Sunday
27
May 2018

എന്തുകൊണ്ടാണ് ജറൂസലമില്‍ ബാങ്കുവിളി തടയുന്നത്?

റംസി ബറൂദ്

ഗസ്സയില്‍ ഞങ്ങളുടെ അഭയാര്‍ഥി ക്യാമ്പിലെ പ്രധാനപള്ളിയിലെ മുഅദ്ദിന്റെ ബാങ്ക് എല്ലായ്‌പ്പോഴും എനിക്ക് ഉറപ്പ് നല്‍കുന്ന ഒന്നായിരുന്നു. സുബ്ഹ് നമസ്‌കാരത്തിന്റെ സമയമായെന്നറിയിച്ചുകൊണ്ട് സുന്ദരശബ്ദത്തില്‍ അതിരാവിലെ ബാങ്ക് വിളിക്കുന്നത് എനിക്കറിയാമായിരുന്നു.
തീര്‍ച്ചയായും ചര്‍ച്ചിലെ മണിയടിപോലെ ഇസ്‌ലാമിലെ ബാങ്കും ആഴത്തില്‍ മത-ആത്മീയ അര്‍ഥമുള്ളതാണ്. കഴിഞ്ഞ 15 നൂറ്റാണ്ടായി ദിവസവും അഞ്ചുനേരം മുടങ്ങാതെ അത് മുഴങ്ങുന്നു. ഫലസ്തീനില്‍ ഇത്തരം മതപാരമ്പര്യങ്ങള്‍ ആഴത്തില്‍ അര്‍ഥമുള്ള പ്രതീകങ്ങള്‍ കൂടിയാണ്.
രാത്രിയിലെ ഭീതിപ്പെടുത്തുന്ന റെയ്ഡുകള്‍ക്കുശേഷം ഇസ്‌റാഈലി പട്ടാളം അഭയാര്‍ഥിക്യാമ്പുകളില്‍ നിന്ന് പുറത്തുകടന്നു എന്നതായിരുന്നു ക്യാമ്പിലെ അഭയാര്‍ഥികള്‍ക്ക് പ്രഭാത പ്രാര്‍ഥനയുടെ അര്‍ഥം. തുരുമ്പിച്ച വാതിലുകളുള്ള പഴയ പള്ളിയില്‍ ഒരു പുതിയ പ്രഭാതമായെന്ന് വിശ്വാസികളെ അറിയിക്കുന്നതിനായി മുഅദ്ദിനെ സ്വതന്ത്രനാക്കുന്നു. മരിക്കുകയോ മുറിവേല്‍ക്കുകയോ തടവിലാക്കുകയോ ചെയ്തവരെയോര്‍ത്ത് അഭയാര്‍ഥികള്‍ ദു:ഖിതരായിരിക്കുന്നു. ഇതൊക്കെയാണ് ഇസ്‌റാഈലി റെയ്ഡിന്റെ ബാക്കിപത്രം.
