Saturday
21
July 2018

നീതി വേണ്ടത് മുസ്‌ലിം സ്ത്രീകള്‍ക്ക് മാത്രമോ?

അമീറ വി യു

ഭരണഘടന നിലവില്‍ വന്ന് ആറര പതിറ്റാണ്ടിനു ശേഷവും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും രാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്യുകയാണ് പൊതു സിവില്‍ കോഡ്. മൂന്ന് വിധത്തിലാണ് ചര്‍ച്ചകള്‍. വിവിധങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‌ക്കെ തന്നെ ലിംഗനീതിയും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താന്‍ പൗരന്മാരെ ഒരു നിയമാവലിക്കു കീഴില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന ആവശ്യമാണ് ഒരു വശത്ത്. ബഹുസ്വരതയെയും മതവിശ്വാസത്തെയും മാനിച്ചുകൊണ്ട് ഓരോ പൗരനും അവരുടെ മതത്തിലൂന്നിയ വ്യക്തിനിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന നല്കിയിട്ടുണ്ടെന്നും അതില്‍ മാറ്റങ്ങള്‍ സ്വീകാര്യമല്ലെന്നും വാദിക്കുന്നവര്‍ മറുവശത്ത്. ഇതു കൂടാതെ പൊതു സിവില്‍ കോഡ് അഭിലഷണീയമല്ലെങ്കിലും വ്യക്തിനിയമങ്ങള്‍ കാലോചിതമായ പരിഷ്‌ക്കരണം ആവശ്യപ്പെടുന്നു എന്ന് സമര്‍ഥിക്കുന്ന
മൂന്നാമതൊരു വിഭാഗവുമുണ്ട്.
ലിംഗനീതി, ദേശിയോദ്ഗ്രഥനം, ഒരൊറ്റ രാജ്യം, ഒരൊറ്റ നിയമാവലി എന്നീ ന്യായങ്ങള്‍ മുന്നോട്ടുവെക്കുന്ന പൊതു സിവില്‍കോഡ് വാര്‍ത്തകളില്‍ നിറയുമ്പോള്‍ മുസ്‌ലിം സമുദായത്തിലെ മുത്വലാഖും ബഹുഭാര്യാത്വവും സ്വത്തവകാശവുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. പൊതു സിവില്‍ കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരന്തരം എഴുതുന്നവരും തങ്ങളുടെ ലേഖനത്തിന്റെ മുക്കാല്‍ഭാഗവും മുത്വലാഖിനെയും ബഹുഭാര്യാത്വത്തെയും എതിര്‍ക്കാനാണ് നീക്കിവെക്കുന്നതും. സ്വാഭാവികമായും ഉപരിപ്ലവമായി കാര്യങ്ങളെ വിശകലനം ചെയ്യുന്നവര്‍ രൂപപ്പെടുത്തിയെടുക്കുന്ന ആശയം ലിംഗനീതി നിഷേധിക്കപ്പെട്ടിരിക്കുന്നത് മുസ്‌ലിം സമുദായത്തിനകത്ത് മാത്രമാണെന്നും പൊതു സിവില്‍ കോഡ് കൊണ്ടുവന്ന് മുസ്‌ലിം സമുദായത്തെ സമുദ്ധരിക്കുന്നതിലൂടെ തീരാവുന്ന പ്രശ്‌നങ്ങളേ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട് ഉള്ളൂവെന്നും വാദിക്കുന്നു. മാത്രമല്ല, മുസ്‌ലിം സമുദായം, ശക്തമായി പ്രതിരോധിക്കുന്നതുകൊണ്ടാണ് ഇന്ത്യയിലെ നാനാജാതി മതസ്ഥരായ ആളുകളെ, വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരെ, വ്യത്യസ്ത ആചാരങ്ങളും സംസ്‌കാരങ്ങളും പിന്തുടരുന്നവരെ ഒരേ നിയമ ചരടില്‍ കോര്‍ക്കാന്‍ കഴിയാത്തതെന്നും പ്രചരിപ്പിക്കുന്നു. എന്നാല്‍, മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസ്സും സി പി എമ്മും തുടങ്ങി ദളിതു സംഘടനകളും വിവിധ സാംസ്‌കാരിക സംഘടനകളും വരെ പൊതു സിവില്‍കോഡിനെതിരെ രംഗത്തു വന്നിട്ടുണ്ടെന്നതാണ് വാസ്തവം.
ഇന്ത്യയില്‍ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളില്‍ 100 ശതമാനവും സിവില്‍ നിയമങ്ങളില്‍ 95 ശതമാനവും ഇപ്പോള്‍ തന്നെ ഏകീകൃതമാണ്. ക്രിമിനല്‍ നിയമങ്ങള്‍ ഏകീകരിച്ച ബ്രിട്ടീഷ് ഗവണ്‍മെന്റ് വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വിവിധ മതസാമുദായിക വിഭാഗങ്ങള്‍ പിന്തുടര്‍ന്നുവന്ന നിയമ സമ്പ്രദായങ്ങള്‍ തുടരാനനുവദിച്ചത് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി ആണെന്നും അതല്ല, നാട്ടാചാരങ്ങളെയും മതാചാരങ്ങളെയും തൊട്ടു കളിക്കുന്നത് എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുമെന്ന ഭീതികൊണ്ടാണെന്നും വിലയിരുത്തുന്നവരുണ്ട്.
എന്തു തന്നെയായാലും ഇന്നത്തെ അവസ്ഥ ഡോ. അംബേദ്കര്‍ മുമ്പ് പറഞ്ഞതിന് സമാനമാണ്: ”രാജ്യം മുഴുവന്‍ ബാധകമായ ഒരു ഏകീകൃത ക്രിമിനല്‍ നിയമമുണ്ട്. അതിനകത്ത് ശിക്ഷാ നിയമവും ശിക്ഷാ നടപടികളുടെ നിയമവും ഉണ്ട്. രാജ്യത്ത് മുഴുവന്‍ ബാധകമായി വസ്തു വകകളുടെ ബന്ധത്തെ ബാധിക്കുന്ന സമ്പത്തിന്റെ വിനിമയ നിയമമുണ്ട്. പിന്നെ വിനിമയ നടപടികളെക്കുറിച്ച നിയമവുമുണ്ട്. ഈ രാജ്യത്തിന് പ്രായോഗികമായി ഉള്ളടക്കത്തില്‍ ഏകീകൃതമായതും എല്ലായിടത്തും ബാധകവുമായ സിവില്‍ നിയമങ്ങളുമുണ്ട്. സിവില്‍ നിയമം ഇടപെടാത്ത ഏക മണ്ഡലം വിവാഹവും പിന്‍തുടര്‍ച്ചാവകാശവുമാണ്.”

