Tuesday
30
May 2017

വൈജ്ഞാനിക വിപ്ലവത്തിന് വിത്തുപാകിയ തിരൂരങ്ങാടി യതീംഖാന

Shabab Webadmin

ൈവദേശികാധിപത്യത്തിനെതിരെയുള്ള ദേശ സ്‌നേഹികളുടെ ചെറുത്തുനില്പിന്റെ പ്രോജ്ജ്വല അധ്യായങ്ങള്‍ രചിച്ച് ചരിത്രത്തിലിടം നേടിയ നാടാണ് തിരൂരങ്ങാടി. ബ്രിട്ടീഷ് ഭരണകാലത്ത് ചേരനാട് താലൂക്കിന്റെ തലസ്ഥാനമായിരുന്ന തിരൂരങ്ങാടി 1921 ആഗസ്ത് 20-ന് മലബാര്‍ കലാപത്തിന് തുടക്കം കുറിച്ച രക്തരൂക്ഷിതമായ വെടിവെയ്പിന്റെ വേദികൂടിയായിരുന്നു. മത,സാമൂഹിക, സാംസ്‌കാരിക രംഗത്ത് ഉത്ഥാനത്തിനായി പരിശ്രമിക്കുകയും നവജാഗരണം ലക്ഷ്യമാക്കി കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തിരുന്ന നിസ്വാര്‍ഥ പണ്ഡിതരുടെ ജീവിതം തന്നെയായിരുന്നു പരിവര്‍ത്തനത്തിന് പാതയൊരുക്കിയത്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അനുസരിച്ച് ജീവിച്ച് മാതൃകയാക്കാന്‍ സയ്യിദ് അലവി തങ്ങളെപ്പോലെയുള്ള മഹാരഥന്മാര്‍ ജനങ്ങളോട് നിര്‍ദേശിച്ചു. കേരള മുസ്‌ലിംകള്‍ക്കിടയില്‍ സമൂഹ ജാഗരണത്തിന് അണിയറ നീക്കങ്ങള്‍ നടത്തിയ പക്വമതിയായ പണ്ഡിതനായിരുന്നു അലവി തങ്ങള്‍. മതവിഷയത്തില്‍ അഗാധ പാണ്ഡിത്യമുള്ള പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഫദ്ല്‍ പൂക്കോയ തങ്ങള്‍ നവോത്ഥാന ചരിത്രത്തില്‍ സ്മരിക്കപ്പെടേണ്ട നാമമാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ തന്നെ സ്മരിക്കപ്പെടേണ്ട നിരവധി ചുവടുവെപ്പുകള്‍ക്ക് വേദിയായ തിരൂരങ്ങാടിയുടെ മണ്ണില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വേരോട്ടമുണ്ടായി എന്ന കയ്‌പേറിയ സത്യത്തെ നാം അംഗീകരിക്കേണ്ടി വരികയാണ്.
വിശ്വാസ ജീര്‍ണതകള്‍ക്കും പൗരോഹിത്യ ചൂഷണങ്ങള്‍ക്കുമെതിരെ നവോത്ഥാന നായകനായി രംഗത്തുവന്ന് ആദര്‍ശാധിഷ്ഠിത ജീവിതത്തിലൂടെ മാതൃക കാണിച്ച കെ എം മൗലവിയുടെ പ്രവര്‍ത്തന മണ്ഡലങ്ങളിലൊന്ന് തിരൂരങ്ങാടിയായിരുന്നു. മൂന്നുകണ്ടം കുഞ്ഞഹമ്മദ് ഹാജി എന്ന എം കെ ഹാജി, സീതി സാഹിബ് എന്നിവരൊക്കെ ആദര്‍ശ പ്രചാരണ രംഗത്തും സാമൂഹിക സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം നിറഞ്ഞുനിന്ന മഹനീയ വ്യക്തിത്വങ്ങളാണ്.
