Sunday
21
January 2018

നവകേരളത്തെ രൂപപ്പെടുത്തിയ മുസ്‌ലിം നായകര്‍

എം എസ് ഷൈജു

1

ഉയര്‍ത്തെഴുന്നേല്പുകളുടെ നൂറ്റാണ്ടാണ് ഇരുപതാം നൂറ്റാണ്ട്. ജീവിതത്തിന്റെ നിറംകെട്ട പുറമ്പോക്കുകളില്‍ തളച്ചിട്ടിരുന്ന ജനതകളുടെ ഉയര്‍ത്തെഴുന്നേല്പുകള്‍ക്ക് സാക്ഷ്യംവഹിച്ച കാലത്തിന്റെ ഒരു ഏടെന്നാണ് ഇരുപതാം നുറ്റാണ്ട് വിശേഷിപ്പിക്കപ്പെടുന്നത്. കാലങ്ങളായി ഉറഞ്ഞുകൂടിയ സവര്‍ണബോധത്തിന്റെ തിരസ്‌കാരങ്ങളുടെ കടും വെട്ടേറ്റ് ചരിത്രത്തിന്റെ ചളിപ്പാടങ്ങളിലേക്ക് മാത്രം തെളിക്കപ്പെട്ടിരുന്ന ഒരു ജനതയെന്ന സവിശേഷതയുമായാണ് പതിനെട്ടാം നൂറ്റാണ്ടിലെയും പത്തൊമ്പതാം നൂറ്റാണ്ടിലെയും കേരളീയ പൊതുസമൂഹം ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്. ഉയിര്‍ത്തെഴുന്നേല്പിനായുള്ള ആഹ്വാനങ്ങളാല്‍ മുഖരിതമായത് കൂടിയാണ് കേരളത്തിന്റെ ഇരുപതാം നൂറ്റാണ്ട്. ആചാര വൈകൃതങ്ങളിലും കടുത്ത പിന്നാക്കാവസ്ഥകളിലും തളച്ചിട്ടിരുന്ന ഒരു ജനതയെ ഇന്ന് കാണുന്ന ആധുനികതയിലേക്ക് നയിച്ച ചരിത്രം അനവധി ത്യാഗികളുടെ അര്‍പ്പണത്തിന്റെയും ദീര്‍ഘദര്‍ശിത്വത്തിന്റെയും സ്മരണകളാല്‍ അലംകൃതമായതാണ്.
സ്വത്വബോധ നിര്‍മിതിയും അന്ധവിശ്വാസങ്ങള്‍ക്കും ജാതിബോധങ്ങള്‍ക്കമെതിരിലുള്ള പോരാട്ടങ്ങളും അനാചാരങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരിലുള്ള സമരങ്ങളും കൊണ്ട് സമന്വയിക്കപ്പെട്ട സാമുദായിക നവോത്ഥാനങ്ങളാണ് പിന്നീട്, വിഖ്യാതമായ കേരളീയ സാമൂഹിക നവോത്ഥാനമായി വികസിച്ചത്. ഒരേസമയം വിഭിന്നങ്ങളായ രണ്ട് ദൗത്യങ്ങളെ സമന്വയിപ്പിച്ച് കൊണ്ട് നടന്ന ആ നവോത്ഥാന ശ്രമങ്ങള്‍ ചരിത്രത്തില്‍ നിന്ന് ഒരു മുന്‍മാതൃക ദര്‍ശിക്കാന്‍ സാധിക്കാത്ത വിധം അതുല്യമായതായിരുന്നു. കേരളീയ നവോത്ഥാന നായകര്‍ നിര്‍വഹിച്ച ദൗത്യത്തിന്റെ ഗുണഫലങ്ങള്‍ സാമുദായികതകളുടെ കള്ളികള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താന്‍ സാധിക്കാത്ത വിധം കേരളീയ സാംസ്‌കാരികതയുടെ നിഖില മേഖലകളെയും ചൂഴ്ന്ന് നില്‍ക്കുകയാണ്. ജാതിയും മതവും അതിര്‍ത്തി വരച്ച് വിവേചിച്ചിട്ട അജ്ഞതയുടെയും അസ്പൃശ്യതയുടെയും ദുഷിച്ച പൊതുബോധങ്ങളെ കുടഞ്ഞെറിയാനും മാനവികതയെ തെളിച്ചെടുക്കാനുമുള്ള ഊര്‍ജമാണ് അവര്‍ പകര്‍ന്നുതന്നത്.