 

സാംസ്‌കാരിക
അധിനിവേശം
അസ്വീകാര്യമാകുന്നു
ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് ഭരണഘടന ഉറപ്പു വരുത്തിയിട്ടുണ്ട് എന്നതുകൊണ്ടാണ് സിക്കുകാര്‍ക്ക് തലപ്പാവും കൃപാണവും ധരിക്കാനുള്ള അവകാശം നല്കിയിട്ടുള്ളത്. മതേതര ഭരണഘടന ആണെന്നതുകൊണ്ടു തന്നെ ഭൂരിപക്ഷത്തിന്റെ മതതാല്പര്യങ്ങളെ അടിച്ചേല്പിക്കാനാകില്ല. ബഹുസ്വര, ബഹുമത സംസ്‌കാരത്തെയും നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്പത്തെയും ശിഥിലീകരിക്കുന്നത് ജനാധിപത്യ മര്യാദകളെ കാറ്റില്‍ പറത്തലാവും.
രാജ്യത്തെ മൊത്തം ഹിന്ദുക്കള്‍ക്ക് ഏകമായ ഒരു നിയമ സംഹിതയുണ്ടെന്നും ഉത്തരേന്ത്യയില്‍ നിലനില്ക്കുന്ന ഈ നിയമങ്ങളാണ് യൂണിഫോം സിവില്‍ കോഡിലേക്ക് ക്രോഡീകരിക്കേണ്ടത് എന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ട്. ഉത്തരേന്ത്യന്‍ ഹിന്ദു സമൂഹത്തിന്റെ ആചാര മര്യാദകളെ, വിശ്വാസങ്ങളെ എല്ലാം രാജ്യത്തെ മറ്റു സമുദായങ്ങളുടെ മേല്‍ കെട്ടിവെക്കലാണത്. ഒരു തരത്തിലുള്ള സാംസ്‌കാരിക അധിനിവേശം. ഹിന്ദു മാരേജ് ആക്ടും ഹിന്ദു പിന്‍തുടര്‍ച്ചാ നിയമവും ഉത്തരേന്ത്യന്‍ ആചാരങ്ങളുടെ പ്രമാണിത്വവും അധീശത്വവും തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ഉപാധിയായി മാറി. ബ്രാഹ്മണ ആചാരങ്ങളും ചടങ്ങുകളും അടിച്ചേല്പിക്കുന്ന വിവാഹരീതി ഹിന്ദുസമുദായത്തില്‍ തന്നെ പൂര്‍ണമായും സ്വീകാര്യമല്ല എന്നതിന്റെ തെളിവാണ് സുയമര്യാദൈ (സെല്‍ഫ് റെസ്‌പെക്ട്), സിര്‍തിരുത്ത (റിഫോര്‍മിസ്റ്റ്) വിവാഹങ്ങളും നിയമപരമാക്കി പെരിയാറിന്റെ അധ്യാപനങ്ങളെ പിന്‍പറ്റി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈ കൊണ്ടുവന്ന ബില്‍.
സവര്‍ണ രീതികളായ സപ്തപദിയും ബ്രാഹ്മണ പുരോഹിതന്റെ സാന്നിധ്യവും ഇല്ലാതെ തന്നെ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ മാലയോ മോതിരമോ കൈമാറി നടത്തുന്ന വിവാഹവും സാധുവാകുന്നു. സംസ്‌കൃത ശ്ലോകങ്ങളുടെയോ മന്ത്രോച്ചാരണങ്ങളുടെയോ അകമ്പടിയില്ലാതെ ചുറ്റുമുള്ളവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വധുവും വരനും മറ്റേ ആളെ ഭാര്യയോ ഭര്‍ത്താവോ ആയി സ്വീകരിക്കുമെന്നു പറഞ്ഞാലും മതിയാകും. സിഖ് സമുദായത്തെ ഭരണഘടനാ പ്രകാരം ഹിന്ദു വ്യക്തി നിയമത്തില്‍ ഉള്‍പ്പെടുത്തിയത് തങ്ങളുടെ മതസ്വത്വത്തെ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സിഖ് മതവിശ്വാസികള്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. 2012-ല്‍ ഹിന്ദു മേരേജ് ആക്ടിനു പകരം ആനന്ദ് കരാജ് എന്ന സിഖ് വിവാഹ ചടങ്ങു പ്രകാരം വിവാഹിതരാവാന്‍ അനുമതി നല്കുന്ന ആനന്ദ് മേരേജ് ബില്ല് പാര്‍ലമെന്റ് പാസ്സാക്കിയിട്ടുണ്ട്. നാഗ ആചാരങ്ങളും വിശ്വാസങ്ങളും അതുപോലെ സംരക്ഷിക്കപ്പെടുന്നുണ്ട്. ആചാരങ്ങളും സംസ്‌കാരങ്ങളും വസ്ത്രധാരണ രീതിയും വരെ വ്യത്യസ്തമായ പതിനേഴോളം ഗോത്രങ്ങള്‍ നിലനില്ക്കുന്ന നാഗാലാന്റില്‍ സ്റ്റേറ്റ് നിയമപരമായി പാസാക്കിയാല്‍ അല്ലാതെ പാര്‍ലമെന്റിന് ഒരു നിയമവും അടിച്ചേല്പിക്കാനാവില്ല. അപ്പോള്‍ വൈവിധ്യങ്ങളെ മാനിക്കേണ്ടതുണ്ട്.
സുപ്രീംകോടതി യൂണിഫോം സിവില്‍ കോഡിന്റെ ആവശ്യത ചൂണ്ടിക്കാണിച്ച കേസുകളെല്ലാം തന്നെ ന്യൂനപക്ഷ വ്യക്തി നിയമത്തിന്റെ അപര്യാപ്തതകള്‍ ചൂണ്ടിക്കാണിക്കാന്‍ ആയിരുന്നു. 1985 ശാബാനു ബീഗം കേസ്, 1995 സരള മുദ്ഗല്‍ കേസ്, 2003 ഫാദര്‍ ജോണ്‍ വള്ളിമറ്റം കേസ് തുടങ്ങിയവയില്‍ ഇതു വ്യക്തം. 2015-ല്‍ അവിവാഹിതയായ ഒരു ക്രിസ്ത്യന്‍ മാതാവിന് തന്റെ കുഞ്ഞിന്റെ മേല്‍ അതിന്റെ അച്ഛന്റെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ തന്നെ പൂര്‍ണാധികാരം നല്കുന്ന ചരിത്രപ്രാധാന്യമുള്ള വിധി പ്രസ്താവത്തില്‍ നിരുപദ്രവകരം എന്നു പ്രത്യക്ഷത്തില്‍ തോന്നാവുന്ന ഒരു പരാമര്‍ശവും കടന്നുകൂടിയിരുന്നു.
