കാമ്പസ്‌ വില്ലന്‍ PDF Print E-mail

മൊബൈലിന്റെ ദൂഷ്യങ്ങളെക്കുറിച്ച്‌ കെ എം റഹ്‌മാന്‍ എഴുതിയ കവര്‍‌സ്റ്റോറി (ലക്കം 30) ശ്രദ്ധേയമായി. മൊബൈല്‍ ഉപയോഗം ഇന്ന്‌ വ്യാപമായിരിക്കുന്നു. കുട്ടികളും സ്‌ത്രീകളും വരെ ഇന്ന്‌ മൊബൈല്‍ ഉപയോക്താക്കളാണ്‌. മൊബൈലിന്റെ നല്ല വശങ്ങളെക്കാള്‍ ദൂഷ്യവശങ്ങള്‍ ഉപയോഗിക്കുമ്പോഴാണ്‌ മൊബൈല്‍ `സമൂഹ്യവിരുദ്ധനാ'യിത്തീരുന്നത്‌.ധാര്‍മികതയും സദാചാരവും നഷ്‌ടപ്പെട്ട ആധുനിക കാമ്പസിലെ ഏറ്റവും വലിയ വില്ലനാണ്‌ മൊബൈല്‍. ഗേള്‍സ്‌ ഫ്രന്റ്‌സിനും ബോയ്‌സ്‌ ഫ്രന്റ്‌സിനും `തടസ്സങ്ങളില്ലാതെ' സംസാരിക്കാന്‍ മൊബൈല്‍ കമ്പനികള്‍ അവസരമൊരുക്കുന്നു. മിക്ക കമ്പനികളും രാത്രി 11 മുതല്‍ രാവിലെ 8 മണി വരെ കോള്‍ചാര്‍ജ്‌ കുറക്കാന്‍ അവസരമൊരുക്കുന്നു. ആധുനിക കൗമാരം ഇത്‌ വല്ലാതെ ഉപയോഗപ്പെടുത്തുന്നുമുണ്ട്‌. ഈ പോക്ക്‌ നമ്മുടെ കുടുംബ-സാമൂഹ്യ വ്യവസ്ഥയെ തകിടംമറിക്കുമെന്നുറപ്പാണ്‌. ഇതിനെതിരെ കുടുംബങ്ങളിലും സമൂഹത്തിലും ശക്തമായ ബോധവത്‌കരണവും നിയന്ത്രണവും വേണ്ടതുണ്ട്‌.

പി സഹ്‌ല മഞ്ചേരി�




ബി ടി വഴുതന, വേണ്ടേ വേണ്ട

കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയൊട്ടാകെ പരിസ്ഥിതി സംരക്ഷകരുടെ നേതൃത്വത്തില്‍ ബി ടി വഴുതന ഇന്ത്യയില്‍ കൃഷി ചെയ്യാന്‍ അനുവദിക്കില്ലെന്നു പറഞ്ഞുകൊണ്ടുള്ള സമരം ശക്തമായിരുന്നു. തുടര്‍ന്ന്‌ സമഗ്രപഠനത്തിനു ശേഷം മാത്രമേ ബി ടി വഴുതന കൃഷി ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്ന്‌ പരിസ്ഥിതിമന്ത്രി പ്രഖ്യാപിക്കുകയുമുണ്ടായി.

ബാസില്ലസ്‌ തുറുന്‍ജിസിസ്‌ എന്ന ബാക്‌ടീരിയ സാധാരണ വഴുതനയില്‍ ചേര്‍ത്ത്‌ നിര്‍മിച്ച ഈ പുതിയതരം വഴുതനയുടെ കൃഷി സജീവമാകുന്നതോടെ രാജ്യത്തെ കാര്‍ഷികരംഗത്ത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. ഈ ബാക്‌ടീരിയയുടെ ജീന്‍ കീടങ്ങളെ ചെറുക്കുന്ന ഒരു വിഷം ഉല്‌പാദിപ്പിക്കും. ആ ജീന്‍ കടത്തിവിടുമ്പോള്‍ ചെടി ആ വിഷം തനിയെ ഉണ്ടാക്കുകയും കീടങ്ങളെ നശിപ്പിക്കുകയും ചെയ്യും. അങ്ങനെ കീടങ്ങളില്‍ നിന്ന്‌ ചെടി സ്വയം സംരക്ഷണം തേടുന്നു.

