Saturday
21
July 2018

ടി സി മുഹമ്മദ് മൗലവി തെളിഞ്ഞ വിനയത്തില്‍ നിറഞ്ഞ പാണ്ഡിത്യം

എം എം നദ്‌വി

പണ്ഡിതനും യൂനാനി ചികിത്സനുമായ ചാലിശ്ശേരി ടി സി മുഹമ്മദ് മൗലവി (80) വിടചൊല്ലിയിരിക്കുന്നു. 2016 നവംബര്‍ 14-നായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പുത്തന്‍പള്ളിക്കു സമീപം എരമംഗലത്ത് 1936 ജൂലൈ ഒന്നിന് ജനനം. പിതാവ് തുടിങ്കാവ് അഹ്മദും മാതാവ് ചെങ്ങണത്ത് ആഇശയുമായിരുന്നു.
അഞ്ചാം ക്ലാസുവരെയാണ് സ്‌കൂള്‍ പഠനം നടത്തിയത്. തുടര്‍ന്ന് പള്ളി ദര്‍സുകളില്‍ ഉപരിപഠനം. പുത്തന്‍പള്ളി, ചെലവൂര്‍, കടമേരി, പരപ്പനങ്ങാടി തുടങ്ങിയ ദര്‍സുകളില്‍ പത്തു കൊല്ലം കഴിച്ചുകൂട്ടി. അക്കാലത്തെ അറിയപ്പെട്ട പണ്ഡിതന്മാരും ഉപരിസൂചിത പള്ളി ദര്‍സുകളിലെ മുദര്‍രിസുമാരുമായിരുന്ന മരക്കാര്‍ മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍, അന്ത്രു മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഗുരുനാഥന്മാര്‍. പിന്നീട് ദാറുല്‍ഉലൂം ദയൂബന്ദിലെത്തി. പ്രശസ്ത ഹദീസു ഗ്രന്ഥങ്ങളായ കുതുബുസ്സിത്തയുടെ ദൗറ പൂര്‍ത്തിയാക്കി. ‘ഖാസിമി’യായി പുറത്തുവന്നു. ഇതിന്നിടയില്‍ ‘ത്വിബ്ബ് യൂനാനി’യില്‍ ഡി യു എമ്മും പാസായി. നാട്ടില്‍ തിരിച്ചെത്തിയ ടി സി, എടക്കഴിയൂര്‍, വാടാനപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ദീര്‍ഘകാലം മുദര്‍രിസായി ജോലി നോക്കി. പട്ടിക്കാട് ജാമിഅ: നൂരിയ്യയിലും കുറച്ചുകാലം പഠിപ്പിച്ചു. മുജാഹിദ് പ്രസ്ഥാനത്തിലേക്കു കടന്നുവന്ന ശേഷം എടവണ്ണ ജാമിഅയിലും പുളിക്കല്‍ ജാമിഅ സലഫിയ്യയിലുമായി രണ്ടു വ്യാഴവട്ടക്കാലം അധ്യാപകനായി ജീവിതം കഴിച്ചുകൂട്ടി.
ടി സി മുജാഹിദ് പ്രസ്ഥാനത്തിലേക്കു കടന്നുവരുന്നത് എണ്‍പതുകളുടെ ആദ്യഘട്ടത്തിലാണ്. ദയൂബന്ദില്‍ നിന്ന് ലഭിച്ച തൗഹീദിന്റെ വെളിച്ചം ജീവിതത്തില്‍ പകര്‍ത്തിയിരുന്നു. അനാചാരങ്ങളെ എതിര്‍ത്തുകൊണ്ടിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിലേക്കു കടന്നുവന്ന ശേഷം പ്രബോധനരംഗത്തും സജീവമായി. കെ എന്‍ എമ്മിന്റെ ജന. സെക്രട്ടറിയായിരുന്ന കെ പി മുഹമ്മദ് മൗലവിയുമായുള്ള സുഹൃദ് ബന്ധത്തിലൂടെയാണ് ടി സി ഈ ആദര്‍ശ പ്രവര്‍ത്തകനായി മാറുന്നത്. ജാമിഅ സലഫിയ്യയിലും ജാമിഅ നദ്‌വിയയിലും അധ്യാപകനായി ചാര്‍ജെടുക്കുന്നതും അങ്ങനെയാണ്.
