|
ഇസ്‌ലാമും പാശ്ചാത്യ നാഗരികതയും തമ്മിലും ജൂത-ക്രൈസ്‌തവ മതങ്ങള്‍ തമ്മിലും അര്‍ഥവത്തായ സംഭാഷണങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഇയ്യിടെ ബ്രസ്സല്‍സില്‍ നടന്ന ഇത്തരത്തിലുള്ള ഒരു സംവാദത്തിന്റെ പശ്ചാത്തലത്തില്‍, ഇതേ പംക്തിയില്‍ സംസ്‌കാരാന്തര (ഇന്റര്‍കള്‍ച്ചറല്‍) സംവാദത്തിന്റെ പുതിയ ദിശയെക്കുറിച്ച് എഴുതിയിരുന്നു. സെമിറ്റിക് മതങ്ങള്‍ പരസ്‌പരമുള്ള ചര്‍ച്ചയാണ് ഇതുവരെ നടന്നുവന്നത്. ഇപ്പോള്‍, ഇന്ത്യയില്‍ മറ്റൊരു പുതിയ സംവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നു; ഇസ്‌ലാമും പൗരസ്‌ത്യമതങ്ങളും തമ്മിലുള്ള സംഭാഷണം.
ഇക്കഴിഞ്ഞ ഫെബ്രുവരി 20 ന് ദല്‍ഹി ജാമിഅ മില്ലിയയിലാണ് ശ്രദ്ധേയമായ ഈ സംവാദത്തിന് അരങ്ങൊരുങ്ങിയത്. ഇന്ത്യയുടെ ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരിയാണ് സംവാദ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്. ശീതസമരാനന്തരം വിവിധ നാഗരികതകള്‍ തമ്മിലും മതങ്ങള്‍ തമ്മിലും നടന്നുവരുന്ന ആരോഗ്യകരമായ സംവാദങ്ങള്‍ ലോകത്തിന്റെ ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‌കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞത്. പൗരസ്‌ത്യ മതങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, സൊരാഷ്‌ട്രിയന്‍, കണ്‍ഫ്യൂഷനിസം, താവോയിസം എന്നിവയും ഇസ്‌ലാമും തമ്മിലുള്ള സാധര്‍മ്യങ്ങളും പൊരുത്തങ്ങളും മുന്നില്‍ വെച്ചൊരു സംവാദത്തിന് പുതിയ ലോക സാഹചര്യത്തില്‍ വമ്പിച്ച പ്രസക്തിയുണ്ട്.
1.57 ബില്യന്‍ വരുന്ന ലോക മുസ്‌ലിംകളില്‍ മൂന്നില്‍ രണ്ടും ഏഷ്യയിലാണെന്നതും, ഇന്ത്യയും ചൈനയും ഇറാനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശാസ്‌ത്ര, സാമ്പത്തിക, വികസന രംഗങ്ങളില്‍ അനിഷേധ്യ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് എന്നതും ഈ സംവാദത്തിന് രാഷ്‌ട്രീയ പ്രാധാന്യം നല്‌കുന്നു. ഇന്ത്യ, പാകിസ്‌താന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കു പുറമെ ചില അറബ് പ്രതിനിധികളും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ഖത്തര്‍ കേന്ദ്രമായുള്ള ലോക മുസ്‌ലിം പണ്ഡിതസഭയുടെ സഹായത്തോടെ ഇന്ത്യയിലെ പ്രധാന മുസ്‌ലിം സംഘടനകളും ജാമിഅ മില്ലിയയുമാണ് ഈ മതാന്തര സംവാദത്തിന് മുന്‍കൈ എടുത്തത്. കേരളത്തില്‍ നിന്നടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യവും സമ്മേളനത്തെ ശ്രദ്ധേയമാക്കി.
ഈ സംഭാഷണത്തെ ഫലവത്തായി വളര്‍ത്തിയെടുക്കാന്‍ മുസ്‌ലിംകള്‍ക്കു സാധിക്കുമോ എന്നതാണ് നാം അഭിമുഖീകരിക്കേണ്ട ചോദ്യം. മുസ്‌ലിമേതരര്‍, വിശിഷ്യാ പൗരസ്‌ത്യ മതവിശ്വാസികള്‍ ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ മുസ്‌ലിംകളുടെ ആശയസംവാദം എങ്ങനെ വേണമെന്ന് ദീര്‍ഘവീക്ഷണത്തോടെ ആലോചിച്ചുകൊണ്ടേ ആ ചോദ്യത്തെ നേരിടാനാകൂ. ബഹുസ്വരതയിലധിഷ്‌ഠിതമായ ഒരു ജനാധിപത്യ സന്ദര്‍ഭത്തില്‍, പ്രതിപക്ഷ ബഹുമാനത്തോടെയും അങ്ങേയറ്റത്തെ സഹിഷ്‌ണുതയോടെയുമുള്ള, ക്ഷമാപൂര്‍ണമായ ഒരു സംവാദ സംസ്‌കാരമാണ് നാം രൂപപ്പെടുത്തേണ്ടത്. ഇസ്‌ലാം- ക്രൈസ്‌തവ സംവാദങ്ങളുടെ പ്രാഥമിക തത്വം, അത് രണ്ടും പരസ്‌പരം പങ്കുവെക്കുന്ന ആശയങ്ങളില്‍ ഐക്യപ്പെടുക എന്നതാണല്ലോ.
