Saturday
21
July 2018

ആദ്യത്തെ ഹജ്ജ്‌യാത്ര

Shabab Webadmin

ചെമ്മാടുമായുള്ള ഓര്‍മകള്‍ പങ്കിടുമ്പോള്‍ മറക്കാന്‍ കഴിയാത്ത ഒരു വ്യക്തിത്വമാണ് പരേതയായ പ്രഫ. സുലൈഖ. അബൂബക്കര്‍ ഡോക്ടറുടെ ഭാര്യയായിരുന്നു അവര്‍. അവരുടെ വീട്ടില്‍ നിന്നായിരുന്നു ജുമുഅക്ക് ശേഷം ഭക്ഷണം കഴിക്കാറുണ്ടായിരുന്നത്. ഞാന്‍ സുല്ലമുസ്സലാമില്‍ പഠിക്കുന്ന കാലത്ത് സുലൈഖ ഓറിയന്റല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു. അക്കാലത്ത് ആര്‍ട്‌സ് കോളെജുകളിലൊന്നും ഹിജാബ് ധരിച്ച് പോകുന്ന പെണ്‍കുട്ടികളുണ്ടായിരുന്നില്ല. അന്ന് ഇന്നത്തെപ്പോലെ കറുത്ത പര്‍ദ പ്രചാരത്തിലുണ്ടായിരുന്നില്ല. മുഖവും മുന്‍കൈയുമൊഴിച്ച് മറയ്ക്കല്‍ മാത്രമായിരുന്നു അന്നത്തെ പര്‍ദ. ആ രൂപത്തില്‍ പോകാന്‍ സൗകര്യമുണ്ടെങ്കിലേ തനിക്ക് ആര്‍ട്‌സ് കോളെജില്‍ പോകേണ്ടതുള്ളൂ എന്നതില്‍ ഉറച്ചുനിന്ന യുവതിയായിരുന്നു സുലൈഖ.
ആദ്യമായി ഫാറൂഖ് കോളെജില്‍ എത്തിയ സമയത്ത് അവര്‍ക്കു നേരെ ആണ്‍കുട്ടികളില്‍ നിന്ന് അപശബ്ദങ്ങളുണ്ടായി. ഫാറൂഖ് കോളെജിന്റെ പ്രിന്‍സിപ്പലായിരുന്ന പ്രൊഫ ബീരാന്‍ സാഹിബിന്റെ മകള്‍ കൂടിയായിരുന്നു സുലൈഖ. അദ്ദേഹം എന്‍ വി അബ്ദുസ്സലാം മൗലവിയുടെ സഹോദരനായിരുന്നു. ഹിജാബോടു കൂടി ആദ്യത്തെ കോളെജ് കുമാരിയെ കണ്ട് അപശബ്ദമുണ്ടാക്കിയ ആണ്‍കുട്ടികള്‍ക്ക് ഫൈനിടുകയുണ്ടായി. അതിനു ശേഷമാണ് അത് നിലച്ചത്.  ഇന്ന് എല്ലാ തരം കോളെജുകളിലും കറുത്ത പര്‍ദധാരികള്‍ പഠിക്കുന്നു. വെള്ളക്കാച്ചിയുടുത്ത് എട്ട് കഷ്ണം തുന്നിപ്പിടിപ്പിച്ച ഇടുങ്ങിയ കുപ്പായത്തില്‍ നിന്നു മാറി മുഖവും മുന്‍കൈയുമൊഴികെ മറയ്ക്കുന്ന സാഹചര്യത്തിലേക്കെത്തിക്കാന്‍ മുജാഹിദുകള്‍ അന്ന് ഏറെ പണിപ്പെട്ടിട്ടുണ്ട്.
സുലൈഖയെ ഡോ. അബൂബക്കര്‍ വിവാഹം കഴിച്ചതിനുശേഷം അല്പകാലം ജോലിയില്‍ നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട്  പി എസ് എം ഒ കോളെജില്‍ പ്രഫസറായി ചേര്‍ന്നു. മാത്‌സ് പ്രഫസറായിരുന്ന അവര്‍ നല്ല മതപണ്ഡിത കൂടിയായിരുന്നു. പലപ്പോഴും ജുമുഅ കഴിഞ്ഞ് ഭക്ഷണ ശേഷം മുസ്വ് ഹഫ് എടുത്ത് ഖുര്‍ആന്‍ സൂക്തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത് ഞാനോര്‍ക്കുന്നു. അവര്‍ മരണപ്പെട്ടുപോവുകയും അബൂബക്കര്‍ ഡോക്ടര്‍ ജോലി ആവശ്യാര്‍ഥം വിദേശത്തു പോവുകയും തിരൂരങ്ങാടി യത്തീംഖാന മാനേജറായിരുന്ന ഞാന്‍ അവിടെത്തന്നെ ജുമുഅ ഖുതുബ ഏല്ക്കണമെന്ന സന്ദര്‍ഭം വരികയും ചെയ്തതോടെയാണ് ഖുതുബ ചെമ്മാട് നിന്നും തിരൂരങ്ങാടിയിലേക്ക് മാറ്റിയത്.