മലബാറിലും പരിസര പ്രദേശങ്ങളിലും മാരകമായ കോളറ ദുരന്തം വിതച്ചപ്പോള്‍ അത് ഒട്ടേറെ പേരുടെ മരണത്തിനിടയാക്കി. രോഗം ദുരിതത്തിലാഴ്ത്തിയവരെ ചികിത്സിക്കാനും മരിച്ചവരെ മറവു ചെയ്യാനും ബന്ധുജനങ്ങളെ ആശ്വസിപ്പിക്കാനുമൊക്കെ എം കെ ഹാജിയും കെ എം മൗലവിയും മുന്നിട്ടിറങ്ങി. നിരവധി കുടുംബങ്ങള്‍ അനാഥത്വത്തിന്റെ നോവും പേറി ജീവിക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ പട്ടിണിയും പരിവട്ടവും അവരെ അലട്ടുന്ന പ്രശ്‌നങ്ങളായി മാറി. അസ്വാസ്ഥ്യജനകമായ ഈ ഒരു സാമൂഹികാവസ്ഥ കെ എം മൗലവിയെയും എം കെ ഹാജിയെയും ഇതിന് ഒരു പരിഹാരം കണ്ടുകൊണ്ടുള്ള കര്‍മപരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ ഉള്ള സത്വര നടപടികള്‍ നടത്താന്‍ പ്രേരിപ്പിച്ചു. അനാഥ സംരക്ഷണം എന്നത് നവോത്ഥാന യജ്ഞത്തിന്റെ മുഖ്യദൗത്യമായി ഏറ്റെടുത്ത് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ സമാനചിന്താഗതിക്കാരായ പണ്ഡിതരുടെയും നേതാക്കളുടെയും നിസ്സീമമായ സഹകരണവും കൂടി അവര്‍ക്ക് കൈത്താങ്ങായി. തിരൂരങ്ങാടി കേന്ദ്രീകരിച്ച് യതീംഖാന സ്ഥാപിക്കാനുള്ള സാഹചര്യമൊരുങ്ങിയത് അങ്ങനെയാണ്.  അനാഥ മക്കളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് ഉള്‍ക്കൊണ്ട് അവര്‍ക്ക് ആശ്രയവും അഭയവും ഒരുക്കാനുള്ള ത്യാഗോജ്ജ്വല കര്‍മങ്ങള്‍ തിരൂരങ്ങാടി കേന്ദ്രീകരിച്ച് നടന്നു. യതീംഖാനയിലൂടെ പ്രാരംഭം കുറിക്കപ്പെട്ട ഈ സാമൂഹിക മുന്നേറ്റം പ്രദേശത്തെ വിദ്യാഭ്യാസ വിപ്ലവത്തിലേക്ക് നയിക്കുന്ന അഭിമാനാര്‍ഹമായ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരാന്‍ വഴിയൊരുക്കി എന്നതാണ് ചരിത്രം. ആദര്‍ശ വിശുദ്ധി കൈമുതലാക്കിയ പൂര്‍വ സൂരികളായ പണ്ഡിതരും നേതാക്കളും പടുത്തുയര്‍ത്തിയ തിരൂരങ്ങാടി യത്തീംഖാനയും അനുബന്ധ സ്ഥാപനങ്ങളും കേരള നവോത്ഥാന ചരിത്രത്തില്‍ പ്രോജ്ജ്വല മാതൃകകളായി അടയാളപ്പെടുത്തപ്പെടുന്നു.

