|
ഇസ്‌ലാമും ചിന്താസ്വാതന്ത്ര്യവും |
|
|
|
|
ഇസ്‌ലാം ചിന്താസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും നല്‌കിയ മതമാണെന്ന് പറയുന്നു. എന്നാല്‍ ഖുര്‍ആനില്‍ തന്നെ മനുഷ്യന്റെ സ്വതന്ത്രചിന്തയെയും, യുക്തിയെയും ഖണ്ഡിക്കുന്നത് കാണാന്‍ കഴിയും. ചിന്തിക്കുവാനുള്ള മനുഷ്യന്റെ സ്വതന്ത്രശേഷിയെ വിലങ്ങണിയിക്കുന്ന ഇസ്‌ലാമിന് എങ്ങനെയാണ് സ്വതന്ത്രമായ ചിന്തകള്‍ മാനവര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കാനാവുക? ആയത്ത് ഇപ്രകാരമാണ്: ``അല്ലാഹുവും റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ പുരുഷനാകട്ടെ, സ്‌ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് `സ്വതന്ത്രമായ അഭിപ്രായം' ഉണ്ടായിരിക്കാവുന്നതല്ല (ഖുര്‍ആന്‍ 33:36). മുസ്‌ലിമിന്റെ അഭിപ്രായമെന്ത്? ശൗക്കത്തലി ചങ്ങരംകുളം
മനുഷ്യന് എന്തിനെക്കുറിച്ച് ചിന്തിക്കാനും ഏത് കാര്യം ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം അവരുടെ പ്രകൃതിയില്‍ സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ അനിയന്ത്രിതമായ ചിന്തയും ആവിഷ്‌കാരവും എല്ലായ്‌പ്പോഴും ഗുണദായകമായെന്ന് വരില്ല. അന്യരുടെ ധനം മോഷ്‌ടിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യാനുള്ള വഴികളെ സംബന്ധിച്ച് ചിന്തിക്കുന്നത് തിന്മകളിലേക്കാണ് നയിക്കുക. വ്യഭിചരിക്കാനോ ബലാല്‍സംഗം നടത്താനോ ഉള്ള സാധ്യതകളെ സംബന്ധിച്ചു ചിന്തിക്കുന്നതിന്റെ ഫലവും അതുപോലെ തന്നെ. ഒരാള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നത് അശ്ലീല സാഹിത്യം രചിക്കാനാണെങ്കില്‍ അയാള്‍ക്കും അനുവാചകര്‍ക്കും അത് ദോഷമേ ചെയ്യൂ. ഈ കാര്യം പക്വമതികള്‍ക്കെല്ലാം സംശയരഹിതമായി ബോധ്യപ്പെടുന്നതാണ്.
അതിനാല്‍ പ്രകൃത്യാ ഉള്ള സ്വാതന്ത്ര്യത്തിന്മേല്‍ ധാര്‍മികതയുടെ നിയന്ത്രണമുണ്ടാകേണ്ടത് മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സുസ്ഥിതിക്ക് അനുപേക്ഷ്യമാകുന്നു. ധര്‍മവും അധര്‍മവും നന്മയും തിന്മയും തിരിച്ചറിയുന്നതിന് മനുഷ്യബുദ്ധി പലപ്പോഴും അപര്യാപ്‌തമാകാറുണ്ട്. വ്യഭിചാരവും സ്വവര്‍ഗരതിയും അധാര്‍മികമാണെന്ന ദൈവിക നിയമത്തെ ചില ബുദ്ധിജീവികള്‍ ചോദ്യംചെയ്യുന്നതിന്റെ കാരണം അതാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ അവസ്ഥാന്തരങ്ങളെയും സംബന്ധിച്ച സമ്പൂര്‍ണജ്ഞാനമുള്ള ലോകരക്ഷിതാവിന് മാത്രമേ ധര്‍മത്തിന്റെയും നന്മയുടെയും കാര്യത്തില്‍ തെറ്റുപറ്റാത്ത വിവരം നല്‌കാന്‍ കഴിയൂ. അതിനാല്‍ സ്വന്തം അറിവിന്റെ പരിമിതിയും അല്ലാഹുവിന്റെ ജ്ഞാനത്തിന്റെ സമ്പൂര്‍ണതയും അംഗീകരിക്കുന്ന സത്യവിശ്വാസി തന്റെ ഇഹലോക ക്ഷേമത്തിനും പരലോക മോക്ഷത്തിനും വേണ്ടി ചെയ്യേണ്ടത് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ മറികടക്കാതിരിക്കുകയാണ്. നിയമലംഘനത്തിനള്ള സ്വാതന്ത്ര്യം അല്ലാഹു നിഷേധിച്ചിട്ടില്ല. അതിന്റെ ദോഷഫലമോര്‍ത്ത് വിശ്വാസികള്‍ അതില്‍ നിന്ന് വിട്ടുനില്‌ക്കണമെന്ന് മുന്നറിയിപ്പ് നല്‌കുക മാത്രമാണ് ചെയ്‌തിട്ടുള്ളത്.