ആദ്യത്തെ
ഹജ്ജ് യാത്ര
1988-ല്‍ ചെമ്മാട് സലഫി മസ്ജിദില്‍ ഞാന്‍ ഖതീബായി സേവനം ചെയ്തുകൊണ്ടിരിക്കെയാണ് ആദ്യത്തെ ഹജ്ജ് കര്‍മത്തിനായി ഒരുങ്ങുന്നത്. പള്ളി നിര്‍മാണത്തിന്റെ ചെലവുകളെല്ലാം ഏറ്റെടുത്ത ഉദാരമതിയായിരുന്ന എം എം മലബാരി (അരീക്കന്‍) ജുമുഅ നമസ്‌കാരത്തിന് ചെമ്മാട്ടെ പള്ളിയില്‍ എത്താറുണ്ടായിരുന്നു. തിരൂരങ്ങാടിയില്‍ നിന്ന് വിവാഹം കഴിച്ച അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ എന്റെ ഖുതുബ ശ്രവിക്കാനായി പള്ളിയില്‍ വരും. അറബി വേഷം ധരിച്ച് ഖുതുബ നിര്‍വഹിക്കണമെന്ന് എന്നോട് അദ്ദേഹം പറയാറുണ്ടായിരുന്നു. നാട്ടില്‍ അദ്ദേഹം ഉണ്ടാകുന്ന സമയത്ത് വെള്ളിയാഴ്ച യത്തീംഖാന കുട്ടികള്‍ക്കും സ്റ്റാഫിനും വേണ്ടി വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കുമായിരുന്നു.
പ്രത്യേക രീതിയിലുള്ള അറബിഭക്ഷണം പാചകം ചെയ്തു കൊണ്ടുവന്ന് യത്തീംഖാന ഓഫീസിന്റെ മുകളില്‍ വെച്ച് അതിഥികളെ വിളിച്ചുവരുത്തി സല്‍ക്കരിക്കുമായിരുന്നു. ഐദീദ് തങ്ങള്‍, അഹ്മദലി മദനി, അബ്ദുല്‍ഖാദര്‍ ഹാജി, ഡോ. അബൂബക്കര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അതിഥികളായി അവിടെയെത്തുമായിരുന്നു. ഭക്ഷണംകഴിച്ച് സൗഹൃദസംഭാഷണം നടത്തിയ ശേഷമാണ് എല്ലാവരും പിരിയാറുണ്ടായിരുന്നത്.
ഹജ്ജ് കമ്മറ്റി മുഖേന ഞാന്‍ ആദ്യമായി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും സ്വീകരിച്ചില്ല. ആ വിഷയം അബൂബക്കര്‍ ഡോക്ടറുമായി ഞാന്‍ സംസാരിക്കുന്നത് എം എം മലബാരിയുടെ ശ്രദ്ധയില്‍ പെട്ടു. കാര്യമെന്തെന്ന് അദ്ദേഹം തിരക്കി. അബൂബക്കര്‍ ഡോക്ടര്‍ പറഞ്ഞു. ഈ വര്‍ഷം ഹജ്ജിന് അപക്ഷേ നല്കിയെങ്കിലും കിട്ടിയില്ല. ഇതു കേട്ടപ്പോള്‍ എം എ മലബാരി പറഞ്ഞു: ‘ഈ വര്‍ഷത്തെ ഹജ്ജിന് വേണ്ടിയുള്ള ഡ്രാഫ്റ്റ് ഞാന്‍ അയച്ചുതരാം’ മുവായിരം സുഊദി റിയാലിന്റെ ഡ്രാഫ്റ്റ് കൈയിലുണ്ടെങ്കില്‍ അക്കാ ലത്ത് സുഊദി എംബസിയില്‍ നിന്ന് ഹജ്ജ് വിസ അടിച്ചുകിട്ടും. സുഊദിയില്‍ ചെന്നിറങ്ങിയാല്‍ ഹാജിയുടെ ചെലവിന് ഡ്രാഫ്റ്റ് മാറി ഉപയോഗപ്പെടുത്താം. അതുകൊണ്ട് ജിദ്ദയില്‍ ചെന്ന് ഡ്രാഫ്റ്റ് അയച്ച് തരാമെന്ന് എം എം മലബാരി അബൂബക്കര്‍ ഡോക്ടറോട് പറഞ്ഞു.
