‌ ഇത്രയും ഭീകരമായ സാമ്പത്തിക അസന്തുലിതത്വം കുറച്ചു കൊണ്ടുവരാന്‍, സര്‍ക്കാറിന്‌ വ്യവസ്ഥാപിതമായി ഒന്നും ചെയ്യാനാവില്ലെന്നതാണ്‌ യാഥാര്‍ഥ്യം. വല്ല സാമ്പത്തിക നിയന്ത്രണമോ, നികുതിയോ ഏര്‍പ്പെടുത്തിയാല്‍ തന്നെ അതിനെ മറികടക്കാന്‍ കൊമ്പന്‍ സ്രാവുകള്‍ക്ക്‌ പ്രയാസമുണ്ടാവില്ല. സമാന്തര സര്‍ക്കാറുകള്‍ പോലെ അവരുടെ സംവിധാനങ്ങള്‍ അത്രയ്‌ക്കു വിപുലമാണ്‌.

റിലയന്‍സ്‌ പോലുള്ള വമ്പന്‍ കമ്പനികള്‍ പലപ്പോഴും സര്‍ക്കാറിനു സമാന്തരമായി സംവിധാനങ്ങളുണ്ടാക്കുക പതിവാണ്‌. ടെലിഫോണ്‍ രംഗവും ഇന്ധനമേഖലയിലുമൊക്കെ ഇതിനു തെളിവുകളാണ്‌. കേരളസര്‍ക്കാറിനു കീഴിലുള്ള സഹകരണസ്ഥാപനമായ മില്‍മക്കു സമാന്തരമായും റിലയന്‍സ്‌ പദ്ധതികളാവിഷ്‌കരിക്കുന്നുണ്ട്‌. മില്‍മയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ റിലയന്‍സ്‌ വന്‍ ശമ്പളം വാഗ്‌ദാനംചെയ്‌ത്‌ കരവലയത്തിലൊതുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന്‌ പത്രറിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇത്തരമൊരവസ്ഥയിലാണ്‌ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന സകാത്ത്‌ വ്യവസ്ഥ പ്രസക്തവും പ്രായോഗികവുമായിത്തീരുന്നത്‌.

ഒരു ചുങ്കം ഈടാക്കുക എന്നതിനപ്പുറം സംതൃപ്‌തിയോടെ ദൈവപ്രീതി ഉദ്ദേശിച്ച്‌ സ്വയം നല്‌കുന്ന നിര്‍ബന്ധ ദാനമാണല്ലോ സക്കാത്ത്‌. ലോകത്തുള്ള വന്‍കിട സമ്പന്നന്മാര്‍ യഥാവിധി സകാത്ത്‌ നല്‌കുന്ന ഒരു അവസ്ഥയുണ്ടെങ്കില്‍, ലോകത്തെ ദരിദ്ര ജനതയ്‌ക്ക്‌ അത്‌ വമ്പിച്ച ആശ്വാസമാകുമെന്നതോടൊപ്പം സമ്പത്ത്‌ കുന്നുകൂട്ടിയിടുന്ന ദുസ്ഥിതി കാലക്രമത്തില്‍ ഇല്ലാതാക്കാനും കഴിയും.

മുസ്‌ലിംകളിലുള്ള ധനാഢ്യന്മാര്‍ മുറപ്രകാരം സകാത്ത്‌ കൊടുക്കുന്ന സ്ഥിതിയില്‍, മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തികാവസ്ഥയില്‍ കാര്യമായ മാറ്റം സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന്‌ കാണുന്ന മട്ടിലുള്ള `ചക്കാത്ത്‌' സമ്പ്രദായം ഒട്ടും ആശ്വാസ്യമല്ല. പ്രത്യുത, വ്യവസ്ഥാപിത ശേഖരണ വിതരണ സമ്പ്രദായം കൊണ്ടേ അതു സാധ്യമാകൂ. മതവിശ്വാസമുള്ള ധനികരില്‍ സകാത്ത്‌ നിര്‍ബന്ധമായും നല്‌കേണ്ടതാണെന്ന ബോധം സൃഷ്‌ടിക്കുകയും പടിപടിയായി വ്യവസ്ഥാപിത സകാത്ത്‌ സമ്പ്രദായത്തിലേക്ക്‌ അവരെ എത്തിക്കുകയും ചെയ്യാനുള്ള നടപടികളാണ്‌ ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്‌.