ഇത് നബി(സ)യുടെ സ്വാര്‍ഥതയല്ലേ?
``അല്ലാഹുവാണ് സത്യം. നിങ്ങളിലൊരാളും വിശ്വാസിയായിത്തീരുകയില്ല; തന്റെ മക്കള്‍, മാതാപിതാക്കള്‍, മറ്റു മനുഷ്യര്‍ തുടങ്ങി എല്ലാവരെക്കാളും നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ടവന്‍ ഞാന്‍ ആകുന്നതുവരെ''(ബുഖാരി). ഹദീസില്‍ പറയുന്ന ഈ ചിന്താഗതി നബി(സ)യുടെ സ്വാര്‍ഥതയല്ലേ വെളിപ്പെടുത്തുന്നത്? അമീന്‍ ചേന്നര തിരൂര്‍
അനുയായികളില്‍ നിന്ന് ലൗകികമായ നേട്ടങ്ങളെന്തെങ്കിലും നബി(സ) കാംക്ഷിച്ചിരുന്നെങ്കിലേ അദ്ദേഹത്തെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറയുന്നതില്‍ അര്‍ഥമുള്ളൂ. തന്നോടുള്ള നിഷ്‌കളങ്ക സ്‌നേഹത്തിന്റെ പേരില്‍ അനുചരന്മാര്‍ ആദര്‍ശദൃഢതയും ധര്‍മനിഷ്‌ഠയുമുള്ള ജീവിതം നയിക്കണമെന്ന് മാത്രമേ അദ്ദേഹം ആവശ്യപ്പെട്ടുള്ളൂ. അദ്ദേഹം ആവശ്യപ്പെട്ട മറ്റൊരു കാര്യം അദ്ദേഹത്തിനു വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുന്ന സ്വലാത്ത് ചൊല്ലണമെന്നാണ്. ഇതും അദ്ദേഹത്തിന് ഭൗതിക നേട്ടമുണ്ടാക്കുന്ന കാര്യമല്ല. ഒരു രാഷ്‌ട്രത്തിന്റെ സാരഥിയായിട്ടും അദ്ദേഹത്തിന്റെ ജീവിതം ദാരിദ്ര്യമുക്തമായിരുന്നില്ല. ഇഹലോകവാസം വെടിയുമ്പോള്‍ അദ്ദേഹത്തിന്റെ പടയങ്കി ഒരു യഹൂദന്റെ പക്കല്‍ പണയം വെച്ച നിലയിലായിരുന്നു.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം അതിപ്രധാനമായ കാര്യം അല്ലാഹുവിന് ഇഷ്‌ടപ്പെട്ട രീതിയില്‍ ജീവിതം നയിച്ചുകൊണ്ട് ശാശ്വതമായ സ്വര്‍ഗീയ സൗഭാഗ്യത്തിന് അവകാശിയായിത്തീരുക എന്നതാണ്. അതിനു വേണ്ട ഏറ്റവും ശരിയായ മാര്‍ഗദര്‍ശനം നല്‌കാന്‍ അല്ലാഹു നിയോഗിച്ച അന്ത്യ പ്രവാചകനായ മുഹമ്മദ് നബി(സ)യെ മറ്റെല്ലാ മനുഷ്യരെക്കാളും ഉപരിയായി സ്‌നേഹിക്കണം എന്ന് പറയുന്നത് ആദര്‍ശത്തിന്റെ മൂല്യമറിയുന്നവര്‍ക്ക് തികച്ചും ന്യായമെന്ന് ബോധ്യമാകും.