”ലോകമെമ്പാടും നിലവിലുള്ള പ്രബലമായ നിയമ സംഹിതകളിലും ഇന്ത്യയില്‍ തന്നെ നിലനില്ക്കുന്ന വിവിധങ്ങളായ ചട്ട പ്രകാരവും മാതാവാണ് ഒരു കുഞ്ഞിനെ സംരക്ഷിക്കാന്‍ ഏറ്റവും അനുയോജ്യ. അവിവാഹിതരായ ഹിന്ദു മാതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിസ്ത്യന്‍ അവിവാഹിത അമ്മമാര്‍ നിര്‍ഭാഗ്യവതികളാണ്. ഹിന്ദു മാതാക്കള്‍ അവരുടെ മാതൃത്വം കൊണ്ടുതന്നെ അവരുടെ അവിഹിത സന്തതികളുടെ സ്വാഭാവിക രക്ഷിതാവായി മാറുന്നു. നമ്മുടെ ഭരണ ഘടനയിലെ മാര്‍ഗ നിര്‍ദേശക തത്വങ്ങള്‍ ഒരു യൂണിഫോം സിവില്‍ കോഡ് വിഭാവനം ചെയ്യുന്നു എന്നത് അടിവരയിട്ട് ഉറപ്പിക്കല്‍ ഒരു ഉചിതമായ നടപടിയായിരിക്കും. പക്ഷേ, അത് ഇനിയും നടപ്പിലാക്കാത്ത ഒരു ഭരണഘടനാ പ്രതീക്ഷ മാത്രമാണ്.”
2015-ല്‍ തന്നെ ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമത്തിന്റെ വശങ്ങള്‍ പരിശോധിക്കുമ്പോഴും മുത്ത്വലാഖും ബഹുഭാര്യാത്വവും അനുവദിച്ചുകൊണ്ട് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്ന മുസ്‌ലിം വ്യക്തി നിയമങ്ങള്‍ വിവേചനപരമാണെന്നും പൊതു സിവില്‍ കോഡിലേക്ക് രാജ്യം എത്തേണ്ടതുണ്ടെന്നും കോടതി പ്രസ്താവിച്ചു. ഹിന്ദു മതസ്ഥര്‍ക്ക് ബാധകമായ നിരവധി കേസുകളില്‍ ഒരിക്കല്‍ പോലും ഏക സിവില്‍ കോഡിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാണിച്ചതുമില്ല. ഹിന്ദു കോഡ് ബില്‍ വന്നതിലൂടെ ഹിന്ദുമതത്തില്‍ പരിപൂര്‍ണ ലിംഗനീതി നടപ്പില്‍ വന്നു എന്നും പൗരസമത്വവും ലിംഗസമത്വവും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ന്യൂനപക്ഷ വ്യക്തി നിയമങ്ങള്‍ക്ക് മാതൃകയാകാം ഹിന്ദു വ്യക്തിനിയമം എന്നുമുള്ള ഒരു ധാരണ ഇതുണ്ടാക്കി വെച്ചിട്ടുണ്ട്. ഫലത്തില്‍ ഇനി പരിഷ്‌ക്കരിക്കപ്പെടാന്‍ ബാക്കി നില്ക്കുന്നത് മുസ്‌ലിം വ്യക്തിനിയമവും ക്രിസ്ത്യന്‍ വ്യക്തിനിയമവും ആണെന്ന് ചുരുക്കം.
ന്യൂനപക്ഷ വിരുദ്ധത ജുഡീഷ്യറിയെയും കീഴടക്കുന്നു എന്നും ഫാസിസത്തിന്റെ പ്രതി പുരുഷന്മാരായി നീതിപാലകര്‍ മാറുന്നു എന്നുമുള്ള സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുസ്‌ലിം വ്യക്തിനിയമത്തെ മാത്രം കുറ്റപ്പെടുത്തി പൊതു സിവില്‍ കോഡ് നടപ്പിലാക്കണം എന്ന് കോടതികള്‍ പുറപ്പെടുവിക്കുന്ന തുടര്‍ച്ചയായ നിര്‍ദേശങ്ങള്‍. സരള മുദ്ഗല്‍ കേസില്‍ ഹിന്ദു പുരുഷന്മാര്‍ ആദ്യ ഭാര്യയെ ഉപേക്ഷിക്കാതെ തന്നെ രണ്ടാമത് വിവാഹം കഴിക്കാനായി ഇസ്‌ലാം മതത്തിലേക്ക് മാറുന്നതിനെതിരെ കോടതി വിധി എഴുതുകയുണ്ടായി. ഹിന്ദു കോഡ് ബില്‍ പ്രകാരം ഹിന്ദു പുരുഷന്റെ ആദ്യ വിവാഹം മാത്രമേ സാധുവാകുകയുള്ളൂ. മതം മാറ്റത്തിനു ശേഷമുള്ള രണ്ടാം വിവാഹമാണെങ്കില്‍ പോലും ഐ പി സി 494 പ്രകാരം അത് അസാധുവാകും. ഈ കേസില്‍ മുസ്‌ലിം വ്യക്തി നിയമത്തെ രണ്ടാം വിവാഹം കഴിക്കാന്‍ ഹിന്ദു ഭര്‍ത്താവിനുള്ള തുറന്ന പ്രലോഭനം എന്നു വിമര്‍ശിച്ച കോടതി, പ്രലോഭനത്തെ പ്രതിരോധിക്കാനായി യൂണിഫോം സിവില്‍കോഡിനെ അഭിലഷണീയം എന്ന് വിശേഷിപ്പിച്ചു.
