Thursday
22
February 2018

‘അമാനത്ത്’ അലങ്കാരമാവരുത്

Shabab Webadmin

ആകാശവും ഭൂമിയും സര്‍വചരാചരങ്ങളും അല്ലാഹുവിന്റെ സൃഷ്ടികളാണ്. മനുഷ്യന്‍ സവിശേഷ സൃഷ്ടിയും. മനുഷ്യന്‍ നിര്‍വഹിക്കുന്ന മഹനീയ ദൗത്യം, ആകാശത്തോടും ഭൂമിയോടും ഏറ്റെടുക്കാന്‍ സ്രഷ്ടാവ് ആവശ്യപ്പെട്ടിരുന്നുവെന്നും, അവ വിസമ്മതം പ്രകടിപ്പിച്ചുവെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു (33:72). എന്നാല്‍ മനുഷ്യന്‍ അത് ഏറ്റെടുക്കുകയായിരുന്നു. സ്വജീവിതത്തിന്റെ ആദര്‍ശവല്ക്കരണവും അവയുടെ സത്യസാക്ഷ്യവുമാണ് സംക്ഷിപ്തമായി പഞ്ഞാല്‍ പ്രസ്തുത ദൗത്യം (അമാനത്ത്)
കാലദേശ വ്യത്യാസമില്ലാതെ മനുഷ്യന്‍ നിര്‍വഹിക്കേണ്ട ‘അമാനത്ത്’, ഏക ലക്ഷ്യത്തിലൂന്നിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ്. പ്രവാചകരിലൂടെ വ്യത്യസ്തവും വൈവിധ്യവുമായി നിര്‍വഹിച്ചുപോന്ന അത്യുന്നത ദൗത്യം. കാലത്തിന്റെ തുടിപ്പും തേട്ടവും തൊട്ടറിഞ്ഞ നിര്‍വഹണ ചരിത്രമാണ് അവ ഓരോന്നും. ദൗത്യത്തിന്റെ മഹത്വവും ഗൗരവവും ഉത്തരവാദിത്വ ബോധവും ശക്തമായ സാഹചര്യങ്ങളിലെല്ലാം സര്‍വതോന്മുഖമായ പരിവര്‍ത്തനങ്ങള്‍ക്കും അഭിവൃദ്ധിക്കും ഇസ്‌ലാമിക ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലോകത്തിന്റെ മുന്‍പില്‍ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ശോഭന ചിത്രങ്ങളായിരുന്നു അത്.
സ്രഷ്ടാവ് നമ്മെ ഏല്പിക്കുന്നതും നാം ഏറ്റെടുക്കുന്നതുമായ അമാനത്തുകളുണ്ട്. ഭൂമിയിലെ പ്രാതിനിധ്യം നിര്‍വഹിക്കുന്ന ‘ഖിലാഫത്ത്’, (2:30) നമ്മെ നാഥന്‍ ഏല്പിച്ചതാണ്. ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് എത്തിക്കുക’യെന്ന പ്രവാചകന്റെ(സ) കല്പനയും തഥൈവ. ജീവിത-മരണത്തിനിടയില്‍ നാം ഏറ്റെടുക്കുന്ന, നമ്മെ സമൂഹം, കുടുംബം ഏല്പിക്കുന്നതും ‘അമാനത്താണ്’. ഏത് വിധേനയാണെങ്കിലും ദൗത്യനിര്‍വഹണത്തില്‍ അണു അളവുപോലും ബോധപൂര്‍വമായ ‘വഞ്ചന’ ഉണ്ടാവാന്‍ പാടില്ല. കേവലം അതിര്‍ത്തിരേഖ വരച്ച് നിര്‍ണയിക്കാവുന്നവയല്ല ‘വഞ്ചന’യുടെ അര്‍ഥവും ആഴവും (8:27)
വ്യക്തികളുടെ ജീവിതം, കഴിവ്, സിദ്ധികള്‍, സാഹചര്യങ്ങള്‍ തുടങ്ങി പലതിലും പ്രകടമാകുന്ന ‘വൈവിധ്യം’ പോലെ (92:4) തന്നെയാണ് ദൗത്യ നിര്‍വഹണത്തിന്റെ കാര്യവും. ഞാന്‍ ചെയ്തുതീര്‍ക്കേണ്ടതാവില്ല നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. അപ്പോഴാണ് പ്രബോധന ദൗത്യം സര്‍ഗാത്മകവും ക്രിയാത്മകവുമാവുന്നത്. അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗീയാനുഗ്രഹങ്ങളും, നമ്മെ തിരിച്ചറിഞ്ഞും നമ്മളിലുള്ളതിനെ (േെൃലിഴവേ) സക്രിയമാക്കിയും നമുക്ക് നേടാനാവണം (28:77) അതാണ് യഥാര്‍ഥ വിജയം (3:185). തന്റെ കഴിവുകള്‍ എല്ലാം അല്ലാഹു നമുക്ക് തന്ന് അനുഗ്രഹിച്ച ‘ഇഹ്‌സാനു’കളാണ്. അവക്കുള്ള നന്ദിയായി നാം നിര്‍വഹിക്കേണ്ട ദൗത്യത്തില്‍ വരുന്ന അപരാധങ്ങള്‍ ‘ഫസാദുകളാ’ണ് എന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു (28:77).
