മനോധന്യതയാണ്‌ മഹാധന്യത PDF Print E-mail

കെ പി എസ്‌ ഫാറൂഖി

അബൂഹുറയ്‌റ പറയുന്നു: നബി(സ) പറഞ്ഞു: ``വിഭവങ്ങളുടെ ആധിക്യമല്ല സമ്പന്നത. സമ്പന്നതയെന്നത്‌ മനസ്സിന്റെ ധന്യതയാകുന്നു.'' (ബുഖാരി, മുസ്‌ലിം)
അനസ്‌ബ്‌നു മാലിക്‌ പറയുന്നു: നബി(സ) പറഞ്ഞു: ``മനുഷ്യന്‌ സ്വര്‍ണത്തിന്റെ ഒരു താഴ്‌വരയുണ്ടെങ്കില്‍ പോലും -അതില്‍ തൃപ്‌തനാവാതെ- അതുപോലുള്ള രണ്ട്‌ സ്വര്‍ണതാഴ്‌വര ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറയ്‌ക്കുകയില്ല.'' (ബുഖാരി, മുസ്‌ലിം)
അബൂഹുറയ്‌റ പറയുന്നു: നബി(സ) പറഞ്ഞു: ``മനുഷ്യന്‍ എന്റെ സമ്പത്ത്‌, എന്റെ സമ്പത്ത്‌ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ മൂന്നെണ്ണം മാത്രമാണ്‌ അവന്റെ സമ്പത്ത്‌. അവന്‍ തിന്നു തീര്‍ത്തത്‌, ധരിച്ചുദ്രവിച്ചത്‌, കൊടുത്തു ശേഖരിച്ചത്‌ എന്നിവയാണവ. അല്ലാത്തവയെല്ലാം പോയ്‌പ്പോകുന്നതും മറ്റുള്ളവര്‍ക്ക്‌ വേണ്ടി ഉപേക്ഷിക്കാനുള്ളതുമാണ്‌.'' (മുസ്‌ലിം)
ഇബ്‌നു ഉമര്‍ പറയുന്നു: നബി(സ) പറഞ്ഞു: ``മുസ്‌ലിമാവുകയും മിതമായ ഉപജീവനമാര്‍ഗം ലഭ്യമാവുകയും അല്ലാഹു നല്‌കിയതില്‍ സംതൃപ്‌തിയടയുന്ന മാനസികാവസ്ഥ ഉണ്ടാവുകയും ചെയ്‌ത വ്യക്തി വിജയിച്ചു.'' (മുസ്‌ലിം)
മിസ്വാറുബ്‌നു മഖ്‌റമ പറയുന്നു: നബി(സ) പറഞ്ഞു: ``അല്ലാഹു സത്യം; ദാരിദ്ര്യത്തെയല്ല, ഐഹിക സുഖങ്ങള്‍ നിങ്ങളുടെ മേല്‍ വിശാലമായി നല്‌കപ്പെടുന്നതിനെയാണ്‌ ഞാന്‍ ഭയപ്പെടുന്നത്‌. നിങ്ങളുടെ മുന്‍ഗാമികള്‍ക്ക്‌ അങ്ങനെയാണ്‌ സംഭവിച്ചത്‌. അങ്ങനെ അവര്‍ പരസ്‌പരം കിടമത്സരം നടത്തിയതു പോലെയും അശ്രദ്ധ ജീവിതം നയിച്ചതുപോലെയും നിങ്ങളും ആയിത്തീരുന്നതാണ്‌.'' (ബുഖാരി)

ഈ നബിവചനങ്ങള്‍ സത്യവിശ്വാസി സാമ്പത്തികരംഗത്ത്‌ സ്വീകരിക്കേണ്ട മനോഭാവത്തെ സൂചിപ്പിക്കുന്നു. സമ്പത്ത്‌ ധാരാളം വാരിക്കൂട്ടിയാല്‍ സൗഭാഗ്യജീവിതം ലഭിക്കുമെന്ന്‌ തനി ഭൗതികന്മാര്‍ പോലും ഇന്ന്‌ വിശ്വസിക്കുന്നില്ല. ധനാഭിവൃദ്ധി ധന്യത നല്‌കുമെങ്കില്‍ ധനം ഒരു പ്രശ്‌നമേയല്ലാത്ത, ധാരാളിത്തത്തിലും സുഖാഡംബരത്തിലും ജീവിക്കന്നവര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കില്ലായിരുന്നു. ലോകത്ത്‌ നടക്കുന്ന മിക്കവാറും ആത്മഹത്യകള്‍ ദാരിദ്ര്യം കൊണ്ടല്ല എന്നതും നിരീക്ഷിച്ചാല്‍ ബോധ്യപ്പെടുന്നതാണ്‌. ഈ ഹദീസുകളില്‍ പ്രതിഫലിക്കുന്ന തത്വങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

ഒന്ന്‌, സമ്പത്തിന്റെ ആധിക്യവും ലഭ്യതയും കൊണ്ട്‌ സന്തോഷം ലഭിക്കുന്നുവെന്ന്‌ കരുതുന്നത്‌ ശരിയല്ല. മനസ്സിന്‌ സന്തോഷവും സംതൃപ്‌തിയും അനുഭവപ്പെടുന്നുണ്ടോ എന്നതാണ്‌ പ്രധാനം. മനസ്സിന്റെ ധന്യതയാണ്‌ യഥാര്‍ഥ ധന്യത. അതിന്റെ അഭാവത്തില്‍ മറ്റെല്ലാ ധന്യതയും നിഷ്‌ഫലമോ നിഷ്‌പ്രഭമോ ആയിരിക്കും.