കരുണാനിധി, രാംവിലാസ് പാസ്വാന്‍, മുലായം സിംഗ് യാദവ് തുടങ്ങിയവരെല്ലാം തന്നെ ഹിന്ദ് കോഡ് വന്നതിനു ശേഷവും രണ്ട് ഭാര്യമാരെ സ്വീകരിച്ചവരായിരുന്നു. ധര്‍മേന്ദ്ര, ഹേമ മാലിനി ദമ്പതികളും ഹരിയാന ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന ചന്ദര്‍ മോഹനും ഹരിയാന അസിസ്റ്റന്റ് അഡ്വ. ജനറല്‍ ആയിരുന്ന അനുരാധ ബാലിയും ഇത്തരം മതംമാറ്റങ്ങളുടെ പേരില്‍  വിവാദങ്ങളില്‍ പെട്ടവരായിരുന്നു. അപ്പോള്‍ നിരോധനം കൊണ്ട് മാത്രം കാര്യമില്ല എന്നു വരുന്നു. ഇനി ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് മാത്രമാണോ ഹിന്ദു പുരുഷന്മാര്‍ 1955-നു ശേഷം രണ്ടാം ഭാര്യയെ സ്വീകരിച്ചത് എന്ന് പഠനവിധേയമാക്കേണ്ടതുണ്ട്. അല്ലാത്തവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 494 പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

 

ബഹുഭാര്യാത്വ
നിരോധനവും
പരിണതിയും
എപ്പോഴൊക്കെ യൂണിഫോം സിവില്‍കോഡ് ചര്‍ച്ചയായിട്ടുണ്ടോ അപ്പോഴെല്ലാം മുസ്‌ലിം നിയമവും യൂണിഫോം സിവില്‍ കോഡും തമ്മിലാണ് സംഘര്‍ഷം എന്ന രീതിയിലാണ് കാര്യങ്ങളവതരിപ്പിക്കപ്പെട്ടത്. കൃത്യമായി പറഞ്ഞാല്‍ യൂണിഫോം സിവില്‍ കോഡ് മുസ്‌ലിം സ്ത്രീകള്‍ക്കുവേണ്ടിയാണെന്നും മുസ്‌ലിം പുരുഷന്മാരുടെ സ്വാര്‍ഥ താല്പര്യങ്ങളെ ഹനിക്കുന്നതാണെന്നുമുള്ള തരത്തിലാണ് വാദങ്ങള്‍ ഉയര്‍ന്നുവന്നത്. മുസ്‌ലിം സമുദായത്തിനെ മാത്രമല്ല, മറ്റു മതങ്ങളെയും ബാധിക്കുന്ന ഒന്നാണ് യൂണിഫോം സിവില്‍ കോഡ് എന്ന സത്യം മറച്ചുവെക്കുകയാണ് ബോധപൂര്‍വം. മുസ്‌ലിം വ്യക്തിനിയമം സ്ത്രീകള്‍ക്കെതിരാണെന്ന് പ്രചാരണം പൊടിപൊടിക്കുമ്പോള്‍ മറ്റു സമുദായത്തിലെ സ്ത്രീകള്‍ ഒട്ടും കഷ്ടതകള്‍ അനുഭവിക്കുന്നില്ല എന്നൊരു ധ്വനിയുമുണ്ട്. മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളുടെ വ്യക്തി നിയമങ്ങളില്‍ ലിംഗനീതി നിഷേധിക്കപ്പെടുന്നു എന്നു പറയുന്നപോലെ മാതൃകാപരമായി ചൂണ്ടിക്കാണിക്കുന്ന ഹിന്ദു വ്യക്തി നിയമത്തിലും ലിംഗനീതി നിഷേധത്തിന്റെ ഉദാഹരണങ്ങളുണ്ട്. ബഹുഭാര്യാത്വം നിരോധിച്ചതായി അവകാശപ്പെടുമ്പോഴും ഇസ്‌ലാം മതത്തിലേക്ക് ചേക്കാറാതെ തന്നെ ഹിന്ദു പുരുഷന്മാര്‍ക്ക് രണ്ടാം വിവാഹത്തിലേര്‍പ്പെടാനുള്ള പഴുത് ഹിന്ദു വ്യക്തിനിയമത്തിലുണ്ട്. അതുപ്രകാരം അഗ്നി പ്രദക്ഷിണം അഥവാ സപ്തപദി വിവാഹഹോമം തുടങ്ങിയവ ഉണ്ടെങ്കിലേ വിവാഹം നിയമത്തിനു മുന്നില്‍ സാധുവാകൂ.
ഉത്തരേന്ത്യയില്‍ ഹിന്ദു വിവാഹങ്ങള്‍ സപ്തപദി ആചാരത്തോടു കൂടെയാണ് നടക്കുന്നത്. ഹോമാഗ്നിയുടെ ചുറ്റും ദമ്പതികള്‍ ഏഴ് ചുവട് നടന്നാലേ വിവാഹം പൂര്‍ണമാകൂ. ബ്രാഹ്മണ ചടങ്ങുകള്‍ ഇല്ലാതെ തന്നെ വിവാഹങ്ങള്‍ ഹിന്ദുക്കള്‍ക്കിടയില്‍ നടക്കുന്നുണ്ട്. അതിനെ ഹിന്ദു സമൂഹം അംഗീകരിക്കുന്നുമുണ്ട്. എന്നാല്‍ ബ്രാഹ്മണ ചടങ്ങുകള്‍ ഇല്ലാത്ത ഹിന്ദു വിവാഹങ്ങള്‍ നിയമം അംഗീകരിക്കുന്നുമില്ല. നിയമ അംഗീകാരം ഇല്ലാത്ത എന്നാല്‍ സമൂഹം അംഗീകരിക്കുന്ന ഇത്തരം വിവാഹത്തിലൂടെ ഹിന്ദു പുരുഷന്‍ രണ്ടാം ഭാര്യയെ സ്വീകരിക്കുമ്പോള്‍ നിയമം സമ്പൂര്‍ണ ബഹുഭാര്യാത്വ നിരോധനം എന്ന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നു.
ഇങ്ങനെ നിയമത്തിലെ പഴുത് ദുരുപയോഗപ്പെടുത്തി ഹിന്ദു പുരുഷന്‍ രണ്ടാം വിവാഹം കഴിക്കുമ്പോള്‍ നിയമത്തിന് ഭര്‍ത്താവിന് ശിക്ഷ വിധിക്കാന്‍ കഴിയില്ല. കാരണം നിയമത്തിന്റെ കണ്ണില്‍ ഹിന്ദു ആചാരപ്രകാരമല്ലാതെ നടക്കുന്ന വിവാഹം വിവാഹമല്ല. നടക്കാത്ത വിവാഹത്തിന് എങ്ങനെ കോടതി ബഹുഭാര്യാത്വത്തിനുള്ള ശിക്ഷ വിധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ആദ്യ ഭാര്യക്കും രണ്ടാം ഭാര്യക്കും നീതി നിഷേധിക്കപ്പെടുന്നു. ആദ്യഭാര്യ തന്നോടു വിശ്വാസ വഞ്ചന കാണിച്ച ഭര്‍ത്താവിനെതിരെ നല്കുന്ന കേസും നിലനില്ക്കില്ല.
രണ്ടാം ഭാര്യ നിയമപരമായി ഭാര്യ അല്ലാത്തതുകൊണ്ട് സ്വത്തും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. ഇവിടെ ലിംഗനീതി നിഷേധം വളരെ പ്രകടമാണ്. ഹോമകുണ്ഡത്തെ വലം വെക്കാതെ ഭര്‍ത്താക്കന്മാര്‍ നടത്തിയ വിവാഹങ്ങള്‍ക്കെതിരെ ആദ്യ ഭാര്യമാര്‍ നല്കിയ പരാതികള്‍ കോടതികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. 1956 ഭൗറാവു ശങ്കര്‍ ലൊഗാണ്ടെ ്/ െസ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര, 1996 കണ്‍വെല്‍ റാം ്/ െഹിമാചല്‍ പ്രദേശ് ഗവണ്‍മെന്റ്, 1971 പ്രിയാ ബാലാ ഘോഷ് ്/ െസുരേഷ് ചന്ദ്രഘോഷ് തുടങ്ങിയ  കേസുകള്‍ ഉദാഹരണങ്ങളാണ്.