സിനിമയും മുസ്‌ലിം പ്രബോധനവും
ഇന്ന് ചില മുസ്‌ലിം സംഘടനകള്‍ നാടകവും സിനിമയുമെല്ലാം പ്രബോധന മാര്‍ഗമെന്ന നിലക്ക് ഉപയോഗപ്പെടുത്തുണ്ട്. എന്നാല്‍ സ്‌ത്രീകളെ നാടകത്തിലും സിനിമയിലും ഉപയോഗപ്പെടുത്തുന്നതും അങ്ങനെ സിനിമകള്‍ നിര്‍മിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നുണ്ടോ? ആണും പെണ്ണും ഇടകലര്‍ന്ന് അഭിനയിക്കുന്നതില്‍ തെറ്റുണ്ടോ? അഭിനയത്തിന് ഇസ്‌ലാം അനുമതി നല്‌കുന്നുണ്ടോ? പി എന്‍ സ്വാലിഹ് ഈരാട്ടുപേട്ട
സിനിമ എന്ന പദത്തിന് ചലച്ചിത്രം എന്നേ അര്‍ഥമുള്ളൂ. ഹജ്ജ് ഫിലിം ഒരു സിനിമയാണ്. ഇസ്‌ലാമിന്റെ ഏതെങ്കിലും വശം പഠിപ്പിക്കാന്‍ വേണ്ടി അസാന്മാര്‍ഗികത കലരാത്ത ഒരു ഫിലിം ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയാന്‍ ന്യായം കാണുന്നില്ല. എന്നാല്‍ അഭിനയത്തെപ്പറ്റി ഒറ്റവാക്കില്‍ അഭിപ്രായം പറയുന്നത് ശരിയായിരിക്കില്ല. കൃത്രിമ വേഷം കെട്ടല്‍, പരിഹാസം, ദുസ്സൂചനകള്‍, സ്‌ത്രീ-പുരുഷന്മാര്‍ ഇടകലരല്‍ എന്നിങ്ങനെ ഇസ്‌ലാം വിലക്കിയ പല കാര്യങ്ങളും അഭിനയത്തിന്റെ ഭാഗമായി വരാന്‍ സാധ്യതയുണ്ട്. ഒരു അനിസ്‌ലാമിക പരിപാടി മുഖേന ഇസ്‌ലാമിക പ്രബോധനം നടത്തുന്നത് വിരോധാഭാസമാണ്. ഇസ്‌ലാം തികച്ചും യാഥാര്‍ഥ്യാധിഷ്‌ഠിതമാണ്. അഭിനയത്തില്‍ എപ്പോഴും അയഥാര്‍ഥമായതിനാണ് മുന്‍തൂക്കം. കലര്‍പ്പില്ലാത്ത സത്യമെന്ന നിലയില്‍ മനുഷ്യമനസ്സുകളില്‍ ഇസ്‌ലാമിന്റെ സന്നിവേശം നടക്കാന്‍ അഭിനയം പലപ്പോഴും പര്യാപ്‌തമാകാതിരിക്കാനാണ് സാധ്യത.
നിന്നു നമസ്‌കരിക്കാന്‍ കഴിയാത്തവന് പകുതി പ്രതിഫലമോ?