യതീംഖാനക്ക് കീഴിലെ സ്ഥാപനങ്ങള്‍
1939 ഫെബ്രുവരി 2-ന് ആരംഭിച്ച നൂറുല്‍ ഇസ്‌ലാം മദ്‌റസയും 1943ല്‍ തുടക്കം കുറിക്കപ്പെട്ട യതീംഖാനയും 1960 ജൂലായ് 2-ന് പ്രവര്‍ത്തനമാരംഭിച്ച ഓര്‍ഫനേജ് യു പി സ്‌കൂളും, 1961 ഒക്‌ടോബര്‍ 10-ന് സ്ഥാപിതമായ സീതി സാഹിബ് മെമ്മോറിയല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടും, 1965 ജൂലൈ 2-ന് തുടങ്ങിയ ഓറിയന്റല്‍ ഹൈസ്‌കൂളും 1968 ജൂലൈ 18-ന് ആരംഭിച്ച പി എസ് എം ഒ കോളെജും 1971 ആഗസ്ത് 22-ന് സ്ഥാപിച്ച കെ എം മൗലവി മെമ്മോറിയല്‍ അറബിക് കോളെജും 1992-ല്‍ ആരംഭിച്ച ഇഗ്‌നോ സ്റ്റഡി സെന്ററും 2003 ജൂലൈ 13-ന് തുടങ്ങിയ ഓര്‍ഫനേജ് ഐ ടി സെന്ററും 2005 ഒക്‌ടോബര്‍ 1-ന് ആരംഭിച്ച എം കെ ഹാജി സ്‌കൂള്‍ ഓഫ് നഴ്‌സിംഗും ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ തലയുയര്‍ത്തി നില്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
വിദ്യാഭ്യാസം കച്ചവടവല്ക്കരിക്കപ്പെട്ട വര്‍ത്തമാനകാലത്ത് നിയമനത്തിനും പ്രവേശനത്തിനും ഒക്കെയായി കോടികള്‍ കൊയ്യാന്‍ അവസരമുണ്ടായിട്ടും യാതൊരു പ്രതിഫലവും പറ്റാതെയാണ് തിരൂരങ്ങാടി ഓര്‍ഫനേജ് കമ്മിറ്റി അതിന്റെ സ്ഥാപനങ്ങളില്‍ ഇന്നും ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കുന്നതുമെന്ന കാര്യം അഭിമാനപൂര്‍വം പറയാന്‍ കഴിയും. സമുദായ സ്‌നേഹികളും നിസ്വാര്‍ഥരുമായ പണ്ഡിതരും നേതാക്കളും നവോത്ഥാനയത്‌നങ്ങള്‍ തുടങ്ങിവെച്ചപ്പോള്‍ സാമ്പത്തിക വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വിശേഷിച്ചും അനാഥ സംരക്ഷണവുമായി ബന്ധപ്പെട്ട് സമൂഹം ഇടപെടുമ്പോള്‍ കര്‍ശനമായി പാലിക്കാന്‍ നിഷ്‌കര്‍ഷിക്കപ്പെട്ട ഇസ്‌ലാമിക നിയമങ്ങള്‍ എല്ലാം സാമ്പത്തിക സുതാര്യത ഉറപ്പ് വരുത്താന്‍ വേണ്ടിയുള്ളതാണ്. എം കെ ഹാജി, കെ എം മൗലവി തുടങ്ങിയ സ്ഥാപന നേതാക്കള്‍ സദാ സാമ്പത്തിക രംഗത്ത് സൂക്ഷ്മതയും കൃത്യതയും ഉറപ്പുവരുത്തി പ്രവര്‍ത്തിച്ചു മാതൃക കാണിച്ചപ്പോള്‍ സ്ഥാപനത്തിന്റെ സാരഥികളായി പില്‍ക്കാലത്ത് ഭരണസാരഥ്യം ഏറ്റെടുത്തവരും ആ മഹത്തുക്കളുടെ പാത പിന്‍തുടരുകയാണുണ്ടായത്. ഇതു തന്നെയാണ് നാട്ടിലും മറുനാട്ടിലും സ്ഥാപനത്തിന്റെ യശസ്സുയര്‍ന്ന് നില്ക്കാന്‍ ഇന്നും കാരണമായിട്ടുള്ളത് എന്ന് പറഞ്ഞാല്‍ അത് അസത്യമല്ല.