നാം ഏറ്റെടുത്തതും ഏല്പിച്ചതുമായ മതപ്രബോധന പ്രവര്‍ത്തനങ്ങളല്ലാത്ത മിക്ക മേഖലകളിലും നമ്മുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് നാം പ്രവര്‍ത്തിക്കാറുണ്ട്. രാപ്പകലുകള്‍ വ്യത്യാസമില്ലാതെ അധ്വാനിക്കുന്നു. ബന്ധങ്ങളില്‍ പരിക്കു പറ്റാതിരിക്കാന്‍ സന്ദര്‍ശനങ്ങളും യാത്രകളും സജീവമാക്കുന്നു. യോഗങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ സാന്നിധ്യം ഉറപ്പുവരുത്തുന്നു. ചിലര്‍ സ്വയം സന്നദ്ധരായി ‘പണം മുടക്കി’ വിദഗ്ധ പരിശീലനം നേടുന്നു. ഉത്തരവാദിത്വങ്ങള്‍ സ്വയം സന്നദ്ധരായി ഏറ്റെടുക്കുന്നു. എന്റെ ‘(ടുമരല)’ ഇടം തിരിച്ചറിഞ്ഞ് നല്ല ‘റിസള്‍ട്ട്’ ഉണ്ടാക്കുന്നതിന് വിയര്‍പ്പ് പൊടിഞ്ഞ് അധ്വാനിക്കുന്നു. പ്രാതികൂല്യങ്ങള്‍ വകവെക്കാതെ സധൈര്യം മുന്നോട്ടു കുതിക്കുന്നു. ഇതെല്ലാം തെറ്റായ കാര്യമൊന്നുമല്ല. എ ന്നാല്‍ ആദര്‍ശപ്രബോധന സംഘടനാ രംഗങ്ങളില്‍ നമ്മുടെ ‘അമാനത്തുകള്‍’ കേവലം അലങ്കാരങ്ങളായി മാറുന്നുവെങ്കില്‍ അത് ശിക്ഷാര്‍ഹമാണ്. അതകൊണ്ടായിരിക്കണം പ്രവാചകന്‍(സ) ഇപ്രകാരം പറഞ്ഞത്.
”നിങ്ങള്‍ അധികാരം കൊതിക്കരുത്. അത് പരലോകത്ത് നിന്ദ്യതയും ദു:ഖവുമായിരിക്കും”(ബുഖാരി)
സംഘടനാ പ്രവര്‍ത്തകന്റെ ഉള്ളുണര്‍ത്തേണ്ട ഒരു വചനമാണിത്. നേതൃത്വം ദൗത്യനിര്‍വഹണത്തിന്റെ ഉന്നത തലമാണ്. ശാഖ മുതല്‍ സംസ്ഥാന തലം വരെ ഒരേ സമയം അണികളും നേതാക്കളുമാണ് നമ്മള്‍ ഓരോരുത്തരും. അമാനത്തിന്റെ ‘ഭാരം’ നെഞ്ചേറ്റിയ ഭാരവാഹികള്‍ നാഥന്റെ മുന്‍പില്‍ തലയുയര്‍ത്തി നില്ക്കാനുള്ള നെഞ്ചുറപ്പ് നേടിയെടുക്കുക എന്നത് പരിശ്രമം ആവശ്യമുള്ള കാര്യമാണ്. നേതാവായതോടെ ഉറക്കം നഷ്ടപ്പെട്ടവരുടെ ചരിത്രം നമ്മുടെ മുന്‍പിലുണ്ട്. സമുദായം ഉല്‍കൃഷ്ടാവസ്ഥ നേടാതെ ഉറക്കം വരില്ലെന്ന് പ്രഖ്യാപിച്ച സമുന്നതരായ നേതാക്കള്‍ കൊണ്ട വെയിലാണ് നാം അനുഭവിക്കുന്ന തണുപ്പ് എന്ന് മറന്നുപോവരുത്.