എന്നാല്‍ ഇങ്ങനെ നിര്‍മിച്ചെടുക്കുന്ന ഈ ജീന്‍ ഒരു അന്തകജീന്‍ ആണ്‌. അതായത്‌, ഒരിക്കല്‍ ഒരു ചെടിയില്‍ പ്രവേശിച്ചാല്‍ പിന്നെ ആ ചെടിയുടെ പ്രത്യുല്‌പാദന ശേഷിയെ ഇല്ലാതാക്കും. ചെടിക്കു പിന്നെ വിത്തുല്‌പാദിപ്പിക്കാനുള്ള കഴിവ്‌ ഇല്ലാതാകും. ചെടികളില്‍ നടക്കുന്ന പരപരാഗണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതോടെ കൃഷി ചെയ്യണമെങ്കില്‍ പാവം കര്‍ഷകന്‍ വിത്തുകമ്പനിയെ ആശ്രയിക്കേണ്ടിവരും. അതുകൊണ്ടാണ്‌ മോണ്‍സാന്റോ പോലുള്ള ഭീമന്‍ കമ്പനികള്‍ വന്‍ ലാഭക്കൊതിയോടെ ഈ രംഗത്ത്‌ സജീവമാകുന്നത്‌.

ജനിതകമാറ്റം വരുത്തിയുണ്ടാക്കിയ ബി ടി വഴുതന വിത്തുകള്‍ മറ്റു വഴുതനങ്ങ ഇനങ്ങളെ നശിപ്പിക്കും. അവസാനം ഒരിനം വഴുതനങ്ങ മാത്രമേ അവശേഷിക്കൂ. ഇന്ത്യയില്‍ ഏതാണ്ട്‌ 2400 ഓളം വഴുതനങ്ങ ഇനങ്ങള്‍ ഇപ്പോഴുണ്ട്‌. ബി ടി വഴുതനങ്ങ കൃഷി വ്യാപകമാവുന്നതോടെ ഇവയെല്ലാം നശിക്കും.
ബാസില്ലസ്‌ തുറുന്‍ജിസിസ്‌ എന്ന ബാക്‌ടീരിയ ഉല്‌പാദിപ്പിക്കുന്ന വിഷം മനുഷ്യന്‌ എത്രത്തോളം ദോഷംവരുത്തുമെന്ന്‌ ഇതുവരെ വിലയിരുത്തിയിട്ടില്ല. മനുഷ്യരില്‍ ജനിതക വൈകല്യങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജനിതക മാറ്റം വരുത്തിയ സോയാബീന്‍ എലികളുടെ വൃക്കയിലും കരളിലും ട്യൂമറും വ്രണങ്ങളും ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

ടി ടി എ റസാഖ്‌ എഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ച പോലെ (ലക്കം 28) വരുംകാലത്ത്‌ ജനിതകമാറ്റം വരുത്തിയ വിത്ത്‌ ലോകത്തെ എങ്ങനെ കീഴടക്കുമെന്ന്‌ കാത്തിരുന്ന്‌ കാണാം.
പ്രൊഫ. അബ്‌ദുല്‍അസീസ്‌ -കണ്ണൂര്‍