ചെമ്മാട് പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുള്ള സാമ്പത്തിക ഇടപാടുകളൊക്കെ മലബാരി അബൂബക്കര്‍ ഡോക്ടര്‍ മുഖേനയാണ് നടത്തിയത്. കണക്കുകള്‍ നാട്ടില്‍ വരുമ്പോള്‍ ഡോക്ടര്‍ ബോധ്യപ്പെടുത്തിക്കൊടുക്കും. ജിദ്ദയില്‍ ചെന്നിട്ട് മുവ്വായിരം സുഊദി റിയാലിന്റെ ഡ്രാഫ്റ്റ് അയക്കാമെന്ന് എം എം മലബാരി പറഞ്ഞപ്പോള്‍ ഞാന്‍ അതത്ര ഗൗരവത്തിലെടുത്തിരുന്നില്ല. തിരക്കുകള്‍ക്കിടയില്‍ ബിസിനസ്സുകാരനായ അദ്ദേഹത്തിന് എന്നെപ്പോലെയുള്ള സാധാരണക്കാരന്റെ വിഷയമൊന്നും ഓര്‍മയിലുണ്ടാകില്ല എന്നായിരുന്നു ധരിച്ചത്. എന്നാല്‍ അദ്ദേഹം ജിദ്ദയില്‍ എത്തിയ ഉടനെ ഡ്രാഫ്റ്റ് അയച്ചു. ഇത് എന്ത് ചെയ്യണമെന്ന് നിര്‍ദേശമൊന്നും ഉണ്ടായില്ല. ഉടനെ ഞാന്‍ ട്രാവല്‍സുമായി ബന്ധപ്പെട്ട് ഡ്രാഫ്റ്റ് കാണിച്ച് ഹജ്ജ് വിസ അടിച്ചുകിട്ടാനുള്ള ശ്രമം നടത്തി. ആ ഡ്രാഫ്റ്റിന്റെ തുല്യമായ ഇന്ത്യന്‍ രൂപ അബൂബക്കര്‍ ഡോക്ടര്‍ വശം ഞാന്‍ ഏല്പിച്ചു. ഇത് അരീക്കന്റെ പള്ളി നിര്‍മാണ ഫണ്ടിലേക്ക് വരവു വെച്ചാല്‍ മതിയെന്നും പറഞ്ഞു.
നിങ്ങളുടെ ഈ ഡ്രാഫ്റ്റ് മാറിയ പണം വാങ്ങിവെക്കാന്‍ എന്നോട് പറഞ്ഞിട്ടില്ല. അതുകൊണ്ട് അത് വാങ്ങിവെക്കുന്നത് ഉചിതമല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ ഉറപ്പിച്ച് പറഞ്ഞു: എന്റെ വകയായി മൂവായിരം റിയാലിന് തുല്യമായ ഇന്ത്യന്‍ രൂപ പള്ളി നിര്‍മാണ ഫണ്ടിന്റെ എക്കൗണ്ടിലേക്ക് നിങ്ങളെ ഏല്പിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ അറിയിച്ചാല്‍ മതി. എം എം മലബാരി (അരീക്കന്‍) നാട്ടില്‍ വന്നപ്പോള്‍ അങ്ങനെ ആ പണം അദ്ദേഹത്തിന് തിരിച്ചുകൊടുത്തു. അത് കൊടുക്കണമെന്ന് നിര്‍ദേശിക്കുകയോ കൊടുത്തപ്പോള്‍ തിരസ്‌കരിക്കുകയോ അദ്ദേഹം ചെയ്തില്ല. അങ്ങനെ എനിക്ക് ഹജ്ജ് വിസ അടിച്ചു കിട്ടിയതിനാല്‍ യാത്രക്കുള്ള അവസരമൊരുങ്ങി. ജിദ്ദയില്‍ ചെന്ന് അരീക്കന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടു. മക്കയില്‍ ചെന്ന് ആദ്യം ഉംറ നിര്‍വഹിച്ച ശേഷം വീണ്ടും ജിദ്ദയില്‍ അരീക്കന്റെ വീട്ടിലേക്ക് തന്നെ തിരിച്ചുവന്നു. പല കാര്യങ്ങളും ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ ആതിഥ്യ സല്‍ക്കാരത്തില്‍ പങ്കെടുത്ത് വീണ്ടും ഇഹ്‌റാമില്‍ പ്രവേശിച്ച് ഉംറക്കായി ഒരുങ്ങി.
