Thursday
22
February 2018

ഇന്ന് സാകിര്‍ നായിക്, നാളെ…

Shabab Webadmin

കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ കറന്‍സി പിന്‍വലിക്കുകവഴി നടപ്പിലാക്കിയ സാമ്പത്തിക അടിയന്തിരാവസ്ഥയില്‍ ഗതികെട്ട് ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണ ജനങ്ങള്‍ (ഇതെഴുതുമ്പോള്‍) പതിമൂന്നു ദിവസമായി അക്ഷരാര്‍ഥത്തില്‍ പെരുവഴിയിലാണ്. ജനങ്ങള്‍ക്ക് മറ്റൊരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാത്ത ഈ ദുര്‍ബല നിമിഷങ്ങളില്‍ കേന്ദ്രമന്ത്രിസഭ മറ്റൊരു വലിയ തീരുമാനമെടുത്തത് ആരും അറിയാതെ പോയി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത ഇസ്‌ലാമിക പ്രഭാഷകന്‍ ഡോ. സാകിര്‍ നായിക്കിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍(ഐ ആര്‍ എഫ്)ന്റെ പ്രവര്‍ത്തനം അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് നവംബര്‍ പതിനഞ്ചിന് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. യുഎപിഎ എന്ന കരിനിയമം ചുമത്തിയാണ് നിരോധം. ഭീകരത പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം. തികച്ചും ജനാധിപത്യ മതേതരത്വ വിരുദ്ധമായ ഈ ഫാസിസ്റ്റ് നടപടി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വരും നാളുകളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന ശത്രുതാപരമായ നടപടികളുടെ തുടക്കം മാത്രമായേ കാണാനൊക്കുകയുള്ളൂ. ഇന്ന് സാക്കിര്‍ നായിക്, നാളെ ഏത് മുസ്‌ലിം സംഘടനയുമാകാം.
മുസ്‌ലിംകള്‍ ഇന്ത്യവിട്ടുപോകണമെന്നുള്ള ചില ഭ്രാന്തന്‍ പ്രസ്താവനകള്‍ സംഘ്പരിവാരില്‍ നിന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ അത് ഗവണ്‍മെന്റിന്റെ നയമാണ് എന്ന് തോന്നിപ്പിക്കുംവിധമാണ് മോദിയുടെ പ്രവര്‍ത്തനങ്ങള്‍. ഭീകരവാദം, അതിര്‍ത്തി നുഴഞ്ഞുകയറ്റം, കള്ളപ്പണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെതിരെ എന്ന പേരില്‍ എന്തു നടപടിയും സ്വീകരിക്കാമെന്ന അവസ്ഥയാണ്. അവ ചോദ്യം ചെയ്താല്‍ രാജ്യദ്രോഹകുറ്റമായിത്തീരും. ഈ മറവില്‍ മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരെ പലതരം നടപടികളും ബിജെപി ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്നു. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി മാത്രം നിലകൊള്ളുന്ന മോദി മീഡിയയെ വിലയ്ക്കു വാങ്ങുകയാണ് ആദ്യം ചെയ്തത്. ഐആര്‍എഫ് നിരോധം ചില മുഖ്യധാരാ പത്രങ്ങള്‍ റിപ്പോര്‍ട്ടുപോലും ചെയ്തില്ല. ചാനലുകള്‍ രാത്രി ചര്‍ച്ചകളില്‍ ഇതുള്‍പ്പെടുത്തിയിട്ടില്ല. കാരണം പോക്കറ്റു കാലിയായി ഉറക്കം നഷ്ടപ്പെട്ട ജനങ്ങള്‍ സാക്കിര്‍ നായിക് വിഷയം അറിയുകയേ വേണ്ട. അറിഞ്ഞവര്‍പോലും ഏറെ ചിന്തിക്കേണ്ടതില്ല എന്ന നയമാണ് മീഡിയ സ്വീകരിച്ചത്.