സ്വന്തം നിലയില്‍ ഖുര്‍ആന്‍, ഹദീസു ക്ലാസ്സുകള്‍ നടത്തി വന്നിരുന്നു. അതില്‍ പല അനാചാരങ്ങളെയും അദ്ദേഹം തുറന്നെതിര്‍ക്കാന്‍ തുടങ്ങി. സമുദായത്തിലെ ജീര്‍ണതകള്‍ക്കെതിരില്‍ പടവെട്ടിയേ പറ്റൂ എന്നദ്ദേഹം ഉറച്ച തീരുമാനമെടുത്തു. തന്റെ ദൃഢനിശ്ചയം സമാന ചിന്താഗതിക്കാരുമായി പങ്കുവെച്ചു. അങ്ങനെയാണ് ജുമുഅ ഖുതുബയുടെ ഭാഷാ പ്രശ്‌നത്തില്‍ ശാഫിഈ മദ്ഹബിനെതിരില്‍ നീങ്ങിയ ‘സമസ്ത’ പണ്ഡിതന്മാരുമായി തെറ്റിപ്പിരിഞ്ഞ കൊടിയത്തൂര്‍ അബ്ദുല്‍അസീസ് മൗലവിയുമായി കണ്ടുമുട്ടുന്നത്. ശാഫിഈ മദ്ഹബിന്റെ പേരില്‍ വ്യാജ വാദങ്ങളുന്നയിച്ച് ജനങ്ങളെ വഞ്ചിക്കുന്ന പുരോഹിതന്മാരെ പിടിച്ചുകെട്ടാന്‍ അവര്‍ കൂട്ടായ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് സമൂഹത്തിന്റെ സംസ്‌കരണത്തിന് ശാഫിഈ മദ്ഹബിനെയെങ്കിലും ഒരു അളവുകോലായി കാണാന്‍ സന്നദ്ധതയുള്ള പണ്ഡിതന്മാരുടെ പൊതുവേദിയെ കുറിച്ചായി അവരുടെ ചിന്ത. അങ്ങനെ ഇവരോട് ഐക്യപ്പെട്ടുകൊണ്ട് മലബാറില്‍ പല പണ്ഡിതന്മാരും രംഗത്തുവന്നു.
യു പി അബ്ദുറഹ്മാന്‍ മൗലവി (അല്‍ഖാസിമി, തവനൂര്‍), മര്‍ഹൂം കെ അബ്ദുര്‍റഹീം മൗലവി ബാഖവി (തിരൂര്‍) മുതലായവര്‍ അതില്‍ പ്രധാനികളാണ്. ഈ കൂട്ടായ്മ കൊടിയത്തൂര്‍ അബ്ദുല്‍ അസീസ് മൗലവിയെ (ബാഖവി) പ്രസിഡന്റും ടി സിയെ സെക്രട്ടറിയുമായി തെരഞ്ഞെടുത്തുകൊണ്ട് ജംഇയ്യത്തുല്‍ ഉലമാഇസ്സുന്നിയ്യ: എന്ന സംഘടനക്ക് രൂപം കൊടുത്തു. ‘ശാഫിഈകളെന്നു പറയുന്നവരേ! നിങ്ങള്‍ യഥാര്‍ഥ ശാഫിഈ മദ്ഹബിലേക്കു മടങ്ങൂ’ എന്നതായിരുന്നു ഈ സംഘടനയുടെ മുഖ്യ മുദ്രാവാക്യം. ഇവര്‍ക്കു മുമ്പ് ഇതേ ആശയവുമായി ‘സമസ്ത’യില്‍ നിന്നകന്ന വണ്ടൂര്‍ സദഖത്തുല്ല മുസ്‌ലിയാരുടെയും മുദ്രാവാക്യം ഇതായിരുന്നു. പക്ഷേ, അദ്ദേഹവും ഇവരും തമ്മില്‍ ഒരുപാട് അന്തരമുണ്ടായിരുന്നു. ചുരുങ്ങിയ നാളുകളില്‍ തന്നെ ജംഇയ്യത്തുല്‍ ഉലമാഇസ്സുന്നിയ്യ മലബാറില്‍ അറിയപ്പെട്ടു. പട്ടാമ്പി ടൗണിലും പുളിക്കല്‍ വലിയപറമ്പിലും അന്നത്തെ അവിഭക്ത സമസ്തയുടെ നേതാക്കളായ പണ്ഡിതന്മാര്‍ ഇവരുമായി വാദപ്രതിവാദങ്ങള്‍ നടത്തി. മറ്റു പല സ്ഥലങ്ങളിലും ഖണ്ഡന മണ്ഡനങ്ങള്‍ നടന്നു. ശാഫിഈ മദ്ഹബിനെ അടിസ്ഥാനമാക്കി വാദപ്രതിവാദം നടത്തിയാല്‍ ഇവരോടു ജയിക്കുകയില്ലെന്നു മനസ്സിലാക്കിയ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടാമ്പിയില്‍ വെച്ച് ‘ജുമുഅ ഖുത്ബ’ അറബിയിലായിരിക്കണമെന്നതിന് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച് തെളിവ് അവതരിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ടി സി അതിനനുവദിച്ചില്ല. ഞങ്ങള്‍ക്ക് ശാഫിഈ മദ്ഹബില്‍ നിന്നാണ് തെളിവ് ആവശ്യം. ഖുതുബയുടെ അര്‍കാനുകള്‍ ഒഴിച്ച് തവാബിഅ് (അനുബന്ധ ഘടകങ്ങള്‍) ഏതു ഭാഷയിലുമാകാം എന്ന് ശാഫിഈ മദ്ഹബിലെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ നിന്നാണ് ഞങ്ങള്‍ തെളിവു നല്കിയത്. അതുകൊണ്ട് അത് പാടില്ലെങ്കില്‍ ശാഫിഈ മദ്ഹബില്‍ നിന്നാണ് തെളിവ് ഞങ്ങള്‍ക്കു നല്‌കേണ്ടതെന്നു ടി സി ആവശ്യപ്പെട്ടു. പക്ഷേ, വ്യവസ്ഥ പാലിക്കാന്‍ സമസ്തക്കാര്‍ക്കു കഴിഞ്ഞില്ല.
ടി ഡി മുഹമ്മദു മൗലവിയുടെ ജീവിതത്തിലെ ത്യാഗോജ്വലമായ ഒരേടാണ് വെട്ടിക്കാട്ടിരി ജാറം തര്‍ക്കം. 1972-ല്‍ ഷൊര്‍ണൂര്‍- ചെറുതുരുത്തിക്കു സമീപമുള്ള വെട്ടിക്കാട്ടിരി മഹല്ലില്‍ അഞ്ചു വയസ്സുള്ള സയ്യിദ് ഇസ്മാഈല്‍ ഉണ്ണിക്കോയ തങ്ങള്‍ എന്ന കുട്ടി മരിച്ചു. ആ കുട്ടിയുടെ ഭൗതിക ജഡം വെട്ടിക്കാട്ടിരി പള്ളിയോടു ബന്ധപ്പെട്ട പൊതു ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ പിതാവ് സൂത്രത്തില്‍ പള്ളിക്കമ്മറ്റിയില്‍ കയറിപ്പറ്റി. കുറച്ചു കഴിഞ്ഞപ്പോള്‍ തന്റെ മരിച്ച ഉണ്ണിക്കോയക്ക് ദൈവികമായ സിദ്ധികളും അത്ഭുതകരമായ പല കഴിവുകളുമുണ്ടെന്ന് പറഞ്ഞുകൊണ്ട് അവിടെ ഒരു പൈതല്‍ജാറം ഉയര്‍ത്താന്‍ പദ്ധതിയിട്ടു. നേര്‍ച്ചയും ഉറൂസും നടത്തി ബിസിനസ്സിനൊരുങ്ങി. അപ്പോള്‍ തദ്ദേശ വാസികളായ കുറേ നല്ല മനുഷ്യര്‍ അതിനെ എതിര്‍ത്തു. ഇതാണ് സംഭവത്തിന്റെ തുടക്കം.