എം എം മലബാരി (അരീക്കന്‍) യുമായി എന്റെ സൗഹൃദ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തി. വിശ്വാസപൂര്‍വം പല സാമ്പത്തിക കാര്യങ്ങളും അദ്ദേഹം എന്നെ ഏല്പിക്കുകയും സത്യസന്ധമായി ഞാന്‍ അത് പൂര്‍ത്തീകരിക്കുകയും ചെയ്തു. സമ്പന്നനും ഉദാരമതിയുമായ അദ്ദേഹം നാട്ടില്‍ ദരിദ്ര കുടുംബങ്ങള്‍ക്കായി പോത്തിനെ അറുത്ത് മാംസം വിതരണം ചെയ്യുന്ന ദാനരീതിയോട് ഏറെ താല്പര്യം കാണിച്ചു. ഇങ്ങനെ പല സ്ഥലങ്ങളിലും ഉരുവിനെ വാങ്ങി അര്‍ഹരായ കുടുംബങ്ങള്‍ക്ക് അതിന്റെ മാംസമെത്തിച്ചുകൊടുക്കാനാവശ്യമായ സംഖ്യ എത്തിച്ചുതന്നു. ഇങ്ങനെ അദ്ദേഹം സംഭാവന നല്കിയ തുക കൊണ്ട് തിരൂരങ്ങാടി യത്തീംഖാന ഉള്‍പ്പെടെയുള്ള പല സ്ഥലങ്ങളിലും ഉരുവിനെ അറുത്ത് മാംസം വിതരണം ചെയ്തു.
മഞ്ചേരിയില്‍ നിന്ന് ഒരു വിവാഹം കഴിച്ചിരുന്ന എം എം മലബാരിക്ക് ആ ബന്ധം എന്തോ ചില കാരണങ്ങളാല്‍ വേര്‍പെടുത്തേണ്ടി വന്നു. ചില ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവനും ഭീഷണിയുണ്ടായി. സ്വത്തുക്കള്‍ പലതും അന്യാധീനപ്പെട്ടു. പാലക്കാട്ടെ സജീവ മുജാഹിദ് പ്രവര്‍ത്തകനായ ഹംസ സാഹിബിന്റെ മകളെ പിന്നീട് അദ്ദേഹം വിവാഹം കഴിച്ചു. ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ഹംസ സാഹിബ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ആകാശത്തേക്ക് വെടിവെച്ചശേഷം അ ദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഈ വിഷമ സന്ധിയില്‍ എം എം മലബാരി അകപ്പെട്ടത് മഞ്ചേരിയില്‍ അദ്ദേഹത്തിന് കെട്ടിടം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു. പാതിവഴിയില്‍ എത്തിയ ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനോ അദ്ദേഹത്തിന്റെ സ്വത്ത് കൈകാര്യം ചെയ്യാനോ മക്കള്‍ നാട്ടിലുണ്ടായിരുന്നില്ല. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറി. അധികം വൈകാതെ അദ്ദേഹം മരണപ്പെട്ടു. ഇന്നും മഞ്ചേരിയില്‍ ജീര്‍ണിച്ച അവസ്ഥയില്‍ അദ്ദേഹത്തിന്റെ സ്മാരകമെന്ന നിലക്ക് ആ കെട്ടിടം വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിയാതെ നിലനില്ക്കുന്നു.
