|
`മൈ നെയിം ഇസ് കാര്‍മൈക്കല്‍; ഐ ആം നോട്ട് എ ടെററിസ്റ്റ്' |
|
|
|
|
ഹുബൈബ്
ഏറെ രാഷ്‌ട്രീയ ഒച്ചപ്പാടുകള്‍ക്കിടെ പുറത്തിറങ്ങിയ ചലചിത്രമാണ് `മൈ നെയിം ഈസ് ഖാന്‍' എന്ന ബോളിവുഡ് ചിത്രം. അമേരിക്കയിലെത്തിപ്പെടുന്ന ഒരു ഇന്ത്യന്‍ മുസ്‌ലിം ഭീകരവാദത്തിന്റെ പേരില്‍ നേരിടുന്ന പീഡനങ്ങളെയും വെല്ലുവിളിയെയും തുറന്നു കാണിക്കുന്നതാണ് ഷാറൂഖ് ഖാന്‍-കരണ്‍ ജോഹര്‍ കൂട്ടുകെട്ടിന്റെ ഈ ചിത്രം. 2001 സപ്‌തംബര്‍ 11ലെ ഇരട്ട ടവര്‍ ആക്രമണത്തിനു ശേഷം രാജ്യത്തെ മുസ്‌ലിം നാമധാരികള്‍ നേരിടുന്ന വെല്ലുവിളികള്‍ മനോഹരമായി അവതരിപ്പിച്ച ചിത്രം ഏറെ ജനശ്രദ്ധ നേടികഴിഞ്ഞതാണ്. മിസ്റ്റര്‍ പ്രസിഡന്റ്; മൈം നെയിം ഈസ് ഖാന്‍, ഐ ആം നോട്ട് എ ടെററിസ്‌റ്റ് എന്ന നായകന്റെ വിലാപമായിരുന്നു ഈ ചിത്രത്തെ വ്യത്യസ്‌തമാക്കിയ പ്രമേയം.
എന്നാല്‍ ഇതിന്റെ ഒരു വകഭേദമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദല്‍ഹി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ അരങ്ങേറിയത്. ഇവിടെ മുന്‍വിധിയോടെയും ധൃതിപിടിച്ചും കളിച്ചത് ഇസ്‌ലാമോഫോബിയയില്‍ കണ്ണുകള്‍ മഞ്ഞളിച്ച മാധ്യമങ്ങളായിരുന്നു. അമേരിക്കയിലും യൂറോപ്പിലും കേട്ടുകൊണ്ടിരുന്ന കാര്യങ്ങള്‍ നമ്മുടെ തലസ്ഥാന നഗരിയിലേക്കും പടര്‍ന്നിരിക്കുന്നുവെന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണം. മുസ്‌ലിം പേരില്ലെങ്കിലും മതവിശ്വാസിയായാല്‍ മതി, പ്രായമോ പൗരത്വമോ പ്രശ്‌നമല്ല നിങ്ങളെ തീവ്രവാദിയാക്കി വേട്ടയാടാന്‍.
ദോഹയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ പൗരനായ വിന്‍സ്റ്റന്‍ മാര്‍ഷല്‍ കര്‍മൈക്കല്‍ എന്ന 61കാരനായിരുന്നു കേന്ദ്ര കഥാപാത്രം. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരാളെ എങ്ങനെ തീവ്രവാദിയാക്കി മുദ്രകുത്തും എന്നതിന്റെ സാക്ഷ്യമായിരുന്നു ഇത്. വിമാനത്താവളത്തിനിടെ സുരക്ഷാ പരിശോധനക്കിടെയാണ് ഇദ്ദേഹത്തിന്റെ ബാഗില്‍ നിന്നും ഉദ്യോഗസ്ഥര്‍ കത്തി കണ്ടെത്തുന്നത്. സംഭവം മേലധികാരിയെ അറിയിച്ചതോടെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അമേരിക്കന്‍ പൗരനെ പൊലീസിനു കൈമാറി. ഇക്കാര്യം വിമാനത്താവള വക്താവ് മാധ്യമങ്ങളെയും അറിയിച്ചു. ഏത് തരത്തിലുള്ള കത്തിയാണെന്നോ യാത്രക്കാരന്‍ എന്തിനാണ് കത്തി സൂക്ഷിച്ചതെന്നോ യാത്രക്കാരന്റെ മറ്റ് വിശദാംശങ്ങളോ അധികൃതര്‍ പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ അത്ഭുതകരമായിരുന്നു അടുത്ത മണിക്കൂറിനുള്ളിലെ ഫ്‌ളാഷ് വാര്‍ത്തകള്‍.