രണ്ട്‌, മനുഷ്യന്റെ സമാധാനവും സന്തോഷവും നശിപ്പിച്ചുകളയുന്നത്‌ സമ്പത്തിനോടുള്ള ആര്‍ത്തിയാണ്‌. ഒന്ന്‌ കിട്ടിയാല്‍ അടുത്തത്‌ കിട്ടണമെന്നും പിന്നെയും കൂടുതല്‍ കിട്ടണമെന്നും ആഗ്രഹിക്കുമ്പോള്‍ അനുവദനീയമായ ആഗ്രഹം എന്ന തലത്തില്‍ നിന്ന്‌ അവിശുദ്ധമായ ആര്‍ത്തിയിലേക്ക്‌ മനോഭാവം വളരുന്നു. ഈ വളര്‍ച്ച പക്ഷേ മനസ്സിന്റെയും ജീവിതത്തിന്റെയും സന്തോഷത്തിന്റെ പച്ചപ്പിനെ നശിപ്പിക്കുന്ന വളര്‍ച്ചയാണെന്ന്‌ മിക്കവരും തിരിച്ചറിയുന്നില്ല.

മൂന്ന്‌, എന്റെ സമ്പത്ത്‌, എന്റെ സ്വത്ത്‌ എന്ന്‌ നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കുന്ന മനുഷ്യനറിയുന്നുണ്ടോ എന്റെ സ്വത്ത്‌ എന്ന പ്രയോഗം തന്നെ നിഷ്‌ഫലമാകുന്ന സന്ദര്‍ഭങ്ങള്‍ എപ്പോഴും കടന്നുവരാമെന്ന്‌! സ്വന്തമെന്ന്‌ ഉറപ്പായും അവകാശപ്പെടാന്‍ മൂന്ന്‌ സ്വത്ത്‌ മാത്രമേയുള്ളൂ എന്ന്‌ നബി(സ) ഓര്‍മിപ്പിക്കുന്നു.

നാല്‌, അല്ലാഹുവിന്‌ പൂര്‍ണമായും സമര്‍പ്പിത ജീവിതം നയിക്കാനുള്ള സന്നദ്ധത, ജീവിതാവശ്യങ്ങള്‍ മിതമായ വിധത്തിലെങ്കിലും നിര്‍വഹിക്കാനുതുകന്ന ജീവിത വിഭവങ്ങളുടെ ലഭ്യത, അല്ലാഹു തനിക്ക്‌ നല്‌കിയതിലും വിധിച്ചതിലും പൂര്‍ണസംതൃപ്‌തിയടയാനുള്ള മനസ്സിന്റെ പക്വത എന്നീ തത്വങ്ങളാണ്‌ വിജയത്തിന്റെ മാനദണ്ഡങ്ങളായി നബി(സ) വിവരിച്ചത്‌.

എത്ര കിട്ടിയാലും തൃപ്‌തി വരാത്ത മേഖലയാണ്‌ സാമ്പത്തികരംഗം. അത്‌ ജീവിതത്തിന്റെ നിലനില്‌പിന്റെ ആധാരമാണ്‌. അതിനാല്‍ ആശ്രയത്വത്തിനും അവഗണനയ്‌ക്കും ഇടയ്‌ക്കുള്ള ഒരു ജീവിത സമീപനമാണ്‌ സാമ്പത്തികരംഗത്ത്‌ കരണീയം. ഈയൊരു സമീപന രീതിയിലേക്ക്‌ മനുഷ്യനെ കൈപിടിച്ചുയര്‍ത്താനുള്ള കര്‍മപദ്ധതികളാണ്‌ ഇസ്‌ലാം വിഭാവനചെയ്യുന്നത്‌. അവയില്‍ ചിലത്‌ ഇപ്രകാരമാണ്‌: സമ്പത്തിനോടുള്ള ആര്‍ത്തി വെടിയുക, മിതവ്യയശീലം ശീലിക്കുക, ധൂര്‍ത്തും പിശുക്കും വര്‍ജിക്കുക, മറ്റുള്ളവരുടെ ഉയര്‍ച്ചയിലുള്ള അസൂയ വെടിയുക, സാമ്പത്തിക വളര്‍ച്ചയില്‍ അഹങ്കരിക്കാതിരിക്കുക, സാമ്പത്തികത്തകര്‍ച്ചയില്‍ തളരാതിരിക്കുക, തന്നേക്കാള്‍ മോശമായ സാമ്പത്തിക സ്ഥിതിയുള്ളവരുമായി തന്റെ അവസ്ഥയെ താരതമ്യം ചെയ്‌ത്‌ അല്ലാഹുവിന്‌ നന്ദി ചെയ്യുക, സമ്പാദ്യവും വിനിമയവും അനുവദനീയ മാര്‍ഗത്തിലാണെന്ന്‌ ഉറപ്പുവരുത്തുക, തന്റെ സമ്പത്തില്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്ന്‌ തിരിച്ചറിയുക, എപ്പോഴും സംഭവിക്കാവുന്ന മരണത്തോടെ സമ്പത്ത്‌ തന്റെതല്ലാതാവുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക. l

Share/Save/Bookmark