|
അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അതുതന്നെ നമ്മളും പറയുന്നു. എന്നാല്‍ ഭഗവത്‌ഗീത, ബൈബിള്‍ മുതലായ അന്യമത ഗ്രന്ഥങ്ങളില്‍ ഒട്ടനവധി സത്യവചനങ്ങളും പ്രമാണവാക്യങ്ങളും കാണാന്‍ കഴിയുന്നു. ഇത്തരം ഗ്രന്ഥങ്ങള്‍ ദൈവികമല്ല എന്ന് പറയാനാകുമോ? അങ്ങനെ ഉറപ്പിച്ചു പറയാനാകില്ല എങ്കില്‍ അതില്‍ വിശ്വസിച്ചുപോരുന്ന ജനവിഭാഗങ്ങളെ നമ്മള്‍ എന്തിനാണ് ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നത്? യഥാര്‍ഥത്തില്‍ അവ ദൈവികവചനങ്ങളല്ല എങ്കില്‍ എങ്ങനെയാണ് അതില്‍ വലിയ യുക്തിവിചാരങ്ങള്‍ അടങ്ങിയിരിക്കുന്നത്? അത്തരം ഗ്രന്ഥങ്ങള്‍ ദൈവികമല്ലെങ്കില്‍ പിന്നെയെന്തിനാണ് നമ്മള്‍ അത് നമ്മുടെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും എടുത്തുദ്ധരിക്കുന്നത്? കെ ഫൈസല്‍ -കോണോട്ട്
ഭഗവത്‌ഗീത ലോകരക്ഷിതാവായ സാക്ഷാല്‍ ദൈവം ഏതെങ്കിലും പ്രവാചകന് വെളിപ്പെടുത്തിക്കൊടുത്ത ഗ്രന്ഥമാണെന്ന് ഹിന്ദുക്കള്‍ പോലും പറയുന്നില്ലല്ലോ. ദൈവികവെളിപാട് ലഭിച്ച ഏതെങ്കിലും പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട വചനങ്ങളും താത്വികചിന്തകളും കൂടിച്ചേര്‍ന്നതായിരിക്കാം ഗീത പോലുള്ള ഗ്രന്ഥങ്ങള്‍. മുസ്‌ലിം പണ്ഡിതന്മാര്‍ എഴുതിയ മതഗ്രന്ഥങ്ങളിലും കാണുമല്ലോ ഉദ്ധരിക്കാവുന്ന ധാരാളം സത്യവചനങ്ങളും ആപ്‌തവാക്യങ്ങളും മറ്റും. വേദഗ്രന്ഥങ്ങളില്‍ മാത്രമേ പ്രമാണവാക്യങ്ങള്‍ കാണപ്പെടുകയുള്ളൂ എന്ന ധാരണ ശരിയല്ല.
മൂസാനബി(അ)ക്ക് തൗറാത്ത്, ദാവൂദ് നബി(അ)ക്ക് സബൂര്‍, ഈസാനബി(അ)ക്ക് ഇന്‍ജീല്‍ എന്നീ ഗ്രന്ഥങ്ങള്‍ അല്ലാഹു അവതരിപ്പിച്ചുകൊടുത്തിട്ടുണ്ടെന്ന് ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. എന്നാല്‍ യഹൂദ ബൈബിള്‍ എന്ന് വിളിക്കപ്പെടുന്ന പഴയനിയമമോ ക്രൈസ്‌തവ ബൈബിള്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ നിയമമോ അതേ രൂപത്തില്‍ സാക്ഷാല്‍ ദൈവം പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ചുകൊടുത്തതാണെന്ന് യഹൂദരോ ക്രൈസ്‌തവരോ അവകാശപ്പെടുന്നില്ല. ബൈബിള്‍ പഴയനിയമ പുസ്‌തകങ്ങള്‍ അജ്ഞാതരായ യഹൂദപണ്ഡിതന്മാര്‍ എഴുതിയതാണെന്നത്രെ പ്രമുഖ ബൈബിള്‍ ചരിത്രകാരന്മാരുടെ അഭിപ്രായം. തൗറാത്തിന്റെ ചില ഭാഗങ്ങള്‍ ആവര്‍ത്തനം പുസ്‌തകത്തിലും സബൂറിന്റെ ചില ഭാഗങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍ പുസ്‌തകത്തിലും ഉള്ളതായി കരുതപ്പെടുന്നത് മാത്രമാണ് സാക്ഷാല്‍ വേദഗ്രന്ഥങ്ങളും യഹൂദ ബൈബിളും തമ്മിലുള്ള ബന്ധം. ക്രൈസ്‌തവ ബൈബിളിലെ (പുതിയ നിയമത്തിലെ) പ്രധാനപ്പെട്ട നാല് പുസ്‌തകങ്ങള്‍ മത്തായി, മര്‍ക്കൊസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവര്‍ എഴുതിയതാണ്. യഹോവയോ യേശുവോ പറഞ്ഞുകൊടുത്തിട്ടാണ് ഈ പുസ്‌തകങ്ങള്‍ എഴുതിയതെന്ന് മത്തായി മുതല്‍ പേരുകാര്‍ രേഖപ്പെടുത്തിയിട്ടില്ല.
