Sunday
21
January 2018

മുത്ത്വലാഖിനുവേണ്ടി മുണ്ടു മുറുക്കേണ്ടതുണ്ടോ?

എ ജമീല ടീച്ചര്‍

അഴിച്ചെടുക്കാനാവാത്ത ഒരു കുരുക്കായിരുന്നു ലൈല ടീച്ചര്‍ക്ക് (പേര് സാങ്കല്പികം) ബാല്യകാലം. ഇന്നും പകല്‍ കിനാവില്‍ പോലും അതവളെ പേടിപ്പെടുത്തും. വയറിനകത്ത് നുരഞ്ഞ് പൊങ്ങുന്ന വെപ്രാളമാണ്. അവള്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഗുണനപ്പട്ടികയുമായി മല്ലിടുകയായിരുന്നു അവള്‍. എത്ര കെണിഞ്ഞിട്ടും മുമ്മൂന്ന് ഒന്‍പത് എന്നത് മനസ്സില്‍ നിന്ന് തെറിച്ചു തന്നെ നിന്നു. കണക്ക് മാഷിന്റെ പിരിച്ചുവെച്ച കൊമ്പന്‍മീശ പോലെ.
അതിനിടക്കാണ് അത് സംഭവിച്ചത്. ആരോ പുരപ്പുറത്തേക്ക് തുരുതുരാ കല്ലെറിയുന്നു. ‘ഉമ്മാ ചാത്തനേറ്’ എന്ന് കൂക്കിയാര്‍ത്ത അവളോട് ഉമ്മ കണ്ണുരുട്ടി. ‘മിണ്ടാതിരുന്നോ പെണ്ണേ, പള്ളിക്കമ്മറ്റിക്കാരാണ്. നമ്മളിവിടെ ഉള്ളതറിഞ്ഞാല്‍ അവര്‍ കൊന്ന് കുഴിച്ചുമൂടും. വിളക്കണച്ച് പതുക്കെ മച്ചിട്ട മുറിയിലൊളിച്ചിരുന്നതുകൊണ്ട് തല്‍ക്കാലം ജീവന്‍ തിരിച്ചുകിട്ടി.
പിറ്റേന്ന് പുലര്‍ച്ചെ തോണിയില്‍ കയറി ഉമ്മ വീട്ടിലേക്ക് കടത്ത് കടക്കുമ്പോള്‍ അവളൊരിക്കലുമോര്‍ത്തിരുന്നില്ല ഇനിയൊരിക്കലും അങ്ങോട്ട് തിരിച്ച് മടങ്ങില്ലെന്ന്. പിന്നീട് അനാഥാലയത്തിലെ അടുക്കളയില്‍ വിയര്‍ത്തുപൊരിയുന്ന ഉമ്മയെ കണ്ട് എത്രയാണവള്‍ കരഞ്ഞുകൂട്ടിയത്. സ്‌കൂള്‍ വളപ്പില്‍ പാത്തും പതുങ്ങിയും അവളെ തേടിയെത്തുന്ന ഉപ്പയെ ഓര്‍ത്ത് സഹതപിച്ചത്. എല്ലാറ്റിനും കാരണം ഏതോ ഒരു ദുര്‍നിമിഷത്തില്‍ അവളുടെ ബാപ്പക്ക് പറ്റിയ ഒരു നാക്ക് പിഴയായിരുന്നുപോലും. മുത്ത്വലാഖ്. അഥവാ അവളുടെ ഉമ്മയെ അയാള്‍ മൂന്ന് മൊഴിയും ഒന്നിച്ച് ചൊല്ലിപ്പോയി. അതോടെ അവള്‍ക്ക് നഷ്ടമായത് പിതാവിന്റെ സ്‌നേഹവും സംരക്ഷണവും. അവളുടെ ഉമ്മക്കോ അകാലത്തില്‍ നിത്യദുരിതം പേറുന്ന വൈധവ്യവും.
”അല്ലെങ്കിലും അവള്‍ക്കൊന്ന് സമ്മതിച്ച് കൂടായിരുന്നോ. മൂന്നു ചൊല്ലലും. ചടങ്ങ് നിര്‍ത്തി മടക്കിയെടുക്കലുമൊക്കെ നാട്ടുനടപ്പ് തന്നെയല്ലേ? വല്ല്യ വഹാബിച്ചിയായി ധിക്കാരം കാണിക്കേണ്ടതില്ലായിരുന്നല്ലോ.” -ഇടക്കിടെ മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കുന്ന കുത്തുവാക്കുകളില്‍ നിന്ന് കാര്യങ്ങള്‍ ഏതാണ്ടൊക്കെ അവളും മനസ്സിലാക്കി.