ആദ്യ ഫലസ്തീന്‍ ഇന്‍തിഫാദയുടെ നാളുകളില്‍ ഉറങ്ങാന്‍ പോവുക എന്നത് ഏതാണ്ട് അസാധ്യമായിരുന്നു. അധിനിവേശ പ്രദേശങ്ങളില്‍ പലസ്തീന്‍ സമൂഹത്തിനുള്ള കൂട്ടശിക്ഷ ആ നാളുകളില്‍ സഹനത്തിന്റെ എല്ലാ സീമകളും ലംഘിച്ചിരുന്നു. ഗസ്സ മുനമ്പിന് മധ്യത്തില്‍ നുസീറത്ത് അഭയാര്‍ഥി ക്യാമ്പിന് മുമ്പിലുള്ള പള്ളി, മറ്റു പള്ളികളോടൊപ്പം റെയ്ഡ് ചെയ്യുകയും ഇമാമിനെ അറസ്റ്റുചെയ്യുകയും ചെയ്തു. പട്ടാള ഉത്തരവുകള്‍ പ്രകാരം പള്ളികളുടെ വാതിലുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചപ്പോള്‍, കര്‍ഫ്യൂ പ്രഖ്യാപിച്ച ദിവസങ്ങളില്‍ സാധാരണക്കാരായ പലസ്തീനികള്‍ അവരുടെ വീടിന്റെ മേല്‍ക്കൂരകളില്‍ കയറിനിന്ന് ബാങ്ക് വിളിച്ചു. ജീവിതത്തിലൊരിക്കല്‍ പോലും പള്ളിയില്‍ കാലുകുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്ന കമ്യൂണിസ്റ്റുകാരനായ ഞങ്ങളുടെ അയല്‍ക്കാരന്‍ പോലും വീടിന്റെ മേല്‍ക്കൂരയില്‍ കയറിനിന്ന് ബാങ്ക് വിളിച്ചു. ബാങ്ക് അപ്പോഴൊരു മതകാര്യമായിരുന്നില്ല. പട്ടാള ഉത്തരവുകള്‍ക്കുപോലും ജനങ്ങളെ നിശ്ശബ്ദരാക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുന്ന ഒരു സംയുക്ത പ്രതിരോധ പ്രവര്‍ത്തനമായിരുന്നു. തുടര്‍ച്ച, നിലനില്‍പ്, പ്രതീക്ഷ തുടങ്ങി നിരവധി അര്‍ഥങ്ങളുണ്ടായിരുന്ന അന്നത്തെ ബാങ്ക് ഇസ്‌റാഈലി പട്ടാളത്തെ എപ്പോഴും ഭയചകിതരാക്കിയിരുന്നു. പളളികള്‍ക്കുനേരെയുള്ള ആക്രമണം അവസാനിച്ചേയില്ല.
സര്‍ക്കാറിന്റെയും മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2014ല്‍ ഇസ്‌റാഈല്‍ ഗാസക്കെതിരെ നടത്തിയ യുദ്ധത്തില്‍ ഗാസയിലെ മൂന്നിലൊന്നോളം പള്ളികള്‍ തകര്‍ക്കപ്പെട്ടു. ബോംബുകളും മിസൈലുകളും പതിച്ച് 73 പള്ളികള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. 205 എണ്ണം ഭാഗികമായും തകര്‍ക്കപ്പെട്ടു. എ ഡി 649ല്‍ പണികഴിപ്പിച്ച ഗസ്സയിലെ അല്‍ഉമരി മസ്ജിദും ഇതില്‍പെടും.
നുസീറത്തിലെ പ്രധാനപള്ളിയും ഇവര്‍ തകര്‍ത്തുകളഞ്ഞു. അധിനിവേശ കിഴക്കേ ജറൂസലം മുതല്‍ വ്യത്യസ്ത ഫലസ്തീന്‍ പ്രദേശങ്ങളില്‍ ബാങ്ക് വിളി നിരോധിക്കാന്‍ ഇപ്പോള്‍ ഇസ്‌റാഈല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌റാഈലിന്റെ നിയമവിരുദ്ധമായ കിഴക്കേ ജറൂസലം അധിനിവേശത്തെ അപലപിച്ചുകൊണ്ട് രണ്ട് പ്രമേയങ്ങള്‍ യുനെസ്‌കോ പാസാക്കിയതിന് ഏതാനും ആഴ്ചകള്‍ക്കുശേഷമാണ് ബാങ്ക് നിരോധനം വന്നത്.
ഏകദൈവവിശ്വാസാധിഷ്ഠിതമായ എല്ലാ മതങ്ങളുടെയും കേന്ദ്രമായ നഗരത്തിന്റെ പൂര്‍വസ്ഥിതി മാറ്റാനുള്ള ശ്രമവും അന്താരാഷ്ട്ര നിയമം ലംഘിച്ചുകൊണ്ടുള്ള നടപടികളും നിറുത്തിവെക്കാന്‍ യുനെസ്‌കോ ഇസ്‌റാഈലിനോട് ആവശ്യപ്പെടുകയുണ്ടായി.