ആധുനിക കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയെ രൂപപ്പെടുത്തിയതില്‍ ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലിംകള്‍ അര്‍പ്പിച്ച സംഭാവനകള്‍ സവിശേഷമായതാണ്. മതരംഗവും പൊതുരംഗവും പരമ ശോചനീയമായ ഒരു ഭൂതകാലത്തില്‍ നിന്നാണ് ഒരു ഫീനിക്‌സ് പക്ഷിയുടെ കുതിപ്പ് പോലെ കേരളീയ മുസ്‌ലിംകള്‍ ഉയിര്‍ത്തെഴുന്നേറ്റത്. പുതിയ ആകാശങ്ങളും പുതിയ സ്വപ്‌നങ്ങളും അവര്‍ നെയ്‌തൊരുക്കിയത് കാലം പോലും ആത്മഹര്‍ഷത്തോടെ നോക്കി നിന്നിട്ടുണ്ടാകണം. കീഴാള ജനത അനുഭവിച്ച മുഴുവന്‍ തിരസ്‌കാരങ്ങളും ഒട്ടും കുറയാതെ അക്കാലത്തെ മുസ്‌ലിം ജനതയും അനുഭവിച്ചു. ഒരര്‍ഥത്തില്‍ ഒരു കീഴാള ജനത തന്നെയായിരുന്നു അവര്‍. ഒരു ജനതയുടെ ആത്മ വിമോചനത്തിനായി അത്യധ്വാനം നടത്തിയ കര്‍മചാരികളായ ഒരു പിടി മനീഷികളാല്‍ അലകും പിടിയും ഒരുക്കിയെടുത്തത് കൂടിയാണ് ആധുനിക കേരളമെന്ന സവിശേഷമായ ഇടം. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് അടിക്കല്ല് കെട്ടിയ നവോത്ഥാന നായകര്‍ ആധുനിക കേരളത്തിന്റെ പാകപ്പെടുത്തലുകള്‍ക്ക് നല്‍കിയ സംഭാവനകള്‍ തമസ്‌കരിക്കാന്‍ സാധിക്കാത്തതാണ്. ആ മഹത്തുക്കളുടെ ഉജ്ജ്വലമായ നിശ്ചയദാര്‍ഢ്യത്തിന്റേയും അതുല്യമായ ജീവിതത്തിന്റേയും അടിവേരുകളില്‍ നിന്ന് രൂപപ്പെട്ടത് കൂടിയാണ് ആധുനിക കേരളത്തിന്റെ സാംസ്‌കാരിക മികവുകള്‍.
ഇന്ന് കേരളം അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന സാംസ്‌കാരിക ജീവിതത്തിന്റെ മഹാ നഭസിനെയും അതിന്റെ വൈവിധ്യങ്ങളേയും നിര്‍മിച്ചെടുക്കുന്നതില്‍ പങ്ക് വഹിച്ച ആ മഹാ നായകരെ വിസ്മരിച്ച് കൊണ്ട് ആധുനിക കേരളത്തിന് ഒരു തിരിഞ്ഞുനോട്ടം സാധ്യമല്ല. അവര്‍ തുറന്നിട്ട പുതിയ വാതായനങ്ങളിലൂടെ കേരള സമൂഹത്തെ മുന്നോട്ട് കുതിപ്പിക്കുന്നതില്‍ സംഭാവനകളര്‍പ്പിച്ച മഹാരഥന്മാര്‍ അനവധിയാണ്. ഒരു ജനതയുടെ ജീവിതത്തിനും സംസ്‌കാരത്തിനും മീതെ  തളംകെട്ടി നിന്ന അജ്ഞതയുടേയും അലംഭാവത്തിന്റേയും ഇരുട്ടിനോട് പടവെട്ടിയ ആ മനീഷികള്‍ മലയാള മണ്ണില്‍ നിരന്തരമായി ഓര്‍ക്കപ്പെട്ട് കൊണ്ടേയിരിക്കണം.

മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി
കേരളം കണ്ട ദീര്‍ഘദര്‍ശിയും കര്‍മകുശലനുമായ ഒരു നവോത്ഥാന നായകനാണ് മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി. കൊടുങ്ങല്ലൂര്‍ എന്ന പ്രദേശത്തിന് നവകേരള സൃഷ്ടിയില്‍ അനിഷേധ്യമായ ഒരു സ്ഥാനമാണുള്ളത്. മതബോധവും ഈശ്വരവിശ്വാസവും തുളുമ്പിനിന്ന മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിന്റെ പൂര്‍ണഭാവവും സാമൂഹിക ബോധത്താല്‍ രൂപപ്പെട്ട നവോത്ഥാന നിലപാടുകളാല്‍ സമ്പന്നമായതായിരുന്നു. ഒരു തികഞ്ഞ മുസ്‌ലിമായിരിക്കെ തന്നെ മുഴുവന്‍ മനുഷ്യരുടേയും വിമോചനത്തിനായി അധ്വാനിക്കുകയും അതില്‍ക്കുറഞ്ഞ ഒന്നിനോടും രാജിയാകാന്‍ തനിക്ക് കഴിയില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്ത മണപ്പാടനെയാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. രാജഭരണത്തിന്റേയും ജന്മി മേല്‍ക്കോയ്മയുടേയും ചൂഷണങ്ങളോട് സമരം പ്രഖ്യാപിച്ചാണ് മണപ്പാടന്‍ രംഗത്ത് വരുന്നത്. പ്രാദേശികമായി നിലനിന്നിരുന്ന യാഥാസ്ഥിതികതകളുടെ അധികാര വ്യവസ്ഥകളോട് കലഹിച്ചുകൊണ്ട് പുതിയ കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിന് മുമ്പില്‍നിന്നിരുന്ന മണപ്പാട് കുഞ്ഞഹമ്മദ് ഹാജി മതങ്ങള്‍ക്കതീതമായ മാനവികതയുടെ വക്താവായിരുന്നു. സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരേ പ്രാദേശികമായും അല്ലാതെയുമൊക്കെ സജീവമായി ഇടപെട്ടു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ അദ്ദേഹം നടത്തിയ ബോധവത്കരണം സ്വന്തം സമുദായത്തിനുള്ളില്‍ പോലും പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചു.
സമ്പന്നതയുടെ സൗഭാഗ്യങ്ങള്‍ക്കിടയില്‍ നിന്നാണ് മണപ്പാടന്‍ സാമൂഹിക രംഗത്തേക്ക് കടന്നുവരുന്നത്. സുഭിക്ഷമായ സാഹചര്യങ്ങള്‍ ചില കുടുംബങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്ന മണപ്പാടന്റെ നിലപാടുകളാണ് പിന്നീട് സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളിലേക്ക് വികസിച്ചത്. ജന്മിയായ മണപ്പാട് ഹൈദ്രോസ് ഹാജിയുടേയും കൊച്ചാമിനയുടെയും മകനായി 1890-ല്‍ ജനിച്ച കുഞ്ഞുമുഹമ്മദിന് ചെറുപ്പത്തില്‍ തന്നെ മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ലഭിച്ചിരുന്നു. വക്കം മൗലവിയുമായി ഗാഢബന്ധം നിലനിര്‍ത്തിയ മണപ്പാടന്‍, മൗലവിയുടെ ധൈഷണിക ബോധത്തെ സ്വന്തം കര്‍മമണ്ഡലത്തിലേക്ക് സന്നിവേശിപ്പിച്ചു. പിന്നാക്ക സമുദായങ്ങള്‍ക്ക് കേരളീയ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാനും പുരോഗതി കൈവരിക്കാനുമുള്ള ഫലപ്രദമായ മാര്‍ഗം ആധുനിക വിദ്യാഭ്യാസമാണെന്ന് മനസിലാക്കിയ മണപ്പാടന്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ചതാണ് ഇന്നത്തെ കേരളവര്‍മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 1925-ല്‍ സ്വന്തം മാനേജ്‌മെന്റില്‍ ആരംഭിച്ച ഈ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകങ്ങളും ഭക്ഷണവും സൗജന്യമായി നല്‍കിക്കൊണ്ട് ഒരു അക്ഷരവിപ്ലവത്തിന് തുടക്കം കുറിച്ച മണപ്പാടനെ ചരിത്രം എന്തുകൊണ്ട് നിഴലില്‍ നിര്‍ത്തിക്കളഞ്ഞുവെന്നത് കൂടുതല്‍ അന്വേഷിക്കേണ്ടതാണ്.
സ്വന്തം ഭവനത്തിനും മക്കളുടെ വീടുകള്‍ക്കും മലയാളത്തനിമയുള്ള പേരുകള്‍ നല്‍കിയ മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി നല്ലൊരു ഭാഷാസ്‌നേഹി കൂടിയായിരുന്നു. ഐക്യവിലാസം എന്ന അദ്ദേഹത്തിന്റെ വീട്ട് പേര് ആ അര്‍ഥത്തില്‍ മാത്രമല്ല; അവിടെ നിന്ന് രൂപപ്പെട്ട ഒരു സംസ്‌കാരം കൊണ്ടും ചരിത്രത്തില്‍ മുഴച്ച് നില്‍ക്കേണ്ട ഒന്നാണ്. മാനവമൈത്രിയും ഐക്യവും നിലപാടുകളില്‍ മാത്രം പരിമിതമാക്കാതെ ജീവിതം കൊണ്ട് സന്ദേശം നല്‍കിയ മഹാനുഭാവനായിരുന്നു അദ്ദേഹം. മണപ്പാടന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സംഭവങ്ങളിലൊന്നാണ് രക്തലേഖാ കേസ്.