പക്ഷേ, വളരുന്തോറും തന്റെ ഉമ്മയുടെ ആ നിശ്ചയദാര്‍ഢ്യത്തില്‍ അവള്‍ക്ക് അഭിമാനമാണ് തോന്നിയത്. മുസ്‌ലിം സ്ത്രീകള്‍ ഇങ്ങനെയാകണം. സമൂഹത്തിന്റെ തെറ്റായ തീരുമാനങ്ങള്‍ക്ക് മുമ്പില്‍ വഴങ്ങുകയല്ല അവര്‍ വേണ്ടത്. എന്തൊക്കെ സഹിക്കേണ്ടി വന്നാലും മനക്കരുത്തുകൊണ്ട് ശരിയുടെ ഭാഗത്ത് നില്ക്കണം. സ്വന്തം ജീവിതം കൊണ്ടതിനെ പ്രതിരോധിക്കണം. ഉമ്മയില്‍ നിന്ന് നേടിയെടുത്ത ഈ വിശ്വാസദൃഢതയും ഉള്‍ക്കരുത്തുമാണ് പിന്നീട് ലൈലയെ ഒരു സ്‌കൂള്‍ അധ്യാപികയാക്കിയത്. ചേറില്‍ വിരിഞ്ഞ ചെന്താമര കണക്കെ ഇന്ന് അവളും ഉമ്മയും സമൂഹത്തിന് മുമ്പില്‍ ഉള്‍ക്കരുത്തോടെ അന്തസ്സായി ജീവിച്ചുവരുന്നു. ഇതൊരു ലൈല ടീച്ചറുടെ മാത്രം കഥയാണെങ്കില്‍ ഇത്തരം ഒരുപാട് ലൈലമാര്‍ മുസ്‌ലിം സമുദായത്തിന്റെ പിന്നാമ്പുറങ്ങളില്‍ ഇന്നും കണ്ണീര് കുടിച്ചുകൊണ്ടിരിക്കുന്നുണ്ടാകും. മുത്തലാഖ്, ചടങ്ങ് നില്ക്കല്‍ മുതലായ വൈവാഹിക രംഗത്തെ കൊള്ളരുതായ്മകളുടെ ഇരകളായിക്കൊണ്ട്.
ഇന്ത്യന്‍ മുസ്‌ലിംകളുടെ തലക്കുമീതെ ഇടയ്ക്കിടെ ഏക സിവില്‍കോഡ് എന്ന വാള്‍ തൂക്കിയിടപ്പെടുന്നുണ്ട്. ഒരുപക്ഷേ, അത് ഇത്തരം പീഡിതരായ സ്ത്രീകളുടെ കണ്ണുനീരിന്റെ പ്രതികരണമെന്ന നിലക്ക് അല്ലാഹുവിന്റെ തന്നെ ഒരു പരീക്ഷണമായിരിക്കാം. അങ്ങനെയെങ്കിലും മുസ്‌ലിംസമൂഹം തെറ്റു തിരുത്തി ശരിയിലേക്ക് മടങ്ങാന്‍. പക്ഷേ, അവിടെയും എന്നെ തല്ലേണ്ട ബാപ്പാ ഞാന്‍ നന്നാവില്ല എന്ന മനസ്ഥിതിയാണ് പൊതുവെ സമൂഹത്തിന്റേത്.
‘ഏക സിവില്‍ കോഡെന്നല്ല അതിലപ്പുറമുള്ള ചെകുത്താന്‍ വന്നാലും മുത്ത്വലാഖും ചടങ്ങുമൊന്നും തൊട്ടു കളിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. അതൊക്കെ മതത്തിന്റെ മുഖമുദ്രയായി അങ്ങനെതന്നെ കിടക്കട്ടെ. അതിന്റെ പേരില്‍ തങ്ങളുടെ ഉമ്മ പെങ്ങന്മാര്‍ എത്ര കണ്ണീരു കുടിച്ചാലും ശരി’ എന്നതാണീ നിലപാട്. യഥാര്‍ഥത്തില്‍ ഇത്ര കണ്ട് സമുദായം അരയും തലയും മുറുക്കി സംരക്ഷിക്കേണ്ട ഒന്നാണോ മുത്വലാഖ്, ചടങ്ങുനില്‍ക്കല്‍ തുടങ്ങിയവ?! ഇസ്‌ലാമിക ശരീഅത്തുമായി അത്ര വലിയ ബന്ധമുണ്ടോ ഈ വക സാമ്പ്രദായിക വൈരുദ്ധ്യങ്ങള്‍ക്ക്? എന്ന ചോദ്യമാണ് മുസ്‌ലിം സമൂഹം ഈയവസരത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത്.
വാഴ വന്ന് മുള്ളിനോടും മുള്ള് വന്ന് വാഴയോടും പിണഞ്ഞാലും വിള്ളലും കീറലുമുണ്ടാകുക വാഴക്കാണല്ലോ. ഇതിന്റെയെല്ലാം ദോഷഫലങ്ങള്‍ ഏറ്റു വാങ്ങേണ്ടത് പെണ്ണൊരുത്തി തന്നെ. കൂടെ നിര്‍ദോഷികളായ അവളുടെ മക്കളും. ദൈവിക നിയമവ്യവസ്ഥയായ ഇസ്‌ലാമിക ശരീഅത്തില്‍ മുത്ത്വലാഖ് എന്ന ഒരു ഇനമേ കാണുന്നില്ല. തികച്ചും സ്ത്രീവിരുദ്ധമായ ഒരു അനാചാരമാണത്. ഖുര്‍ആനിലോ പ്രവാചക മാതൃകയിലോ അതിന് അനുവാദവുമില്ല.
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”നബി(സ)യുടെ കാലത്തും അബൂബക്കറിന്റെ(റ) കാലത്തും ഉമറിന്റെ(റ) ഭരണകാലത്ത് രണ്ടു വര്‍ഷവും ഒന്നിച്ച് ചൊല്ലുന്ന മൂന്ന് ത്വലാഖുകള്‍ ഒരു ത്വലാഖ് മാത്രമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് ഉമര്‍(റ) പറഞ്ഞു: ആളുകള്‍ക്ക് വിശാലത നല്കിയ കാര്യത്തില്‍ ധൃതി കാണിക്കുകയാണ്. അതുകൊണ്ട് നാം മൂന്നായി തന്നെ കണക്കാക്കി നടപ്പിലാക്കുകയാണെങ്കില്‍ നടപ്പിലാക്കുക തന്നെ ചെയ്യും. അങ്ങനെ മൂന്നായി തന്നെ അത് നടപ്പിലാക്കുകയും ചെയ്തു.” (മുസ്‌ലിം)
~ഒറ്റയിരിപ്പിലിരുന്ന് ത്വലാഖ് മൂന്നും ചൊല്ലിയാലും അത് ഒന്നേ ആകൂ. എങ്കിലും അതൊരു അനാചാരമാണ്. ഒരിക്കലും ഇനി അവളെ തിരിച്ചെടുക്കരുത് എന്ന ദുര്‍മനസ്സിന്റെ പ്രേരണയാണത്. അതിനാല്‍ ഇത്തരക്കാര്‍ക്കുള്ള ഒരു ശിക്ഷാനടപടിയാണ് ഭരണ കര്‍ത്താവ് എന്ന നിലക്ക് ഉമര്‍(റ) അന്ന് സ്വീകരിച്ചത്.
അനസ്(റ) പറയുന്നു: ”മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയ ആളെ ഉമറിന്റെ(റ) സന്നിധിയില്‍ കൊണ്ടുവന്നാല്‍ ഉമര്‍(റ) അയാളുടെ മുതുക് വേദനിപ്പിച്ചിരുന്നു.” (സഈദുബ്‌നു മന്‍സൂര്‍). ഭരണകര്‍ത്താവ് എന്ന അര്‍ഥത്തില്‍ താല്ക്കാലികമായ ഒരു പ്രതിരോധം മാത്രമായിരുന്നു ഉമറിന്റെ(റ) ഈ നടപടി.