കടം കടമയാണ്‌

ആത്മസംസ്‌കരണത്തിനുതകുന്ന ചിന്തകളാണ്‌ അബ്‌ദുല്‍വദൂദിന്റെ തര്‍ബിയയെ ശ്രദ്ധേയമാക്കുന്നത്‌. കടത്തെക്കുറിച്ച്‌ എഴുതിയ ലേഖനം (ലക്കം 27) വളരെ ഹൃദ്യമായി. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരാണല്ലോ നാമെല്ലാവരും. നമ്മില്‍ പലരും കടം കൊടുക്കുന്നവരോ വാങ്ങുന്നവരോ ആയിരിക്കും. എന്നാല്‍ കടം വാങ്ങുമ്പോഴും അത്‌ വിനിമയം ചെയ്യുമ്പോഴും ഇസ്‌ലാം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? എങ്ങനെ തിരിച്ചടക്കും എന്ന്‌ ചിന്തിക്കാതെ പലരും കിട്ടാവുന്നത്ര രൂപ കടം വാങ്ങിക്കൂട്ടാറുണ്ട്‌.

പാര്‍പ്പിടത്തിന്റെയും മറ്റും രേഖകള്‍ പണയപ്പെടുത്തിയാല്‍ വായ്‌പ നല്‌കാന്‍ നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്‌. ഈ കടം വീട്ടാന്‍ കഴിയാതെ, ഒടുവില്‍ പാര്‍പ്പിടം നഷ്‌ടപ്പെട്ട്‌ പടുകുഴിയില്‍ വീഴുന്നവരും വിരളമല്ല.
കടം ഒരു കടമയാണ്‌. വളരെ ശ്രദ്ധാപൂര്‍വം നടത്തേണ്ട സാമ്പത്തിക ഇടപാടുകള്‍ അലസമായി കൈകാര്യം ചെയ്യുമ്പോഴാണ്‌ നാം കടബാധിതരായിത്തീരുന്നത്‌. കടത്തില്‍ നിന്നും മുക്തരായി ജീവിക്കാനാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌. അല്ലെങ്കില്‍ ജീവിതവിജയത്തിന്‌ അത്‌ തടസ്സമാകും!
അബ്‌ദുല്‍ഹലീം കോഴിക്കോട്‌

ജനിതക എന്‍ജിനിയറിംഗും ജനിതകഭക്ഷണവും

ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ചും ബി ടി വഴുതന വിവാദത്തെക്കുറിച്ചും ശബാബ്‌ ചെയ്‌ത കവര്‍‌സ്റ്റോറി (ലക്കം 28) ശ്രദ്ധേയമായി. ജനിതക മാറ്റത്തിന്‌ ദോഷവശങ്ങള്‍ ഉള്ളതുപോലെ ചില നല്ല വ ശങ്ങളുമില്ലേ? അനുബന്ധമായി ചിലത്‌ കുറിക്കട്ടെ.

1960-70കളിലാണ്‌ ജനിതക എന്‍ജിനിയറിംഗ്‌ ആരംഭിക്കുന്നത്‌. 1960കളില്‍ ബാക്‌ടീരിയകളിലും മറ്റും നടത്തിയ പരീക്ഷണഫലമായി 1970 ആയപ്പോഴേക്കും ഒരു ജീനിനെ മറ്റൊരു കോശത്തിലേക്ക്‌ എത്തിക്കുന്നതില്‍ ശാസ്‌ത്രജ്ഞര്‍ വിജയിച്ചു. ജനിതകമാറ്റം ആരംഭിച്ചതോടെ വന്‍ വിപ്ലവമാണ്‌ ആരോഗ്യരംഗത്തും മറ്റും സാധ്യമായത്‌. ചികിത്സാരംഗത്ത്‌ ഈ വിദ്യ ഏറെ പ്രയോജനപ്പെട്ടു.
പ്രമേഹം, കാന്‍സര്‍, അല്‍ഷിമേഴ്‌സ്‌, എയ്‌ഡ്‌സ്‌ തുടങ്ങിയ രോഗങ്ങളെയെല്ലാം വരുതിയിലാക്കാന്‍ ഈ വിദ്യ ശ്രമിക്കുന്നുണ്ട്‌. പലതിനും മരുന്ന്‌ കണ്ടെത്തിക്കഴിഞ്ഞു. പ്രമേഹരോഗികള്‍ ഉപയോഗിക്കുന്ന ഇന്‍സുലിന്‍
1980കളിലാണ്‌ ആദ്യം കൃത്രിമമായി ഉണ്ടാക്കിയത്‌. പിന്നീട്‌ പഴയീച്ചകളില്‍ ജനിതകമാറ്റം വരുത്തുന്നതില്‍ ഗവേഷകര്‍ വിജയംകണ്ടു. നമ്മുടെ ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന ഇന്‍സുലിന്റെ ജീനിനെ ചിലതരം ബാക്‌ടീരിയകളില്‍ ജനിതക എന്‍ജിനിയറിംഗ്‌ വഴി കടത്തിവിട്ടു. പിന്നീട്‌ ഈ ബാ ക്‌ടീരിയകളെ ഉപയോഗിച്ച്‌ നാമിപ്പോള്‍ ഇന്‍സുലിന്‍ ഉണ്ടാക്കുന്നു.