ജിദ്ദയില്‍ അരീക്കന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഉംറക്ക് പോയ ശേഷം മക്കയില്‍ തന്നെ കാശ് കൊടുത്ത് താമസത്തിനും ഭക്ഷണത്തിനും സൗകര്യപ്രദമായ റൂം സജ്ജമാക്കിയിരുന്നു. ഞാന്‍ ഹജ്ജിന് പുറപ്പെട്ട സമയത്ത് കേരളത്തില്‍ ശൈഖ് ഇബ്‌നുബാസിന്റെ ദാഇയായി നിയമിതനായ അറിയിപ്പ് കിട്ടി. സുഊദിയുടെ ദാഇയായതിനാല്‍ അവരുടെ അനുമതി കൂടാതെ ഹജ്ജിന് വരാന്‍ പാടില്ല എന്നാണ് നിയമം. അങ്ങനെ ഹജ്ജിന് പോകുന്നുവെന്ന വിവരം ഹറമില്‍ നിന്ന് കുറച്ചകലെയുള്ള അസീസിയയിലെ ദാറുല്‍ ഇഫ്തയുടെ ഓഫീസില്‍ എത്തി അറിയിച്ചു. ശൈഖ് ഇബ്‌നുബാസിന്റെ കത്ത് കിട്ടിയ കാര്യം ധരിപ്പിച്ചു. അപ്പോള്‍ അവര്‍ അന്വേഷിച്ചു ഫയല്‍ കണ്ടെത്തി. നിങ്ങളാണോ ശൈഖ് ഉമര്‍ സുല്ലമി? എന്ന് ചോദിച്ചു. നിങ്ങള്‍ ഹജ്ജിന് വരുന്ന വിവരം അറിയിച്ചിരുന്നോ? അറിയിച്ചിട്ടുണ്ടെന്ന കാര്യം ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് അന്ന് അസീസിയയിലെ ഓഫീസ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് ശൈഖ് ഇബ്‌നു ഖുഊദ് എന്ന പ്രായമുള്ള പണ്ഡിതനായിരുന്നു. ശൈഖ് എന്നെ വിളിപ്പിച്ചു. ഞാന്‍ വിദേശത്തുള്ള ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിലോ സ്ഥാപനങ്ങളിലോ പഠിച്ചിട്ടുള്ള ആളല്ല. അദ്ദേഹത്തിന്റെ ഭാഷാശൈലി എനിക്ക് മനസ്സിലാവാത്തതിനാല്‍ ഞാന്‍ ഒരു മറുപടിയും പറഞ്ഞില്ല. ഉദ്ദേശിച്ച പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ ശൈഖ് അദ്ദേഹത്തിന് താഴെ പദവിയിലുള്ള മറ്റൊരു ശൈഖിനെ വിളിച്ചുകൊണ്ട് എന്നോട് സംസാരിക്കാനായി പറഞ്ഞു. അദ്ദേഹവുമായി ഞാന്‍ ആശയ വിനിമയം നടത്തി. അദ്ദേഹം എന്നില്‍ നിന്ന് ഒരു ലീവ് ലെറ്റര്‍ എഴുതിവാങ്ങുകയും ചെയ്തു. എന്നിട്ട് അദ്ദേഹം ചോദിച്ചു. ഇത്ര നന്നായി എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന താങ്കള്‍ ശൈഖിനോട് ഒന്നും പറയാതിരുന്നത് എന്താണ്? ശൈഖ് പറഞ്ഞത് ഒന്നും എനിക്ക് മനസ്സിലാവാത്തതിനാലാണ് ഞാന്‍ മൗനിയായത് എന്ന് പറഞ്ഞു.
മലയാളി ഹാജിമാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്കാന്‍ ദാഇകള്‍ ആരും ഇല്ലാത്തതിനാല്‍ എന്നോട് ഓഫീസിലുണ്ടാവണമെന്നും പറഞ്ഞു. ദിവസങ്ങള്‍ക്കു ശേഷം ഹാജിമാര്‍ ജിദ്ദ വഴി മക്കയിലേക്ക് വരുന്നതിനാല്‍ എന്റെ സേവനം ലഭിക്കാനായി ആ വഴിയിലുള്ള ഒരു ഓഫീസിലേക്കെന്നെ മാറ്റി. ഓഫീസിലെ മുദീര്‍ ഒരു ഫലസ്തീനിയായിരുന്നു. സുല്ലമുസ്സലാമിലെ വിദ്യാര്‍ഥിയായിരിക്കെ കെ പി മുഹമ്മദ് മൗലവി ഹജ്ജ് അനുഭവം പറഞ്ഞപ്പോള്‍ ഫലസ്തീനികളുടെ ദുസ്സ്വഭാവത്തെപ്പറ്റി പറഞ്ഞത് ഓര്‍മയിലുണ്ട്. ഫലസ്തീനികളില്‍ സദ്‌സ്വഭാവമുള്ളവരുണ്ട്. ജിദ്ദയില്‍ ഞാന്‍ കണ്ടുമുട്ടിയ ഫലസ്തീനിയായ മുദീര്‍ ഞാന്‍ അവിടെ താമസിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇവിടെ മലയാളികളുടെ സേവനമാവശ്യമില്ല എന്ന് അദ്ദേഹം എന്നോട് തുറന്നുപറയുകയും ചെയ്തു. ഞാന്‍ ഹജ്ജിന് വേണ്ടി വന്നതാണെന്നും എനിക്ക് താമസത്തിനുള്ള സൗകര്യം മക്കയിലുണ്ട് എന്നും ഞാന്‍ പറഞ്ഞു. എനിക്ക് ഇവിടെ നിന്ന് പോവാനുള്ള സമ്മതം കിട്ടിയാല്‍ മതിയെന്നു വരെ എനിക്ക് അദ്ദേഹത്തോട് പറയേണ്ടി വന്നു.