വിവാഹാനന്തരം ഭര്‍ത്താവ് സംരക്ഷിക്കുമെന്ന പ്രതീക്ഷയില്‍ കുട്ടികളെ വളര്‍ത്തലും കുടുംബ പരിപാലനവും സ്വന്തം ധര്‍മമായിടത്തു വീടിനുള്ളില്‍ ഒതുങ്ങിപ്പോകുകയും സ്വന്തമായി ഒരു വരുമാനമാര്‍ഗവും കണ്ടെത്താതിരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ ഭര്‍ത്താവ് രണ്ടാമതൊരു പങ്കാളിയെ കൊണ്ടുവരുമ്പോള്‍ നിരാലംബരായി തീരുന്നു. നിയമ ഏകീകരണം കൊണ്ട് സ്ത്രീക്കു നീതിയാണ് ലക്ഷ്യമിടുന്നതെങ്കില്‍ മുസ്‌ലിം സ്ത്രീകളൊടൊപ്പം എല്ലാ മതവിഭാഗങ്ങളിലെ സ്ത്രീകളുടെയും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്.
1971-ലെ സര്‍വേ റിപ്പോര്‍ട്ടനുസരിച്ചു ബഹുഭാര്യാത്വത്തിന്റെ കണക്കുകള്‍ ഇപ്രകാരമാണ്: ഗോത്രവര്‍ഗം 15.25, ബുദ്ധമതം 7.97, ജൈനമതം 6.72, ഹിന്ദുക്കള്‍ 5.8, മുസ്‌ലിംകള്‍ 5.7. സര്‍വേ ഫലം വിശകലനം ചെയ്തുകൊണ്ട് അന്നത്തെ ഗവണ്‍മെന്റ് ഡെപ്യൂട്ടി റജിസ്ട്രാര്‍ ഡോ. ബര്‍മന്‍ പറഞ്ഞത് മുസ്‌ലിംകളില്‍ ആര്‍ക്കും തന്നെ നാലിലേറെ ഭാര്യമാരില്ലെന്നും എന്നാല്‍, അമുസ്‌ലിംകളില്‍ പതിനഞ്ചോളം ഭാര്യമാരുള്ളവരുണ്ടെന്നും ആണ്. ബഹുഭാര്യാത്വത്തിന്റെ കണക്കുകള്‍ മതം തിരിച്ചു അവസാനം ലഭ്യമായത് ഈ സര്‍വേയിലാണ്.
2005-2006 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ അനുസരിച്ച് രണ്ടു ശതമാനം ഹിന്ദു സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ ബഹുഭാര്യാത്വം വെളിപ്പെടുത്തിയിട്ടുണ്ട്. മിസോറാമിലെ ക്രിസ്ത്യന്‍ മതവിഭാഗമായ ‘പുചനപോള്‍’ ബഹുഭാര്യാത്വം അംഗീകരിക്കുന്നുണ്ട്. അവരുടെ സ്ഥാപക നേതാവായ സിയോണയ്ക്കു നിലവില്‍ 39 ഭാര്യമാരുണ്ട്. അപ്പോള്‍ സഹപത്‌നികളെ സ്വീകരിക്കേണ്ടിവരുന്ന മുസ്‌ലിം സ്ത്രീകള്‍ക്കു മാത്രമല്ല നീതി വേണ്ടത്. ബഹുഭാര്യാത്വം നിയമപരമായി നിരോധിക്കപ്പെട്ടിട്ടുള്ള മറ്റു സമുദായങ്ങളിലെ പുരുഷന്മാര്‍ ആദ്യ വിവാഹം മറച്ചുവെച്ചും അല്ലാതെയും രണ്ടാമതു വെയ്ക്കുന്ന, സ്വത്തിനോ ഭാര്യാ പദവിക്കോ യാതൊരു അവകാശവാദവും നിയമപരമായി ഉന്നയിക്കാനാകാത്ത സ്ത്രീകളും ‘നീതിദേവത’യുടെ മുന്നില്‍ എത്തുന്നുണ്ട്. ബഹുഭാര്യാത്വം നിരോധിച്ച് ഹിന്ദു കോഡ് പ്രാബല്യത്തില്‍ വന്ന് അറുപതു വര്‍ഷമായെങ്കിലും അതിനെ പൂര്‍ണമായി നിയന്ത്രണത്തില്‍ വരുത്താനായില്ലെന്നു സുപ്രീംകോടതി തന്നെ സമ്മതിച്ചിട്ടുണ്ട്.
2005-ല്‍ രമേഷ് ചന്ദ്ര ദാഗ
്/ െരാമേശ്വരി ദാഗ കേസില്‍ വിധി പറയുമ്പോള്‍ രണ്ടാം ഭാര്യയ്ക്കു സംരക്ഷണ ചെലവു  വിധിച്ചുകൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചത് ഏക ഭാര്യാത്വം നിയമമാക്കിയെങ്കിലും മുസ്‌ലിം പുരുഷന്മാരെപ്പോലെത്തന്നെ ഹിന്ദു പുരുഷന്മാരും ദ്വിഭാര്യാത്വം സ്വീകരിക്കുന്നുണ്ടെന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളെ അവഗണിക്കാന്‍ കഴിയില്ലെന്നും ഹിന്ദു പുരുഷന്മാരുടെ രണ്ടാം വിവാഹം നിയമവിരുദ്ധമാണെങ്കിലും സദാചാര വിരുദ്ധമല്ലെന്നും ആ ന്യായം പറഞ്ഞു നിരാലംബയായ സ്ത്രീക്കു സാമ്പത്തിക സംരക്ഷണം നിഷേധിക്കാനാകില്ലെന്നുമായിരുന്നു.
