|
കാലഹരണപ്പെടാത്ത സത്യവുമായി കാലത്തോടൊപ്പം |
|
|
|
|
പ്രപഞ്ചത്തെയും പ്രാപഞ്ചികപ്രതിഭാസങ്ങളെയും ഭൗതികമായി മാത്രം അഭിവീക്ഷിക്കുന്നവര്‍ക്ക് കാലഹരണപ്പെടാത്ത ആദര്‍ശം എന്നവാക്ക് സ്വീകാര്യമാകാനിടയില്ല. കാലഗതിക്കനുസരിച്ച് എന്തും ഏതും മാറേണ്ടതാണെന്നായിരിക്കും അവരുടെ നിലപാട്. നൂറ്റാണ്ടുകള്‍ക്കോ സഹസ്രാബ്‌ദങ്ങള്‍ക്കോ മുമ്പ് ജീവിച്ച പൂര്‍ണ്ണസത്യമെന്ന നിലയില്‍ അവതരിപ്പിച്ച ആശയങ്ങളും അഭിപ്രായങ്ങളും കാലഹരണപ്പെടാത്ത നിത്യസത്യങ്ങളാണെന്ന് പറയുന്നത് മൗഡ്യമോ ബുദ്ധിഭ്രമമോ ആയി അവര്‍ക്ക് തോന്നിയേക്കും. ചരിത്രത്തില്‍ ലബ്‌ധപ്രതിഷ്‌ഠനേടിയ ആചാര്യന്മാരെയോ പ്രതിഭാശാലികളെയോ അവരുടെ മൗലികകൃതികളെയോ സംബന്ധിച്ച് വിദ്യാലയങ്ങളില്‍ പ്രാധാന്യപൂര്‍വം പഠിപ്പിക്കുന്നുണ്ടെങ്കിലും അവരുടെ ചിന്തകള്‍ ഒരിക്കലും കാലഹരണപ്പെടുകയില്ലെന്ന് പ്രബുദ്ധരായ അധ്യാപകരോ ഗവേഷകരോ കരുതുന്നില്ല.
വിവരവിപ്ലവങ്ങള്‍ അരങ്ങേറിക്കൊണ്ടേയിരിക്കുന്ന ആധുനികയുഗത്തില്‍ ഏതൊരു ആദര്‍ശത്തിന്റെയും കാലാതിവര്‍ത്തിത്വം പലര്‍ക്കും അചിന്ത്യമോ അവിശ്വസനീയമോ ആയി തോന്നുന്നത് സ്വാഭാവികമാണ്. കാരണം, ഏത് ആശയവും സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. ഭൂതകാലത്തെ സംബന്ധിച്ച അപൂര്‍ണ്ണമായ അറിവുകളും വര്‍ത്തമാനകാലത്തെ സംബന്ധിച്ച ഒട്ടൊക്കെ വ്യക്തതയുളള നിരീക്ഷണങ്ങളും അജ്ഞാതഭാവിയെ സംബന്ധിച്ച അവ്യക്തമായ ഊഹങ്ങളുമാണ് ആശയാവിഷ്‌കാരങ്ങള്‍ക്കെല്ലാം നിദാനമായി വര്‍ത്തിക്കുന്ന അവയ്‌ക്ക് സമാനതയുണ്ടാകുന്നതിനെക്കാള്‍ കൂടുതല്‍ സാധ്യത വൈവിധ്യത്തിനും ഭിന്നതയ്‌ക്കുമാണ്.
കാലത്തിനൊപ്പം മാറാവുന്നതല്ലാത്ത വിശ്വാസവും സല്‍കര്‍മ്മവും ധാര്‍മ്മികതയും സദാചാരവും ജനമനസ്സുകളില്‍ ഉറപ്പിക്കേണ്ട മതപ്രബോധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുളള കാര്യങ്ങളിലൊന്ന് സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാത്ത സത്യങ്ങളുടെ മൗലികതയെ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്. ജനജീവിതത്തിന്റെ ഭൗതികതലങ്ങളില്‍, നാഗരികതയുടെ പ്രത്യക്ഷമാനങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായാലും അതിനൊക്കെ അതീതമായ ഒട്ടേറെ നിത്യസത്യങ്ങളുണ്ടെന്ന കാര്യമാണ് ജനങ്ങളെ തെര്യപ്പെടുത്തേണ്ടത്.
