Thursday
22
February 2018

വിഭവ വിനിയോഗവും ഫലപ്രാപ്തിയും

Shabab Webadmin


ആധുനികവും പൗരാണികവുമായ കാലഘട്ടങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളില്‍ ഒന്ന്, വിഭവ വിനിയോഗങ്ങളിലെ ഏറ്റക്കുറച്ചിലുകളാണ് ഒരേ ഫലപ്രാപ്തിക്കുവേണ്ടി ഭാരിച്ച കര്‍മങ്ങള്‍ ചെയ്യേണ്ടിവരുന്നിരുന്ന പൗരാണിക കാലത്ത്. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ഫലമായി ഇന്ന് അധ്വാനം നന്നേ കുറവാണ്. ആയിരങ്ങള്‍ ചെയ്തുതീര്‍ത്തിരുന്ന ജോലികള്‍ ചെറുയന്ത്രങ്ങള്‍ അനായാസേന നിര്‍വഹിക്കുന്നു. വലിയ സാമ്പത്തിക ബാധ്യതയുള്ള കാര്യങ്ങള്‍ നിസ്സാരതുകയ്ക്ക് തന്നെ പൂര്‍ത്തിയാവുന്നു. ലക്ഷക്കണക്കിന് പേജുകളില്‍ തീര്‍ത്ത വിജ്ഞാന സാഗരം, ചെറുചിപ്പുകളില്‍ അടുക്കിവെച്ചിരിക്കുന്നു. ആശയവിനിമയങ്ങള്‍ ക്ഷണനേരംകൊണ്ട് ഉദ്ദേശിച്ച സ്ഥലങ്ങളിലെത്തിച്ചേരുന്നു.
ഇസ്‌ലാമിക പ്രബോധന മേഖലകളിലും ഈ വ്യത്യാസം സ്വാഭാവികമാണ്. കേരളത്തിലെ പ്രമുഖനായ ഒരു പണ്ഡിതനെ വാഹനസൗകര്യം അത്രവിശാലമല്ലാത്ത കാലത്ത് ഏറനാട് പ്രദേശത്ത് ഒരു പ്രഭാഷണത്തിന് ക്ഷണിച്ചു. പോസ്റ്റല്‍ കാര്‍ഡുകളിലൂടെ ആഴ്ചകള്‍ക്ക് മുമ്പ് പരസ്പരം നിര്‍വഹിക്കുന്ന ആശയവിനിമയം വഴിയാണ് പ്രോഗ്രാം സംഘടിപ്പിക്കുക. പ്രഭാഷണ ദിവസം കാലത്ത് പണ്ഡിതന്‍ സ്ഥലം ലക്ഷ്യമാക്കി വീട്ടില്‍ നിന്നിറങ്ങി. പക്ഷേ പ്രസ്തുത സ്ഥലത്തേക്ക് എത്താന്‍ വടക്കോട്ടോ തെക്കോട്ടോ പോവേണ്ടത് എന്ന് അറിയില്ലായിരുന്നു. പരിചയക്കാരോട് ചോദിച്ചു. അവര്‍ക്കും കൃത്യമായി അറിവില്ല. സംഘാടകരെ വിളിച്ച് അന്വേഷിക്കാന്‍ ഫോണ്‍ സൗകര്യവുമില്ല. പിറ്റേ ദിവസമാണ് യഥാര്‍ഥ സ്ഥലത്ത് എത്തിച്ചേര്‍ന്ന് പ്രോഗ്രാം സംഘടിപ്പിക്കാനായത്. പുതിയ കാലത്ത് ഈ അനുഭവം ആശ്ചര്യകരമാവാം. കാലങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ പൂര്‍വികര്‍ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളും വിഭവ വിനിയോഗവും എത്രമേല്‍ ഉപയോഗപ്പെടുത്തേണ്ടി വന്നിട്ടുണ്ട് എന്ന തിരിച്ചറിവാണ് ‘സംഘാടകരെ’ ബാധ്യതാ നിര്‍വഹണരംഗത്ത് അസ്വസ്ഥരാക്കേണ്ടത്. പൂര്‍വീകരുടെ കര്‍മോത്സുകതയുടെ ഫലപ്രാപ്തിയും ശക്തമായിരുന്നു. അവര്‍ കൊണ്ട ‘വെയിലാ’ണ് നാം അനുഭവിക്കുന്ന ‘തണുപ്പ്’ എന്ന് പറയാറുണ്ട്.