അധ്യാപക നിയമനം
തിരൂരങ്ങാടി യതീംഖാനക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ അധ്യാപക അനധ്യാപക തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ട് പത്ര മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തും. യോഗ്യരും മിടുക്കരുമായ അനാഥരായ പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിലെ മുന്‍ഗണനാ  ക്രമമനുസരിച്ച് ഒഴിവു വരുന്ന മുറക്ക് നിയമനം നല്കും. മതപരമായ വേര്‍തിരിവുകളോ സംഘടനാ വിഭാഗീയതകളോ ഒട്ടും നിഴലിക്കാതെ ഉദ്യോഗാര്‍ഥിയുടെ യോഗ്യത മാത്രം മാനദണ്ഡമാക്കി നിയമനം നല്കുമ്പോള്‍ ഒരാളില്‍ നിന്ന് പോലും യാതൊന്നും പ്രതിഫലമായി കമ്മിറ്റി സ്വീകരിക്കാറില്ല. കോഴ വാങ്ങാത്ത മുസ്‌ലിം സ്ഥാപനം ഇന്നത്തെ കാലത്തുമുണ്ടോ എന്ന് പലരും തിരൂരങ്ങാടി സ്ഥാപനങ്ങളിലെ നിയമന കാര്യങ്ങളിലെ സുതാര്യതയെക്കുറിച്ച് അറിയുമ്പോള്‍ അത്ഭുതം കൂറി ചോദിക്കുന്നത് കേട്ടിട്ടുണ്ട്. യതീംഖാന സ്ഥാപനത്തില്‍ ഉള്ള അധ്യാപക ഒഴിവിലേക്ക് നിയമനത്തിനായി അപേക്ഷ കൊടുത്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ഒടുവില്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ ഒരു അമുസ്‌ലിം സഹോദരി ജോലിയില്‍ ചേരാന്‍ വന്നതായിരുന്നു. മുസ്‌ലിം സ്ഥാപനത്തില്‍ ഒരു അമുസ്‌ലിമിന് നിയമനം തരപ്പെടുകയില്ലെന്ന മുന്‍വിധിയോടുകൂടിയാണ് അവര്‍ കൂടിക്കാഴ്ചക്ക് വന്നിരുന്നത്. നിയമനം ലഭിച്ചുവെന്നും ജോലിയില്‍ പ്രവേശിക്കണമെന്നും അറിയിപ്പ് കിട്ടിയപ്പോള്‍ എത്ര ലക്ഷങ്ങള്‍ കൊടുക്കേണ്ടി  വരുമെന്ന ആധിയായിരുന്നു അവരുടെ മനസ്സിനെ കീഴടക്കിയത്. ഞങ്ങള്‍ സംഭാവനയായി ഉദ്യോഗനിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനും യാതൊന്നും ഇവിടെ സ്വീകരിക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ ആനന്ദാശ്രു പൊഴിച്ചത് എന്റെ ഓര്‍മയിലുണ്ട്. ജോലിയില്‍ പ്രവേശിച്ച ശേഷം സ്ഥാപനത്തോട് മുസ്‌ലിം ഉദ്യോഗാര്‍ഥികളെ കവച്ചുവെക്കുന്ന തരത്തില്‍ കൂറ് പുലര്‍ത്തി ജോലി ചെയ്യുന്നവരായിട്ട് അവരെ കാണാന്‍ കഴിയുകയും ചെയ്തിരുന്നു.

പ്രൊ. ദാമോദരന്‍
പി എസ് എം ഒ കോളെജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു ദാമോദരന്‍ സാര്‍. കഴിവുറ്റ അധ്യാപകനായ ദാമോദരന്‍ സാറുമായി എനിക്ക് വളരെ നേരത്തെ വ്യക്തിബന്ധമുണ്ട്. യത്തീംഖാനയില്‍ മാനേജര്‍ ആയി ഞാന്‍ ചുമതലയേറ്റപ്പോള്‍ ദാമോദരന്‍ സാര്‍ എന്നെ വന്ന് കണ്ട് സംസാരിക്കുകയുണ്ടായി. ‘എനിക്ക് നിങ്ങളെ വളരെ മുമ്പേ അറിയാം. കുറ്റിച്ചിറ സംവാദ വേദിയിലെ വിഷയാവതാരകന്‍ എന്ന നിലക്കാണ് ആദ്യമായി ഞാന്‍ നിങ്ങളെ പരിചയപ്പെടുന്നതെന്നും’ അദ്ദേഹം പറഞ്ഞു. ഞാന്‍ യതീംഖാനയിലെ മാനേജറും അദ്ദേഹം പി എസ് എം ഒ കോളെജിലെ പ്രൊഫസറുമായി ജോലി ചെയ്തുവരുമ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമായി. അറബി കോളെജില്‍ ഇംഗ്ലീഷ് അധ്യാപകന്റെ സേവനം ആവശ്യമായി വരുമ്പോള്‍ ദാമോദരന്‍ സാറിനെ വിവരമറിയിക്കും. ലളിതവും ഹൃദ്യവുമായ ശൈലിയില്‍ കുട്ടികള്‍ക്ക് അദ്ദേഹം ഇംഗ്ലീഷ് ഭാഷ വശമാക്കിക്കൊടുക്കും. യത്തീംഖാനയിലെ അന്തേവാസികളായ കുട്ടികള്‍ക്കും ഇംഗ്ലീഷ് ട്യൂഷന്‍ നല്കാന്‍ ദാമോദരന്‍ സാര്‍ സന്നദ്ധനായിരുന്നു. സ്ഥാപനത്തോട് എന്നും പ്രതിബദ്ധത കാണിച്ച സേവനസന്നദ്ധനായ ദാമോദരന്‍സാര്‍ ഓദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് ഏറെ താമസിയാതെ മരണപ്പെടുകയുമുണ്ടായി.