ഒരു മതാന്തര സംവാദത്തിന്റെ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത് അവ പരസ്‌പരമുള്ള ബഹുമാനം തന്നെയാണ്. വാദിച്ചു ജയിക്കുക എന്നതോ, `പ്രതിയോഗി'യെ തോല്‌പിച്ച് ഇരുത്തുക എന്നതോ ആണ് സംവാദത്തിലേര്‍പ്പെടുന്നവരുടെ മനസ്സിലിരിപ്പെങ്കില്‍, അത് ഉല്‌പാദിപ്പിക്കുക ശത്രുതയും വിദ്വേഷവും മാത്രമായിരിക്കും; മൈത്രിയോ സഹകരണമോ ഐക്യമോ ആവില്ല. ഇതിന്നര്‍ഥം ഒരു കക്ഷിയും തങ്ങളുടെ ആദര്‍ശങ്ങള്‍ അടിയറ വെക്കണമെന്നല്ല. യോജിക്കാനെന്ന പോലെ വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യം. ഏകദൈവ വിശ്വാസികള്‍ക്ക് ബഹുദൈവത്വ വിശ്വാസത്തോട് വിയോജിക്കാന്‍ സ്വാതന്ത്ര്യമുണ്ട്; തിരിച്ചും. എന്താണ് ഈ വിയോജിപ്പിന്റെ അടിസ്ഥാനമെന്ന് ഇരുകൂട്ടര്‍ക്കും യുക്തിസഹമായി വാദിക്കുകയുമാവാം. പക്ഷെ, വിമര്‍ശനം അതിന്റേതായ മര്യാദ പാലിക്കണമെന്നു മാത്രം. ഇന്ന് നടക്കുന്ന മതാന്തര സംവാദങ്ങള്‍ കലാശിക്കുന്നത്, കൂടുതല്‍ മെച്ചപ്പെട്ട സംവദത്തിലോ അതല്ല, സംഭാഷണത്തിന്റെ അന്ത്യത്തിലോ എന്ന് നാം ചിന്തിക്കണം.
ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഒരു നാടാണ് നമ്മുടേത്. അവരില്‍ മഹാഭൂരിപക്ഷവും ഹൈന്ദവ വിശ്വാസ സംഹിതകളെക്കുറിച്ച് അജ്ഞരുമാണ്. പാരമ്പര്യമായി കിട്ടിയ ചില പുരാണങ്ങളും ആചാരങ്ങളുമാണ് അവര്‍ക്ക് മതം. ചിലര്‍ ക്ഷേത്രത്തില്‍ പോകുന്നു. ക്ഷേത്രത്തില്‍ പോകുകയും പൂജ ചെയ്യുകയും ചെയ്യുന്നവര്‍ക്കു പോലും അതിന്റെ `കര്‍മശാസ്‌ത്ര'ങ്ങളൊന്നും ഒട്ടും വശമില്ല. കാരണം അവര്‍ക്ക് വ്യവസ്ഥാപിത മതപഠന സംവിധാനങ്ങളില്ല. എങ്കിലും, ഒരു പാരമ്പര്യ സംസ്‌കാരം എന്ന നിലയില്‍ തങ്ങളുടെ വിശ്വാസ ആചാരങ്ങളോട് അവര്‍ക്ക് ബഹുമാനവും അഭിമാനവുമുണ്ടായിരിക്കുക സ്വാഭാവികമാണ്. സ്വന്തം മതത്തെയും മറ്റു മതങ്ങളെയും കുറിച്ച് സാമാന്യ ധാരണയുള്ള മുസ്‌ലിംകള്‍, അവരോട് എങ്ങനെയാണ് സംസാരിച്ചു തുടങ്ങേണ്ടത്? അവരുടെ വിശ്വാസത്തിന്റെ യുക്തിഹീനതകളെക്കുറിച്ച് തര്‍ക്കിച്ചോ അതോ അവരുടെ നന്മകളെ പുകഴ്‌ത്തിക്കൊണ്ടോ?- ദല്‍ഹിയില്‍ നടന്ന മതാന്തര സംവാദം ഇത്തരം ചിന്തകളാകട്ടെ നമ്മിലുണര്‍ത്തുന്നത്. l
 |