നിന്ന് നമസ്‌കരിക്കാന്‍ സാധിക്കാത്തവര്‍ ഇരുന്ന് നമസ്‌കരിക്കാറാണ് പതിവ്. എന്നാല്‍ ഇരുന്ന് നമസ്‌കരിക്കുന്നവന് നിന്ന് നമസ്‌കരിക്കുന്നവന്റെ പകുതിയേ ലഭിക്കൂവെന്ന് ഒരു ഹദീസില്‍ കാണാനിടയായി. പകുതി പ്രതിഫലം എന്നാണോ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്? കെ പി ഹബീബ് കണ്ടോത്ത്‌പാറ
യാതൊരാളോടും അയാളുടെ കഴിവിനപ്പുറം ചെയ്യാന്‍ അല്ലാഹു നിര്‍ബന്ധിക്കുകയില്ല എന്നത് അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഹദീസുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യമാണ്. അതിനാല്‍ നില്‌ക്കാന്‍ കഴിയാത്തതിനാല്‍ ഇരുന്നു നമസ്‌കരിക്കുന്നവരുടെ പ്രതിഫലം അതിന്റെ പേരില്‍ അല്ലാഹു കുറയ്‌ക്കുമെന്ന് കരുതാവുന്നതല്ല. നില്‌ക്കാന്‍ കഴിവുള്ളവന്‍ നിര്‍ബന്ധനമസ്‌കാരം നിന്നുകൊണ്ട് തന്നെയാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ സുന്നത്ത് നമസ്‌കാരത്തിന്റെ കാര്യം ഇതില്‍ നിന്ന് വ്യത്യസ്‌തമാണ്. നില്‌ക്കാന്‍ കഴിവുള്ളവനും ഇരുന്നുകൊണ്ട് അത് നിര്‍വഹിക്കാം. അതാണ് താങ്കള്‍ പരാമര്‍ശിച്ച ഹദീസിലെ പ്രതിപാദ്യവിഷയം.
`കുല്ലുശൈഇന്‍' എന്നതിന് എല്ലാ സന്ദര്‍ഭങ്ങളിലും ഒരേ അര്‍ഥമാണോ?
വിശുദ്ധ ഖുര്‍ആനിലെ 21:30ല്‍ ജീവനുള്ള എല്ലാറ്റിനെയും വെള്ളത്തില്‍ നിന്ന് സൃഷ്‌ടിച്ചു എന്ന് പറയുന്നു. എന്നാല്‍ മലക്കുകളെ പ്രകാശം കൊണ്ടും ജിന്നുകളെ തീ കൊണ്ടും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു എന്നാണല്ലോ ഇസ്‌ലാമിക വിശ്വാസം. ഇവ തമ്മില്‍ വൈരുധ്യമില്ലേ? ഖുര്‍ആനില്‍ പല സ്ഥലങ്ങളിലായി പറഞ്ഞിട്ടുള്ള കുല്ലുശൈഇന്‍ എന്ന വാക്കിനു എല്ലാ സന്ദര്‍ഭത്തിലും ഒരേ അര്‍ഥമാണോ? സലാഹുദ്ദീന്‍ അയ്യൂബി മലപ്പുറം
`ശൈഉന്‍ ഹയ്യുന്‍' എന്ന വാക്കു കൊണ്ട് 21:30 ല്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കോ ഉപകരണങ്ങള്‍ക്കോ ഗോചരമാകുന്ന ഭൗതിക ജീവികള്‍ മാത്രമാണ്. `കുല്ലുശൈഅ്' (എല്ലാ വസ്‌തുക്കളും ഏതൊരു വസ്‌തുവും) എന്ന പദം കേവലമായ അര്‍ഥത്തിലും ആപേക്ഷികമായ അര്‍ഥത്തിലും പ്രയോഗിക്കപ്പെടാം. `എല്ലാ യാത്രക്കാരും കയറിയോ' എന്ന് ഒരു ബസ് കണ്ടക്‌ടര്‍ ചോദിച്ചാല്‍ ഒരു നാട്ടിലെയോ ലോകത്തിലെയോ സര്‍വയാത്രക്കാരും ഉദ്ദേശിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാണല്ലോ. സബഇലെ രാജ്ഞിക്ക് എല്ലാ വസ്‌തുക്കളും നല്‌കപ്പെട്ടു എന്ന് ഖുര്‍ആനില്‍ പറഞ്ഞതിന് പ്രപഞ്ചത്തിലുള്ളതെല്ലാം നല്‌കപ്പെട്ടു എന്നര്‍ഥമില്ല. സമ്പത്തിന്റെയോ അധികാരത്തിന്റെയോ വൈപുല്യം വ്യക്തമാക്കുക മാത്രമേ അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളൂ. അറബിഭാഷയില്‍ `കുല്ലുശൈഅ്' എന്നത് ഏതൊക്കെ വിധത്തില്‍ പ്രയോഗിക്കുന്നുവോ ആ പ്രയോഗങ്ങള്‍ക്കെല്ലാം ഖുര്‍ആനിലും സാധുതയുണ്ട്.