എന്നെ പിരിച്ചയക്കാന്‍ അദ്ദേഹത്തിന് അധികാരമില്ല. അതുകൊണ്ട് മലയാളി ദാഇയുടെ സേവനം ഇവിടെ ആവശ്യമില്ല എന്ന് ഓഫീസില്‍ അറിയിച്ചു. അങ്ങനെ ഞാന്‍ വീണ്ടും അസീസിയയിലെ ഓഫീസിലേക്ക് തിരിച്ചുപോയി. ഹജ്ജിന് വന്ന എനിക്ക് മക്കയിലെ സ്വന്തം റൂമിലേക്ക് പോകാന്‍ അനുവാദം നല്കണമെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു. നിങ്ങള്‍ ശൈഖ് ഇബ്‌നുബാസിന്റെ കേരളത്തില്‍ നിന്നുള്ള പ്രബോധകനാണ്. അവിടെയുള്ള ദാഇമാര്‍ ഇവിടെയുള്ള പ്രബോധന പ്രവര്‍ത്തനങ്ങളിലും നിരതരാവണം. അതുകൊണ്ട് നിങ്ങള്‍ ഓഫീസില്‍ തന്നെ താമസിക്കണമെന്നും പറഞ്ഞു. മലയാളത്തിലെ ചില പ്രത്യേക പുസ്തകങ്ങള്‍ വായിച്ച് പരിശോധിക്കാനുള്ള ചുമതല മാത്രമേ എനിക്ക് നല്കിയിരുന്നുള്ളൂ. അതിന്റെ റിപ്പോര്‍ട്ട് കൊടുക്കാനുള്ള ഉത്തരവാദിത്തം നല്കി. വൈകുന്നേരമായാല്‍ ദാഇമാരുടെ കൂട്ടത്തില്‍ ഹാജിമാരുടെ ക്യാമ്പിലേക്ക് പോവും. പല നാടുകളില്‍ നിന്ന് വന്ന പ്രബോധകന്മാര്‍ അവിടെയുണ്ടായിരുന്നു. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്ന പല പ്രബോധകരും കൂടെയുള്ളത് ഞാനോര്‍ക്കുന്നു. അവരൊക്കെ തൗഹീദ് ഉള്‍ക്കൊണ്ടവര്‍ ആയിരുന്നെങ്കിലും കര്‍മപരമായ കാര്യങ്ങളില്‍ ഏതെങ്കിലും ഒരു മദ്ഹബിനെ തഖ്‌ലീദ് ചെയ്യുന്നവരായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ തഖ്‌ലീദ് വിഷയത്തില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടന്നു.
മുസ്‌ലിംകള്‍ ഒരിക്കലും തഖ്‌ലീദ് ചെയ്യുന്നവര്‍ ആയിക്കൂടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു: തഖ്‌ലീദ് ചെയ്തില്ലെങ്കില്‍ താങ്കള്‍ മുജ്തഹിദ് ആണോ? മുജ്തഹിദ് അല്ല, കാര്യങ്ങള്‍ തെളിവ് സഹിതം സ്വീകരിക്കുന്ന മുസ്തഫ്തീ ആണ് എന്ന് ഞാന്‍ മറുപടി പറഞ്ഞു. തഖ്‌ലീദ് നിര്‍ബന്ധമാണെന്ന് പറയുന്ന നിങ്ങള്‍ ആണ് മുജ്തഹിദ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് മറുപടിയില്ല. എന്താണ് താങ്കള്‍ അങ്ങനെ പറഞ്ഞതെന്ന് അവര്‍ ചോദിച്ചു. തഖ്‌ലീദ് നിര്‍ബന്ധമാണെന്ന് ഒരു മുജ്തഹിദും പറഞ്ഞിട്ടില്ല. നിങ്ങള്‍ ഇജ്തിഹാദ് ചെയ്തതാണ് തഖ്‌ലീദ് നിര്‍ബന്ധമാണെന്ന്. ഞാന്‍ പറഞ്ഞു. നിങ്ങള്‍ മന്‍ത്വിഖ് അനുസരിച്ച് സംസാരിക്കുന്നതിനാല്‍ നിങ്ങളോട് സംസാരിക്കാനില്ല എന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.