ആകാശഗോളങ്ങളുടെ ഭ്രമണത്തിന്റെയും ഉദയാസ്‌തമയങ്ങളുടെയും വ്യവസ്ഥ, ജീവ - സസ്യജാലങ്ങളുടെ ജീവിതചക്രം, മനുഷ്യന്റെ സൂക്ഷ്‌മാവയവങ്ങളുടെയും പഞ്ചേന്ദ്രിയങ്ങളുടെയും വിസ്‌മയാവഹമായ കണിശത തുടങ്ങിയ വ്യവസ്ഥാപിത പ്രതിഭാസങ്ങള്‍ യാദൃച്ഛികമായി രൂപംകൊണ്ടതാകാന്‍ സാധ്യതയില്ലെന്നും, സര്‍വശക്തനും സൂക്ഷ്‌മജ്ഞാനിയുമായ ഒരു സംവിധായകന്റെ അനിവാര്യത തെളിയിക്കുന്നവയാണ് ഇവയെന്നും എക്കാലത്തെയും ചിന്താശീലര്‍ മനസ്സിലാക്കിയിരുന്നു. ലോകഗതിയില്‍ എന്തൊക്കെമാറ്റമുണ്ടായാലും ഈ മൗലികസത്യത്തിന് മാറ്റമുണ്ടാകാവുന്നതല്ല എന്ന യാഥാര്‍ഥ്യമാണ് പ്രഥമമായും പ്രധാനമായും പ്രബോധകര്‍ സമകാലീന ലോകത്തെ ബോധ്യപ്പെടുത്തേണ്ടത്. നമ്മെ സൃഷ്‌ടിക്കുകയും നമുക്ക് ചുറ്റുമുളള ഭൗതിക പ്രപഞ്ചവും ജീവിതസൗകര്യങ്ങളും അന്യൂനമായി ഒരുക്കുകയും ചെയ്‌ത ലോകരക്ഷിതാവിനോട് പരമമായ വണക്കവും വിധേയത്വവും പുലര്‍ത്തുകയും അവനൊഴികെ മറ്റാര്‍ക്കും ദിവ്യത്വം കല്‌പിക്കാതിരിക്കുകയും ചെയ്യേണ്ടതിന്റെ അനുപേക്ഷ്യതയും ഇതോടൊപ്പം ഊന്നിപ്പറയേണ്ടതാണ്. ഇതൊന്നും സ്ഥലകാലങ്ങള്‍ക്കനുസരിച്ചു മാറുന്ന കാര്യങ്ങളല്ല.
എക്കാലത്തെയും എല്ലാ മനുഷ്യരുടെയും ഘടനാവിശേഷങ്ങള്‍ സൂക്ഷ്‌മമായി അറിയുന്ന പ്രപഞ്ചനാഥന്‍ മനുഷ്യജീവിതം സഫലവും വിജയപ്രദവും ആയിരിക്കേണ്ടതിനുവേണ്ടി നല്‌കിയ മാര്‍ഗദര്‍ശനവും കാലഹരണപ്പെടാത്തതാണ്. ദുസ്വഭാവങ്ങളും ദുശ്ശീലങ്ങളും ദുരാചാരങ്ങളും എക്കാലത്തും മനുഷ്യന് അപചയവും ആത്മനഷ്‌ടവുമാണ് വരുത്തിവെച്ചത്. സല്‍സ്വഭാവങ്ങളും സദാചാരവും സദ്‌ഗുണങ്ങളും എക്കാലത്തെയും മനുഷ്യര്‍ക്ക് ഉദാത്തമായ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നുകളും എന്തൊക്കെ കെടുതികള്‍ വരുത്തിവെക്കുമെന്ന് ആധുനിക കാലത്താണ് ആരോഗ്യശാസ്‌ത്ര വിദഗ്‌ദര്‍ക്ക് വ്യക്തമായി ഗ്രഹിക്കാന്‍ സാധിച്ചത്. എന്നാല്‍ ഈ ദോഷഫലങ്ങള്‍ എക്കാലത്തെ ആളുകള്‍ ഇവ ഉപയോഗിച്ചാലും ഒരു പോലെ ഉളവാകുന്നതാണ്. ഒരാള്‍ കള്ളം പറയുമ്പോള്‍ അയാളുടെ ശരീരത്തിലെ സൂക്ഷമ ഘടനകളില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്ന് ശാസ്‌ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് സമീപകാലത്താണ്. എന്നാല്‍ ഏത് കാലത്തുളളവര്‍ കളളം പറഞ്ഞാലും ഇതേ മാറ്റങ്ങള്‍തന്നെയാണ് ഉണ്ടാവുക. ഇത് പോലുളള പല തെളിവുകളുടെയും പിന്‍ബലത്തോടെ സദാചാരത്തിന്റെയും ധാര്‍മികതയുടെയും നിത്യപ്രസക്തി ചിന്താശീലരായ ആളുകളെ ബോധ്യപ്പെടുത്താവുന്നതാണ്.