വസ്‌ത്രവും മുടിയും കെട്ടിവെക്കരുതെന്നോ?
ഇബ്‌നു അബ്ബാസ്(റ) പറയുന്നു. ``ഏഴ് അവയവങ്ങള്‍ കൊണ്ട് സുജൂദ് ചെയ്യാന്‍ നബി(സ) കല്‌പിക്കപ്പെട്ടിരിക്കുന്നു. തന്റെ വസ്‌ത്രമോ മുടിയോ തൂങ്ങിക്കിടക്കുന്നത് തടയരുതെന്നും.'' നമസ്‌കരിക്കുമ്പോള്‍ വസ്‌ത്രവും മുടിയും നിവര്‍ത്തിയിടാതെ കെട്ടിയും മടക്കിയും വയ്‌ക്കരുത് എന്നാണോ ഈ ഹദീസിന്റെ താല്‌പര്യം? ഞെരിയാണിക്ക് താഴെ ഇറങ്ങുന്ന വസ്‌ത്രങ്ങള്‍ മടക്കിവെക്കുന്നത് കുറ്റകരമാണെന്നാണോ ഈ ഹദീസ് പഠിപ്പിക്കുന്നത്? എം അബ്‌ദുര്‍റഹ്‌മാന്‍ കോഴിക്കോട്
ഈ ഹദീസിലുള്ളത് സുജൂദിന് മാത്രം ബാധകമാകമായിട്ടുള്ള നിര്‍ദേശമാണ്. സുജൂദില്‍ നെറ്റിവെക്കുമ്പോള്‍ തലയിലുള്ള തട്ടം, നീണ്ട മുടി എന്നിവ നിലത്ത് തട്ടാത്ത വിധം മടക്കിവെക്കുകയോ വകഞ്ഞുമാറ്റുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. അതുപോലെ തന്നെ കുപ്പായക്കൈ കയറ്റിയോ മടക്കിയോ വെക്കരുതെന്നും. അല്ലാഹുവിന്റെ മുമ്പില്‍ പരമമായ താഴ്‌മ കാണിക്കുകയാണല്ലോ സുജൂദിന്റെ താല്‌പര്യം. ആ താഴ്‌മയില്‍ വസത്രവും മുടിയുമെല്ലാം പങ്കുവഹിച്ചുകൊള്ളട്ടെ എന്നാണ് നബി(സ) പഠിപ്പിച്ചത്. വസ്‌ത്രം നെരിയാണിയെക്കാള്‍ താഴോട്ട് ഇറങ്ങിനില്‌ക്കരുത് എന്നത് എല്ലാ സമയത്തേക്കും ബാധകമായ വിലക്കാണ്. നമസ്‌കാര വേളയില്‍ ആ വിലക്ക് കുറേക്കൂടെ ഗൗരവമുള്ളതാണ്. അതുകൊണ്ട് മത നിഷ്‌ഠയുള്ളവര്‍ പാന്റ്‌സ് നെരിയാണിവരെ മാത്രം ഇറക്കമുള്ള നിലയില്‍ തുന്നിക്കുകയാണ് ചെയ്യേണ്ടത്. തുന്നിയപ്പോള്‍ ഇറക്കം കൂടിപ്പോയിട്ടുണ്ടെങ്കില്‍ മടക്കിവെക്കുകതന്നെ വേണം; നമസ്‌കാരത്തിലും അല്ലാത്തപ്പോഴും. എന്നാല്‍ നെരിയാണിവരെ ഇറക്കമുള്ള വസ്‌ത്രം സുജൂദിന്നിടയില്‍ താഴോട്ട് ഇറങ്ങുകയോ നിലത്ത് തട്ടുകയോ ചെയ്യുന്നതില്‍ കുഴപ്പമില്ല. അങ്ങനെ താഴോട്ടിറങ്ങാതിരിക്കാന്‍ പ്രത്യേകമായി മടക്കുകയോ കൈകൊണ്ട് തടുക്കുകയോ ചെയ്യരുത് എന്നതും ഹദീസിന്റെ താല്‌പര്യമാകുന്നു.