ആദ്യ വിവാഹം നിലനില്ക്കുന്നതുകൊണ്ടു രണ്ടാം വിവാഹം സാധുവല്ലെന്ന് വാദിച്ച ഭര്‍ത്താവിന്റെ കാപട്യത്തെ സുപ്രീം കോടതി തുറന്നുകാട്ടി. എന്നാല്‍, 2005-ല്‍ സവിത ബെന്‍ സോമാഭായ് ഭാട്ടിയ ്/ െസ്റ്റേറ്റ് ഓഫ് ഗുജറാത്ത് കേസില്‍ സുപ്രീംകോടതി പറഞ്ഞത് നിയമപരമായി വിവാഹിതയല്ലാത്ത സ്ത്രീയുടെ നിസ്സഹായാവസ്ഥയെക്കുറിച്ചു കോടതിക്കു ബോധ്യമുണ്ടെങ്കിലും അവരെ സംരക്ഷണ ചെലവു ലഭിക്കാനായി ഭാര്യ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ ഹിന്ദു കോഡ് ബില്‍ പ്രകാരം തടസ്സമുണ്ടെന്നായിരുന്നു. ബില്ലിനു മുന്‍പ് എല്ലാ ഭാര്യമാര്‍ക്കും സ്വത്തവകാശം ഉണ്ടായിരുന്നത് ബില്‍ വന്നതോടെ ആദ്യ ഭാര്യയ്ക്കു മാത്രമായിത്തീരുകയും നിയമത്തിനു മുന്‍പില്‍ എത്തുമ്പോള്‍ പുരുഷന് ആദ്യവിവാഹം ചൂണ്ടിക്കാട്ടി രണ്ടാം വിവാഹത്തിന്റ ഉത്തരവാദിത്തങ്ങളില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതായി മാറുകയും ചെയ്തു. അശരണരായ നിരവധി സ്ത്രീകളുടെ ഈ പ്രശ്‌നത്തിനു പരിഹാരമായാണ് പ്രൊട്ടക്ഷന്‍ ഓഫ് വിമണ്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് (പി ഡബ്ല്യു ഡി വി എ) പ്രകാരം ‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്’ കണ്‍സെപ്റ്റ് മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ 2010-ല്‍ ഡി വേലു സ്വാമി ്/ െഡി പച്ചയമ്മാള്‍ കേസില്‍ സുപ്രീം കോര്‍ട്ട് ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജു വിധിച്ചത് ഒരു പുരുഷന് സാമ്പത്തികമായി സഹായിയെ വെച്ചുപോരുകയും ലൈംഗികാവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന കീപ് ഉണ്ടെങ്കില്‍ ആ ബന്ധം വിവാഹബന്ധമായി കണക്കാക്കാന്‍ കഴിയില്ല എന്നാണ്. അങ്ങനെ ചെയ്താല്‍ 1955-ലെ ഹിന്ദു കോഡ് ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യത്തെ അതു തകിടം മറിക്കും. ഗോവിന്ദ റാവു ്/ െആനന്ദിബായി കേസ് (1976), അനുപമ പ്രധാന്‍ ്/ െസുല്‍ത്താന്‍ പ്രധാന്‍ (1991) തുടങ്ങിയ പല കേസുകളിലും അശരണരായ സ്ത്രീകള്‍ക്കനുകൂലമായി കോടതികള്‍ വിധി പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും അവരുടെ അരക്ഷിതാവസ്ഥയ്ക്കു കാര്യമായ മാറ്റം വന്നിട്ടില്ല. എന്നാല്‍, മുസ്‌ലിം നിയമ പ്രകാരം ഏക ഭാര്യാത്വത്തെ ആണ് പ്രോത്സാഹിപ്പിക്കുന്നതെങ്കിലും മറ്റു ഭാര്യമാര്‍ ഉണ്ടെങ്കില്‍ തുല്യാവകാശം ആണ് ലഭിക്കുന്നത്.
ഇന്ത്യയില്‍ നിലനില്ക്കുന്ന രീതിയനുസരിച്ച് മുസ്‌ലിം ബഹുഭാര്യാത്വം കിരാതവും അപരിഷ്‌കൃതവുമാണെന്നും അതിനുള്ള ഏക പോംവഴി പൊതു സിവില്‍ കോഡ് കൊണ്ടുവരലാണെന്നും വാദിക്കുമ്പോള്‍ തന്നെ ഹിന്ദു സ്ത്രീകളുടെ പദവി ഉയര്‍ത്താനായി കൊണ്ടുവന്ന ഹിന്ദു കോഡ് ബില്ലിലൂടെ അവകാശങ്ങള്‍ നഷ്ടപ്പെട്ട രണ്ടാം ഭാര്യമാരുടെ അവകാശങ്ങള്‍ വീണ്ടെടുക്കാന്‍ സുപ്രീംകോടതി തന്നെ ഫലത്തില്‍ ബഹുഭാര്യാത്വം അംഗീകരിക്കുന്നതാണ് കാണുന്നത്.

 

ഷാബാനുവിനുശേഷം മുസ്‌ലിം സ്ത്രീ
മുത്തലാഖ് നിരോധിക്കണം എന്നു മുറവിളി കൂട്ടി അതിന്റെ മറവില്‍ പൊതു സിവില്‍ കോഡ് നടപ്പില്‍ വരുത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ബി ജെ പി രാഷ്ട്രീയ നേതാക്കന്മാരും മുസ്‌ലിം സ്ത്രീ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം ഇപ്പോഴും എപ്പോഴും സെന്‍സേഷണല്‍ ആക്കി പര്‍വതീകരിക്കുന്ന മാധ്യമങ്ങളും കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്താതെ യൂണിഫോം സിവില്‍ കോഡ് എന്നു കേള്‍ക്കുമ്പോഴേ സ്വന്തം സമുദായത്തിലെ സ്ത്രീയെ സംരക്ഷിച്ചില്ലെങ്കിലും ബ്രിട്ടീഷുകാര്‍ ക്രോഡീകരിച്ചു തന്ന നിയമങ്ങള്‍ സംരക്ഷിക്കണമെന്നു ശഠിക്കുന്ന മതമേധാവികളും പഠിക്കാന്‍ മറന്നുപോയ കാര്യം ഷമീം ആരാ ്/ െസ്റ്റേറ്റ് ഓഫ് യു പി (2002) കേസില്‍ ഏകപക്ഷീയമായ മുത്തലാഖ് അസാധുവാണെന്നു സുപ്രീംകോടതി വിധിച്ചിട്ടുണ്ടെന്നും ആ വിധിയെ ആധാരമാക്കി മുസ്‌ലിം സ്ത്രീകള്‍ മുത്തലാഖിനെതിരെ കോടതികളില്‍ നിന്ന് അനുകൂല വിധികള്‍ സമ്പാദിക്കുന്നുണ്ടെന്നുമാണ്.
ഷമീം ആരാ കേസിലെ വിധി പ്രകാരം ഇ-മെയിലായോ ടെക്സ്റ്റ് മെസ്സേജ് ആയോ ഖാസി വഴി നോട്ടീസയച്ചോ ഉള്ള ത്വലാഖ് അനുവദനീയമല്ല. ഒറ്റയിരിപ്പിലുള്ള തലാഖും നിഷിദ്ധമാണ്. മൂന്നാമത്തെ തലാഖ് നല്കുന്നതിനു മുന്‍പ് പുനരാലോചനയ്ക്കു മധ്യസ്ഥര്‍ വഴിയുള്ള ഒത്തുതീര്‍പ്പിനും അവസരം ഉണ്ടാക്കണം. മധ്യസ്ഥ ചര്‍ച്ച വിജച്ചില്ലെങ്കില്‍ മാത്രമേ തലാഖ് നല്കാനാവൂ. തലാഖ് ചൊല്ലുന്നതിനു സാക്ഷികളും വേണം.
