Tuesday
22
August 2017

ഇഖ്‌വാനി ഫത്‌വയും ഇസ്തിറാഹത്തിന്റെ ഇരുത്തവും

എ അബ്ദുസ്സലാം സുല്ലമി

ഇസ്‌ലാഹീ പ്രസ്ഥാനത്തില്‍ പിളര്‍പ്പിനു നേതൃത്വം നല്കിയവര്‍ എഴുതി: ‘ചുരുക്കത്തില്‍ ഇസ്തിറാഹത്തിന്റെ ഇരുത്തം (സുജൂദില്‍ നിന്ന് എഴുന്നേല്ക്കുമ്പോള്‍ ഇരിക്കല്‍) നിര്‍ബന്ധമാണെന്നോ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നോ പറയാന്‍ പറ്റില്ല. സുന്നത്താണോ അല്ലേ എന്നതില്‍ മാത്രമാണ് തര്‍ക്കം. അതുകൊണ്ട് അങ്ങനെ ചെയ്യുന്നവരെയോ ചെയ്യാത്തവരെയോ വഴിവിട്ട് പഴിക്കേണ്ടതില്ല (അല്‍മനാര്‍ മാസിക, ചോദ്യവും മറുപടിയും 2004 ആഗസ്ത്).
ഇസ്തിറാഹത്തിന്റെ ഇരുത്തം നിര്‍വഹിക്കുന്നവര്‍ സുന്നത്താണെന്ന് വിചാരിച്ചാണ് നിര്‍വഹിക്കുന്നത്. നിര്‍വഹിക്കാത്തവര്‍ സുന്നത്തില്ലെന്ന് വിചാരിച്ചാണ് നിര്‍വഹിക്കാതിരിക്കുന്നതും. അപ്പോള്‍ സുന്നത്തായ കാര്യത്തെ സുന്നത്തല്ലെന്ന് പ്രഖ്യാപിച്ച് ഉപേക്ഷിക്കല്‍ പഴിക്കേണ്ടതു തന്നെയാണ്. സുന്നത്തല്ലാത്ത കാര്യം സുന്നത്താണെന്ന് വിചാരിച്ച് ചെയ്യുന്നതും പഴിക്കേണ്ടതു തന്നെയാണ്. അപ്പോള്‍ രണ്ടു കൂട്ടര്‍ക്കും പഴിക്കല്‍ അനിവാര്യമായിത്തീരുന്നു. ഒരു സുന്നത്തിനെ സുന്നത്തല്ലെന്ന് പ്രഖ്യാപിച്ച് ചെയ്യാതിരിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. ഒരു സുന്നത്തല്ലാത്ത കാര്യത്തെ സുന്നത്തായി പ്രഖ്യാപിച്ച് ചെയ്യുന്നതും ഗൗരവമുള്ള കാര്യമാണ്. അപ്പോള്‍ പഴിക്കേണ്ടതില്ല എന്ന് പറയല്‍ ഇഖ്‌വാനിസമാണ്. ഇവര്‍ തൗഹീദ് പ്രസ്ഥാനത്തെ പിളര്‍ത്താന്‍ കണ്ടെത്തിയ ന്യായങ്ങളില്‍ ഒന്ന്  ഇതായിരുന്നുവല്ലോ.
സുന്നത്ത് എന്നാല്‍ നമുക്ക് ഇഷ്ടംപോലെ പ്രവര്‍ത്തിക്കാന്‍ ഇസ്‌ലാം സ്വാതന്ത്ര്യം നല്കിയതാണ്. അതിനാല്‍ ഇത് ഒരാള്‍ പ്രവര്‍ത്തിച്ചാല്‍ പഴിക്കാന്‍ പാടില്ല. ഉപേക്ഷിച്ചാലും പഴിക്കാന്‍ പാടില്ല. ഇതില്‍ ഒരാള്‍ക്കും അഭിപ്രായ ഭിന്നതയില്ല. ചില ഉദാഹരണത്തിലൂടെ ഇതു വിശദീകരിക്കാം.
1. തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പ് അനുഷ്ഠിക്കല്‍ പ്രബലമായ സുന്നത്താണ്. ഒരാള്‍ ഈ ദിവസം നോമ്പ് പിടിക്കാതിരുന്നാല്‍ അവനെ പഴിക്കാന്‍ പാടില്ല. എന്നാല്‍ സുന്നത്തില്ലെന്ന് പ്രഖ്യാപിച്ച് ഉപേക്ഷിച്ചാല്‍ പഴിക്കേണ്ടതാണ്. ഇതുപോലെ ഇസ്തിറാഹത്തിന്റെ ഇരുത്തം സുന്നത്താണെന്ന് കരുതി ഉപേക്ഷിച്ചാല്‍ പഴിക്കേണ്ടതില്ല. സുന്നത്തല്ലെന്ന് പ്രഖ്യാപിച്ച് ഉപേക്ഷിച്ചാല്‍ പഴിക്കേണ്ടതാണ്. കാരണം സുന്നത്തായ ഒരു കാര്യത്തെ സുന്നത്തല്ലെന്ന് പ്രഖ്യാപിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇസ്തിറാഹത്തിന്റെ ഇരുത്തം സുന്നത്താണെന്ന് പ്രഖ്യാപിച്ചാണ് അതു ചെയ്യുന്നവര്‍ അനുഷ്ഠിക്കുന്നതും. ഇവര്‍ക്ക് സുന്നത്തല്ലെന്ന് പ്രഖ്യാപിച്ച് ഉപേക്ഷിക്കുന്നവരെ പഴിക്കാന്‍ അവകാശമുണ്ട്.
2. എല്ലാ മാസത്തിലും 13, 14, 15 ദിവസങ്ങളില്‍ നോമ്പ് നോല്ക്കല്‍ സുന്നത്താണ്. എന്നാല്‍ നോല്‍ക്കാത്തവരെ പഴിക്കാന്‍ പാടില്ല. എന്നാല്‍ സുന്നത്തില്ലെന്ന് പ്രഖ്യാപിച്ച് ഉപേക്ഷിക്കുന്നവര്‍ ആക്ഷേപാര്‍ഹരാണ്.
3. രാത്രി നമസ്‌കരിക്കല്‍ ഖുര്‍ആന്‍ തന്നെ പറയുന്ന സുന്നത്ത് നമസ്‌കാരമാണ്. ഇത് നമസ്‌കരിക്കാത്തവരെ വിമര്‍ശിക്കുവാനും പഴിക്കാനും പാടില്ല. എന്നാല്‍ ഈ നമസ്‌കാരം നബി(സ)ക്ക് മാത്രമുള്ളതാണ് എന്ന് പ്രഖ്യാപിച്ച് ഒരാള്‍ ഉപേക്ഷിച്ചാല്‍ അതു സുന്നത്തിന് വിരുദ്ധമാണ്.
നബി(സ) സുജൂദില്‍ നിന്ന് എഴുന്നേല്ക്കുമ്പോള്‍ ഇസ്തിറാഹത്തിന്റെ ഇരുത്തം ഇരുന്നിട്ടുണ്ടോ ഇല്ലയോ എന്നതാണല്ലോ പ്രശ്‌നം. ചെയ്തിട്ടുണ്ടെങ്കില്‍ സുന്നത്ത് തന്നെ. ഇല്ലെങ്കില്‍ സുന്നത്തല്ല. സുന്നത്തായ ഒരു കാര്യത്തെ സുന്നത്തല്ലെന്ന് പ്രഖ്യാപിച്ച് ചെയ്യാതിരിക്കല്‍ തെറ്റാണ്. സുന്നത്തല്ലാത്തതു സുന്നത്താണെന്ന് പ്രഖ്യാപിച് ചെയ്യലും തെറ്റാണ്. ഇതു ചെയ്യാത്തവരെ വഴിവിട്ടു പഴിക്കേണ്ടതില്ല എന്ന് ഫത്‌വ നല്കിയത് രണ്ട് വിഭാഗത്തെയും തൃപ്തിപ്പെടുത്തുവാനാണ്. അതും ആവാം ഇതും ആവാം എന്ന ഇഖ്‌വാനികളുടെ ശൈലിയാണ്, സലഫികള്‍ക്ക് ഈ ശൈലിയില്ല എന്നു പറഞ്ഞാണ് ഇവര്‍ പ്രസ്ഥാനത്തെ പിളര്‍ത്തിയത്. നമസ്‌ക്കാരത്തില്‍ ഒരു പ്രത്യേക രൂപം സ്ഥിരപ്പെടണമെങ്കില്‍ ഹദീസില്‍ വ്യക്തമായി വരിക തന്നെ വേണം. സുന്നത്ത് ഉപേക്ഷിച്ചാല്‍ തെറ്റില്ല. ഞാന്‍ ഫര്‍ളിന്ന് പുറമെ സുന്നത്തുകളൊന്നും ചെയ്യുകയില്ലെന്നു പറഞ്ഞ സ്വഹാബിയെ സംബന്ധിച്ച് നബി(സ) പ്രഖ്യാപിച്ചത് അയാള്‍ അപ്രകാരം ചെയ്താല്‍ സ്വര്‍ഗത്തിലാണ് എന്നാണ് (ബുഖാരി, മുസ്‌ലിം) എന്നാല്‍ സുന്നത്ത് അല്ലാത്തത് സുന്നത്താക്കലാണ് കുറ്റകരം. അത് മതം മാറ്റിമറിക്കലാണ്. ഒരു കാര്യം സുന്നത്താണോ എന്ന് സംശയിച്ചാല്‍ അത് ഉപേക്ഷിക്കുവാനാണ് നബി(സ) നിര്‍ദേശിക്കുന്നത്.