യു എന്നിന്റെ പരിശ്രമങ്ങള്‍ക്കെതിരെ യു എന്‍ സെമിറ്റിക് യുദ്ധമാണെന്ന് ആരോപിച്ചുള്ള ഇസ്‌റാഈലിന്റെ കാമ്പയിന്‍ പരാജയപ്പെട്ടതോടെ പുതിയ രീതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. യുനെസ്‌കോയുടെ വിധിയില്‍ രോഷംപൂണ്ട് ജറുസലേമിലെ ജൂതരല്ലാത്ത താമസക്കാരെ മുഴുവന്‍ ഒരുമിച്ച് ശിക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ നിയമവിരുദ്ധ ജൂതഭവനങ്ങള്‍ നിര്‍മിക്കുന്നു. ആയിരക്കണക്കിന് അറബ് ഭവനങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി. ഒടുവില്‍ പല പള്ളികളിലെയും ബാങ്കുവിളി നിരോധിക്കുമെന്ന ഭീഷണിയും.
ജറൂസലമിലെ ഇസ്‌റാഈലി മേയറായ നിര്‍ബറക്കാത്തിന്റെ വീടിനു മുന്നില്‍ പിസ്ഗാറ്റ്‌സീവ് എന്ന നിയമവിരുദ്ധ പാര്‍പ്പിട കേന്ദ്രത്തിലെ താമസക്കാരായ ഒരു സംഘം പള്ളികളില്‍ നിന്ന് ‘ബാങ്കുവിളി മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം’ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവംബര്‍ 3-ന് ഒരുമിച്ചുകൂടിയതോടെയാണ് ഇതെല്ലാം ആരംഭിക്കുന്നത്. മുഖ്യമായും ഈയിടെ യൂറോപ്പില്‍ നിന്നും പലസ്തീനില്‍ താമസക്കാരായെത്തിയവര്‍ ആരോപിക്കുന്ന ശബ്ദമലിനീകരണം നമസ്‌കാരത്തിലേക്കുള്ള വിളി എ ഡി 637 മുതല്‍ ആ നഗരത്തിലുള്ളതാണ്. എ ഡി 637ല്‍ ജറൂസലമില്‍ പ്രവേശിച്ച ഖലീഫ ഉമര്‍ ആ നഗരവാസികളെയെല്ലാം മതവിശ്വാസഭേദമന്യേ ആദരിക്കുന്നതിന് ഉത്തരവിടുകയാണുണ്ടായത്.
ഇസ്‌റാഈലി മേയര്‍ ഉടനെ സമ്മതിച്ചു. ഒട്ടും സമയം കളയാതെ ഇസ്‌റാഈലി പട്ടാളക്കാര്‍ ജറുസലേമിലെ അര്‍റഹ്മാന്‍, അതൈ്വബ, അല്‍ജാമിഅ മസ്ജിദുകള്‍ ഉള്‍പ്പെടെയുള്ളവ റെയ്ഡ് ചെയ്യാന്‍ തുടങ്ങി. ബാങ്ക് നിരോധനമറിയിക്കാന്‍ പട്ടാള ഉദ്യോഗസ്ഥര്‍ പ്രഭാതത്തിനു മുമ്പേ മുഅദ്ദിന്‍മാരുടെ അടുത്തെത്തി. പ്രദേശത്തെ മുസ്‌ലിംകളെ പള്ളികളിലെത്തുന്നതില്‍ നിന്ന് തടയുകയും ചെയ്തു എന്നാണ് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്‌ലാമിന്റെ അഞ്ചു പ്രധാന സ്തംഭങ്ങളില്‍ രണ്ടാമത്തേതാണ് അഞ്ചുനേരത്തെ നമസ്‌കാരം. അതിനായി മുസ്‌ലിംകളെ വിളിച്ചുകൂട്ടാനാണ് അദാന്‍ (ബാങ്ക്). ജറൂസലമിന്റെ തനതായ ഐഡന്റിറ്റിയുടെ ഒഴിവാക്കാനാവാത്ത ഭാഗവുമാണത്. സഹവര്‍ത്തിത്വം ഒരു യഥാര്‍ഥ സാധ്യതയാണെന്ന് ഒരുമയോടെ ഓര്‍മപ്പെടുത്തുന്നതാണ് ജറൂസലമിലെ മുസ്‌ലിം പള്ളികളില്‍ നിന്നുള്ള ബാങ്കുവിളികളും ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നുള്ള മണിയടികളും. എന്നാല്‍ അധിനിവേശ ജറുസലേമിനെ രാഷ്ട്രീയ പ്രതികാരത്തിനും കൂട്ടശിക്ഷയ്ക്കുമുള്ള പ്ലാറ്റ്‌ഫോമാക്കുന്ന ഇസ്‌റാഈലി പട്ടാളത്തോടും സര്‍ക്കാറിനോടും മേയറോടും അത്തരം സഹവര്‍ത്തിത്വം സാധ്യമല്ല.