രക്തം കിനിയുന്ന, അഗ്‌നിയെരിയുന്ന വാക്കുകള്‍ കൊണ്ട് ഭരണാധികാരികള്‍ക്കെതിരേ ആഞ്ഞടിച്ച ഈ ലഘുലേഖയുടെ പേരില്‍ അന്നത്തെ രാജാധിപത്യം മണപ്പാടനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് ജയിലിലടച്ചു. ആധുനിക ബാങ്കിംഗ് സംരംഭങ്ങളെ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന രൂപത്തില്‍ പരിവര്‍ത്തിപ്പിക്കാനുള്ള മണപ്പടന്റെ യത്‌നങ്ങള്‍ സമുദായത്തിനുള്ളിലെ എതിര്‍പ്പുകളെ ശക്തമാക്കിയെങ്കിലും തന്റെ ഉദ്യമത്തില്‍ നിന്ന് അദ്ദേഹം പിന്നോട്ട് പോയില്ല. സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും മണപ്പാടന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
പാരമ്പര്യ സ്വത്തുക്കള്‍ മുഴുവന്‍ സാമൂഹിക നവോത്ഥാനത്തിനു വേണ്ടി സമര്‍പ്പിച്ച ആ കര്‍മയോഗിയുടെ  ചരിത്രത്തെ ഇരുള്‍വീണ നിഴലിടങ്ങളില്‍ നിന്ന് വെളിച്ചത്തേക്ക് കൂട്ടിക്കൊണ്ട് വരേണ്ടതുണ്ട്. അദ്ദേഹം സംഭാവന ചെയ്ത സ്വത്തുക്കളിന്മേലാണ് കേരളത്തിലെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തലയുയര്‍ത്തി നില്‍ക്കുന്നത്. ഫറോക്ക് കോളെജ്, കൊല്ലം എസ് എന്‍ കോളെജ്, ചങ്ങനാശേരി ഹിന്ദു എന്‍ എസ് എസ് കോളെജ്, കാലടി ശ്രീ ശങ്കര കോളെജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, അരീക്കോട് സുല്ലമുസ്സലാം തുടങ്ങി എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കായി തന്റെ സ്വത്തുക്കള്‍ ദാനമായി നല്‍കിയ മണപ്പാടന്‍ ഉന്നതമായ മാനവിക ബോധത്താല്‍ പ്രചോദിതനായ ഒരു നവോത്ഥാന നായകന്‍ ആയിരുന്നു.
വക്കം മൗലവി
കേരളത്തിന്റെ മുഖ്യധാരാ ചരിത്രമെഴുത്ത് പുലര്‍ത്തിയ നീതികേടിന്റെ ഇരകളിലൊരാളാണ് വക്കം മൗലവി. ത്യാഗനിര്‍ഭരമായ ആ സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ജീവിതം കേവലമായ സാമുദായികതയുടെ ഒറ്റക്കള്ളിക്കുള്ളില്‍ തളയ്ക്കപ്പെട്ട് പോയി. വ്യത്യസ്തങ്ങളായ ജാതിമത ഘടനകള്‍ക്കുള്ളില്‍ നടന്ന നവീകരണങ്ങളുടെ നായകന്മാരെ കേരളീയ പൊതുസാമൂഹിക നവോത്ഥാനത്തിന്റെ നായകരായി മുഖ്യധാരാ ചരിത്രം അവതരിപ്പിക്കുമ്പോള്‍, കേരള ചരിത്രത്തിലെ സാമൂഹ്യ പരിണാമത്തിന്റെ ഒരു കാലഘട്ടത്തെ രൂപപ്പെടുത്തുന്നതില്‍ മുമ്പില്‍ നിന്ന വക്കം മൗലവിയെപ്പോലെയുള്ള ഒരു ചരിത്ര പുരുഷന്‍ എന്തു കൊണ്ട് അവഗണിക്കപ്പെട്ടു പോയിയെന്നത് ഗൗരവമായി അന്വേഷിക്കേണ്ടത് കാലഘട്ടത്തിന്റെ ഒരു ആവശ്യമാണ്.