ഹജ്ജ് കഴിയും വരെ അവരുടെ കൂടെ താമസിച്ചു. അവരുടെ വാഹനത്തില്‍ തന്നെ യാത്രയും ചെയ്തു. അറബി ഭക്ഷണം കഴിക്കേണ്ടി വന്നപ്പോള്‍ മടുപ്പുതോന്നി. ഭക്ഷണത്തിനും താമസത്തിനുമൊക്കെ പണം കൊടുത്തുള്ള സൗകര്യം എനിക്ക് മക്കയിലുണ്ടായിരുന്നു. ചിലപ്പൊഴൊക്കെ ആ റൂമില്‍ പോയി പ്രാതല്‍ കഴിക്കും. അറഫയിലേക്കും മിനയിലേക്കും മുസ്ദലിഫയിലേക്കും ഒക്കെ ക്യാമ്പിലുള്ള ഹാജിമാരും ദാഇമാരും പോയിരുന്നു. ഹജ്ജ് കഴിഞ്ഞ ശേഷം ശൈഖ് ഇബ്‌നുബാസിന്റെ സുഹൃദ് സല്‍ക്കാരത്തില്‍ പങ്കെടുത്തു. അഫ്ഗാന്‍ മുജാഹിദുകളായ ചില നേതാക്കളും ആ സമയത്ത് ഹജ്ജിനെത്തിയിരുന്നു. റഷ്യക്കെതിരായി അവര്‍ നടത്തിയ സമരത്തെ സുഊദി അറേബ്യ സഹായിച്ചിരുന്നു. സത്ക്കാരത്തിനു ശേഷമുള്ള സംസാരത്തില്‍ അഫ്ഗാന്‍ മുജാഹിദുകള്‍ പ്രസംഗിച്ചപ്പോള്‍ അവര്‍ക്ക് തൗഹീദില്ല എന്ന വിമര്‍ശനത്തിന് മറുപടി പറഞ്ഞുകൊണ്ടാണ് അവര്‍ തുടങ്ങിയത്.
ഹജ്ജിന്റെ വേളയില്‍ മദീനയില്‍ പത്ത് ദിവസം തങ്ങിയപ്പോള്‍ മസ്ജിദുന്നബവി ലൈബ്രറിയിലും പോകാറുണ്ടായിരുന്നു. പല ഗ്രന്ഥങ്ങളും പരിശോധിക്കുകയും വായിക്കുകയും ചെയ്തു. പള്ളി ദര്‍സിലും അറബിക്കോളെജിലും പഠിച്ചിരുന്ന സന്ദര്‍ഭത്തില്‍ അബുല്‍ഹസന്‍ അശ്അരിയുടെ അല്‍ഇബാനത്തു അന്‍ ഉസൂലിദ്ദിയാന എന്ന ഗ്രന്ഥത്തിന്റെ കയ്യെഴുത്ത് പ്രതി ശ്രദ്ധയില്‍ പെട്ടിരുന്നു. അതിന്റെ പ്രിന്റഡ് കോപ്പി അവിടെയാണ് ഞാന്‍
ആദ്യം കണ്ടത്. അബുല്‍ ഹസന്‍ അശ്അരി മുഅ്തസിലി കക്ഷിയില്‍ പെട്ട ആളായിരുന്നു. അദ്ദേഹത്തിന്റെ മാതാവിന്റെ ഭര്‍ത്താവ് അബൂ അലിയ്യില്‍ ജുബാഇ മുഅ്തസിലി കക്ഷിയുടെ പ്രചാരകനാണ്. മുഅ്തസിലി വിശ്വാസപ്രകാരം അല്ലാഹുവിന് പ്രത്യേകം വിശേഷങ്ങള്‍ (സ്വിഫാത്) ഉണ്ട് എന്ന് പറയേണ്ടതില്ല എന്നായിരുന്നു. അല്ലാഹുവും വിശേഷണങ്ങളും രണ്ടാണെന്ന് പറയുമ്പോള്‍ അനാദ്യന്മാരുടെ (ഖദീം) എണ്ണം കൂടിപ്പോവുന്നു. അതുകൊണ്ട് അത് ശിര്‍ക്കാണെന്ന് അവര്‍ വാദിച്ചു. അതുകൊണ്ട് അല്ലാഹുവും വിശേഷണങ്ങളും ഒന്നാണെന്ന് അവര്‍ വിശ്വസിച്ചു. പക്ഷേ, പിന്നീട് അല്ലാഹുവിന് നിര്‍ബന്ധമായും ചില വിശേഷണങ്ങള്‍ ഉണ്ടെന്നും ചില വിശേഷണങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നുമുള്ള തിരിച്ചറിവിലേക്ക് അശ്അരി വന്നു.