വിഭവ സമൃദ്ധമായ സദ്യ
തിരൂരങ്ങാടി കോളെജില്‍ നിയമനം കിട്ടിയ അറിയിപ്പ് ലഭിച്ച ഉടനെ ഒരു അമുസ്‌ലിം ഉദ്യോ ഗാര്‍ഥി മാനേജിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ടു. കൂടിക്കാഴ്ച കഴിഞ്ഞ് റാങ്ക് ലിസ്റ്റില്‍ പേര് വന്നപ്പോള്‍ തന്നെ നിയമനം കിട്ടുകയാണെങ്കില്‍ വന്‍ തുക സംഭാവനയായി നല്‌കേണ്ടിവരുമെന്ന് കരുതി അതിനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ നടത്തിയിരുന്നു. ഉദ്യോഗാര്‍ഥികളില്‍ നിന്ന് പ്രതിഫലമൊന്നും സ്വീകരിക്കാതെ യോഗ്യരായവരെ തിരഞ്ഞെടുത്ത് നിയമനം നടത്തുന്ന യത്തീംഖാന മാനേജ്‌മെന്റിന്റെ തീരുമാനം അവര്‍ക്ക് അവിശ്വസനീയമായ ഒരു സുവാര്‍ത്തയായിരുന്നു. സ്ഥാപനത്തോട് പ്രതിബദ്ധത വെച്ചുപുലര്‍ത്തി അവര്‍ അധ്യാപക ജോലി തുടരുകയും ചെയ്തു. ഏറെ നാള്‍ കഴിയുന്നതിന് മുമ്പ് പി എസ് സി വഴി ഇവര്‍ക്ക് ഗവ. കോളെജില്‍ അധ്യാപികയായി നിയമനവും കിട്ടി. തിരൂരങ്ങാടി കോളെജില്‍ അവര്‍ക്ക് ആദ്യനിയമനം കിട്ടിയ ദിവസം തന്നെ യത്തീംഖാന കുട്ടികള്‍ക്കെല്ലാം വേണ്ടി അവരുടെ വകയായി വിഭവ സമൃദ്ധമായ വെജിറ്റേറിയന്‍ സദ്യ ഒരുക്കിയിരുന്നു. പ്രത്യേക പാചകക്കാരെ കൊണ്ടുവന്ന് പായസമടക്കമുള്ള വിഭവങ്ങള്‍ ഒക്കെ ഒരുക്കിയ സദ്യയില്‍ പങ്കെടുക്കാന്‍ അവര്‍ കുടുംബ സമേതം യത്തീംഖാനയില്‍ വരികയുണ്ടായി. ഈ വിഭവസമൃദ്ധമായ സദ്യ യത്തീംഖാനയിലെ അന്തേവാസികള്‍ക്കും അധ്യാപകര്‍ക്കും എല്ലാം സന്തോഷകരമായ അനുഭവമായിരുന്നു. മറ്റൊരു കോളെജിലേക്ക് അവര്‍ക്ക് പി എസ് സി വഴി നിയമനം ലഭിച്ചപ്പോഴും  തിരൂരങ്ങാടി യത്തീംഖാനയുമായും അതിന്റെ സ്ഥാപനങ്ങളുമായുമുള്ള അവരുടെ ബന്ധം തുടര്‍ന്നു. യത്തീംഖാന കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കുന്ന പതിവ് വര്‍ഷങ്ങളോളം തുടരുകയും ചെയ്തു. തിരൂരങ്ങാടി യത്തീംഖാന മാനേജിംഗ് കമ്മിറ്റി ഉദ്യോഗാര്‍ഥികളുടെ നിയമനകാര്യത്തിലും മറ്റും കാണിക്കുന്ന സുതാര്യമായ രീതിയും സാമ്പത്തിക വിശുദ്ധിയും ഒക്കെ ഈ സ്ഥാപനവുമായി ഏതെങ്കിലും നിലക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടുള്ള വ്യക്തികള്‍ക്കെല്ലാം നേരിട്ട് ബോധ്യപ്പെടുകയും സ്ഥാപന നേതാക്കള്‍ സ്വപ്‌നം കണ്ടിരുന്ന സ്ഥാപനങ്ങളുടെ ഉയര്‍ച്ചകളില്‍ കഴിയും വിധം കണ്ണികളാകാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്.