പ്രബോധന പ്രവര്‍ത്തനങ്ങള്‍ സാങ്കേതികമായി കളര്‍ഫുള്‍ ആയിരുന്നില്ലെങ്കിലും ആത്മാര്‍ഥതയുടെ തിളക്കത്തിന്റെയും സൗരഭ്യത്തിന്റെയും മുന്‍പില്‍ നാം തോറ്റുപോകുന്നു. അതുതന്നെയാണ് കര്‍മങ്ങളുടെ ഫലപ്രാപ്തിയിലും നിഴലിക്കുന്നത്. പൂര്‍വസൂരികളുടെ ത്യാഗവഴികളെ വായിച്ചെടുക്കുന്ന സംരംഭങ്ങള്‍ വര്‍ണശോഭയോടെ പുതിയ ചരിത്രത്തിന്റെ ഭാഗമാവുമ്പോഴും ‘ഫലപ്രാപ്തി’യുടെ ശതമാനം ഗൗരവചിന്തയ്ക്ക് വിഷയീഭവിക്കേണ്ടതുണ്ട്. ചരിത്രത്തിലെ യുഗപുരുഷരും കര്‍മയോഗികളുമായി ആരും ജനിച്ചുവീഴുന്നില്ല. കാലത്തിന്റെ മഹാപ്രവാഹത്തില്‍ തന്റെ ദൗത്യം ഉജ്ജ്വലമായി അടയാളപ്പെടുത്തുന്നതിന് ആത്മാര്‍ഥതയും ‘അമാനത്ത്’ നിര്‍വഹണവും കാരണമായിത്തീരുകയാണ്. ഓരോ പരിഷ്‌കര്‍ത്താക്കളും മരിക്കുമ്പോള്‍ പുതിയ ‘ജനന’ങ്ങള്‍ ഉണ്ടാവുന്നുണ്ട്. നാമും അങ്ങനെ ജനിച്ചവരല്ലേ. പരിഷ്‌കര്‍ത്താക്കളില്‍ നിന്ന് ‘ബാറ്റണ്‍’ സ്വീകരിച്ച് ഓടേണ്ടവരായി അവര്‍ക്ക് അനന്തിരാവകാശികളും ഉണ്ട്. നെ ഞ്ചോട് ചേര്‍ക്കുന് ആദര്‍ശ സംഘവും സന്താനങ്ങളും.
ഒരു ‘കര്‍മയോഗി’യുടെയും വേര്‍പാട് ഞങ്ങള്‍ ജീവിച്ചിരിക്കേ വേരറുത്ത് മാറ്റലാവുകയില്ലെന്ന് പ്രതിജ്ഞ ചെയ്താല്‍ പുതിയ ‘യുഗപുരുഷന്മാര്‍’ ചരിത്രത്തില്‍ പിറവിയെടുത്തു എന്നു സാരം. നാം ഈ മഹാ ദൗത്യവഴിയില്‍ ജാഗ്രത കാണിക്കാന്‍ തയ്യാറുണ്ടോ എന്നാണ് വര്‍ത്തമാന പ്രബോധനകാലം നമ്മോട് ചോദിക്കുന്നത്. സാമൂഹ്യ സാഹചര്യങ്ങള്‍ ആത്യന്തം അരക്ഷിതമായിക്കൊണ്ടിരിക്കുന്ന സമയത്ത് വിശേഷിച്ചും.
‘എത്രയെത്ര ചെറുസംഘങ്ങളാണ് വലിയ സംഘങ്ങളെ അതിജീവിച്ചിട്ടുള്ളത്’ (വി.ഖു 2:249). ഭൗതികമായ സൗകര്യങ്ങളിലും കായിക ക്ഷമതയിലും അധികാരസ്ഥരായ സാമ്രാജ്യങ്ങള്‍ കടപുഴകി വീണ ചരിത്രവും (വി.ഖു 9:69) ഖുര്‍ആന്‍ വിവരിക്കുന്നു. വിഭവങ്ങളുടെ എണ്ണ വണ്ണങ്ങള്‍ പരിമിതമാണെങ്കിലും അകബലം ചോരാത്ത ആദര്‍ശ ആത്മവീര്യത്തോടെയുള്ള മുന്നേറ്റങ്ങള്‍.