മുറിവേറ്റ വിശുദ്ധ നഗരം ഇസ്‌റാഈലിന്റെ കീഴിലാണെന്ന ഓര്‍മപ്പെടുത്തലും പ്രത്യക്ഷമല്ലാത്തതുള്‍പ്പെടെയുള്ള എല്ലാ മേഖലകളും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന സന്ദേശവുമാണ് ഇതിലൂടെ ഇസ്‌റാഈല്‍ നല്കാന്‍ ശ്രമിക്കുന്നത്. ഇസ്‌റാഈലിന്റെ അധിനിവേശ രീതി മുമ്പെങ്ങുമില്ലാത്തതാണ്. കേവല നിയന്ത്രണമല്ല, സമ്പൂര്‍ണാധിപത്യമാണ് അവര്‍ക്കാവശ്യം.
എന്റെ മുന്‍ അഭയാര്‍ഥി ക്യാമ്പിലെ പള്ളി തകര്‍ക്കപ്പെട്ടപ്പോള്‍, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും വലിച്ചെടുത്ത മയ്യിത്തുകള്‍ക്കു വേണ്ടി ചരലുകള്‍ക്കു ചുറ്റിലും മുകളിലും നിന്ന് ക്യാമ്പ് നിവാസികള്‍ നമസ്‌കരിക്കുകയുണ്ടായി. ഗാസയിലും ഇങ്ങനെ നടക്കാറുണ്ട്. ഒടുവിലത്തെ യുദ്ധവേളയില്‍ മാത്രമല്ല, അതിനു മുമ്പുള്ള യുദ്ധവേളകളിലും ജറുസലമിലെ വിശുദ്ധ സ്ഥലങ്ങളിലെത്തുന്നതില്‍ നിന്ന് പലസ്തീന്‍കാരെ തടയുമ്പോഴൊക്കെ, അവര്‍ ഇസ്‌റാഈലി പട്ടാളത്തിന്റെ ചെക്ക് പോസ്റ്റുകള്‍ക്കു പിന്നില്‍ ഒരുമിച്ചുകൂടി പ്രാര്‍ഥിക്കാറുണ്ട്. ജറുസലം ഇസ്‌റാഈല്‍ പട്ടാളത്തിന്റെ കീഴില്‍ വന്ന നാള്‍ മുതല്‍ അഥവാ ഏതാണ്ട് അന്‍പത് വര്‍ഷമായി ഇതിനും ജറുസലം സാക്ഷ്യം വഹിക്കുന്നു. എത്ര കടുത്ത ബലപ്രയോഗത്തിനോ കോടതിയുത്തരവുകള്‍ക്കോ ഇതില്‍ നിന്നിവരെ പിന്തിരിപ്പിക്കാനാവില്ല.
ഇമാമുകളെ തടഞ്ഞുവെക്കാനും പള്ളികള്‍ തകര്‍ക്കാനും ബാങ്കുവിളി തടയാനും ഇസ്‌റാഈല്‍ ശ്രമിക്കുമ്പോഴൊക്കെ കൂടുതല്‍ കരുത്തോടെ ഫലസ്തീനികള്‍ വിശ്വാസം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ജറൂസലം ഒരിക്കലും വിശ്വാസികളെ പ്രാര്‍ഥനയ്ക്കായി വിളിക്കല്‍ നിറുത്തിയില്ല, വിശ്വാസികളോ പ്രാര്‍ഥനയും നിറുത്തിയില്ല. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി.
വിവ.
സിദ്ദീഖ് സി സൈനുദ്ദീന്‍