യാഥാസ്ഥിതികരുടെ
എതിര്‍പ്പ്
തിരൂരങ്ങാടി യതീംഖാന സ്ഥാപിതമായ ആദ്യനാളുകളില്‍ തന്നെ യാഥാസ്ഥിതിക വിഭാഗത്തില്‍ നിന്നും യത്തീംഖാനക്കെതിരെ കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പട്ടിണിയും രോഗങ്ങളും ദുരിതത്തിലാഴ്ത്തിയ സമൂഹത്തിന് ആശ്രയത്വവും വിശേഷിച്ച് അനാഥര്‍ക്ക് സംരക്ഷണവും നല്കി വരുന്ന മറ്റൊരു സ്ഥാപനം ചൂണ്ടിക്കാണിച്ചുതരാന്‍ എതിര്‍പ്പിന്റെ കക്ഷികള്‍ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ യതീംഖാന സംവിധാനത്തിനെതിരെ ആക്ഷേപ ശരങ്ങളും പരിഹാസോക്തികളും എയ്തുവിട്ടവര്‍ അതില്‍ നിന്ന് പിന്‍വാങ്ങുകയല്ലാതെ വ്യവസ്ഥാപിതമായി നടന്നുവരുന്ന തിരൂരങ്ങാടി യതീംഖാനയില്‍ കുട്ടികളുടെ പ്രവേശനം തടയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. യതീംഖാന എന്നാല്‍ യതീമിനെ വഞ്ചിക്കാനുള്ള ഇടങ്ങളാണെന്നും ജാരസന്താനങ്ങളെ വളര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ മറവില്‍ ലക്ഷ്യം വെക്കുന്നതെന്നും പ്രചാരണം അഴിച്ചുവിട്ടവരായിരുന്നു യാഥാസ്ഥിതികര്‍. കടുത്ത എതിര്‍പ്പുമായി രംഗത്തുവന്ന ഇക്കൂട്ടര്‍ കാലമേറെ കഴിയുന്നതിനു മുമ്പ് അനാഥരുടെ സംരക്ഷണം ഏറ്റെടുക്കാനും അവര്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനും താല്പര്യപൂര്‍വം മുന്നോട്ട് വരുന്ന സന്തോഷകരമായ അവസ്ഥയാണ് കാണാന്‍ കഴിഞ്ഞത്. യതീംഖാന പ്രസ്ഥാനത്തിനെതിരെ എതിര്‍പ്പുകളും പരിഹാസങ്ങളും പതിവാക്കിയ യാഥാസ്ഥിതിക സംഘടനയുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ തന്നെ മുജാഹിദ് ആദര്‍ശ പ്രകാരം പ്രവര്‍ത്തിച്ചുപോരുന്ന യതീംഖാനയിലേക്ക് കുട്ടികളെ പറഞ്ഞുവിടരുതെന്ന സര്‍ക്കുലര്‍ മഹല്ലുകളിലേക്ക് അയയ്ക്കുകയാണ് പിന്നീടുണ്ടായത്. തങ്ങളുടെ സ്ഥാപനങ്ങളില്‍ അനാഥ കുട്ടികളെ ചേര്‍ക്കുന്നതിന് വിലക്കില്ലാതെ മുജാഹിദ് യതീംഖാനയിലേക്ക് കുട്ടികളെ പറഞ്ഞുവിടരുത് എന്ന് പറയുന്നതിലുള്ള തല്പര കക്ഷികളുടെ ഇരട്ടത്താപ്പ് നയം ജനം വൈകാതെ തിരിച്ചറിയുകയും ചെയ്തു. തിരൂരങ്ങാടി യതീംഖാന പോലുള്ള അനാഥരുടെ ആശ്രയവും അത്താണിയുമായി വര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ധാരാളം കുട്ടികള്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി. തിരൂരങ്ങാടി യതീംഖാനയില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന് പഠനം തുടങ്ങുന്ന ഒരു കുട്ടിക്ക് അവന് എത്ര ഉയര്‍ന്നുപഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള അവസരമൊരുക്കിക്കൊടുക്കാന്‍ കമ്മിറ്റി ശ്രദ്ധ പുലര്‍ത്തി.  