പുതിയ പുതിയ വിജയ കവാടങ്ങള്‍ അവര്‍ക്ക് മുമ്പില്‍ മലര്‍ക്കേ തുറന്നുകൊടുത്തു. വിഭവ വിനിയോഗങ്ങളുടെ സദ്ഫലങ്ങള്‍ നിറഞ്ഞനുഭവിക്കാനായി. കണ്ണുനീരാണ് കരുത്തുപകരുക. വിജയനിദാനമായേക്കാവുന്ന വിഭവങ്ങളുടെ ആധിക്യത്തേക്കാള്‍ വിശ്വാസ വിശുദ്ധിയിലൂടെ സ്ഫുടം ചെയ്ത സമര്‍പ്പിത ജീവിതങ്ങള്‍ക്കാണ് ഫലപ്രാപ്തി കൈവരിക്കാനായിട്ടുള്ളത്. ബദര്‍, ഉഹ്ദ്, ഹുനൈന്‍, ഖന്‍ദഖ് യുദ്ധങ്ങളുടെ ചരിത്രങ്ങള്‍ സ്മരിക്കുക. സമര്‍പ്പിതരായ വ്യക്തിത്വങ്ങള്‍ക്കൊപ്പം ഭൗതിക വിഭവങ്ങളുടെ ശക്തികൂടിയാവുമ്പോഴാണ് ഗുണഫലം ശക്തമാവുന്നത് (വി.ഖു 13:17). നൂറ്റാണ്ടുകളുടെ ഇളകിയാട്ടങ്ങളിലും ശബളിമ മങ്ങാതെ നിലനില്ക്കുന്ന സദ്ഫലം അതായിരിക്കും.
മൂല്യനിര്‍ണയങ്ങളില്‍ വിഭവ വിനിയോഗങ്ങള്‍ക്ക് അനുസൃതമായ ഫലപ്രാപ്തിയുടെ വേലിയേറ്റ വേലിയിറക്കങ്ങളെ കണിശമായ നിര്‍ധാരണത്തിന് വിധേയമാക്കാറുണ്ടോ എന്ന് പരിശോധനാ വിധേയാക്കേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ ഇന്ന് ആരും ഇഷ്ടപ്പെടാതിരിക്കുന്നു. ഗുണപ്രദമായ തിരുത്തലുകള്‍ക്ക് കാരണമാക്കുന്നവ പോലും പലരും അസ്വസ്ഥതയോടെയാണ് കേള്‍ക്കുന്നത്. വിമര്‍ശന രീതിശാസ്ത്രത്തിങ്ങളെക്കുറിച്ച് പരിശീലിനങ്ങള്‍ക്ക് നേതൃത്വം നല്കുന്നവരും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരും തഥൈവ. മൊഞ്ചുള്ള വാക്കുകളാണ് നേതൃത്വങ്ങള്‍ പോലും താല്പര്യപ്പെടുന്നതെങ്കില്‍ ഫലപ്രാപ്തിയുടെ രംഗം ഇരുളടഞ്ഞു പോവും. ‘പരാജയപ്പെടാനുള്ളത് പരാജയപ്പെട്ടിരിക്കും’ എന്ന് സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ കാണാം. പരാജയ കാരണങ്ങള്‍ വിശകലനം ചെയ്ത് വിജയവിഴകളിലേക്ക് തിരിച്ചെടുക്കുന്നതിന് വിശാല മനസ്സും കാഴ്ചപ്പാടും അനിവാര്യമാണ്.