എന്താണ് സാക്കിര്‍ നായിക്കും ഐആര്‍എഫും ചെയ്തത്? ഭരണഘടനാദത്തമായ മതപ്രബോധനാവകാശം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇസ്‌ലാമിനെ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഇസ്‌ലാമിനെ സൈദ്ധാന്തികമായി പരിചയിക്കാനവസരമൊരുക്കുക മാത്രമാണ് ബഹുഭാഷാ-ഇസ്‌ലാമിക പണ്ഡിതനായ ഡോ.സാക്കിര്‍ നായിക് കാല്‍ നൂറ്റാണ്ടുകാലമായി ചെയ്തുവരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനമോ ദുരൂഹത നിറഞ്ഞ പ്രവര്‍ത്തനങ്ങളോ അവിടെ നടന്നതായി ഇന്നേവരെ പരാതി വന്നിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോ.സാക്കിര്‍ നായികിന്റെ മതാന്തര സംവാദങ്ങള്‍ നടന്നിട്ടുണ്ട്. ചാരിറ്റബ്ള്‍ ട്രസ്റ്റ് നിയമമനുസരിച്ച് വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ ഐആര്‍എഫിന് ലഭിച്ച അനുമതിയാണ് ഗവ. ആദ്യം നിര്‍ത്തലാക്കിയത്. എഫ്‌സിആര്‍ സൗകര്യമുള്ള ആയിരക്കണക്കിന് ട്രസ്റ്റുകള്‍ വിവിധ ജാതിമതക്കാരുടേതായി ഇന്ത്യയിലുണ്ടെന്നിരിക്കെ നായിക്കിനുമാത്രം എന്തിനു വിലക്കേര്‍പ്പെടുത്തി?
2016 ജൂലൈ ഒന്നിന് ധാക്കയില്‍ നടന്ന ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളിലൊരാള്‍ സാക്കിര്‍ നായികിന്റെ പ്രഭാഷണം കേട്ട് പ്രചോദിതനായി എന്ന് ധാക്കയിലെ ഡെയ്‌ലി സ്റ്റാര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തതാണ് സാക്കിര്‍ ഭീകരവാദി ലിസ്റ്റില്‍ പ്രതിചേര്‍ക്കപ്പെടാന്‍ കാരണമത്രേ. ഇന്ത്യന്‍ മീഡിയ ഈ വാര്‍ത്താചാകര ആഘോഷിച്ചു തിമിര്‍ത്തു.  എന്നാല്‍ ഡെയ്‌ലി സ്റ്റാര്‍ ആ  വാര്‍ത്ത തെറ്റായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് പിന്‍വലിച്ചു മാപ്പുപറഞ്ഞത് ഒരു മീഡിയയും കാര്യമായി എടുത്തതേയില്ല. മുസ്‌ലിം പ്രശ്‌നങ്ങളില്‍ ഇത്രമേല്‍ നിഷേധാത്മക നിലപാട് എടുത്തുകൊണ്ടിരിക്കുകയാണ് ഫാസിസ്റ്റുകളും കേന്ദ്രഭരണകൂടവും മീഡിയയും. എന്നാല്‍ ലോകത്ത് നിറഞ്ഞുകിടക്കുന്ന സാക്കിര്‍നായിക്കിന്റെ ആയിരം പ്രഭാഷണങ്ങളില്‍ എവിടെയെങ്കിലും ഭീകരവാദം പ്രോത്സാഹിപ്പിച്ച ഒരു വാക്യംപോലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഐ ആര്‍ എഫ് പ്രസിദ്ധീകരിച്ച ഒരുവരിയങ്കിലും തെളിവായി ഒരു മീഡിയയും ഉദ്ധരിച്ചിട്ടില്ല. അതേസമയം സാക്കിര്‍നായിക്കിനെ കൊല്ലുന്നവര്‍ക്ക് 50 ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ച സ്വാധി പ്രാചി വിഷംചീറ്റി ഇപ്പോഴും വിലസുന്നു. ഇതാണോ ഇന്ത്യ? ‘ഇക്കണ്ടതാണിന്ത്യയെങ്കില്‍ എന്തിന് നാം തല്ലിയോടിച്ചു വെറുതെയസ്സായിപ്പിനെ’!
ഭരണകക്ഷിയുടെ ഭ്രാന്തന്‍ നിലപാടുകള്‍ക്കെതിരെ സാര്‍ഥകമായി പ്രതികരിക്കാന്‍ കഴിയാത്ത പ്രതിപക്ഷം ജനാധിപത്യത്തിന് ആപത്താണ്. ജനദ്രോഹനടപടികള്‍ക്കുനേരെ കുറ്റകരമായ മൗനം അവലംബിക്കുന്ന കോണ്‍ഗ്രസ്-ഇടതുപക്ഷ നിലപാടുകളും ആക്ഷേപാര്‍ഹമാണ്. അധികാരത്തിലിരുന്ന് മൗനം പാലിച്ച് ബാബരി പൊളിക്കാനവസരമൊരുക്കിയതുപോലെ പ്രതിപക്ഷത്തിരുന്ന് മൗനമവലംബിച്ച് അധികാരികളെ കയറൂരിവിടുന്നതില്‍ ജനാധിപത്യത്തെ ആദരിക്കുന്നവര്‍ക്ക് ആശങ്കയുണ്ട്. തെറ്റുചെയ്തവരെ ശിക്ഷിക്കുന്നതില്‍ ആര്‍ക്കും ഒരെതിരഭിപ്രായമില്ല. എന്നാല്‍ കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിക്കുപോലും വക്കാലത്ത് ലഭിക്കുന്ന ഇക്കാലത്ത് മാന്യമായി ജീവിക്കുന്ന ഇസ്‌ലാമിക പ്രബോധകര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത യുഎപിഎ ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ ജനാധിപത്യബോധമുള്ളവര്‍ തയ്യാറാകണം.                        ഹ