Saturday
21
July 2018

മലക്കും ജിന്നും അദൃശ്യ സൃഷ്ടികള്‍

Shabab Webadmin

അല്ലാഹു സൃഷ്ടിയല്ല. അവനെ ആരും സൃഷ്ടിച്ചതല്ല. അവനാണ് ആദ്യവും അവസാനവും. ഇല്ലായ്മ അവനെ മുന്‍കടന്നിട്ടില്ല. അവന്‍ ഇല്ലായ്മയില്‍ നിന്ന് ഉണ്ടായവനുമല്ല. ആന്തരിക കാരണവും ബാഹ്യകാരണവും അവനാണ്. അവന്‍ എല്ലാറ്റിന്റെയും സ്രഷ്ടാവാണ്. മനുഷ്യനെ സംബന്ധിച്ച് അവന്റെ സൃഷ്ടികള്‍ രണ്ട് ഇനമാണ്. 1. ദൃശ്യമായത്, 2. അദൃശ്യമായത്. അവനു പുറമെ അദൃശ്യനായ മറ്റൊരു സ്രഷ്ടാവുണ്ടെന്ന് വിശ്വസിച്ചാല്‍ അതു മഹാപാപമായ  ശിര്‍ക്കാണ്. അദൃശ്യ സൃഷ്ടികള്‍ അവനുണ്ടെന്ന് വിശ്വസിക്കല്‍ ശിര്‍ക്കല്ല. ഇത് അഹങ്കാരികളായ ചില അല്പജ്ഞാനികളുടെ വാദമാണ്.
അദൃശ്യ സൃഷ്ടികള്‍ എന്നതിന്റെ ഉദ്ദേശ്യം മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടും ബുദ്ധികൊണ്ടും മനസ്സിലാക്കുവാന്‍ സാധിക്കാത്ത സൃഷ്ടികളാണ്. അല്ലാഹുവിന്റെ വഹ്‌യിന്റെ പിന്‍ബലം ഈ സൃഷ്ടികളെ മനസ്സിലാക്കുവാന്‍ അനിവാര്യമാണ്. ഇതുകൊണ്ടാണ് ചില ബുദ്ധിജീവികള്‍ മലക്കിനെയും ജിന്നുകളെയും നിഷേധിക്കുന്നത്.
മനുഷ്യന്റെ രക്തത്തിലെ ചുവന്ന അണുക്കളെയും വെളുത്ത അണുക്കളെയും ശുക്ലത്തിലെ ജീവനുള്ള ബീജത്തെയും ഭ്രൂണത്തെയും ഇവര്‍ അംഗീകരിക്കും. കാരണം നഗ്നമായ കണ്ണുകള്‍ കൊണ്ട് ഇവയെ കാണാന്‍ സാധ്യമല്ലെങ്കിലും ശക്തിയുള്ള ശാസ്ത്രീയ ഉപകരണങ്ങള്‍ കൊണ്ട് ഇവയുടെ അസ്തിത്വം ദര്‍ശിക്കാവുന്നതാണ്. ഇവ ഒരു കാലത്തും സാങ്കേതികമായി അദൃശ്യസൃഷ്ടികള്‍ ആയിരുന്നില്ല. അജ്ഞാത സൃഷ്ടികളായിരുന്നു. അമേരിക്ക കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ് ആ രാജ്യം അദൃശ്യമായിരുന്നില്ല. അജ്ഞാതമായിരുന്നു.
ജിന്ന്, മലക്ക്, സ്വര്‍ഗം, നരകം, നരകത്തിലെ അഗ്നി, ചങ്ങലകള്‍, സ്വിറാത്തുപാലം, നന്മയും തിന്മയും തൂക്കുന്ന തുലാസ് നന്മയും തിന്മയും രേഖപ്പെടുത്തിയ ഗ്രന്ഥം, അവ രേഖപ്പെടുത്തുന്ന മലക്കുകള്‍ ഇവയെല്ലാം മുസ്‌ലിംകള്‍ അദൃശ്യസൃഷ്ടികളായി വിശ്വസിക്കുന്നു. ഇവയെ അവര്‍ അദൃശ്യത്തില്‍ എണ്ണിയത് ഇവയെ സൃഷ്ടിച്ച വസ്തുക്കളെയും ധാതുക്കളെയും പരിഗണിച്ചല്ല. പ്രത്യുത ഇവയെക്കുറിച്ചുള്ള അറിവ് നമുക്ക് ലഭിക്കുന്ന രീതിയെ പരിഗണിച്ചാണ്. ഇവയെല്ലാം നിഷേധിക്കുന്ന ബുദ്ധിജീവികളെന്ന് പറയുന്ന ചിലരെ നമുക്ക് കാണാം. അദൃശ്യം അറിയുക എന്നത് അല്ലാഹുവിന്റെ മാത്രം വിശേഷണമാണ്.
1. അല്ലാഹു പറയുന്നു. അവര്‍ അദൃശ്യത്തില്‍ വിശ്വസിക്കുന്ന ഒരു കൂട്ടരാണ്. (സൂറ. അല്‍ബഖറ 3)
(എ) മലക്കുകള്‍ അദൃശ്യമാണ് (ഇബ്‌നു ജരീര്‍)