യോഗ്യതക്കനുസരിച്ച് സ്ഥാപനത്തില്‍ തന്നെ ജോലി നേടിക്കൊടുക്കാനും ജീവിത വഴിയില്‍ കഴിയുന്ന സഹായഹസ്തവുമായി മുന്നില്‍ നില്ക്കാനും കമ്മിറ്റി അധികൃതര്‍ തയ്യാറായി. ഉയര്‍ന്ന മത്സരപരീക്ഷകളില്‍ വരെ തിളക്കമാര്‍ന്ന വിജയം നേടാനും സ്ഥാപനത്തിന്റെ അന്തസ്സുയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ഒക്കെ ഉന്നത ഉദ്യോഗങ്ങളില്‍ എത്തിപ്പെടാനും യതീംഖാനയിലെ അന്തേവാസികള്‍ക്ക് സാധിക്കുന്നു എന്നത് ഈ മഹത്തായ സ്ഥാപനത്തിന്റെ ശില്പികള്‍ക്കും അതിന്റെ പുരോഗതിക്കായി പ്രയത്‌നിക്കുന്ന സുമനസ്സുകള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. അല്ലാഹുവിന് സ്തുതികളര്‍പ്പിച്ച് നാം വിനായാന്വിതരായി കൂടുതല്‍ അഭിവൃദ്ധിക്കായി പ്രാര്‍ഥനയില്‍ മുഴുകേണ്ടതുണ്ട്. അനാഥരോട് ആദരണീയമായ പെരുമാറ്റവും മാന്യമായ സമീപനവും വെച്ചുപുലര്‍ത്തി അവരര്‍ഹിക്കുന്ന സ്‌നേഹമസൃണമായ പരിഗണനയിലൂടെ അവര്‍ക്ക് പഠിക്കാനും ഉയരാനും അവസരമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമായിട്ടുള്ള അനേകം സുമനസ്സുകളുടെ പ്രാര്‍ഥനാ പിന്‍ബലത്തോടെ ഈ സ്ഥാപനം വിജയകരമായി മുന്നോട്ടുപോകുന്നു. കേരളത്തില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ക്ക് കീഴില്‍ അനാഥാലയങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ടായപ്പോള്‍ മാതാക്കളോടൊപ്പം ഗൃഹാന്തരീക്ഷത്തില്‍ ജീവിക്കുന്ന അനാഥരായ കുട്ടികള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങളും വിദ്യാഭ്യാസപരമായ  പിന്തുണയും നല്കുന്ന ഓര്‍ഫന്‍ കെയര്‍ പദ്ധതിയും വ്യവസ്ഥാപിതമായി നടപ്പിലാക്കിത്തുടങ്ങി. കഷ്ടതയനുഭവിക്കുന്ന അനാഥര്‍ക്ക് തണലൊരുക്കാന്‍ പ്രഥമ പരിഗണനയും ശ്രദ്ധയും നല്കുന്നതോടൊപ്പം അവശതയനുഭവിക്കുന്ന, സഹായത്തിന് അര്‍ഹരായ അഗതികളെക്കൂടി യതീംഖാന സ്ഥാപനത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ തുടങ്ങി.
കുട്ടികളുടെ എണ്ണമനുസരിച്ച് സര്‍ക്കാറില്‍ നിന്നുള്ള ഗ്രാന്റും ഉദാരമനസ്‌കരായ സഹോദരങ്ങളില്‍ നിന്നുള്ള അകമഴിഞ്ഞ സഹായവും കൊണ്ട് ഈ സ്ഥാപനം നല്ല നിലയില്‍ മുന്നോട്ടുപോവുന്നു. ഈ മഹത്തായ സ്ഥാപനത്തിന് പുരോഗതിയുടെ പടവുകള്‍ ഇനിയും ചവിട്ടിക്കയറാനും സമൂഹ നന്മയ്ക്കുള്ള സിരാകേന്ദ്രമായി പ്രശോഭിക്കാനും നാഥന്റെ സഹായം സദാ ഉണ്ടായിത്തീരട്ടെ. ആമീന്‍