ബൈബിള്‍ ചരിത്രകാരന്മാരും അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ല. ഈസാനബി(അ)ക്ക് അല്ലാഹു അവതരിപ്പിച്ചുകൊടുത്തതും അദ്ദേഹം ശിഷ്യന്മാര്‍ക്ക് കേള്‍പിച്ചതുമായ ചില വാക്യങ്ങള്‍ ഈ നാല് പുസ്‌തകങ്ങളില്‍ ഉണ്ടായിരിക്കാം എന്നത് മാത്രമാണ് അവയും ഇന്‍ജീലുമായുള്ള ബന്ധം. മൂസാ, ദാവൂദ്, ഈസാ(അ) എന്നീ പ്രവാചകന്മാര്‍ക്ക് അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തിയ വിശുദ്ധ ഖുര്‍ആനില്‍ തന്നെ ഇസ്‌റാഈല്യര്‍ സ്വന്തം കൈകൊണ്ട് എഴുതിയുണ്ടാക്കിയ ഗ്രന്ഥം ദൈവികമാണെന്ന് വ്യാജമായി അവകാശപ്പെട്ട കാര്യവും (2:79) വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ പൂര്‍വികമതക്കാരുടെ ഗ്രന്ഥങ്ങളില്‍ ദൈവികവചനങ്ങളും മനുഷ്യരുടെ വാക്യങ്ങളും കൂടിക്കലര്‍ന്നു കിടക്കുന്നതിനാലാണ് ദൈവികവചനങ്ങള്‍ മാത്രമടങ്ങിയ കലര്‍പ്പില്ലാത്ത വേദഗ്രന്ഥത്തിലേക്ക് ക്ഷണിക്കാന്‍ മുഹമ്മദ് നബി(സ) നിയുക്തനായത്. അല്ലാഹുവും നബി(സ)യും ആ പ്രബോധനദൗത്യം നമ്മെ ഏല്‍പിച്ചിട്ടുമുണ്ട്.
യുക്തിവിചാരങ്ങള്‍ ദൈവികഗ്രന്ഥത്തിലേ ഉണ്ടാകാവൂ എന്നില്ല. പ്രമുഖ മുസ്‌ലിം ചിന്തകന്മാരുടെ രചനകളിലും യുക്തിപൂര്‍വകവും തത്വാധിഷ്‌ഠിതവുമായ ധാരാളം വാക്യങ്ങള്‍ കാണാം. ബൈബിളില്‍ നിന്നും ഗീതയില്‍ നിന്നും മറ്റും ഇസ്‌ലാമിക പ്രബോധകര്‍ ഉദ്ധരിക്കുന്നത്, ത്രിത്വത്തിനും ബഹുദൈവത്വത്തിനും എതിരായ വചനങ്ങള്‍ അവയിലുണ്ടെന്ന് ചൂണ്ടിക്കാണിക്കാനാണ്. ദൈവം മൂന്നായ ഒന്നോ ഒന്നായ മൂന്നോ ആണെന്ന് പറയുന്നത് ബൈബിളിന് തന്നെ വിരുദ്ധമാണ് എന്നതിന്റെ അര്‍ഥം ക്രൈസ്‌തവര്‍ അവരുടെ കയ്യിലുള്ള പ്രമാണത്തില്‍ നിന്നുപോലും വ്യതിചലിച്ചുപോയി എന്നാണല്ലോ. അതുപോലെ തന്നെ പ്രസക്തമാണ് ഇന്ത്യന്‍ വേദങ്ങളില്‍ നിന്ന് ഏകദൈവത്വം ഊന്നിപ്പറയുന്നതും ബഹുദൈവാരാധനയ്‌ക്ക് വിരുദ്ധവുമായ വചനങ്ങള്‍ ഉദ്ധരിക്കുന്നതും.