ഇസ്‌ലാമിക ശരീഅത്തില്‍ വിവാഹമെന്നത് ലൈംഗികാസക്തി പൂര്‍ത്തീകരിക്കാനുള്ള ഒരു ഉടമ്പടി മാത്രമല്ല. ഭദ്രമായ ഒരു കുടുംബ സംവിധാനത്തിനുപയുക്തമായ ഒരു കരാറും സംരംഭവും കൂടിയാണ് (വി.ഖു 4:24). സത്യധര്‍മാദികളുടെ പ്രായോഗികവത്കരണത്തിലൂടെ മാത്രമേ മനുഷ്യസംസ്‌കാരം പൂര്‍ണമാകൂ. മനസമാധാനത്തിന്റെ സ്രോതസ്സും അതുതന്നെ. ഈ സത്വം വളര്‍ത്തിയെടുക്കേണ്ടത് കുടുംബത്തിലാണ്. താരാട്ട് പാട്ടിലൂടെയും അമ്മിഞ്ഞപ്പാലിലൂടെയുമാണ് വരുംതലമുറക്ക് അത് പകര്‍ന്നു നല്‌കേണ്ടത്. അനാവശ്യവും ആവര്‍ത്തിച്ചുണ്ടാകുന്നതുമായ വിവാഹമോചനങ്ങള്‍ കുടുംബ ശൈഥില്യത്തിലേക്കും മക്കളുടെ അരക്ഷിതാവസ്ഥയിലേക്കുമാണ് വാതില്‍ തുറക്കുക. അതുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇസ്‌ലാമിക ദാമ്പത്യശ്രേണിയിലും ഉള്‍ക്കൊള്ളേണ്ടതുണ്ട്. ദമ്പതിമാര്‍ തമ്മിലുണ്ടായിരിക്കേണ്ട ഏകദൈവ വിശ്വാസത്തിലെ ഏകകം അതിലൊന്നാണ്. വിവാഹ മോചനങ്ങളെ വിശുദ്ധ ഖുര്‍ആന്‍ പരമാവധി നിരുത്സാഹപ്പെടുത്തുന്നതും ഈ സദുദ്ദേശ്യം മുന്നില്‍ വെച്ചുകൊണ്ടാണ്.
മുത്ത്വലാഖിന് പോയിട്ട് ഏക ത്വലാഖിന് തന്നെ ഒരു മുസ്‌ലിമിന് എത്ര കടമ്പകള്‍ കടന്നുപോകണം. ദമ്പതിമാര്‍ക്കിടയില്‍ അനുരഞ്ജനത്തിന്റെ സകലമാന സാധ്യതകള്‍ അടയുമ്പോള്‍ മാത്രം അറ്റ കൈക്ക് ചെയ്യാനുള്ള ഒരവകാശമാണ് ത്വലാഖ്. അഥവാ വിവാഹമോചനം. അല്ലാഹു അവന്റെ അടിയന് അനുവദിച്ചതില്‍ അവന്റെ കോപത്തിന് കാരണമാകുന്ന ഒന്നാണ് ത്വലാഖ് എന്ന് തിരുമേനി(സ) ഓര്‍മിപ്പിക്കുകയുണ്ടായി. കാരണം ത്വലാഖില്‍ പിടിച്ചിടപ്പെടുന്നത് രണ്ട് സ്ത്രീപുരുഷന്മാര്‍ മാത്രമല്ല, അവരുടെ രണ്ട് കുടുംബങ്ങളും അവരിലുള്ള നിരപരാധികളായ മക്കളുമെല്ലാമാണ്. അതുകൊണ്ടുതന്നെ ത്വലാഖ് ചൊല്ലാനല്ല, മറിച്ച് എങ്ങനെയെങ്കിലും അതില്ലാതാക്കാനുള്ള വഴികളിലേക്കാണ് ഖുര്‍ആന്‍ മനുഷ്യനെ ക്ഷണിക്കുന്നത്. സ്ത്രീയുടെ ഭാഗത്തുനിന്ന് അതിനു മാത്രമുള്ള പിണക്കം ഭയപ്പെടുമ്പോഴാണത്. ഉപദേശം, ശയന ബഹിഷ്‌ക്കരണം, ലഘുവായ അടിശിക്ഷ, കുടുംബ മുശാവറ ഇതെല്ലാം പരാജയപ്പെടുന്നേടത്ത് മാത്രം. എന്നിട്ടും പിരിയലിന്റെ സൂചന പരമാവധി ഒഴിവാക്കുകയാണ് ഖുര്‍ആന്‍ ഇവിടെ ചെയ്യുന്നത് (വി.ഖു 4:34)