മൂന്നു മാസം സമയമെടുത്തു മൂന്നിരിപ്പിലാണ് തലാഖ് ചൊല്ലേണ്ടത്. ധൃതിപിടിച്ച തീരുമാനത്തില്‍ നിന്നുണ്ടാകുന്ന തലാഖില്‍ നിന്നും ദമ്പതികളെ വിലക്കുന്നുണ്ട്. ഈ മൂന്നു മാസം സ്ത്രീക്കു ഭര്‍ത്താവിന്റെ വീട്ടില്‍ത്തന്നെ താമസിക്കാം. സംരക്ഷണച്ചെലവും ലഭ്യമാകും. ആ സമയ പരിധിക്കുള്ളില്‍ ശയനം നടന്നാല്‍ തലാഖ് അസാധുവാകുകയും ചെയ്യും. സ്ത്രീയുടെ ആര്‍ത്തവ സമയത്തോ ഗര്‍ഭിണിയായിരിക്കുമ്പോഴോ തലാഖ് ചൊല്ലാന്‍ പാടില്ല. തലാഖ് വചനങ്ങള്‍ ഉരുവിടുന്ന സമയത്ത് ഭര്‍ത്താവിനു സുബോധം ഉണ്ടായിരിക്കണം. മദ്യപിച്ച അവസ്ഥയിലോ കോപാകുലനായിരിക്കുമ്പോഴോ ഉള്ള തലാഖ് അസാധുവാകും.
മൂന്നാമത്തെ തലാഖ് ചൊല്ലി പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഭര്‍ത്താവ് ഭാര്യയോടുള്ള കടപ്പാട് നിറവേറ്റേണ്ടതുണ്ട്, പ്രത്യേകിച്ചും മഹര്‍ കൈവശം പിടിച്ചുവെച്ചിട്ടുണ്ടെങ്കില്‍ തിരിച്ചുകൊടുക്കണം. അവളുടെ സ്വത്തുക്കള്‍ തിരികെ കൊടുക്കണം. മൂന്നു മാസത്തെ ഇദ്ദ സമയത്തേക്കുള്ള സംരക്ഷണച്ചെലവും അവള്‍ അതുവരെ ജീവിച്ചുവന്ന രീതിക്കനുസരിച്ചു ഭാവിയിലും ജീവിക്കാനുള്ള ഒരു തുക കണക്കാക്കി കൊടുക്കണം. ഭര്‍ത്താവ് സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ മുസ്‌ലിം സ്ത്രീ സംരക്ഷണനിയമം-1986 പ്രകാരം അവള്‍ക്കു കോടതിയെ സമീപിക്കാം. ഷമീം ആരാ വിധി വന്ന അതേ വര്‍ഷം തന്നെ ദഗ്ഡു പത്താന്‍ ്/ െരഹീംബി കേസില്‍ ബോംബെ ഹൈക്കോടതി ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മുത്തലാഖ് അസാധുവാണെന്നു വിധിച്ചിട്ടുണ്ട്. അതിനും മുന്‍പ് മുഹമ്മദ് ഹനീഫ ്/ െപാത്തുമ്മ ബീവി, 1972 ജിയാഉദ്ദീന്‍ ്/ െഅന്‍വാറ ബീഗം തുടങ്ങിയ കേസുകളിലും സമാനമായ നിരീക്ഷണങ്ങള്‍ കോടതികള്‍ നടത്തിയിട്ടുണ്ട്.
2004-ല്‍ നജ്മുന്‍ബി ്/ െസിക്കന്ദര്‍ കേസിലും 2007-ല്‍ റിയസ് ഫാത്തിമ ്/ െമുഹമ്മദ് ഷെരീഫ് കേസിലും ഡല്‍ഹി ഹൈക്കോടതി ഷമീം ആരാ കേസിലെപ്പോലെ ഘട്ടംഘട്ടമായ തലാഖ് മാത്രമേ സ്വീകാര്യമാകൂ എന്നും സംരക്ഷണച്ചെലവും മഹ്‌റും വസ്തുവകകളും നല്കിയതിന്റെ തെളിവും വേണമെന്നു നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഷക്കീല്‍ അഹമ്മദ് ്/ െവാഹാദി ഷക്കീല്‍ കേസിലും തലാഖ്‌നാമ കാണിച്ചതുകൊണ്ടു മാത്രം തലാഖ് സാധുവാകില്ല എന്ന ഉത്തരവ് ബോംബെ ഹൈക്കോടതി പുറപ്പെടുവിക്കുകയുണ്ടായി. കേരളത്തില്‍ തന്നെ സൗദ ്/ െഅബ്ബാസ് കേസില്‍ ജീവനാംശത്തിനു പുറമെ രോഗാതുരമായ ഭാര്യയ്ക്കു ചികിത്സാ ചെലവു കൂടെ നല്കണമെന്ന ചരിത്രപ്രാധാന്യമുള്ള വിധി ജസ്റ്റിസ് കമാല്‍ പാഷ പുറപ്പെടുവിക്കുകയുണ്ടായി.
ക്രിമിനല്‍ നടപടി വകുപ്പു 125 പ്രകാരം ഷാബാനുവിന് പ്രതിമാസം 179 രൂപ നല്കാന്‍ സുപ്രീംകോടതി വിധിച്ചത് അട്ടിമറിച്ചുകൊണ്ടാണ് 1986-ല്‍ രാജീവ് ഗാന്ധി ഗവണ്‍മെന്റ് മുസ്‌ലിം വനിതാ സംരക്ഷണ നിയമം കൊണ്ടുവന്നതെന്ന് അധിക്ഷേപിക്കപ്പെടുമ്പോഴും മൊഴി ചൊല്ലിയ ഭാര്യയ്ക്ക് ആജീവനാന്തം ന്യായമായ സംരക്ഷണ വ്യവസ്ഥകള്‍ നല്കണമെന്നും ആ തുക വിവാഹമോചന സമയത്തു തന്നെ മൊത്തമായി നല്കണമെന്നും വിവാഹ സമയത്തു വാങ്ങിയ മുഴുവന്‍ സ്വത്തുകളും ഇതര സമ്പത്തും തിരിച്ചുകൊടുക്കണമെന്നും ആ നിയമം വ്യവസ്ഥ ചെയ്തു എന്നത് നിഷേധിക്കാനാകില്ല.
ഡാനിയല്‍ ലത്തീഫി കേസ് ഉള്‍പ്പെടെ ഉള്ളതില്‍ ഇദ്ദ കാലാവധിക്കപ്പുറം പുനര്‍വിവാഹം വരെയോ ആജീവനാന്തമോ മൊഴി ചൊല്ലപ്പെട്ടവളുടെ സംരക്ഷണം ഭര്‍ത്താവിന്റെ ബാധ്യതയാക്കി സുപ്രീംകോടതി വിധിക്കുകയുണ്ടായി. ഈ സാമ്പത്തിക ബാധ്യത തന്നെയാണ് ത്വലാഖ് ചൊല്ലി കളിക്കുന്നവര്‍ക്കുള്ള വെല്ലുവിളി. ഡാനിയല്‍ ലത്തീഫി വിധിയില്‍, ക്രിമിനല്‍ പ്രോസീജിയര്‍ കോഡ് 125 വകുപ്പനുസരിച്ച് മാസം തോറുമുള്ള സംരക്ഷണച്ചെലവിനു പകരം മുസ്‌ലിം സ്ത്രീ സംരക്ഷണ നിയമം 1986 അനുസരിച്ച് ഇദ്ദ സമയത്തു തന്നെ ഒരുമിച്ചൊരു സംഖ്യ ജീവനാംശമായി നേടാന്‍ മുസ്‌ലിം സ്ത്രീക്ക് അവകാശമുണ്ടെന്നും അതില്‍ വീഴ്ച വരുന്ന പക്ഷം സ്ത്രീക്കു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാണ്.