കാലം മുന്നോട്ട് പോവും തോറും ‘മാതൃക’കള്‍ കുറയരുത്. സ്വയം വിചാരമാണ് സ്വത്വേബാധം ശക്തിപ്പെടുത്തുക. ഒരു സ്ഥലത്ത് പ്രഭാഷണം സംഘടിപ്പിക്കാന്‍ മുന്‍പ് അനുഭവിച്ചിരുന്ന വിഷമങ്ങള്‍ ചെറുതല്ല. ഒരു സ്ഥലത്തേക്ക് പ്രഭാഷണത്തിനായി പോകാന്‍ തയ്യാറായ പണ്ഡിതന്‍, കാലത്ത് പുറപ്പെടുന്നു. വൈകുന്നേരം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍. ‘റിമൈന്റ്’ ചെയ്യാനോ പുറപ്പെട്ടുവെന്ന് ഉറപ്പുവരുത്താനോ മാര്‍ഗമില്ല. തപാല്‍ കാര്‍ഡ് വഴി ബുക്ക് ചെയ്യുന്നു. മറുപടി അയയ്ക്കുന്നു. പിന്നെ തീരുമാനമറിയിക്കുന്നു. എല്ലാം ചരിത്രമാണ്. യോഗവിവരങ്ങള്‍ കൈമാറുന്നതും ഇതുപോലെ തന്നെ. ഇന്ന് ‘തട്ടിയുണര്‍ത്താന്‍’ എത്രയെത്ര മാര്‍ഗങ്ങള്‍, അവ ഉപയോഗിക്കുന്നുണ്ടെങ്കിലും മിക്ക യോഗങ്ങളിലും ‘ഹാജര്‍’ കുറയുന്നുണ്ടോ? പരിശീലനം കളരികളില്‍ അര്‍ഥം ചോരുന്നുണ്ടോ?
നിര്‍ബന്ധ സാന്നിധ്യം ഉണ്ടാവേണ്ട പല സംഗമ വിവരങ്ങളും ‘പറയാന്‍ മറക്കുന്ന നേതൃത്വ’ത്തിന് ഞാന്‍ ഒരു തെറ്റ് ചെയ്തുവെന്ന അസ്വസ്ഥതപോലും അനുഭവപ്പെടുന്നില്ല എന്നല്ലേ സത്യം. നമ്മുടെ അലസത വഴി പലര്‍ക്കും നഷ്ടമാകുന്നത് തുടര്‍ചലനങ്ങള്‍ക്കുള്ള ഊര്‍ജമാണ്. അവ നമുക്ക് പകരം ചെയ്യാനാവില്ല, പലപ്പോഴും. രാപ്പകലുകള്‍ കുത്തിയിരുന്ന് തയ്യാര്‍ ചെയ്യുന്ന ദഅ്‌വ സംരംഭങ്ങളുടെ ഗുണഭോക്താക്കളാവേണ്ടവര്‍, അതി നി സ്സാര ന്യായങ്ങളുടെ പേരില്‍ അസാന്നിധ്യം അറിയിക്കുമ്പോള്‍ സംഭവിക്കുന്നത് കേവലം ഒരു ‘ലീവ്’ അല്ല. ഒരു പ്രദേശത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാകേണ്ട ഊര്‍ജവും ഓജസ്സും വ്യവസ്ഥാപിതത്വവും നഷ്ടപ്പെടുത്തി എന്ന കുറ്റം കൂടിയാണ്. മൈലുകള്‍ നടന്ന് താണ്ടിയ പണ്ഡിതരുടെ ചരിത്രം കേള്‍ക്കാന്‍ ശീതീകരിച്ച വാഹനങ്ങളില്‍ വരുന്നത് തെറ്റല്ല. പക്ഷേ, ആ ചരിത്രത്തിന്റെ നവനിര്‍മിതി സാധ്യമാകാന്‍ ‘അമാന’ത്തിന് ചൂട് പകരേണ്ടത് അത്യാവശ്യമാണെന്ന് മറക്കരുത്.