ഇത് സംബന്ധിച്ച് നീണ്ട പന്ത്രണ്ടു വര്‍ഷക്കാലം നടന്ന സംഭവബഹുലമായ കേസാണ് ടി സിയെ കോടതി കയറ്റിയത്. മുസബ്ബലത് (പൊതു ഖബര്‍സ്ഥാന്‍) ആയ ഭൂമിയില്‍ ഒരാളുടെ ഖബര്‍ സ്ഥിരമായി നില്ക്കുന്ന രീതിയില്‍ ജാറമോ മറ്റു എടുപ്പുകളോ ഉണ്ടാക്കാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിന്റെ വിധി. അതു തന്നെയാണ് ശാഫിഈ മദ്ഹബും പറയുന്നത്. ഉണ്ണിക്കോയ തങ്ങളുടെ ഖബര്‍ പൊതു ശ്മശാനത്തിലായതിനാല്‍ ജാറം കെട്ടാന്‍ പാടില്ലെന്ന് നാട്ടുകാര്‍ കമ്മിറ്റിയോടു പറഞ്ഞു. പക്ഷേ, കമ്മിറ്റി സമ്മതിച്ചില്ല. നാട്ടുകാര്‍ ടി സിയെ സമീപിച്ചു. അദ്ദേഹം പ്രസ്തുത നടപടി ശാഫിഈ മദ്ഹബനുസരിച്ച് ‘ഹറാമാ’ണെന്ന് ‘ഫത്‌വാ’ കൊടുത്തു.
എന്നാല്‍ സ്വാലിഹീങ്ങളുടെ ജാറമാകാമെന്ന് കമ്മിറ്റിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ ഫത്‌വ കൊടുത്തു. അടുത്തകാലത്ത് മ രിച്ച സമസ്ത സെക്രട്ടറി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എ പി മുഹമ്മദ് മുസ്‌ലിയാര്‍(കാന്തപുരം) തുടങ്ങിയ പണ്ഡിതന്മാര്‍ കോടതിയില്‍കയറി കമ്മിറ്റിക്കുവേണ്ടി ശാഫിഈ മദ്ഹബിന്റെ പേരില്‍ ദുര്‍ന്യായങ്ങളുന്നയിച്ചു. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ആദ്യം പൊതുഖബര്‍സ്ഥാനില്‍ ജാറം പാടില്ലെന്ന് ഫത്‌വ കൊടുത്തു. രണ്ടാമത് കമ്മറ്റിക്കാര്‍ ചെന്നാവശ്യപ്പെട്ടപ്പോള്‍ ആദ്യഅഭിപ്രായത്തിനെതിരായി കെട്ടിപ്പൊന്തിക്കാമെന്നും ഫത്‌വകൊടുത്തു! ഒരാളുടെ തന്നെ വിരുദ്ധങ്ങളായ രണ്ടു ഫത്‌വകളും ജഡ്ജിക്ക് കാണാന്‍ അവസരമുണ്ടായി.