ഇന്ത്യയിലെ വിശ്വസനീയമെന്ന് കരുതുന്ന മാധ്യമങ്ങള്‍ പോലും അടുത്ത മണിക്കൂറുകളില്‍ സര്‍ക്കസ് ആരംഭിച്ചിരുന്നു. വാര്‍ത്താ ഏജന്‍സിയായ പി ടി ഐ എഴുതി ``തീവ്രവാദ ബന്ധം: അമേരിക്കന്‍ പൗരന്‍ ദല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍''. പിന്നാലെ വന്നു ചാനലുകളിലും ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും പൊടിപ്പും തൊങ്ങലുകളുമായി വാര്‍ത്തകള്‍. ഇന്ത്യയുടെ സിന്‍ഹുവയെന്ന് വിശ്വസിക്കുന്ന പി ടി ഐ കൂടി തീവ്രവാദ ബന്ധമാരോപിച്ച് വര്‍ത്ത പ്രസിദ്ധീകരിച്ചതോടെ ലോകവ്യാപകമായ് പടരാന്‍ തുടങ്ങി അറസ്റ്റ് വാര്‍ത്ത. അടുത്ത നിമിഷങ്ങളില്‍ പുറംലോകമറിഞ്ഞു വന്ന വാര്‍ത്തകള്‍ അതിനേക്കാളേറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
എഫ് ബി ഐ പിടിയിലുള്ള മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന റിച്ചാര്‍ഡ് ഹെഡ്‌ലിയുമായി വിന്‍സ്റ്റന്‍ മാര്‍ഷലിനു ബന്ധമുണ്ടെന്ന് വരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെ വികാരം വ്യക്തമാവുന്നത് പിന്നീടായിരുന്നു. ഒന്ന് ഇദ്ദേഹം യാത്ര ചെയ്‌തിരുന്ന അറബ് രാജ്യങ്ങളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ദോഹയിലേക്കായിരുന്നു. രണ്ട്: യാത്രക്കായി തെരഞ്ഞെടുത്ത വിമാനം ഖത്തര്‍ എയര്‍വെയ്‌സിന്റേത്. മൂന്ന്: 40 വര്‍ഷം മുമ്പ് ഇസ്‌ലാം സ്വീകരിച്ച വ്യക്തിയായിരുന്നു. (മതം മാറിയവനാണെന്ന് പി ടി ഐ വാര്‍ത്തയില്‍ പ്രത്യേകം പരാമര്‍ശിച്ചു). നാല്: വിവിധ രാഷ്‌ട്രങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. അഞ്ച്: പാകിസ്‌താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ഇദ്ദേഹം നിരവധി ടൂറിസ്റ്റ് വിസകള്‍ ഉപയോഗിച്ചിരുന്നു.
സമാനമായ മറ്റൊരു മാധ്യമ ഭീകരവേട്ടയും നടന്നത് ദല്‍ഹി വിമാനത്താവളത്തെ ചുറ്റിയായിരുന്നു. ദുബായില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെട്ട 71കാരനെയും ഭാര്യയെയും ഒരു വ്യാജ ടെലിഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലായിരുന്നു ടേക്ക് ഓഫ് ചെയ്‌ത വിമാനം തിരിച്ചുവിളിച്ചുകൊണ്ട് അറസ്റ്റു ചെയ്‌തത്. ഹൃദ്രോഗിയായ ഭാര്യയുടെ ദുരിത അവസ്ഥപോലും ഗൗനിക്കാതെ ഇന്ത്യന്‍ മാധ്യമങ്ങള്‍ `അറസ്റ്റ് വാര്‍ത്ത' പ്രസിദ്ധം ചെയ്‌തു. ഇസ്‌ലാമിക ഭീകരവാദികള്‍ വിമാനത്തിലുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശമായിരുന്നു ഇക്കുറി പുലിവാല് പിടിപ്പിച്ചത്. എന്നാല്‍ വ്യക്തിഹത്യവും പീഡനവും എല്ലാം ഒന്നിക്കുന്ന ഇത്തരം കേസുകള്‍ തേഞ്ഞ്‌മാഞ്ഞ് ഒന്നുമല്ലാതെ പോവുമ്പോള്‍ വേട്ടക്കാരന്‍ ചിരിക്കുകയും ഇരകള്‍ വീണ്ടും ഇരകളായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ഥ്യം.
 |