ഇന്ത്യയില്‍ ആദ്യമായി വന്നത്‌ ജനിതകമാറ്റം വരുത്തിയ പരുത്തിയായിരുന്നു; 2002ല്‍. ബി ടി വഴുതന ഇന്ത്യയില്‍ കൊണ്ടുവന്ന അമേരിക്കന്‍ കമ്പനിയായ മോണ്‍സാന്റോയ്‌ക്ക്‌ ഇന്ത്യയില്‍ 16 സ്ഥലത്ത്‌ ഓഫീസുകളുണ്ട്‌. മഹാരാഷ്‌ട്ര ഹൈബ്രിഡ്‌ സീഡ്‌സ്‌ കമ്പനിയുമായി ചേര്‍ന്നാണ്‌ ഇന്ത്യയിലെ അവരുടെ പ്രവര്‍ത്തനം.

1997ന്‌ ശേഷമാണ്‌ ജനിതകമാറ്റം വരുത്തിയ ഭക്ഷണം വന്‍തോതില്‍ വിപണിയിലെത്തിയത്‌. ഇക്കൂട്ടത്തില്‍ ഒന്നാമന്‍ ഫ്‌ളേവര്‍ സേവ്‌ര്‍ എന്നറിയപ്പെടുന്നത തക്കാളിയാണ്‌. കുറെ നാളുകള്‍ ചീഞ്ഞുപോകാതെ സുന്ദരനായിരിക്കാന്‍ ഇവനു കഴിയും. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ജനിതക ഭക്ഷണം ഉപയോഗിക്കുന്നത്‌ അമേരിക്കയാണ്‌. 2003ല്‍ ആകെയുള്ള ജനിതക ഭക്ഷണത്തിന്റെ 63 ശതമാനവും തിന്നുതീര്‍ത്തത്‌ അമേരിക്കയായിരുന്നു. ഇപ്പോള്‍ 75 ശതമാനവും അവരാണ്‌ ഉപയോഗിക്കുന്നത്‌.
ഡോ. പി എം അശ്‌റഫ്‌ -തിരുവനന്തപുരം

ജനിതക ധാര്‍മികത

ശുദ്ധപ്രകൃതിയിലുള്ള മനുഷ്യകരങ്ങളുടെ അധിനിവേശം സൃഷ്‌ടിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വ്യക്തമായ അവബോധമാണല്ലോ ബി ടി ഭക്ഷ്യവസ്‌തുക്കള്‍ക്കെതിരിലുള്ള പടയൊരുക്കത്തിന്റെ അടിസ്ഥാന കാരണം.
മനുഷ്യബുദ്ധി വികസിപ്പിച്ചെടുത്ത ജൈവ-സാങ്കേതിക വിദ്യകള്‍ ഭക്ഷ്യമേഖലകളില്‍ ഇടപെടുമ്പോള്‍ ഉണ്ടാകുന്ന ദൂരവ്യാപക ഭവിഷ്യത്തുകള്‍ തന്നെയാണ്‌ പ്രപഞ്ചനാഥന്‍ അവതരിപ്പിച്ച ജീവിത വ്യവസ്ഥകളെ വികലമാക്കുമ്പോഴും സംഭവിക്കുന്നത്‌.