ഇനി ഒരു നിലക്കും യോജിച്ച് പോകാനാവില്ല എങ്കില്‍ പരസ്പരം പിരിയുകയുമാവാം. ”നബിയേ നിങ്ങള്‍ വിശ്വാസികള്‍ സ്ത്രീകളെ വിവാഹ മോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദ കാലത്തിന് കണക്കാക്കി വിവാഹമോചനം ചെയ്യുകയും ഇദ്ദകാലം നിങ്ങള്‍ എണ്ണിക്കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അവരുടെ വീടുകളില്‍ നിന്ന് നിങ്ങളവരെ പുറത്താക്കരുത്. അവര്‍ പുറത്തുപോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്റെ നിയമപരിധികളാകുന്നു.” (വി.ഖു 65:1)
വിവാഹമോചനം നടന്നാലും മൂന്ന് ശുദ്ധി കാലഘട്ടം അവള്‍ ഭര്‍തൃഗൃഹത്തില്‍ തന്നെ ഉണ്ടായിരിക്കണമെന്നതാണ് ഖുര്‍ആനിന്റെ നിര്‍ദേശം. പിണക്കത്തിനും പിരിയലിനും ശേഷവും ദമ്പതിമാര്‍ക്ക് മാനസികമായ ഖേദവും പുനപ്പരിശോധനക്കുള്ള അവസരവും ദൈവ ദത്തമായി ലഭിക്കേണ്ടതിനാണിത്. ഒന്നും ഫലിക്കാതെ വരുമ്പോഴാണ് മാന്യമായി മതാഅ് അഥവാ ജീവിത വിഭവം നല്കി അവളെ വിട്ടയയ്‌ക്കേണ്ടത്. (വി.ഖു 2:241)
അപ്പോഴും മൂന്ന് ആര്‍ത്തവ കാലഘട്ടം ഭര്‍തൃവീട്ടില്‍ തന്നെ അവളുണ്ടാവണം. അതിലിടക്ക് അവന് വേണമെങ്കില്‍ അവളെ തിരിച്ചെടുത്ത് ഒരുമിച്ച് ജീവിക്കാം. പക്ഷേ, വീണ്ടും പിണക്കം തന്നെയാണെങ്കില്‍ രണ്ടാം തവണയും ത്വലാഖ് തന്നെ ആവര്‍ത്തിക്കുന്നതിന് വിരോധമില്ല. തുടര്‍ന്നുള്ള ജീവിതത്തിലും ത്വലാഖ് നടത്തുകയാണെങ്കില്‍ മൂന്നാമത് അവളെ മടക്കിയെടുക്കാന്‍ അവന് അര്‍ഹതയില്ല. ഈ ത്വലാഖ് തികച്ചും അന്തിമമായിരിക്കും. ഇതാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വിധി. ഇതുമൂലമുണ്ടാകുന്ന ഇദ്ദ കാലാവധിയില്‍ ഭാര്യയെ തിരിച്ചെടുക്കാനോ വീണ്ടും അവളെ നികാഹ് ചെയ്ത് സ്വീകരിക്കാനോ ആദ്യഭര്‍ത്താവിന് അവസരം നഷ്ടപ്പെടുകയും ചെയ്യും. വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായം 229-ാം വചനത്തിലാണ് ഇത്തരം ഒരു ത്വലാഖിന്റെ സൂചനയുള്ളത്.
അത്ത്വലാഖു ത്വല്‍ഖതാനീ എന്നല്ല മറിച്ച് അത്ത്വലാഖു മര്‍റതാനീ അഥവാ ത്വലാഖ് രണ്ട് പ്രാവശ്യമാണ് എന്നതാണിവിടെ ഖുര്‍ആനിന്റെ പദപ്രയോഗം. ഇതിനെക്കുറിച്ച് തഫ്‌സീര്‍ റൂഹുല്‍ ബയാനില്‍ ഇപ്രകാരമാണ് വ്യാഖ്യാനിച്ചിരിക്കുന്നത്: ”രണ്ട് പ്രാവശ്യം എന്നതിന്റെ ഉദ്ദേശ്യം വേര്‍പ്പെടുത്തിക്കൊണ്ട് രണ്ട് പ്രാവശ്യം ചൊല്ലിയാലാണ്. കാരണം ഒരാള്‍ മറ്റൊരു വ്യക്തിക്ക് രണ്ട് വെള്ളി നാണയം നല്കിയാല്‍ രണ്ട് പ്രാവശ്യം നല്കിയെന്ന് പറയുകയില്ല. അപ്രകാരം പറയണമെങ്കില്‍ രണ്ട് ഘട്ടങ്ങളിലായി നല്കണം.”