മുഅ്തസിലി അഖീദയിലെ അബദ്ധങ്ങള്‍ മനസ്സിലാക്കി മറുപടി പറഞ്ഞുകൊണ്ടും അല്ലാഹുവിന്റെ സ്വിഫാത്തുകള്‍ സ്ഥാപിച്ചുകൊണ്ടുമുള്ള അഖീദകള്‍ അബുല്‍ഹസന്‍ അശ്അരി സ്ഥാപിക്കുകയുണ്ടായി. അബുല്‍ഹസന്‍ അശ്അരി അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും അംഗീകരിക്കുന്നതോടൊപ്പം അവയെ നിഷേധിക്കുകയോ സാദൃശ്യപ്പെടുത്തുകയോ ഇഷ്ടാനുസരണം വ്യാഖ്യാനിക്കുകയോ ചെയ്യാതെ സലഫി വീക്ഷണത്തിലേക്ക് മടങ്ങിവന്നു. ഈ തിരിച്ചറിവിന് ശേഷമാണ് അദ്ദേഹം അല്‍ ഇബാനത്തു അന്‍ ഉസൂലി ദ്ദിയാന എന്ന പുസ്തകം രചിക്കുന്നത്. പഠനകാലത്ത് അരീക്കോട് സുല്ലമുസ്സലാം ലൈബ്രറിയിലാണ് കയ്യെഴുത്ത് പ്രതി കണ്ടിരുന്നത്.
പത്ത് ദിവസത്തിനുള്ളില്‍ കണ്ണോടിച്ച് ഒന്നു വായിച്ചുനോക്കി. പല ബുക്‌സ്റ്റാളുകളിലും അതിന്റെ കോപ്പി കിട്ടാന്‍ ഞാന്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. മദീനയിലെ പണ്ഡിതന്മാര്‍ അശ്അരി അഖീദക്ക് എതിരായതിനാല്‍  ആ പുസ്തകം ഇവിടെ ലഭിക്കാനിടയില്ലെന്നായിരുന്നു ബുക്സ്റ്റാളില്‍ ജോലി ചെയ്യുന്ന ചില മുസ്‌ല്യാക്കന്മാരുടെ മറുപടി. അബുല്‍ഹസന്‍ അശ്അരി അഖീദയില്‍ നിന്നും മാറിചിന്തിച്ച ശേഷം രചിച്ച പുസ്തകമാണ് ഇതെന്ന ധാരണ അവര്‍ക്കില്ലായിരുന്നു. മദീനയാത്രക്കിടയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ച എനിക്ക് ആ ഗ്രന്ഥം പിന്നീട് കിട്ടിയത് സുഊദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന യൂസുഫ് അന്‍സാരി മുഖേനയാണ്. അദ്ദേഹം നല്കിയ ആ പുസ്തകത്തിന്റെ കോപ്പി ഇന്നും എന്റെ കൈവശമുണ്ട്. മനസ്സിലെന്നും മായാത്ത ഓര്‍മകള്‍ ബാക്കിയാക്കിയ ഹജ്ജ് യാത്ര ദാറുല്‍ ഇഫ്തയുടെ കീഴിലുള്ള ശൈഖ് ഇബ്‌നുബാസിന്റെ കേരളത്തിലെ പ്രബോധകന്‍ എന്ന നിലക്കും അവിസ്മരണീയ അനുഭവങ്ങളാണ് സമ്മാനിച്ചത്.