ഈ വിധിക്കു ശേഷം അറബ് അഹ്മദിയ്യ അബ്ദുല്ല ്/ െഅറബ് ബൈല്‍ മൊഹ്മു സയ്യദ്ഭായ്, അലി ്/ െസുഫൈറ, കുന്‍ഹാഷെദ് ഹാസി ്/ െഅമീന, സയ്‌നുദ്ദീന്‍ ്/ െഅമീന ബീഗം, കരീം അബ്ദുല്‍ ഷെയ്ഖ് ്/ െഷാനവാസ്  കരീം ഷെയ്ഖ്, ജൈതുംബി മുബാറക് ഷെയ്ഖ് ്/ െമുബാറക് ഫഖ്‌റുദ്ദീന്‍ ഷെയ്ഖ് ഉള്‍പ്പെടെയുള്ള കേസുകളില്‍ മുസ്‌ലിം സ്ത്രീകളുടെ അവകാശം കോടതി സംരക്ഷിച്ചിട്ടുണ്ട്. മുസ്‌ലിം വ്യക്തിനിയമപ്രകാരം സ്ത്രീകള്‍ ദുരിതമനുഭവിക്കുന്നു എന്ന് വിലപിക്കുന്നവര്‍ മറച്ചു പിടിക്കുന്നു. സത്യം (പി ഡബ്ല്യു ഡിവി എ) 2005 പ്രകാരം മുസ്‌ലിം സ്ത്രീക്കും ഇന്ത്യന്‍ നിയമപരിരക്ഷ ലഭിക്കുന്നുണ്ട് എന്നാണ്. ഒരു പ്രാദേശിക മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു പരാതി കൊടുത്താല്‍ വക്കീലിന്റെ ആവശ്യം പോലുമില്ലാതെ, സ്ത്രീക്കു സംരക്ഷണച്ചെലവും കുട്ടികളുടെ സംരക്ഷണാവകാശവും ഭര്‍ത്തൃവീട്ടില്‍ താമസിക്കാനുള്ള അവകാശവും നഷ്ടപരിഹാരവും ലഭിക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്.
കോടതി വഴി മുസ്‌ലിം സ്ത്രീകള്‍ക്കു നീതി കിട്ടുമ്പോള്‍ അവിടെ മുസ്‌ലിം വ്യക്തിനിയമത്തിന്റെ പേരു പറഞ്ഞു മുസ്‌ലിം സ്ത്രീകളുടെ അവകാശം നിഷേധിക്കാന്‍ ആരും ഇറങ്ങിപ്പുറപ്പെടുന്നില്ലല്ലോ? അപ്പോള്‍ നിയമപരിഷ്‌ക്കരണങ്ങള്‍ക്കു തത്വത്തില്‍ മുസ്‌ലിം സമുദായം എതിരു നിന്നിട്ടില്ല എന്നര്‍ഥം. പി ഡബ്ല്യു ഡി വി എ 2005-നു പുറമെ 1986-ലെ മുസ്‌ലിം സ്ത്രീ സംരക്ഷണ നിയമത്തിന്റെ ആനുകൂല്യവും ആയിരക്കണക്കിന് മുസ്‌ലിം സ്ത്രീകള്‍ പ്രയോജനപ്പെടുത്തുമ്പോഴും ഇന്നും മുസ്‌ലിം സ്ത്രീ ജീവനാംശം പറയുമ്പോള്‍ ഷാബാനു കേസ് മാത്രം ഉയര്‍ത്തിക്കാണിക്കുന്നതിലെ രാഷ്ട്രീയ അജന്‍ഡ തിരിച്ചറിയേണ്ടതുണ്ട്.
മുസ്‌ലിം സ്ത്രീ സമുദായം ഷാബാനു കേസില്‍ത്തന്നെ കുരുങ്ങിക്കിടക്കുകയാണെന്നു പറയുന്നതു യുക്തിരഹിതവും ന്യായരഹിതവും ആണ്.
ത്വലാഖ് ചൊല്ലപ്പെട്ടാല്‍ സ്ത്രീക്കു സംരക്ഷണച്ചെലവു നല്‌കേണ്ടതില്ല എന്ന ധാരണയാണ് ഷമീം ആരാ കേസും ഡാനിയല്‍ ലത്തീഫ് കേസും 1986 ആക്ടും പൊളിച്ചെഴുതിയത്. ഇദ്ദ സമയത്തു മാത്രമല്ല, ജീവിത കാലം മുഴുവന്‍ മുസ്‌ലിം സ്ത്രീക്കു സംരക്ഷണം ലഭിക്കുന്നുണ്ടെന്നു വ്യക്തം. പൊതു സിവില്‍ കോഡ് ഇല്ലാതെ തന്നെ ഇത്തരം നിയമനിര്‍മാണങ്ങളിലൂടെ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടായിട്ടുണ്ട് എന്നു ചുരുക്കം. മുത്തലാഖും ബഹുഭാര്യാത്വവും മറയാക്കി പൊതു സിവില്‍കോഡിനായുള്ള രാഷ്ട്രീയ നേതാക്കളുടെ ഇടക്കിടെയുള്ള വെടിപൊട്ടിക്കലുകള്‍ കേട്ടാല്‍ തോന്നും ഷാബാനു കേസിനും 1986-ലെ മുസ്‌ലിം സ്ത്രീ സംരക്ഷണനിയമത്തിനും ശേഷം സ്ത്രീകള്‍ക്കുവേണ്ടി ഒരു നിയമപരിഷ്‌ക്കരണത്തിനും മുസ്‌ലിം സംഘടനകള്‍ അനുമതി നല്കിയിട്ടില്ലെന്നും ഖാസികളും മഹല്ലുകളും ചേര്‍ന്ന് ഇവിടത്തെ മുസ്‌ലിം സ്ത്രീകളെ അടിച്ചമര്‍ത്തി വെച്ചിരിക്കുകയും ആണെന്ന്. ആ പ്രതീതി ഊട്ടി ഉറപ്പിക്കാന്‍ പൊതു സിവില്‍ കോഡ്, മുത്തലാഖ്, ബഹുഭാര്യാത്വം ചര്‍ച്ചകളൊക്കെ വരുമ്പോള്‍ കണ്ണു മാത്രം പുറത്തു കാണിച്ച മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങളും അകമ്പടിയായുണ്ടാകും. മുസ്‌ലിം സ്ത്രീ ഇപ്പോഴും അകത്തളങ്ങളില്‍ കിടന്നു വീര്‍പ്പുമുട്ടി കാലം കഴിക്കുകയാണ് എന്ന പ്രതീതിയാണ് ബോധപൂര്‍വം സൃഷ്ടിക്കുന്നത്.