നിന്ന് മൂത്രമൊഴിക്കാന്‍ സൗകര്യമൊരുക്കാന്‍ പാടുണ്ടോ?
ഇന്ന് മിക്ക മുസ്‌ലിം പള്ളികളിലും സ്ഥാപനങ്ങളിലും നിന്ന് മൂത്രമൊഴിക്കുവാനുള്ള സൗകര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഇത് മതം അനുവദിച്ചതാണോ? ഇരുന്ന് മലമൂത്രവിസര്‍ജനം ചെയ്യുകയെന്നതല്ലേ ഇസ്‌ലാമിന്റെ രീതി? എം ഫാരിസ് വടകര
ഇരുന്ന് മൂത്രമൊഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. നബി(സ) അധികസന്ദര്‍ഭങ്ങളിലും ഇരുന്നുകൊണ്ടാണ് മൂത്രമൊഴിച്ചത്. എന്നാല്‍ ഒരിക്കല്‍ നബി(സ) നിന്നു മൂത്രമൊഴിച്ചതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതിനാല്‍ അത് അനുവദനീയമാണെന്ന് വ്യക്തമാകുന്നു. അനുവദനീയമായ ഒരു കാര്യത്തിന് സൗകര്യമൊരുക്കുന്നതും അനുവദനീയമാകുന്നു. ഇരുന്നു മൂത്രമൊഴിക്കുന്നതിന് എന്തെങ്കിലും അസൗകര്യങ്ങളുള്ളവരെ അതിന് നിര്‍ബന്ധിക്കുന്നത് ഒട്ടും ന്യായമല്ല.
ഖുര്‍ആന്‍ അവതരണം സംബന്ധിച്ച പരാമര്‍ശത്തില്‍ വൈരുധ്യമില്ലേ?
റമദാനിലെ ഒരു രാത്രിയാണ് ഖുര്‍ആന്‍ അവതരിച്ചത് (അവതരിക്കാന്‍ ആരംഭിച്ചത് എന്നല്ല) എന്ന് ഒരിടത്തും ഒരു ഗ്രന്ഥമായി ഒന്നിച്ചിറക്കുകയുണ്ടായിട്ടില്ല എന്ന് മറ്റൊരിടത്തും ഖുര്‍ആന്‍ പറയുന്നു. ഇത് വൈരുധ്യമല്ലേ? അബ്‌ദുര്‍റശീദ് സേലം
ഞാന്‍ ഖുര്‍ആന്‍ ഓതി എന്നോ ഖുര്‍ആന്‍ കേട്ടുവെന്നോ പറയണമെങ്കില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതണമെന്നോ മുഴുവന്‍ കേള്‍ക്കണമെന്നോ ഇല്ല. ഒരായത്തോ ഒരു സൂറത്തോ ഓതിയ ആളെ സംബന്ധിച്ചും അയാള്‍ ഖുര്‍ആന്‍ ഓതി എന്ന് പറയാവുന്നതാണ്. എന്റെ അഭിപ്രായത്തിന് തെളിവ് ഖുര്‍ആനാകുന്നു എന്ന് പറഞ്ഞാല്‍ ഖുര്‍ആന്‍ മുഴുവനും കൂടി തെളിവാണെന്നര്‍ഥമില്ല. ഇതുപോലെ ഖുര്‍ആനില്‍ നിന്ന് ഏതാനും സൂക്തങ്ങള്‍ അവതരിച്ചതിനെ സംബന്ധിച്ച് ഖുര്‍ആന്‍ അവതരിച്ചു എന്ന് പറയുന്നതിലും തെറ്റൊന്നുമില്ല. റമദാനിലോ ലൈലത്തുല്‍ ഖദ്‌ര്‍ എന്ന മഹത്തായ രാത്രിയിലോ ഖുര്‍ആന്‍ ഒന്നിച്ച് ഇറക്കിയെന്ന് പറഞ്ഞിട്ടുണ്ടെങ്കിലേ വൈരുധ്യത്തിന്റെ പ്രശ്‌നം ഉത്ഭവിക്കുന്നുള്ളൂ. l
 |