അവസാനം നീണ്ട പന്ത്രണ്ടു വര്‍ഷത്തെ നിയമയുദ്ധത്തിന്റെ ഒടുവില്‍ കോടതി വിഷയം ശരിക്കുപഠിച്ചശേഷം 1988 ഏപ്രില്‍ ഏഴിന് ഇപ്രകാരം വിധിയെഴുതി:

”(67) പരിശോധനാ വിഷയം 8. ഇതിന്റെ ഫലമായി കേസ് ഇങ്ങനെ വിധിച്ചിരിക്കുന്നു. (1) പ്രതികള്‍ വെട്ടിക്കാട്ടിരി ജുമുഅ മഹല്ലിലെ വ്യക്തികള്‍ എന്ന നിലയിലും പ്രതിനിധികള്‍ എന്ന നിലയിലും വഖ്ഫ് സ്ഥലത്ത് പണിതുണ്ടാക്കിയ ജാറം ഇന്നു മുതല്‍ മൂന്നു മാസത്തിനകം പൊളിച്ചു നീക്കാന്‍ ബാധ്യസ്ഥരാണെന്നു ഉത്തരവിട്ടിരിക്കുന്നു. (2) പ്രതികള്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ അന്യായക്കാരെ അതു പൊളിച്ചു മാറ്റാന്‍ അനുവദിച്ചിരിക്കുന്നു. അതിനു വരുന്ന ചെലവായി അമ്പതു രൂപ പ്രതികളില്‍ നിന്നും വസൂലാക്കാവുന്നതാകുന്നു. (3) പ്രതികളും കൂട്ടുകാരും പ്രസ്തുത ഖബര്‍സ്ഥാനില്‍ നേര്‍ച്ച നടത്തുന്നതിനെയും ആര്‍ഭാടങ്ങള്‍ ഉണ്ടാക്കുന്നതിനെയും സ്ഥിരമായി തടഞ്ഞുകൊണ്ടുള്ള ഇന്‍ജങ്ഷന്‍ അനുവദിച്ചിരിക്കുന്നു. (4) അന്യായ ചെലവിന് ഓര്‍ഡര്‍ ഒന്നും ഇല്ല.” (ഛട 41 ീള 1977 വിധിന്യായം -പുറം 34, 34).
അന്നു വെട്ടിക്കാട്ടിരിയിലെ ഒരു വിഭാഗം മഹല്ലു നിവാസികള്‍ മഹത്തായ ഒരു ജിഹാദിനൊരുങ്ങിയപ്പോള്‍ ടി സി മുഹമ്മദ് മൗലവി തന്റെ പണ്ഡിത ദൗത്യം നിര്‍വഹിക്കാന്‍ സന്നദ്ധനായതുകൊണ്ട് ഇന്ത്യയിലെ ഏതു പൊതു ഖബര്‍സ്ഥാനിലും ജാറം പൊന്തിക്കാന്‍ ഒരുങ്ങുന്നവരെ തടയാന്‍ വടക്കാഞ്ചേരിക്കോടതി വിധി മതി.
ഈ കേസിന്റെ നാളുകളില്‍ ഖബര്‍പൂജ സ്ഥാപിക്കാന്‍ മുസ്‌ലിയാക്കന്മാര്‍ കോടതിയില്‍ വെച്ച് ന്യായാധിപന്റെ മുമ്പില്‍ പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് എത്രയോ കളവുകള്‍ പറയുന്നത് ഈ ലേഖകന്‍ നേരിട്ടു കേട്ടിട്ടുണ്ട്. ഒരു ദിവസം വി എം കെ അഹ്മദ് വക്കീല്‍ (തിരൂര്‍) കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരെ വിചാരണ നടത്തുന്നതാണ് രംഗം. ഹസന്റെ(റ) ഖബറിനു മുകളില്‍ ഒരാള്‍ ഏതോ തരത്തിലുള്ള ഒരു പുല്‍ക്കുടില്‍ കെട്ടിയുണ്ടാക്കിയത് ഉമറുബ്‌നു അബ്ദുല്‍അസീസ്(റ) കണ്ടു. അപ്പോള്‍ അദ്ദേഹം ആ വ്യക്തിയോട് അതു പൊളിച്ചു കളയാന്‍ കല്‍പിച്ചുകൊണ്ടു പറഞ്ഞു: ‘ഹസന്് ഹസന്റെ കര്‍മം തണലേകും. നിന്റെ പുല്‍കുടിലിന്റെ ആവശ്യമില്ല.’ അസ്‌നല്‍ മത്വാലിബിലുള്ള ഈ സംഭവം വി എം കെ വായിച്ചു കേള്‍പ്പിക്കുകയും അര്‍ഥം പറയുകയും ചെയ്തശേഷം ഇതിനെപ്പറ്റി നിങ്ങളെന്തു പറയുന്നുവെന്ന് ചോദിച്ചു: ‘അത് ഏതോ ഒരു ഹസനാണ്’ (അലി(റ) മകന്‍ ഹസനല്ലെന്ന് അര്‍ഥം) എന്ന് ഉടനെ മുസ്‌ലിയാര്‍ മറുപടി പറഞ്ഞു. ഉടനെ അഡ്വ. വി എം കെ യുടെ മുഖഭാവം മാറി. നിങ്ങള്‍ മതപ്രബോധനം നടത്തുന്ന ഒരു പണ്ഡിതനല്ലേ…? പലതും ക്ഷുഭിതനായി പറഞ്ഞപ്പോള്‍ മുസ്‌ലിയാര്‍ ഉള്ളില്‍ തട്ടാത്ത ഒരു ചിരി മാത്രം നടത്തി. പ്രവാചക പൗത്രനായ ഹസനെ കുറിച്ചാണ് ഗ്രന്ഥത്തില്‍ പറഞ്ഞത്. എന്നാല്‍ അത് ‘ഏതോ ഒരു ഹസനാണ്’ എന്ന് സാക്ഷി കളവു പറയുന്നു. അതുകൊണ്ട് ബഹുമാനപ്പെട്ട കോടതിയോടു ഞാന്‍ പറയുന്നു: പ്രതികള്‍ ഹാജരാക്കിയിരിക്കുന്ന ഈ സാക്ഷി കേസ് ജയിക്കാന്‍ ഏതു കളവും പറയാന്‍ മടിയില്ലാത്ത വ്യക്തിയാണ്. ഇക്കാര്യം പ്രത്യേകം നോട്ടു ചെയ്യണമെന്ന് ഞാന്‍ വിനയപൂര്‍വം ബഹുമാനപ്പെട്ട കോടതിയോടപേക്ഷിക്കുന്നു.”
എണ്‍പതുകളുടെ ആദ്യത്തില്‍ ടി സി മുജാഹിദ് പ്രസ്ഥാനത്തിലേക്കു കടന്നുവന്ന ഉടനെയാണ് ചാലിശ്ശേരിയില്‍ താമസം തുടങ്ങിയത്. അന്ന് അദ്ദേഹം താന്‍ താമസിക്കാന്‍ വാങ്ങിയ ഭൂമിയില്‍ റോഡിനോടു ചേര്‍ന്ന സ്ഥലത്ത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പറ്റുന്ന രീതിയില്‍ സ്വന്തം ചെലവില്‍ ഒരു ചെറിയ മസ്ജിദ് നിര്‍മിച്ചു. ആദ്യ നാളുകളില്‍ പ്രദേശത്തുള്ള ഒരാളെത്തന്നെ പള്ളിയില്‍ ഇമാമായി നിയമിച്ചു. രണ്ടു വര്‍ഷം വരെ ടി സി അദ്ദേഹത്തോട് ഒന്നും പറഞ്ഞിരുന്നില്ല. മൂന്നാം വര്‍ഷം റമദാന്‍ വന്നപ്പോള്‍ ഇമാമിനെ ഒഴിവാക്കി. തല്ക്കാലം ടി സി  തന്നെ നമസ്‌കാരത്തിന് നേതൃത്വം കൊടുത്തു. ‘തറാവീഹി’നും അദ്ദേഹം തന്നെ. ആദ്യ ദിവസങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. വളരെ സുന്ദരമായ സാമൂഹ്യാന്തരീക്ഷം. ഒരു ദിവസം നോമ്പുതുറന്ന ശേഷം പള്ളിയോടു ചേര്‍ന്ന വീട്ടില്‍ ടി സി വിശ്രമിക്കുകയാണ്. അപ്പോള്‍ തന്റെ ശിഷ്യനും ജാമിഅ നദ്‌വിയ്യയിലെ വിദ്യാര്‍ഥിയുമായിരുന്ന ആ നാട്ടുകാരന്‍ അബ്ദുറഹ്മാന്‍ വന്ന് ടി സി യോടു പറഞ്ഞു: ‘പള്ളിയില്‍ സാധാരണ കാണാത്ത കുറേ ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നു.’
