Saturday
21
July 2018

കുട്ടികളില്‍ വര്‍ധിച്ചുവരുന്ന കുറ്റവാസനകള്‍

Shabab Webadmin

രാജ്യത്ത് കുട്ടിക്കുറ്റവാളികള്‍ ക്രമാതീതമായി വര്‍ധിക്കുന്നതായുള്ള വാര്‍ത്തകള്‍ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഈയിടെ മുസഫര്‍പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ സഹപാഠികള്‍ ചേര്‍ന്ന് ഒരു ദലിത് വിദ്യാര്‍ഥിയെ നിഷ്ഠൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താന്‍ ഒരു ദളിത് വിദ്യാര്‍ഥിയായതിനാല്‍ മറ്റു കുട്ടികള്‍ തന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പാറുണ്ടെന്നും ക്രൂരമായി മര്‍ദിക്കുക പതിവാണെന്നും പിന്നീട് ആ വിദ്യാര്‍ഥി വ്യക്തമാക്കുകയുണ്ടായി. സ്‌കൂള്‍ കോമ്പൗണ്ടില്‍ പതിവുള്ള കുട്ടികള്‍ തമ്മിലുള്ള അടിപിടിയായി ഇതിനെ ലഘൂകരിച്ചു കാണാനാകില്ല. കൊലപാതകം, ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത്, സ്വവര്‍ഗരതി, സൈബര്‍ കുറ്റങ്ങള്‍ തുടങ്ങി മുതിര്‍ന്നവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളിലും കുട്ടിക്കുറ്റവാളികള്‍ പിടിയിലാകുന്നു എന്നതാണ് നമ്മെ ഞെട്ടിക്കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ച കണക്കുപ്രകാരം ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ 6% ബലാത്സംഗവും, 4.7% സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തലും 20% മോഷണവുമാണ്. 2014-ലെ കണക്കനുസരിച്ച് 48,230 കുട്ടിക്കുറ്റവാളികളില്‍ 1592 പേര്‍ പെണ്‍കുട്ടികളുമാണ്!
ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ എട്ടുമാസത്തിനിടെ 500-ല്‍ പരം കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത്തരം കേസുകളില്‍ വലിയ പങ്കും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നതുകൂടി നാം കാണണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ പലതും നമ്മുടെ ബാലതലമുറ അപകടാവസ്ഥയിലെത്തിയിരിക്കുന്നുവന്ന് വ്യക്തമായ സൂചന നല്‍കുന്നു. പത്തു വയസ്സുകാരന്‍ സ്വന്തം അമ്മ വസ്ത്രം മാറ്റുന്നത് മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് യൂ ട്യൂബില്‍ ഇട്ടതു മുതല്‍ അയല്‍ക്കാരി കുളിക്കുന്ന രംഗം പകര്‍ത്തി പ്രചരിപ്പിച്ചതുവരെ അതില്‍ പെടുന്നുണ്ട്. പല തരത്തിലുള്ള മയക്കുമരുന്ന് ഉല്‍പന്നങ്ങളുടെയും കാരിയര്‍മാരായി ചെറിയ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നു. സ്‌കൂള്‍ ബാഗുകളില്‍ നിന്ന് കഞ്ചാവ് പൊതി പൊലീസ് പിടിച്ചെടുത്ത സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൂട്ടുകാരിയോട് പാഠപുസ്തകം വാങ്ങാന്‍പോയ എട്ടാം ക്ലാസുകാരിയെ ടി വി കാണിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ച് മാനഭംഗപ്പെടുത്തിയ രണ്ട് കുട്ടികള്‍ ശിക്ഷിക്കപ്പെട്ട സംഭവം നടന്നിട്ട് അധികമായിട്ടില്ല.
കുട്ടികള്‍ ഏര്‍പ്പെടുന്ന കുറ്റകൃത്യകേസുകള്‍ സൂക്ഷ്മമായി പഠിച്ചാല്‍, ദാരിദ്ര്യമോ മോശം കുടുംബ പശ്ചാത്തലമോ അല്ല കുറ്റകൃത്യങ്ങള്‍ക്ക് കാരണങ്ങളെന്ന് ബോധ്യമാകും. നല്ല തറവാടുകളിലെ കുട്ടികളാണ് പലപ്പോഴും ക്രമിനല്‍വാസന കാണിക്കുന്നത്. വിശപ്പുകൊണ്ടല്ല, സമ്പന്നത കൊണ്ടാണ് ഇവര്‍ കുറ്റവാളികള്‍ ആകുന്നതെന്നര്‍ഥം. സഹപാഠിയുടെ ഉച്ചയൂണ്‍ മോഷ്ടിച്ചുതിന്ന കഥകളാണ് പഴയ തലമുറയിലെങ്കില്‍, ഇന്ന് വിലകൂടിയ മൊബൈല്‍ ഫോണുകളും ബൈക്കും ലഹരിവസ്തുക്കളും മറ്റുമാണ് മോഷണദ്രവ്യങ്ങള്‍. പണം മോഷ്ടിക്കുന്നതുപോലും മൊബൈല്‍ റീചാര്‍ജ് ചെയ്യാനും ബൈക്കില്‍ പെട്രോള്‍ അടിക്കാനുമാണ്! ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും വ്യാപനം കൊച്ചുകുട്ടികളില്‍ പോലും ലൈംഗിക വൈകൃതങ്ങള്‍ വളരാന്‍ കാരണമാകുന്നുണ്ട്. ഒരു ആന്റി വൈറസ് കമ്പനി നടത്തിയ സര്‍വേയില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ദുരുപയോഗം വ്യാപിക്കുന്നതായി പറയുന്നു. അശ്ലീല സൈറ്റുകള്‍ കാണാന്‍വേണ്ടി മാത്രം നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാര്‍ 35% വരും. അതില്‍ 45%വും സ്മാര്‍ട്ട് ഫോണുകളിലുമാണത്രെ.
ഇന്നത്തെ സാഹചര്യത്തില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമൊന്നും തീരെ ഒഴിവാക്കാന്‍ കഴിയില്ല. അത് ശരിയായ ആവശ്യങ്ങള്‍ക്ക് മാത്രമേ കുട്ടികള്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുകയാണ് ആവശ്യം. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ അതീവ ജാഗ്രത അനിവാര്യമാണ്. ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറുകള്‍ വീട്ടിലെ പൊതുഇടങ്ങളില്‍ മാത്രം സ്ഥാപിക്കുക, കുട്ടികള്‍ക്ക് ടാബും മൊബൈലും നല്‍കുമ്പോള്‍ അത് നിരന്തരം നിരീക്ഷിക്കുക, അതിന്റെ ദുരുപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ രക്ഷിതാക്കള്‍ കണിശമായി പാലിക്കണം. അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ ശ്രദ്ധ അനിവാര്യമാണ്. വളര്‍ന്നുവരുന്ന തലമുറയെ, ആക്ഷേപിച്ചതുകൊണ്ട് കാര്യമില്ല. മറിച്ച്, അവരെ സ്‌നേഹലാളനകളോടെ, സൂക്ഷ്മതയോടെ വളര്‍ത്തിയെടുക്കുകയാണ് മുതിര്‍ന്നവരുടെ മുന്നിലുള്ള വെല്ലുവിളി.