|
പെരുന്നാള്‍-ഗ്രഹണ നമസ്‌കാരങ്ങള്‍ |
|
|
|
|
അബ്‌ദുല്‍അലി മദനി
ഹിജ്‌റ ഒന്നാം വര്‍ഷത്തിലാണ് രണ്ട് പെരുന്നാള്‍ നമസ്‌കാരങ്ങളും നിയമമാക്കപ്പെട്ടത്. പ്രവാചകന്‍(സ) പതിവാക്കിയ ഏറ്റവും ശക്തമായ ഒരു ചര്യയാണത്. സ്‌ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവരോടെല്ലാം ഒരു നമസ്‌കാര വേദിയില്‍ സമ്മേളിക്കാനും അവരുടെ ഐഹികവും പാരത്രികവുമായ നേട്ടങ്ങള്‍ കരസ്ഥമാക്കാനും നബി(സ) കല്‌പിച്ചിരുന്നു.
കുളിച്ച് വൃത്തിയായി നല്ല വസ്‌ത്രം ധരിച്ചും സുഗന്ധം പൂശിയുമൊക്കെ ഒരു മൈതാനിയില്‍ സമ്മേളിക്കാനാണ് നിര്‍ദേശം. പള്ളികളെക്കാള്‍ ഒരു മൈതാനത്തിനാണ് ഇങ്ങനെ ഒരുമിക്കാന്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. എന്നാല്‍ പള്ളികളില്‍ വെച്ചും പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാം.
ആബാലവൃദ്ധം ജനങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനും ദൈവസ്‌മരണയിലും സ്‌നേഹസൗഹാര്‍ദങ്ങള്‍ പങ്കിടുന്നതിലും ഐഹികവും പാരത്രികവുമായ നന്മകളെ വീണ്ടെടുക്കാനും ഇതുവഴി സാധിക്കും. മുസ്വല്ലയിലേക്ക് പോകുന്നത് ഒരു വഴിയിലൂടെയും മടക്കം മറ്റൊരു വഴിയിലൂടെയും ആക്കുന്നതാണ് നബിചര്യ. ഇങ്ങനെയുള്ള പോക്കുവരവിലെല്ലാം തക്‌ബീര്‍ ഉച്ചത്തില്‍ ചൊല്ലാവുന്നതുമാണ്.
മഴയുള്ളപ്പോള്‍ മാത്രമേ പ്രവാചകന്‍(സ) മദീന പള്ളിയില്‍വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിട്ടുള്ളൂ. റമദാനിന്റെ അവസാനഘട്ടത്തില്‍ നല്‍കേണ്ട ഫിത്‌ര്‍ സകാത്തിന്റെ സമയവിശാലതക്കായി ചെറിയ പെരുന്നാള്‍ നമസ്‌കാരത്തെ അല്‌പം പിന്തിക്കാവുന്നതാണെന്നും ബലികര്‍മം നിര്‍വഹിക്കാന്‍ സമയവിശാലത കിട്ടാനായി ബലിപെരുന്നാള്‍ നമസ്‌കാരത്തെ മുന്തിക്കാമെന്നും കര്‍മശാസ്‌ത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഫിത്വ്‌ര്‍ സകാത്ത് പെരുന്നാള്‍ നമസ്‌കാരത്തിനു മുമ്പായിട്ടാണ് നല്‍കേണ്ടത്. വി.ഖു. 22:28 സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത് ബലികര്‍മം ബലിപെരുന്നാളിലും അതിന്റെ തൊട്ടടുത്ത ദിവസങ്ങളിലും നിര്‍വഹിക്കാമെന്നാണ്. തക്‌ബീര്‍ ചൊല്ലുന്നത് ദുല്‍ഹിജ്ജ ഒമ്പതിലെ അറഫാ ദിനത്തിലെ സ്വുബ്‌ഹി മുതല്‍ പതിമൂന്നിന്റെ അസ്വ്‌ര്‍ വരെയാകാം.
പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ബാങ്കും ഇഖാമത്തും നിയമമാക്കിയിട്ടില്ല.പള്ളിയില്‍ പ്രവേശിച്ചാല്‍ നിര്‍വഹിക്കുന്ന തഹിയ്യത്ത് നമസ്‌കാരവും മൈതാനിയില്‍ വെച്ച് ചെയ്യേണ്ടതില്ല. തഹിയ്യത്തുല്‍ മസ്‌ജിദ് എന്ന പ്രയോഗംതന്നെ പള്ളിയില്‍വെച്ചുള്ളതായതിനാലാണ്. രണ്ട് റക്‌അത്താണ് പെരുന്നാള്‍ നമസ്‌കാരങ്ങള്‍. ഇതില്‍ ആദ്യത്തെ റക്‌അത്തില്‍ പ്രാരംഭ തക്‌ബീര്‍ കൂടാതെ ഏഴ് തക്‌ബീറും രണ്ടാമത്തെ റക്‌അത്തില്‍ ഉയര്‍ച്ചയിലുള്ള തക്‌ബീര്‍ കൂടാതെ അഞ്ച് തക്‌ബീറും ചൊല്ലണം. തക്‌ബീറുകള്‍ ചൊല്ലുമ്പോള്‍ കൈകള്‍ ഉയര്‍ത്തണം. നബി(സ) ഈ നമസ്‌കാരത്തില്‍ ആദ്യത്തെ റക്‌അത്തില്‍ ഫാതിഹക്കു ശേഷം ഖാഫ് സൂറത്തും രണ്ടാമത്തെതില്‍ ഫാതിഹക്കു ശേഷം സൂറത്തുല്‍ ഖമറുമാണ് മിക്കവാറും ഓതിയിരുന്നത്. ഒന്നാമത്തേതില്‍ ഫാതിഹയും സൂറത്തുല്‍ അഅ്‌ലായും രണ്ടാമത്തേതില്‍ ഫാതിഹയും സൂറതുല്‍ ഗാശിയയും ചിലപ്പോള്‍ നബി(സ) ഓതിയിരുന്നു.
നമസ്‌കാരശേഷമാണ് ഖുതുബ നിര്‍വഹിക്കേണ്ടത്. പെരുന്നാളിന്റെ ഖുതുബക്കിടയില്‍ ഇരുന്ന് എഴുന്നേല്‍ക്കും വിധമുള്ള രൂപം പ്രവാചകന്‍ സ്വീകരിച്ചിരുന്നില്ല. നമസ്‌കാരശേഷം ഖുതുബ ശ്രവിക്കുന്നതിന് പ്രാധാന്യം കൊടുക്കാത്തവിധം നമസ്‌കാരസ്ഥലം വിട്ടുപോകുന്നതും കര്‍മങ്ങളെ അപൂര്‍ണമാക്കുന്നതാണ്. പെരുന്നാള്‍ നമസ്‌കാരത്തിലെ തക്‌ബീറുകളുടെ എണ്ണത്തില്‍ ഏറ്റക്കുറവുണ്ടായാല്‍ മറവിക്കായി ചെയ്യുന്നതൊന്നും വേണ്ടതില്ല. തക്‌ബീറുകള്‍ക്കിടയില്‍ പ്രത്യേകം ദിക്‌റുകളും വേണ്ടതില്ല. വൈകിയെത്തിയ മഅ്‌മൂമിന് ഇമാമിന്റെ കൂടെ ഒരു റക്‌അത്ത് കിട്ടിയാല്‍ രണ്ടാമത്തെത് പൂര്‍ത്തിയാക്കുമ്പോള്‍ അതില്‍ രണ്ടാമത്തെ റക്‌അത്തില്‍ ചൊല്ലേണ്ടതായ അഞ്ച് തക്‌ബീര്‍ തന്നെ ചൊല്ലിയാല്‍ മതിയാകും.
പെരുന്നാള്‍ നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ കഴിയാതെവന്ന മഅ്‌മൂമിന് ഒറ്റക്ക് അത് നിര്‍വഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഫര്‍ദ് നമസ്‌കാരം വീട്ടുംപോലെ ഇത് വീട്ടേണ്ടതില്ല. പെരുന്നാള്‍ ദിവസവും വെള്ളിയാഴ്‌ചയും ഒരുമിച്ചുവന്നാല്‍ അവിടുത്തെ ഇമാമിന്റെ മേല്‍ ജുമുഅയും നിര്‍വഹിക്കല്‍ നിര്‍ബന്ധമാകും. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാത്തവര്‍ക്കും നിര്‍വഹിച്ചുകഴിഞ്ഞവരില്‍ നിന്നും സ്വമേധയാ ഉദ്ദേശിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാമല്ലോ. എന്നാല്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത മഅ്‌മൂമിന്റെ മേല്‍ ജുമുഅ നമസ്‌കാരം വുജൂബില്ലെന്നാണ് നബിവചനത്തില്‍ സൂചനയുള്ളത്. സൂര്യചന്ദ്രഗ്രഹണങ്ങള്‍ സംഭവിക്കുമ്പോഴും പ്രത്യേക നമസ്‌കാരം നിയമമാക്കിയിട്ടുണ്ട്. ഗ്രഹണം തുടങ്ങിക്കഴിഞ്ഞശേഷം അത് അവസാനിക്കുന്നതിന്നിടയിലാണ് ഈ നമസ്‌കാരം. ഗ്രഹണസമയം ദീര്‍ഘമായതാണെങ്കില്‍ സാധിക്കുംവിധം ദീര്‍ഘമാക്കി ഇത് ചെയ്യാവുന്നതാണ്. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും പ്രാപഞ്ചിക വ്യവസ്ഥിതിയില്‍ സംഭവിക്കുന്നതാണ്. അതുമൂലം എന്തെങ്കിലും ദോഷം നേരിടുന്നതില്‍ നിന്ന് അല്ലാഹുവോട് അഭയംതേടുകയും അവനോടുള്ള വിധേയത്വം പ്രഖ്യാപിക്കുകയും ചെയ്യാനാണ് ഇത്തരം ആരാധനകള്‍ ഇസ്‌ലാം അനുശാസിക്കുന്നത്.