കേരള മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ശരിയായ നിര്‍വഹണത്തിന് പ്രതിജ്ഞ ചെയ്തവരാണ് നമ്മള്‍. നമ്മുടെ മഹല്ലുകളിലെ ശാഖകളിലെ മുസ്‌ലിം ജനസംഖ്യയെ നമ്മുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ അറിയാം. ഓരോരുത്തരും എത്രത്തോളം സുസജ്ജരാകേണ്ടതുണ്ടെന്ന്. ‘കെട്ട്യോളും കുട്ട്യോളും’ മാത്രമുള്ള ഒരു ലോകമാണ് നമ്മുടെ അധ്വാനം കവരുന്നതെങ്കില്‍ അമാനത്ത് അലങ്കാരമാണ്. തീര്‍ച്ച. നാഥന്റെ മുന്‍പില്‍ പിടിച്ച് നില്ക്കാവുന്ന ന്യായമായിരിക്കണം നേതൃത്വത്തിന്റെ മുന്‍പിലും പറയേണ്ടത്.
നൂഹ് നബിയുടെ പ്രബോധന ചരിത്രം സൂചിപ്പിച്ച ഖുര്‍ആന്‍ ഊന്നല്‍ നല്കിയ ഒരു ഭാഗമുണ്ട്. അദ്ദേഹം രാപ്പകലുകള്‍ വ്യത്യാസമില്ലാതെ ദൗത്യനിര്‍വഹണത്തില്‍ സുസജ്ജമായിരുന്നു (7:05) എന്നത്രെ അത്. കര്‍മ നൈരന്തര്യമാണ് ഉദ്ദേശിക്കുന്നത്. സംഘടനാ പ്രവര്‍ത്തനം ഒഴിവും സൗകര്യവും കിട്ടുമ്പോഴുള്ള ഒരു കര്‍മമാവുമ്പോള്‍ ഫലപ്രാപ്തി ‘സ്വപ്‌നം’ മാത്രമായിരിക്കും. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കര്‍മതലം സജീവമാക്കേണ്ടവനാണ് വിശ്വാസി. ദഅ്‌വത്ത് ‘സീസണല്‍ വര്‍ക്കാ’വുമ്പോള്‍ ഉത്തരവാദിത്തം അലങ്കാരമായിരിക്കും.
മേല്‍ ഘടകങ്ങളുടെ അന്വേഷണങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായി മറുപടി നല്കുന്നത് ‘ഉലുല്‍ അംറി’നോടുള്ള അനുസരണ ഭാഗം കൂടിയാണ്. ‘വിശ്വാസ്യത’ (അമീന്‍) അമാനത്ത് നിര്‍വഹിക്കുന്നവന്റെ സവിശേഷ ഗുണവും (7:68, 28:20). എന്നാല്‍ മിക്ക അന്വേഷണങ്ങള്‍ക്കുമുള്ള മറുപടി, ആത്മവഞ്ചനയായി മാറാറുണ്ട് എന്നത് തെറ്റല്ല. ദൗത്യ നിര്‍വഹണം ശൂന്യമായിരുന്നാലും മറുപടിയില്‍ കുറയ്‌ക്കേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് പല അനുഭവങ്ങളും.
തര്‍ബിയ്യത്ത് തസ്‌കിയത്ത്, സമകാലിക ബോധനങ്ങള്‍, സമര്‍പ്പണത്തിന് അണികളെ സജ്ജമാക്കല്‍, ഭാഷണങ്ങള്‍, സാമൂഹ്യ ജീര്‍ണതകള്‍ക്കെതിരെയുള്ള പോരാട്ടം തുടങ്ങി ഒരു ‘വടവൃക്ഷ’ മായി വരും വിധം കര്‍മങ്ങള്‍ക്ക് കരുത്തുപകരേണ്ടവരാണ് നാം. നമ്മുടെ ഒരു മയക്കം, ക്ഷീണം നവോത്ഥാനത്തിന്റെ വേഗതയും ആവേശവും തണുപ്പിക്കുന്നുവെങ്കില്‍ കാലം മാപ്പു നല്കില്ല. ഒരു വ്യക്തിയെ സജീവനാക്കുന്നത് ദൗത്യനിര്‍വഹണമാണെങ്കില്‍ ഒരു വ്യക്തി ഒരു ഘടകം നിര്‍ജീവമായതിന് ശിക്ഷയും നേരിടേണ്ടി വരും. ഉള്ളുണര്‍ത്തുന്ന ഭീതിയോടെ ഈ വചനം നാം ഗ്രഹിക്കുക.
പ്രവാചകന്‍ പറഞ്ഞു: അമാനത്ത് കൃത്യമായി നിര്‍വഹിക്കാത്തവന് ഈമാന്‍ ഇല്ല. ഏറ്റെടുത്ത കരാറുകള്‍ പാലിക്കാത്തവന് മതവുമില്ല (അഹ്മദ്‌