തഹജ്ജുദ് നമസ്‌കാരം പാവപ്പെട്ടവര്‍ക്ക് പ്രയാസമല്ലേ?
ഇസ്‌ലാമിന്റെ വിധികള്‍ പലപ്പോഴും ക്രൂരമാണ്. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യണമെന്നും, ഇടയ്‌ക്ക് തഹജ്ജുദ് പുണ്യകരമാണെന്നും ഇസ്‌ലാം പ റയുന്നു. പക്ഷേ, ഇതെല്ലാം പണക്കാര്‍ക്കേ സാധിക്കൂ. പാവപ്പെട്ടവ ന് ഇതൊക്കെ എങ്ങനെ കഴിയും. പകലന്തിയോളം അധ്വാനിച്ച് ക്ഷീണിച്ച ഒരാള്‍ക്ക് ഈ പുണ്യങ്ങളൊക്കെ നേടാന്‍ സാധിക്കുമോ? പി അബ്‌ദുല്ല ഇബ്‌റാഹീം -മഞ്ചേരി
തഹജ്ജുദ് നമസ്‌കാരത്തെ സംബന്ധിച്ച് വിശുദ്ധഖുര്‍ആനില്‍ പറയുന്നത് ഇപ്രകാരമാകുന്നു: ``നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്‌കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്‌തപ്പെടുത്താനാവില്ലെന്ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്‌തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്‌കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും, ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റു ചിലരും ഉണ്ടാകുമെന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൗകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്‌തുകൊള്ളുകയും നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‌കുകയും അല്ലാഹുവിന് ഉത്തമമായ കടം നല്‌കുകയും ചെയ്യുക.'' (73:20)
തഹജ്ജുദ് നമസ്‌കാരം കൊണ്ട് ആര്‍ക്കും ഞെരുക്കമുണ്ടാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ലെന്ന് ഈ സൂക്തത്തില്‍ നിന്ന് വ്യക്തമാകുന്നു. നബി (സ)യുടെ അനുചരന്മാരില്‍ മഹാഭൂരിപക്ഷവും പാവപ്പെട്ടവരായിരുന്നു. അതോടൊപ്പം തന്നെ അവരില്‍ പലരും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് കുറച്ച് സമയമെങ്കിലും നമസ്‌കരിക്കുന്നവരുമായിരുന്നു.
ഇസ്‌ലാം മാത്രമല്ല ആരോഗ്യശാസ്‌ത്രവും നിര്‍ദേശിക്കുന്നത് നേരത്തെ ഉറങ്ങി നേരത്തെ ഉണരാനാണ്. അതാണ് ശരീരത്തിനും മനസ്സിനും സൗഖ്യമുണ്ടാക്കുന്ന രീതി. ശാരീരികമായി അധ്വാനിക്കുന്നവര്‍ക്കാണ് യഥാസമയം ഉറങ്ങാനും ഉണരാനും വിഷമം കൂടാതെ സാധിക്കുന്നത്. പണക്കാര്‍ക്കാണ് ഉറക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. പണക്കാര്‍ക്ക് ആരാധനാകര്‍മങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കുമെന്ന ധാരണ അടിസ്ഥാനരഹിതമാകുന്നു. പരമകാരുണികനായ അല്ലാഹു ആരോടും ക്രൂരതകാണിക്കുന്നില്ല.
ദൈവം പരീക്ഷിക്കുന്നതെന്തിന്?