നബി(സ)യുടെ കാലഘട്ടത്തില്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ ഭീതിദമായ അന്തരീക്ഷത്തില്‍ പ്രവാചകന്‍ അനുചരന്മാരെ വിളിച്ചുകൂട്ടി ഗ്രഹണ നമസ്‌കാരം നിര്‍വഹിച്ചു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ദൈവികദൃഷ്‌ടാന്തങ്ങളെപ്പറ്റി ഉദ്‌ബോധിപ്പിക്കുകയും ചെയ്‌തതായി ഹദീസുകളില്‍ കാണാം. സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും ഒരേപോലെയാണ് നമസ്‌കരിക്കേണ്ടത്. നമസ്‌കാരത്തിന്റെ രൂപം ഇങ്ങനെയാണ്: രണ്ട് റക്‌അത്ത് നമസ്‌കാരം, ഇതില്‍ ആദ്യത്തെ റക്‌അത്തില്‍ തക്‌ബീറതുല്‍ ഇഹ്‌റാമിനുശേഷം ഫാതിഹയും സൂറത്തും ഓതുന്നു. ശേഷം റുകൂഇലേക്ക് പോയി കുറച്ചു സമയം റുകൂഇല്‍ കഴിച്ചശേഷം സമിഅല്ലാഹു ലിമന്‍ഹമിദഹു (റബ്ബനാ വലകല്‍ഹംദ്) എന്ന് പറഞ്ഞുയര്‍ന്ന് വീണ്ടും ഫാതിഹയും സൂറത്തും ഓതുക.
ശേഷം റുകൂഇലേക്ക് പോവുക. കുറച്ചുസമയം റുകൂഇല്‍ നിന്നശേഷം `സമിഅല്ലാഹു' പറഞ്ഞുയര്‍ന്ന ശേഷം ഒന്നാമത്തെ സുജൂദിലേക്ക് പോകുക. സുജൂദിലും കുറച്ചു ദീര്‍ഘമായി കഴിച്ചുകൂട്ടണം. തുടര്‍ന്ന് രണ്ടാമത്തെ സുജൂദും നിര്‍വഹിച്ച്, രണ്ടാമത്തെ റക്‌അത്തിലേക്ക് മടങ്ങുക. ഒന്നാമത്തെ റക്‌അത്തില്‍ ചെയ്‌തപോലെ രണ്ടാമത്തേതിലും ചെയ്യുക. അഥവാ രണ്ട് റക്‌അത്തുകളിലായി നാലു റുകൂഉം നാല് സുജൂദുകളും നിര്‍വഹിച്ച് സാധാരണപോലെ സലാം വീട്ടുക. ഇങ്ങനെയുള്ള ഗ്രഹണ നമസ്‌കാരങ്ങള്‍ നിര്‍ബന്ധമാണെന്നും അതല്ല പ്രബലമായ സുന്നത്താണെന്നും കര്‍മശാസ്‌ത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്തുതന്നെയായാലും ഇത് പ്രവര്‍ത്തിക്കേണ്ടതിന്നാണ് പ്രാമുഖ്യം നല്‍കേണ്ടത്. രണ്ട് റക്‌അത്തുകളിലുമുള്ള ആദ്യത്തെ റുകൂഇന് ശേഷമുള്ള നിറുത്തത്തില്‍ ഫാതിഹ ഓതാതെ സൂറത്ത് മാത്രം ഓതിയെങ്കിലും കുറ്റകരമാവില്ല. എന്നാല്‍ പൂര്‍ണരൂപം മുകളില്‍ സൂചിപ്പിച്ച വിധമാണ്. ഗ്രഹണനമസ്‌കാരങ്ങളില്‍ ഖുര്‍ആന്‍ പാരായണവും അതിലെ റുകൂഉകളും സുജൂദുകളും അവയുടെ ദൈര്‍ഘ്യത്തില്‍ ആദ്യത്തെതിനെക്കാള്‍ കുറച്ചുകുറച്ചാക്കിയാണ് നിര്‍വഹിക്കേണ്ടത്.  |