വിഭവ വിനിയോഗങ്ങള്‍ക്കനുസൃതമായ സര്‍വതല സ്പര്‍ശിയായ ഫലപ്രാപ്തിയെക്കുറിച്ച് ‘ഇവാലുവേഷന്‍ ടൂളു’കള്‍ ചലിക്കുന്ന ഒരു സംഘടനക്ക് അനിവാര്യമാണ്. അത് വിഭവ നഷ്ടം കുറയ്ക്കുകയും ഫലപ്രാപ്തി വര്‍ധിപ്പിക്കുകയും ചെയ്യും. ‘ഫലപ്രാപ്തി’യെന്നത് അതിര്‍ത്തി നിശ്ചയിക്കാനാവുന്നതല്ല. ജനാധിപത്യ രാജ്യത്തെ ആദര്‍ശാധിഷ്ഠിത പ്രസ്ഥാനം എന്ന നിലയിലും പ്രവര്‍ത്തകരുടെ കര്‍മോത്സുകതക്ക് ഊര്‍ജം പകരുന്നതിനും ആത്മവീര്യവും ആവേശവും പ്രദാനം ചെയ്യുന്നതിനും സമൂഹത്തിനും സമുദായത്തിനും മറ്റു പല മേഖലകളിലും ഫലപ്രാപ്തിയുടെ ‘മാദനണ്ഡ’ങ്ങള്‍ പരിഗണിക്കേണ്ടി വരും. ആത്യന്തികമായി ‘ഹാജറുള്ളവന്‍ ഹാജറില്ലാത്തവര്‍ക്ക് എത്തിക്കുക’ യെന്ന മഹോന്നത ലക്ഷ്യം സഫലീകരിക്കാന്‍ സാധ്യമായേ പറ്റൂ. കര്‍മഫലങ്ങള്‍ വ്യത്യസ്തമാണ് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട് (36:12) നൂറ്റാണ്ടുകള്‍ക്ക് ശേഷം ലഭ്യമാവുന്നവയുമുണ്ട് എന്നര്‍ഥം.
വാക്കുകളിലും വരികളിലും ചടുലതയുള്ള വാചകങ്ങള്‍ ചേര്‍ത്ത് ഫലപ്രാപ്തിയുടെ ശതമാനം വര്‍ധിപ്പിക്കുന്നതിലല്ല, മറിച്ച് മാനവ-സാങ്കേതിക വിഭവങ്ങള്‍ക്കനുസൃതമായ സദ്ഫലം ലഭ്യമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ തന്നെ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. തൂക്കം ഒപ്പിക്കുന്നതിലല്ല തൂക്കി നോക്കുന്നതിലാണ് ശ്രദ്ധ വരേണ്ടത്. ”ആയിരങ്ങള്‍ കൊണ്ട് നേടാവുന്ന സദ്ഫലം ലക്ഷങ്ങള്‍ കൊണ്ടോ ഒരു മണിക്കൂര്‍ കൊണ്ട് കിട്ടാവുന്നത് ഒരു പുരുഷായുസ്സ് കൊണ്ടോ അടയാളപ്പെടുത്തുന്നതിലല്ല ഫലപ്രാപ്തി. ഒരേ കാര്യം മറ്റു വഴികളിലൂടെ കൂടുതല്‍ സദ്ഫലം നല്കുമോ എന്നും ചിന്തിക്കണം. വിഭവ വിനിയോഗവും ഫലപ്രാപ്തിയും തമ്മിലെ പൊരുത്തവും അന്തരവുമാണ് പരിഗണിക്കേണ്ടത്.
കേരള മുസ്‌ലിംകളുടെ സര്‍വതോന്മുഖമായ നവോത്ഥാനത്തിന് പ്രമാണ ബന്ധിതവും ധൈഷണികവുമായ നേതൃത്വം നല്കി, ചരിത്രത്തില്‍ കനകകാന്തി പകര്‍ന്ന മഹാനേതാക്കളുടെ ദൗത്യചരിത്രത്തെ നാടിന് സമര്‍പ്പിക്കാന്‍ എന്തുകൊണ്ട് പതിറ്റാണ്ടുകളുടെ സാവകാശം വന്നുവെന്ന പൊതുസമൂഹത്തിന്റെ ചോദ്യം നമ്മെ ഉള്ളുണര്‍ത്തേണ്ടതുണ്ട്. എന്ത് നേടിയെന്നത് പ്രാധാന്യമുള്ളതാണെങ്കിലും എന്തെല്ലാം നേടാമായിരുന്നുവെന്ന് വിശകലനം ചെയ്യുന്നതിലാണ് ചലിക്കുന്ന ഒരു പ്രസ്ഥനത്തിന്റെ ഊന്നലുകള്‍ ഉണ്ടാവേണ്ടത്.

ഡോ. ജാബിര്‍ അമാനി
(ഐ എസ് എം പ്രസിഡന്റ്)