ജനിതകവിദ്യകള്‍ മുഖേന ഉല്‌പാദിപ്പിക്കുന്ന വിളകള്‍ അന്തകവിത്തുകള്‍ ജനിപ്പിക്കുന്നതു പോലെ, മാനവ ഹൃദയ വിചാര വികാരങ്ങള്‍ വ്യക്തമായി ഗ്രഹിക്കുന്ന നാഥന്റെ മാര്‍ഗദര്‍ശനങ്ങള്‍ തകിടം മറിക്കുമ്പോഴും ധാര്‍മികമായ അന്ത്യമാണ്‌ മനുഷ്യലോകത്ത്‌ വിളയുന്നത്‌.

ഹൃദയങ്ങളുടെ സങ്കുചിത താല്‌പര്യങ്ങള്‍ക്കനുസരിച്ച്‌ ധര്‍മവും അധര്‍മവും സ്വയം നിര്‍ണയിക്കുമ്പോള്‍ സംഭവിക്കുന്ന ജനിതക വൈകല്യമാണ്‌ മാനവരാശിയുടെ അതിജീവനത്തെ അവതാളത്തിലാക്കുന്നത്‌. പ്രകൃതിയിലേക്കും പ്രകൃതിവ്യവസ്ഥയിലേക്കും ജീവിതം തിരിച്ചുവരടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഭക്ഷ്യ-ധാര്‍മിക-ആരോഗ്യ-ചികിത്സാ രംഗങ്ങളിലും അധിനിവേശത്തിന്റെ വ്യത്യസ്‌ത മുഖങ്ങള്‍ അധപ്പതനത്തിലേക്ക്‌ നയിക്കുമ്പോള്‍ മനുഷ്യരുടെ വഴിതെറ്റിയ കര്‍മങ്ങള്‍ കാരണം കടലിലും കരയിലും കുഴപ്പങ്ങള്‍ പ്രകടമാകുന്നുവെന്ന ഖുര്‍ആന്‍ വചനങ്ങളുടെ പൊരുള്‍ പകല്‍ വെളിച്ചം പോലെ അന്വര്‍ഥമാവുകയാണ്‌.
യു ടി മുഹമ്മദലി -പൂവ്വത്തിക്കല്‍


ഇസ്‌ലാമിലും ഉച്ചനീചത്വമോ?

ഒരു അമുസ്‌ലിം ഈയിടെ സംസാരമധ്യേ പറയുകയുണ്ടായി: ``മുസ്‌ലിംകളില്‍ പെട്ട മീന്‍പിടുത്ത ജോലിക്കാരെയും മുടിവെട്ടുകാരെയും രണ്ടാംകിട പൗരന്മാരായിട്ടാണ്‌ മിക്കവരും കാണുന്നത്‌. അവരുമായി വിവാഹബന്ധം സ്ഥാപിക്കാന്‍ പലരും മടിക്കുന്നു. ഉച്ചനീചത്വമില്ലാത്ത മതമാണ്‌ ഇസ്‌ലാം എന്ന്‌ നിങ്ങള്‍ പറയുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌?''

ഇത്തരം സംശയങ്ങള്‍ പലരും ഉന്നയിക്കാറുണ്ട്‌. ഏറെക്കുറെ ഇതില്‍ വാസ്‌തവവുമില്ലേ? യഥാര്‍ഥ ഇസ്‌ലാം നീതിയിലും മാനവികതയിലും അധിഷ്‌ഠിതമാണ്‌. സങ്കുചിത ചിന്തകളില്‍ നിന്ന്‌ മാറി ഇസ്‌ലാമിന്റെ തനത്‌രൂപം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണം. ഇതിലേക്ക്‌ വെളിച്ചംപകര്‍ന്ന എഡിറ്റോറിയല്‍ (ലക്കം 29) സന്ദര്‍ഭോചിതമായി.
കെ ഇ എസ്‌ -കോഴിക്കോട്‌