വിവാഹമോചനത്തിന്റെ ശരിയായ രൂപമാണ് ഖുര്‍ആന്‍ ഇവിടെ വരച്ചുകാണിക്കുന്നത്. അതും സംസ്‌കാര ശൂന്യതയുടെ മരുപ്പറമ്പായിരുന്ന അറേബ്യന്‍ ജാഹിലിയ്യത്തില്‍ നിന്ന.് സ്ത്രീ അന്ന് വെറും വില്ക്കാനും മിണ്ടാനും മാത്രമുള്ള ഒരു വാണിജ്യ വസ്തുവായിരുന്നു. പുരുഷന്റെ സുഖഭോഗ ഉപാധിയും. വിവാഹ മോചനത്തിനു യാതൊരു നിയന്ത്രണവും അവിടെയുണ്ടായിരുന്നില്ല. സ്ത്രീകളെ പരമാവധി ഉപദ്രവിച്ച് തളര്‍ത്തിയിടുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇതിനെതിരെ ചില സ്ത്രീകള്‍ തന്നെ നബി(സ)യോട് നടത്തിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിവാഹമോചനത്തിന് ഒരു പരിധി വെക്കുകയാണിവിടെ. ഇസ്‌ലാം പറയുന്നത് ”നിങ്ങള്‍ അവള്‍ക്ക് കൊടുക്കുന്നതില്‍ നിന്ന് തിരിച്ചു വാങ്ങേണ്ടതിനു വേണ്ടി അവളെ ഞെരുക്കുകയും ചെയ്യരുത്.” (വി.ഖു 4:19)
വിവാഹ മോചന സമയത്ത് അവളില്‍ നിന്നിങ്ങോട്ട് വാങ്ങുകയല്ല. മറിച്ച്, അങ്ങോട്ട് മാന്യമായ വല്ലതും കൊടുക്കുകയാണ് വേണ്ടത്. (വി.ഖു 2:241)
പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇത്തരം ഒരു ജീവനാംശത്തെക്കുറിച്ച് ഇന്ത്യന്‍ മുസ്‌ലിംകള്‍ കേള്‍ക്കുന്നത് തന്നെ ഷാബാനു ബീഗം എന്ന സ്ത്രീയുടെ വിഷയത്തില്‍ കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ്. ഇതിനര്‍ഥം ഇന്ത്യാ രാജ്യത്ത് നിലനില്ക്കുന്ന മുസ്‌ലിം വ്യക്തി നിയമത്തിന് യഥാര്‍ഥ ഇസ്‌ലാമിക ശരീഅത്തുമായി അത്ര വലിയ ബന്ധമൊന്നുമില്ല എന്നതുതന്നെ. മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലഘട്ടത്തില്‍ ഹനഫീ മദ്ഹബില്‍ നിന്നും ശീഈ ചിന്താസരണിയില്‍ നിന്നും കൂട്ടിക്കോര്‍ത്തിണക്കിയുണ്ടാക്കിയ ഒന്നാണത്. മുള്ള എന്ന് പേരുള്ള ഒരു പാഴ് സിയാണ് ഇത് സംബന്ധിച്ച അറബിഗ്രന്ഥം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. സ്ത്രീവിരുദ്ധം എന്ന് മാത്രമല്ല, ഒരര്‍ഥത്തില്‍ ഇസ്‌ലാം വിരുദ്ധം എന്ന് തന്നെ പറയാവുന്ന ഒരുപാട് വൈരുദ്ധ്യങ്ങളുടെ കലവറ അതിലുണ്ട്. നിക്കാഹുത്ത്ഹ്‌ലില്‍ എന്ന പേരിലുള്ള ചടങ്ങ് നില്ക്കല്‍ സമ്പ്രദായം. ‘മുതുഅത്തുന്നികാഹ്’ എന്ന താല്ക്കാലിക വിവാഹം എന്നീ വൃത്തികേടുകളെല്ലാം വൈവാഹിക രംഗത്ത് ഇന്ത്യയില്‍ നിലനില്ക്കുന്ന മുസ്‌ലിം വ്യക്തി നിയമത്തില്‍ സാധൂകരണമുള്ളവയാണ്. ഇസ്‌ലാമിനെ അങ്ങേയറ്റം അപഹസിക്കുന്ന നീചത്തരങ്ങളാണിതെല്ലാം. വിവാഹമോചനത്തിന്റെ മറവില്‍ മുസ്‌ലീം സ്ത്രീ പീഡിപ്പിക്കപ്പെടുന്നതും മുസ്‌ലിം വ്യക്തിനിയമം പലപ്പോഴും സ്ത്രീപക്ഷത്ത് വായിക്കപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെയാണ്. അതിന്റെ ഗുണഭോക്താക്കള്‍ ഏറിയ പങ്കും പുരുഷന്മാരാണ് എന്നതും മറ്റൊരു ശരി. അതുകൊണ്ടുതന്നെയാണ് പീഡിതരായ മുസ്‌ലിം പെണ്‍രോദനത്തിന്റെ മറവില്‍ എക സിവില്‍കോഡ് എന്ന വാള്‍ മുസ്‌ലിം വ്യക്തിനിയമത്തിന് മുകളില്‍ തൂങ്ങിക്കിടക്കുന്നത്. ചടങ്ങ് നില്ക്കല്‍ എന്നുള്ള വിവാഹത്തെ കൂട്ടിക്കൊടുപ്പ് വ്യഭിചാരമായിട്ടാണ് യഥാര്‍ഥ ഇസ്‌ലാമിക ശരീഅത്ത് ഉള്‍ക്കൊള്ളുന്നത്. രണ്ട് പ്രാവശ്യം തിരിച്ചെടുക്കാനുള്ള അവസരം കളഞ്ഞുകുളിച്ച ഭര്‍ത്താവിന് പ്രസ്തുത സ്ത്രീയെ സ്വാഭാവികമായി മറ്റൊരാള്‍ വിവാഹം കഴിച്ച് ഒഴിവാക്കപ്പെടുന്ന സന്ദര്‍ഭം ഉണ്ടാവുകയാണെങ്കില്‍ വീണ്ടും ഒരു പുനര്‍വിവാഹത്തിന് സാധ്യതയുണ്ട് എന്ന ദൈവിക വചനത്തെ വളച്ചൊടിച്ചുകൊണ്ടാണ് ചടങ്ങ് വിവാഹം എന്ന മ്ലേച്ഛത്തരത്തിന് പൗരോഹിത്യം ചൂട്ട് കത്തിക്കുന്നത്. (വി.ഖു 2:230)
ഇസ്‌ലാം ദാമ്പത്യ ബന്ധത്തിന് കല്പിക്കുന്ന വിശുദ്ധിയും ഗൗരവവും പാടേ ഇല്ലാതാക്കുന്ന ഒരു വഷളത്തരമാണിത്. നബി(സ) യും സ്വഹാബത്തും ഇത് തനി വ്യഭിചാരമാണെന്നും ഇവരെ എറിഞ്ഞുകൊല്ലണമെന്നും വരെ പറഞ്ഞ് വെച്ചിട്ടുണ്ട്.
‘ഇബ്‌നുമസ്ഈദ്(റ) നിവേദനം, നബി(സ) ചടങ്ങ് നില്ക്കുന്നവനെയും ആര്‍ക്കുവേണ്ടി ചടങ്ങ് നില്ക്കുന്നുവോ അവനെയും പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും ശപിച്ചിരിക്കുന്നു. (തിര്‍മിദി, നസാഇ)
ഇഖ്ബ(റ) നിവേദനം: നബി(സ) ചോദിച്ചു. ഞാന്‍ നിങ്ങള്‍ക്ക് വാങ്ങിയ കുറ്റത്തെക്കുറിച്ച് വിവരം നല്കട്ടെയോ? അതേ ദൈവ ദൂതരെ എന്ന് ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ നബി(സ) അരുളി. അത് ചടങ്ങ് നില്ക്കുന്നവനാണ്. അല്ലാഹു ചടങ്ങ് നില്ക്കുന്നവനെയും നിര്‍ത്തുവനെയും ശപിച്ചിരിക്കുന്നു. (ഇബ്‌നു മാജ). കാരണം ഇസ്‌ലാമില്‍ വിവാഹത്തിന്റെ യഥാര്‍ഥ ലക്ഷ്യം മരണം വരെ ഒന്നിച്ച് ജീവിക്കുക എന്നതാണ്. ചടങ്ങില്‍ അങ്ങനെയൊരു സദുദ്ദേശ്യമല്ല ഉള്ളത്. എന്നിട്ടും മുസ്‌ലിം വ്യക്തി നിയമത്തില്‍ ചടങ്ങ് ഇപ്പോഴും അനുവദനീയം തന്നെ.