``ഏതെല്ലാം അറിവുകളും ശേഷികളും തന്റെ വിദ്യാര്‍ഥികള്‍ നേടിയെന്നും നേടാതെ പോയത് ഏതെല്ലാമെന്നും സ്വയം തിരിച്ചറിയുന്നതിനു വേണ്ടിയാണ് അധ്യാപകര്‍ അവര്‍ക്ക് പരീക്ഷ നടത്തുന്നത്. തന്റെ എല്ലാ സൃഷ്‌ടികളെക്കുറിച്ചും സകലവിധ അറിവുകളുമുള്ള ദൈവത്തിന് പിന്നീട് മനുഷ്യരെ പരീക്ഷിക്കുന്നതിന്റെ ആവശ്യമെന്താണ്?'' ഒരു യുക്തിവാദി നേതാവിന്റെ പ്രസംഗത്തില്‍ നിന്ന്. `മുസ്‌ലിം' എന്ത് പറയുന്നു? അബൂസലീല്‍ - ആമയൂര്‍
അധ്യാപകന് വിദ്യാര്‍ഥിയെ സംബന്ധിച്ച് തിരിച്ചറിവുണ്ടാവുക എന്നത് ഫലപ്രദമായ അധ്യാപനത്തിന് ഉപകരിക്കുമെങ്കിലും അതല്ല പരീക്ഷയുടെ ആത്യന്തിക ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠിക്കാന്‍ പ്രചോദനം നല്‍കുകയും അവരുടെ അറിവും കഴിവും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് പരീക്ഷകള്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വിവിധ ജീവിതമേഖലകളില്‍ സേവനമര്‍പ്പിക്കാന്‍ അവരെ പ്രാപ്‌തരാക്കുക എന്നതും ഒരു ഉദ്ദേശ്യമാണ്. അല്ലാഹു മനുഷ്യരെ പരീക്ഷിക്കുന്നതിന് ഇതുപോലെ ബഹുമുഖ ലക്ഷ്യങ്ങളുണ്ടായിരിക്കാം. സര്‍വജ്ഞനായ അല്ലാഹുവെ പരിമിതമായ അറിവ് മാത്രമുള്ള അധ്യാപകരോടോ പരിശീലകരോടോ ഉപമിക്കാവുന്നതല്ല.
മതഗവേഷണമല്ലേ ഭിന്നതയ്‌ക്കു കാരണം?
മതകാര്യങ്ങളില്‍ ഖുര്‍ആനിലും നബിചര്യയിലും ഖണ്‌ഡിതമായ വിധി കണ്ടില്ലെങ്കില്‍ ഗവേഷണാടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ക്ക് ഇസ്‌ലാം പ്രമാണികത കല്‌പ്പിച്ചു. കര്‍മശാസ്‌ത്ര പ്രശ്‌നങ്ങളിലെ ഈ നിയമ നിര്‍മാണമല്ലേ, ഇസ്‌ലാമിക സമൂഹത്തില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചത്? പുതിയ തത്വചിന്തക്കും (പണ്‌ഡിത തീരുമാനം) ആധ്യാത്മിക ദര്‍ശനങ്ങള്‍ക്കും ഇസ്‌ലാം നിയമസാധുത നല്‌കുന്നതിനാല്‍ മദ്‌ഹബുകളും നവീന ചിന്താഗതികളും ഇപ്പോഴും മുസ്‌ലിംകളെ ഭിന്നിപ്പിച്ച് കൊണ്ടിരിക്കുന്നു. ഖുര്‍ആനും സുന്നത്തും കൃത്യമായ മാര്‍ഗദര്‍ശനം നല്‌കുമെങ്കില്‍, സ്വതന്ത്ര തീരുമാനങ്ങള്‍ക്ക് എന്താണ് പ്രസക്തി? കെ എ അബ്‌ദുസ്സമദ് കല്ലടിക്കോട്
മനുഷ്യരെ സൃഷ്‌ടിച്ച അല്ലാഹു തന്നെയാണ് അവരുടെ ശാരീരികവും മാനസികവുമായ ഘടനയില്‍ വൈവിധ്യമുണ്ടാക്കിയത്. ഈ വൈവിധ്യം നിമിത്തമാണ് കുറെ വീക്ഷണവ്യത്യാസങ്ങളുണ്ടാകുന്നത്. ഇത് അപകടകരമായ കാര്യമല്ല. അതിക്രമപരമായ ഭിന്നതയെ, അഥവാ സത്യം മനസ്സിലായിട്ടും വൈരാഗ്യമോ മാത്സര്യമോ നിമിത്തം അതില്‍ നിന്ന് തെറ്റിപ്പോകുന്ന പ്രവണതയെയാണ് വിശുദ്ധ ഖുര്‍ആന്‍ ആക്ഷേപിച്ചത്. ``എന്നാല്‍ വേദം നല്‌കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നു കിട്ടിയതിനുശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല'' (വി.ഖു 2:213) ``വേദഗ്രന്ഥം നല്‌കപ്പെട്ടവര്‍ തങ്ങള്‍ക്ക് അറിവ് വന്നു കിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്.'' (വി.ഖു 3:19)