അദ്ദേഹം പള്ളിയിലെത്തി. അപ്പോള്‍ അവരില്‍ ചിലര്‍ മുന്നോട്ടു വന്ന് ‘ഞങ്ങള്‍ ഇവിടേക്കു ഒരു പുതിയ ഇമാമിനെ കൊണ്ടുവന്നിട്ടുണ്ടെന്നു’ ടിസിയോടു പറഞ്ഞു. അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. കുറെ മുസ്‌ലിയാക്കന്മാരും ആ കൂട്ടത്തിലുണ്ട്. അപ്പോഴേക്ക് ‘ഇശാ’ നമസ്‌കാര സമയമായി. സാധാരണ ഇഖാമത്ത് കൊടുക്കുന്ന ആള്‍ ഇഖാമത്ത് കൊടുത്തു. അയാള്‍ അവിടെ കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍ക്കു സപ്പോര്‍ട്ടായി ടി സിയുടെ സമ്മതമില്ലാതെയാണ് അങ്ങനെ ചെയ്തത്. ഇഖാമത്ത് കഴിഞ്ഞ ഉടനെ ടി സി മിഹ്‌റാബിലേക്കു കയറി. അതോടെ അവിടെ വന്ന മുസ്‌ലിയാക്കന്മാരും കുറച്ചാളുകളും പള്ളിയുടെ പുറത്തിറങ്ങി ബഹളമുണ്ടാക്കാന്‍ തുടങ്ങി. മറ്റുള്ളവര്‍ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. സലാം വീട്ടിയ ഉടനെ ടി സി അവരെ അഭിമുഖീകരിച്ചു.
പള്ളിയില്‍ ആരു തറാവീഹ് നമസ്‌കരിക്കുമെന്നതിനെക്കുറിച്ചായിരുന്നു ബഹളം. അദ്ദേഹം മുഖവുരയൊന്നും കൂടാതെ അവരോടു ചോദിച്ചു: ‘നബി(സ) നമസ്‌കരിച്ച രീതിയിലുള്ള നമസ്‌കാരം നിങ്ങള്‍ക്കു പറ്റില്ലേ?’ എന്തിനും തട്ടുത്തരം പറയുമായിരുന്ന മുസ്‌ല്യാക്കന്മാരില്‍ ഒരാള്‍ ‘പറ്റില്ല’ എന്നുറക്കെ വിളിച്ചു പറഞ്ഞു. ‘നബി നമസ്‌കരിച്ച നമസ്‌കാരം നിങ്ങള്‍ക്കു പറ്റില്ല, അല്ലേ?’ എന്ന ഗര്‍ജനത്തോടെ ടി സി അവരുടെ മധ്യത്തിലെത്തി. അതോടെ അവരെല്ലാം ശാന്തരായി. അയാളുടെ വായില്‍ നിന്നും അബദ്ധ വാക്കു തന്നെ വന്നത് അവരെയെല്ലാം നാണക്കേടിലാക്കി. അങ്ങനെ അവരെല്ലാം പിരിഞ്ഞുപോയി. ടി സി തറാവീഹിന് നേതൃത്വം കൊടുത്തു.