ആഷിഖ്‌ അബ്‌ദുല്ല-കണ്ണൂര്‍

`ശക്തമായി ഇടപെടണം

ഇസ്‌ലാമിക പണ്ഡിതനും പി ഡി പി ചെയര്‍മാനുമായ അബ്‌ദുന്നാസര്‍ മഅ്‌ദനി ബാംഗ്ലൂര്‍പോലീസ്‌ കസ്റ്റഡിയിലായിട്ട്‌ ദിവസങ്ങളായി. ഉപ്പ്‌ തിന്നാതെ വെള്ളംകുടിച്ചകൊണ്ടിരിക്കുകയാണ്‌ അദ്ദേഹം. മതപരമായ അദ്ദേഹത്തിന്റെ വീക്ഷണങ്ങളോടും രാഷ്‌ട്രീയ നിലപാടുകളോടും നമുക്ക്‌ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.

എന്നാല്‍ ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ സംഘപരിവാര്‍ മഅ്‌ദനിയുടെ നേരെ കാണിക്കുന്ന മൃഗീയ ചെയ്‌തികള്‍ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ ശരിയല്ല. ഇന്ന്‌ മഅ്‌ദനിയെങ്കില്‍ നാളെ ഇവരുടെ ഇരയാകുന്നത്‌ ആരാകുമെന്നറിയില്ല. മുസ്‌ലിം പണ്ഡിതന്മാരെയും നേതാക്കളെയും തൊട്ടുകളിച്ചാല്‍ ഇത്രയൊക്കെയേ ഉണ്ടാവൂ എന്ന്‌ സംഘ്‌പരിവാര്‍ മനസ്സിലാക്കിയാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന്‌ തീര്‍ച്ചയാണ്‌.
മുസ്‌ലിം വേട്ടക്ക്‌ വേണ്ടി സംഘപരിവാരം ഉപയോഗിക്കുന്ന പദങ്ങളാണ്‌ തീവ്രവാദവും ഭീകരവാദവും. മലേഗാവുകള്‍ പരിശോധിച്ചാല്‍ ഈ പദങ്ങള്‍ കൂടുതല്‍ ഫിറ്റാകുന്നത്‌ ആര്‍ക്കാണെന്നത്‌ മനസ്സിലാക്കാം.
കര്‍ക്കരെ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ ആകെ നേരം വെളുക്കുമായിരുന്നു. ഹിന്ദുത്വ ഭീകരതയുടെ ഗൂഢലക്ഷ്യത്തിന്റെ ഇരയാണ്‌ മഅ്‌ദനി. മുസ്‌ലിം സംഘടനകള്‍ ഇത്‌ മനസ്സിലാക്കി മഅ്‌ദനി വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്‌. അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച്‌ മുസ്‌ലിം സംഘടനകള്‍ ഒന്നിക്കേണ്ട സന്ദര്‍ഭമാണിത്‌.

കെ പി അബൂബക്കര്‍,മുത്തന്നൂര്‍


റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍  ഏകീകരിക്കണം

റമദാന്‍ മാസത്തിലും അല്ലാതെയുമൊക്കെയായി കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ വ്യാപകമായ രീതിയില്‍ സകാത്ത്‌-റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്‌. ഇത്‌ ഏകീകരിക്കുകയാണെങ്കില്‍ സമുദായത്തില്‍ സകാത്തിന്റെ അവകാശികളുടെ എണ്ണം വളരെയധികം കുറക്കാന്‍ സാധിക്കും.
ചിലപ്പോള്‍ ഈ സംഘടനകള്‍ എല്ലാംതന്നെ സഹായം നല്‍കുന്നത്‌ ഒരേ വ്യക്തിക്ക്‌/കുടുംബത്തിന്‌ തന്നെയായിരിക്കും. അല്ലെങ്കില്‍ ചിതറിയ രൂപത്തില്‍. അതിനാല്‍ എല്ലാ വര്‍ഷവും സകാത്തിന്റെ അവകാശികള്‍ ഒരു കൂട്ടര്‍ തന്നെയായി നിലനിര്‍ത്തപ്പെടുന്നു. അതിനുപകരം ഒരു പ്രദേശത്തെ വിവിധ സംഘടനകളുടെ കലക്‌ഷന്‍ ഒരുമിച്ചുകൂട്ടി, ആ പ്രദേശത്തെ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ച്‌, ശരിയായ ദിശാബോധത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍, സമുദായത്തിന്റെ യഥാര്‍ഥ പുരോഗതിക്ക്‌ അത്‌ വളരെയധികം പ്രയോജനപ്പെടുമെന്നത്‌ തീര്‍ച്ചയാണ്‌.

ഡോ. കെ ആര്‍ മന്‍സൂറലി - കോഴിക്കോട്‌


കത്തുകള്‍ അയക്കേണ്ട വിലാസം:
പത്രാധിപര്‍
ശബാബ്‌ വാരിക
കണ്ടംകുളം ക്രോസ്‌ റോഡ്‌
കോഴിക്കോട്‌-2
email: This e-mail address is being protected from spambots. You need JavaScript enabled to view it

Share/Save/Bookmark