അതുപോലെ ദാമ്പത്യ ജീവിതം ദുസ്സഹമാകുമ്പോള്‍ മോചനത്തിന്റെ വാതില്‍ സ്ത്രീക്ക് മുമ്പിലും ഇസ്‌ലാം കൊട്ടിയയ്ക്കുന്നില്ല. ന്യായമായ കാരണങ്ങള്‍ ഖാളിക്ക് മുമ്പാകെ സമര്‍പ്പിച്ച് അവള്‍ക്ക് വിവാഹമോചനം നേടാം. ‘ഫസ്ഖ്’ എന്നതാണ് ഇതിന് ഫുഖഹാക്കള്‍ നല്കിയ പേര്. വളരെ ലളിതമായ ഈ വഴിയും ഇന്ത്യയിലെ മുസ്‌ലിം സ്ത്രീക്ക് മുമ്പില്‍ കീറാമുട്ടിയാണ്. സമയപരിധി, മൂന്ന് വര്‍ഷത്തെ ഭര്‍ത്താവിന്റെ അസാന്നിധ്യം, ഉപ്പും മീനും ചോറും കിട്ടാതിരിക്കല്‍ ഇങ്ങനെ ഇസ്‌ലാമിന് പരിചയമില്ലാത്ത ഒരുപാട് ഉപാധികള്‍! പോരെങ്കില്‍ വക്കീല്‍ മുഖേന പത്രപരസ്യവും വേണം. ഇന്ന അവധിക്ക് മുമ്പില്‍ എന്റെ ഭര്‍ത്താവ് തിരിച്ചെത്തിയില്ലെങ്കില്‍ ഞാന്‍ അയാളെ ഫസ്ഖ് ചൊല്ലുന്നതാണ്’ എന്ന ഒരു മുന്നറിയിപ്പ്. എല്ലാം കൂടി ആത്മാഭിമാനമുള്ള പെണ്ണുങ്ങളൊക്കെ ഈയൊരു ഏടാകൂടം വേണ്ടന്നും തീരുമാനിക്കും. ഫലമോ, മരണം വരെ അവള്‍ക്ക് നിത്യവൈധവ്യം. മരണശേഷം സ്വത്തവകാശം കണക്കുപറഞ്ഞ് മേടിക്കാന്‍ കൃത്യസമയത്തുതന്നെ അവനെത്തിയെന്നുവരും. ചുരുക്കത്തില്‍ ഫസ്ഖ് എന്നുള്ള അവകാശവും പെണ്ണിന് എത്താക്കൊമ്പത്ത് തന്നെ. ഇസ്‌ലാമിക ശരീഅത്താകട്ടെ ഫസ്ഖിന്റെ വിഷയത്തില്‍ ഇത്തരം ആപ്രായോഗികതകളൊന്നും പറയുന്നില്ലതാനും. ‘ഇബ്‌നു അബ്ബാസ്(റ) നിവേദനം. ഒരു കന്യകയായ സ്ത്രീ നബി(സ)യുടെ അടുക്കല്‍ വന്ന് അവള്‍ വെറുക്കുന്ന ഒരുവനുമായുണ്ടായ വിവാഹബന്ധത്തെക്കുറിച്ച് പരാതി പറഞ്ഞു. നബി(സ) അവളുടെ ഇഷ്ടംപോലെ ആ വിവാഹം വേണ്ടെന്ന് വെക്കുവാനോ തുടരാനോ അനുവാദം കൊടുത്തു (ഇബ്‌നുമാജ, നസാഈ). ഇത്തരം ആശയം വരുന്ന വേറെയും ഹദീസുകളുണ്ട്. അതൊക്കെയാണ് ഇസ്‌ലാമിക ശരീഅത്തില്‍ ഫസ്ഖിനുള്ള മാനദണ്ഡം. പക്ഷേ, ഇതിലെല്ലാം നാട്ടിലുള്ള നിയമം ഒരിക്കലും ഏട്ടിലുള്ളതാകാറില്ല. എന്നിട്ടും ഇതൊക്കെ തന്നെ മതി ഞങ്ങള്‍ക്ക് എന്ന് മുസ്‌ലിം പെണ്ണുങ്ങളെക്കൊണ്ട് എഴുതിവാങ്ങിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍ മുസ്‌ലിം നേതൃത്വം. മറിച്ച് ചിന്തിക്കാനായി ഇസ്‌ലാമിക ശരീഅത്തിലേക്ക് തിരിഞ്ഞു നോക്കാനവസരം കൊടുക്കാതെ. ഒപ്പിട്ടു കൊടുക്കാന്‍ അവളുമാര്‍ ഇന്നലെ തയ്യാറാണ് പോലും!! അപ്പോള്‍ പിന്നെ വ്രണിതമായ മുസ്‌ലിം പെണ്ണിന്റെ കണ്ണീര്‍ തുള്ളികള്‍ ഇനിയും ഇവിടെ ഉറ്റിവീണുകൊണ്ടേയിരിക്കും. അതിലേക്ക് നോക്കി ഏക സിവില്‍കോഡ് എന്ന് ചെണ്ടകൊട്ടും. അത് കേട്ട് തട്ടാന്റെ തൊടിയിലെ മുയലിനെപോലെ ഞെട്ടിക്കൊണ്ടിരിക്കാനേ മുസ്‌ലിം സമൂഹത്തിന് നേരമുണ്ടാകൂ. പീഡിതരായ ലൈല ടീച്ചര്‍മാരുടെ നീണ്ട നെടുവീര്‍പ്പുകള്‍ ബാക്കിയും.