കാലത്തിനനുസരിച്ച് മാറാത്ത സത്യങ്ങളാണ് പ്രബോധകര്‍ക്ക് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുളളതെങ്കിലും , അതിന് സ്വീകരിക്കുന്ന ഭാഷയും ശൈലിയും സമകാലീനമായിരിക്കണം. ഒരു നൂറ്റാണ്ട് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന പദപ്രയോഗങ്ങളും ശൈലീവിശേഷണങ്ങളുമാണ് ഇന്നത്തെ പ്രബോധകന്‍ സ്വീകരിക്കുന്നതെങ്കില്‍ ജനങ്ങള്‍ അതിന് കാതോര്‍ക്കുകയില്ല. നൂറുകൊല്ലം മുമ്പത്തെ ശാസ്‌ത്രഗ്രന്ഥത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇന്നത്തെ പ്രബോധകന്‍ തെളിവായി ചൂണ്ടിക്കാണിക്കുന്നതെങ്കില്‍ അയാള്‍ ജനങ്ങളുടെ പരിഹാസ പാത്രമാകും. സമകാലീനരുടെ മനസ്സില്‍ സ്വാധീനം നേടാന്‍ പര്യാപ്‌തമായ ഭാഷയും ശൈലിയും പ്രബോധകര്‍ സ്വായത്തമാക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. വിശുദ്ധഖുര്‍ആനിലെ പ്രാപഞ്ചികദൃഷ്‌ടാന്തങ്ങള്‍ വിവരിച്ചുകൊടുത്ത് അല്ലാഹുവിന്റെ സൃഷ്‌ടിവിസ്‌മയത്തിലേക്ക് ശ്രദ്ധതിരിക്കുന്ന പ്രബോധകന് സമകാലീന വിജ്ഞാനീയങ്ങളെപറ്റി സാമാന്യധാരണയെങ്കിലും ഉണ്ടായിരിക്കേണ്ടതും അതുപോലെ പ്രധാനമാകുന്നു.
ഇസ്‌ലാമിനെ സംബന്ധിച്ച് സംശയങ്ങളുന്നയിക്കുന്നവരും വിമര്‍ശനങ്ങള്‍ നടത്തുന്നവരും സമകാലീന ലോകത്തെ പല പ്രത്യയശാസ്‌ത്രങ്ങളാലും ദര്‍ശനങ്ങളാലും ചിന്താഗതികളാലും സ്വാധീനിക്കപ്പെട്ടവരായിരിക്കും. അവരുമായി ഫലപ്രദമായി സംവദിക്കാന്‍ സാധിക്കണമെങ്കില്‍ പ്രബോധകര്‍ക്ക് മോശമല്ലാത്ത അളവില്‍ കാലികവിജ്ഞാനം ആവശ്യമായിരിക്കും. എന്നാല്‍ സമകാലീന ലോകത്ത് നിന്ന് നാം സ്വീകരിക്കുന്ന ആശയക്കോപ്പുകള്‍ക്ക് നാം ജീവിക്കുന്ന സ്ഥലകാല സാഹചര്യങ്ങള്‍ക്കപ്പുറത്ത് പ്രസക്തിയുണ്ടാകണമെന്നില്ല. ഇബ്‌നുറുശ്‌ദും ഗസ്സാലിയും റാസിയും ത്വന്‍ത്വാവിയും അവരുടെ കാലഘട്ടത്തിലെ പ്രബുദ്ധരായ പ്രബോധിതരുമായി സംവേദനം നടത്താന്‍വേണ്ടി ചൂണ്ടിക്കാണിച്ച തെളിവുകളില്‍ ചിലത് ഇപ്പോള്‍ തികച്ചു അപ്രസ്‌കതമായിട്ടുണ്ട്. എന്നാല്‍ ഖുര്‍ആനും ഹദീസും ഇന്നും കാലഹരണപ്പെടാതെ നിലനില്‌ക്കുന്നു. അതുപോലെ ഇന്നത്തെ കാലികവിജ്ഞാനം നേടിയ പ്രബോധകര്‍ പ്രബുദ്ധലോകത്തിന് മുമ്പില്‍ ചൂണ്ടികാണിക്കുന്ന ചില തെളിവുകള്‍ കുറച്ചുകാലം കഴിയുമ്പോള്‍ കാലഹരണപ്പെടാവുന്നതാണ്. ഖുര്‍ആനിന്റെയും ഹദീസിന്റെയും നിത്യപ്രസ്‌ക്തി അപ്പോഴും തുടരും. പക്ഷേ, സമകാലവിജ്ഞാനീയങ്ങളുടെ ബൗദ്ധികബലത്തില്‍ നിന്നുകൊണ്ടല്ലാതെ ഒരുകാലത്തെ പ്രബോധകര്‍ക്കും തങ്ങളുടെ ദൗത്യം ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയില്ല. l
 |