(ബി) ഈമാന്‍ കാര്യങ്ങളില്‍ എണ്ണിപ്പറഞ്ഞവയെല്ലാം അദൃശ്യത്തില്‍ വിശ്വസിക്കലാണ് (ഖുര്‍ത്വുബി 1:209)
(സി) ജിബ്‌രീലിന്റെ ഹദീസില്‍ പറഞ്ഞതെല്ലാം അദൃശ്യത്തില്‍ വിശ്വസിക്കലാണ് (ഫത്ഹുല്‍ ഖദീര്‍, 1-44)
(ഡി) മലക്കുകളില്‍ വിശ്വസിക്കല്‍ അദൃശ്യത്തില്‍ വിശ്വസിക്കലാണ് (ഇബ്‌നു കസീര്‍)
2. ‘ജിന്നുകളെക്കുറിച്ചിട്ടുള്ള അറിവ് ഗൈ്വബിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്. അഥവാ ഖുര്‍ആനിലും ഹദീസിലും വന്നതിന്റെ അടിസ്ഥാനത്തിലാണ് ജിന്നുകള്‍ എന്ന ഒരു വിഭാഗം നമ്മോടൊപ്പം ഈ ലോകത്ത് വസിക്കുന്നുണ്ടെന്നും അവയില്‍ പെട്ട നിഷേധികളാണ് പിശാചുക്കള്‍ എന്നും നാം മനസ്സിലാക്കുന്നത്. അതല്ലാതെ നാം നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ അത്യാധുനിക പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയോ കണ്ടെത്തിയതല്ല”(ജിന്ന്, സിഹ്‌റ്, കണ്ണേറ്, റുക്വിയ ശറഇയ്യ: ഒരു പ്രാമാണികപഠനം. കെ കെ സകരിയ്യ സ്വലാഹി, പേജ് 42 ജിന്നുകളെ അറിയുക).
3. അമാനി മൗലവി എഴുതുന്നു: ‘ഗയ്ബില്‍ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ സത്ത, മലക്കുകള്‍, പരലോകം, വിചാരണ, സ്വര്‍ഗം, നരകം, ഖബറിലെ അനുഭവങ്ങള്‍ ആദിയായി ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ ആന്തരേന്ദ്രിയങ്ങള്‍ വഴിയോ അല്ലെങ്കില്‍ ബുദ്ധികൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്‍മാരുടെയും പ്രസ്താവനകള്‍ കൊണ്ടു മാത്രം അറിയുവാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു (വിശുദ്ധ ഖുര്‍ആന്‍ വിവരണം, അമാനി മൗലവി 1-124).
4. എല്ലാവര്‍ക്കും സുപരിചിതമായ രണ്ട് വാക്കുകളാണ് ജിന്ന്, ശൈത്താന്‍. നമ്മുടെ ദൃഷ്ടിക്ക് അതീതമായ ഒരുതരം അദൃശ്യസൃഷ്ടികളാണ് അവരെന്ന് പരക്കെ അറിയപ്പെടുന്നതാണ് (അമാനി മൗലവി, പരിഭാഷ 2-1679 ഹിജ്‌റിന്റെ വ്യാഖ്യാനക്കുറിപ്പ്)
5. അദൃശ്യലോകത്തില്‍ പെട്ട പിശാചുക്കളുടെയും ജിന്നുകളുടെയും സഹായം തേടലും അവരെ പ്രസാദിപ്പിക്കലും ആഭിചാരത്തിലും മന്ത്രവാദത്തിലുമുണ്ട്. അതിനാല്‍ ആഭിചാരവും മന്ത്രവാദവും ശിര്‍ക്കും കുഫ്‌റുമാണ്. (ഫാതിഹയുടെ തീരത്ത്, ഉമര്‍ മൗലവി, പേജ് 125)
ചുരുക്കത്തില്‍ മലക്ക്, ജിന്ന് മുതലായവ അദൃശ്യകാര്യങ്ങളില്‍ (ഗൈബ്) പെട്ടതാണെന്ന കാര്യത്തില്‍ ഭിന്നവീക്ഷണങ്ങളില്ല. ഇസ്‌ലാഹീ പ്രസ്ഥാനം നാളിതുവരെ വച്ചു പുലര്‍ത്തിയ ആദര്‍ശവും ഇതു തന്നെ. ഇടക്കാലത്ത് ചിലര്‍ ഉണ്ടാക്കിയ വസ്‌വാസുകളെപ്പറ്റി കൃത്യമായ ധാരണ ഉണ്ടാകണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വിവരിച്ചത്.