സകല വിഷയങ്ങളുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച് അതിസൂക്ഷ്‌മമായ വിധി നല്‌കിയിട്ട് അതില്‍ നിന്ന് മനുഷ്യര്‍ അല്‌പമെങ്കിലും വ്യതിചലിച്ചാല്‍ അവരെ കുറ്റവാളികളായി ഗണിക്കുന്ന സമീപനമല്ല അല്ലാഹുവിന്റേത്. വലിയൊരളവോളം അവര്‍ക്ക് അവന്‍ അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‌കിയിരിക്കുന്നു. ``സത്യവിശ്വാസികളേ, ചില കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും.'' (വി.ഖു 5:101)
നിഷിദ്ധമായ ഏതാനും കാര്യങ്ങള്‍ വ്യക്തമാക്കിയ ശേഷം അതിനപ്പുറമുള്ളതെല്ലാം അനുവദനീയമായി അല്ലാഹു പ്രഖ്യാപിച്ചത് (6:145, 4:24) മനുഷ്യരോടുള്ള അവന്റെ ഔദാര്യത്തിന് വ്യക്തമായ തെളിവാകുന്നു. സങ്കീര്‍ണമായ വിലക്കുകള്‍ കൊണ്ട് മനുഷ്യരെ വീര്‍പ്പ് മുട്ടിക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നു. അല്ലാഹു വിശാലത നല്‌കിയ കാര്യങ്ങളില്‍ പോലും ആര്‍ക്കും വീക്ഷണ വ്യത്യാസമുണ്ടാകരുതെന്ന് ശഠിക്കുന്നത് തികച്ചും തെറ്റാണ്. പരിശുദ്ധ ഹറമുകളിലെ ജമാഅത്തുകളില്‍ പങ്കെടുക്കുന്ന ജനലക്ഷങ്ങളുടെ നമസ്‌കാരത്തിന്റെ വിശദാംശങ്ങളില്‍ പല വ്യത്യാസങ്ങളും കാണാം. അതിന്റെ പേരില്‍ ആര്‍ക്കും ആശയക്കുഴപ്പമൊന്നും ഉണ്ടാകുന്നില്ല.
എന്നാല്‍ ഖുര്‍ആനിലെയോ പ്രാമാണികമായ ഹദീസിലെയോ വ്യക്തമായ നിര്‍ദേശം ഇന്നതാണെന്ന് ബോധ്യമായിക്കഴിഞ്ഞാല്‍ അതിനെതിരായ അഭിപ്രായം പറയാന്‍ അല്ലാഹു വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യം നല്‌കിയിട്ടില്ല. ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ തത്വചിന്തകളോ ആദ്ധ്യാത്മിക ദര്‍ശനങ്ങളോ മുസ്‌ലിംകള്‍ സ്വീകരിക്കാന്‍ പാടില്ല. സൃഷ്‌ടിയും സ്രഷ്‌ടാവും ഒന്നു തന്നെയാണെന്ന് പറയുന്ന അദൈ്വത വാദവും, അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും വിധിവിലക്കുകള്‍ `ദൈവികസത്തയില്‍ വിലയം പ്രാപിച്ചവര്‍'ക്ക് ബാധകമല്ലെന്ന് വാദിക്കുന്ന ചില ത്വരീഖത്തുകളും വിശുദ്ധ ഖുര്‍ആനിനും തിരുസുന്നത്തിനും തീര്‍ത്തും വിരുദ്ധമാകുന്നു. ഇസ്‌ലാമില്‍ നിയമസാധുതയുള്ള വീക്ഷണവൈവിധ്യങ്ങള്‍ ഏതൊക്കെയെന്നും, പ്രമാണവിരുദ്ധമായ ഭിന്നതകള്‍ ഏതെല്ലാമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. l
 |