പാരമ്പര്യ ഇസ്‌ലാമും ഇസ്‌ലാമിന്റെ പാരമ്പര്യവും

ഇസ്‌ലാം എന്ന പദത്തിന്നര്‍ഥം സമര്‍പ്പണം എന്നാണ്‌. അതായത്‌ ഈ ലോകത്തിലെ ചരാചരങ്ങളെ മുഴുവന്‍ സംരക്ഷിച്ച്‌ പോറ്റുന്ന ജഗന്നിയന്താവായ അല്ലാഹുവിനു മാത്രം ആരാധനയുടെ മുഴുവന്‍ ഭാഗങ്ങളും സമര്‍പ്പിക്കുക. ഈ മഹിതമായ സത്യം പ്രബോധനം ചെയ്യുന്നതിനാണ്‌ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുള്ളത്‌. `അല്ലാഹുവിനെ വിളിച്ച്‌ പ്രാര്‍ഥിക്കണം എന്ന്‌ പ്രബോധനം ചെയ്യാനല്ലാതെ ഒരു പ്രവാചകനെയും ഞാന്‍ നിയോഗിച്ചിട്ടില്ല' എന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നുണ്ട്‌. എന്നാല്‍ ഓരോ പ്രവാചകന്മാരുടെ കാലശേഷവും ആ പ്രവാചകന്മാര്‍ പഠിപ്പിച്ച ആദര്‍ശത്തിനു വിരുദ്ധമായി അവര്‍ തന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുന്ന അവസ്ഥയിലേക്ക്‌ സമൂഹം എത്തിച്ചേര്‍ന്നിരിക്കുന്നു.

മുഹമ്മദ്‌ നബി(സ) പ്രബോധനദൗത്യവുമായി രംഗത്തുവന്നപ്പോള്‍ മക്കാമുശ്‌രിക്കുകള്‍ പറഞ്ഞത്‌, `ഞങ്ങള്‍ പാരമ്പര്യമായി വിളിച്ചുപ്രാര്‍ഥിക്കുന്ന മഹാന്മാരെ ഭത്സിക്കണം എന്നാണോ നീ പറയുന്നത്‌, നീ പുത്തന്‍വാദവുമായി വന്നിരിക്കുന്നു'' എന്നായിരുന്നു. ഇതുതന്നെയാണ്‌ കേരളത്തിലെ യാഥാസ്ഥിതികരുടെയും വാദം. അല്ലാഹുവിനെ മാത്രമേ വിളിച്ച്‌ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ എന്നും മാലമൗലൂദ്‌, റാത്തീബ്‌, കൊടിക്കുത്ത്‌ നേര്‍ച്ച തുടങ്ങിയ ശിര്‍ക്കന്‍ ആചാരങ്ങള്‍ ഒഴിവാക്കണമെന്നും പകരം വിശുദ്ധ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങണമന്നും ആവശ്യപ്പെടുമ്പോള്‍, ഇക്കൂട്ടര്‍ പറയാറുള്ളത്‌ `ഞങ്ങളുടെ കാക്കകാരണവന്മാര്‍ ചെയ്‌തുപോന്ന കാര്യങ്ങള്‍ ആണോ നിങ്ങള്‍ വേണ്ടെന്ന്‌ പറയുന്നത്‌, അവര്‍ നരകത്തിലാണെങ്കില്‍ അവര്‍ക്ക്‌ ആവശ്യമില്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്കും വേണ്ട എന്നാണ്‌. പ്രവാചകസ്‌നേഹത്തിന്റെ പേരില്‍ നബിദിനമാഘോഷിക്കുമ്പോഴും ഇവര്‍ക്ക്‌ പറയാനുള്ളത്‌ ഇതേ പല്ലവി തന്നെ?

കെ ഇ ശാഹുല്‍ഹമീദ്‌ -പെരുമണ്ണ, കോഴിക്കോട്‌

Share/Save/Bookmark