1983-ല്‍ ജാമിഅ സലഫിയ്യയിലെ ഒന്നാം ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സെടുക്കാന്‍ എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ (അന്ന് സലഫിയ്യയുടെ ക്ലാസ് അവിടെയാണ്) വന്ന കാലം മുതല്‍ എനിക്ക് ടി സിയുമായി പരിചയമുണ്ട്. എപ്പോഴും പഠനവും ഗവേഷണവും ചികിത്സയുമായിട്ടാണ് അദ്ദേഹത്തെ കാണപ്പെട്ടത്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, വൈദ്യം തുടങ്ങിയ വിഷയങ്ങളിലെ ഗ്രന്ഥങ്ങളാണ് സദാ അദ്ദേഹത്തിന്റെ മുമ്പിലുള്ള മേശപ്പുറത്ത്. മതവിഷയങ്ങളില്‍ ആഴമുള്ള വിവരത്തോടൊപ്പം വൈദ്യശാസ്തത്തിലും യൂനാനി, ആയുര്‍വേദം, ഹോമിയോ എന്നീ മൂന്ന് വൈദ്യശാസ്ത്ര ശാഖകളിലും നിപുണനായിരുന്നു. തിബ്ബ് യൂനാനിയുടെ ഡി യു എം, ആയുര്‍വേദത്തിന്റെ വൈദ്യ വിശാരദ്, സിദ്ധ (മധുരൈ) തുടങ്ങിയ ഡിഗ്രികളെല്ലാം കഴിഞ്ഞ അദ്ദേഹം ഹോമിയോ പഠനം നടത്തി. പട്ടാമ്പിയില്‍ അവിസെന്ന യുനാനി ഫാര്‍മ എന്ന പേരില്‍ ക്ലിനിക്ക് നടത്തിയിരുന്നു. ടി സി കണ്ടെത്തിയ നാല് ഹെര്‍ബല്‍ മരുന്നുകള്‍ക്ക് പേറ്റന്റ് നേടുകയും ഇദ്ദേഹത്തിന്റെ മരുന്നുകള്‍ മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. സ്വന്തമായി മരുന്ന് നിര്‍മാണ ശാലയും സ്ഥാപിച്ച് നടത്തുകയുണ്ടായി.
പുളിക്കല്‍ ജാമിഅ സലഫിയ്യക്ക് കീഴില്‍ ആരംഭിച്ച ഇലാജ് ആയുര്‍വേദ യൂനാനി മരുന്നുല്‍പ്പാദന കേന്ദ്രത്തിന്റെ ശില്പി അദ്ദേഹമായിരുന്നു. യൂനാനി ചികിത്സകന്‍, ഖുര്‍ആന്‍ ഒരു സമഗ്രപഠനം, തിരുനബിയുടെ വൈദ്യവിധികള്‍, മെറ്റീരിയ മെഡിക്ക (യുനാനി), പതിനൊന്ന് മാസത്തെ യുനാനി കോഴ്‌സ് (പോസ്റ്റല്‍), ഹിപ്പ്‌നോട്ടിസം (ഗൈഡ്) തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്. വിശുദ്ധ ഖുര്‍ആനും കുതുബുസിത്തയും ഗ്രാമറില്‍ ഇബ്‌നുമാലിക്കിന്റെ അല്‍ഫിയയും ഫിഖ്ഹില്‍ അല്‍ഉമ്മ്, തുഹ്ഫ്ഃ, നിഹായ, മിന്‍ഹാജുതാലിബീന്‍ തുടങ്ങിയ ഗ്രന്ഥങ്ങളും പല പ്രാവശ്യം ക്ലാസ്സെടുത്ത് ഏതാണ്ടെല്ലാ ഭാഗവും മനപ്പാഠമാക്കിയിരുന്നു.
വെമ്പയനാട് (പാവറട്ടി) തോപ്പില്‍ (വടക്കയില്‍) ഇബ്‌റാഹീം കുട്ടിയുടെ മകള്‍ ആഇശയാണ് ഭാര്യ. ഫാത്തിമ, മുഹമ്മദ് ബശീര്‍, സുമയ്യ, ബുഷ്‌റ, മുഹമ്മദ് ഇല്ല്യാസ് മക്കളും അഹമ്മദുണ്ണി (ഒറ്റപ്ലാവ്), അബ്ദുസ്സലാം (പൊന്നാനി), അബ്ദുല്‍ഗഫാര്‍ (ആലപ്പുഴ) ജാമാതാക്കളുമാണ്. പരേതന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ, സന്തപ്ത കുടുംബത്തിന് മനസ്സമാധാനം നല്കട്ടെ.