മാനവികതയ്ക്ക് വേണ്ടി അഹോരാത്രം അധ്വാനിച്ച മനുഷ്യ സ്‌നേഹിയെന്നാണ് വിവിധ ചരിത്രകാരന്മാരാല്‍ അദ്ദേഹം പരിചയപ്പെടുത്തപ്പെടുന്നത്. അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും ഉന്നതമായ ധാര്‍മിക ബോധവും അതുല്യമായ ഉള്‍ക്കാഴ്ചയും അപ്രതിരോധ്യമായ വിപ്ലവവീര്യവും ആഴത്തിലുള്ള വിജ്ഞാനങ്ങളും സമ്മേളിച്ച കുലീനമായൊരു വ്യക്തിത്വമായിരുന്നു വക്കം മുഹമ്മദ് അബ്ദുല്‍ഖാദര്‍ എന്ന വക്കം മൗലവി. ഒരു മത പുരോഹിതനല്ലാതിരുന്നിട്ടും മൗലവി അങ്ങനെ വിളിക്കപ്പെട്ടത് അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ പ്രൗഢി കൊണ്ടായിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ മൗലവി തീര്‍ത്ത ഇതിഹാസ തുല്യമായ ഒരു മാതൃകയെ കവച്ച്‌വെയ്ക്കാന്‍ പോന്ന ഒരു ഒരു യജ്ഞം കേരള ചരിത്രത്തില്‍ ഇനി രൂപപ്പെടേണ്ടിയിരിക്കുന്നു. അത്രമേല്‍ പ്രശോഭിതമായ ഒരു അധ്യായമാണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനം. രാജവാഴ്ചയുടേയും ദിവാനായ രാജഗോപാലാചാരിയുടേയും ജനദ്രോഹങ്ങള്‍ക്കെതിരിലും അടിച്ചമര്‍ത്തലുകള്‍ക്കെതിരിലും ആഞ്ഞ് ചുഴറ്റുന്ന ഒരു ഖഡ്ഗമായിരുന്നു അദ്ദേഹം ആരംഭിച്ച സ്വദേശാഭിമാനി പത്രം. ജാതിക്കും മതത്തിനും അതീതമായ ഒരു പത്രപ്രവര്‍ത്തന പാരമ്പര്യം കേരളത്തിനു സമ്മാനിച്ചത് സ്വദേശാഭിമാനിയായിരുന്നു. തന്റെ ഇച്ഛയ്‌ക്കൊത്തവണ്ണം നിലപാടുകള്‍ രൂപപ്പെടുത്താന്‍ കഴിയുന്ന വിധത്തിലുള്ള ഒരു പത്രമുടമയായിരുന്നിട്ടും അദ്ദേഹം ജാഗ്രത പുലര്‍ത്തിയത് ഒരു നാടിന്റെ പൊതുബോധം രൂപീകരിക്കുന്നതിലായിരുന്നു. സ്വദേശാഭിമാനി രൂപപ്പെടുത്തിയ പൊതു ബോധങ്ങളാണ് പിന്നീട് കേരളത്തിന്റെ സവിശേഷമായ പൗരബോധത്തെ നിര്‍മിച്ചെടുക്കുന്നതില്‍ മുഖ്യ പങ്ക്‌വഹിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വന്‍ ഭൂസ്വത്തുള്ള ആഢ്യകുടുംബത്തില്‍ പിറന്ന മൗലവി തന്റെ സമ്പത്തും ധിഷണയും ഒരു ജനതയുടെ ഉന്നമനത്തിനായി ചിലവഴിച്ചു. പിതാവിന്റെ സുഹൃത്തായ നാരായണഗുരുവുമായി മൗലവി നടത്തിയിരുന്ന ആധ്യാത്മിക ചര്‍ച്ചകളും സംവാദങ്ങളും അദ്ദേഹത്തിന്റെ അറിവിന്റേയും നിലപാടുകളുടേയും ജീവിക്കുന്ന തെളിവുകളാണ്. സാമൂഹ്യമായ വികാസത്തിനുള്ള ഉപാധികളെക്കുറിച്ച് മൗലവിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. കേരളീയ ചരിത്രത്തില്‍ ശ്രീനാരായണ ഗുരുവിനൊപ്പമോ ഒരുവേള അതിനെക്കാള്‍ മുകളിലോ പരിഗണിക്കേണ്ടതായിരുന്നു വക്കം മൗലവിയേയും.
ആധുനിക വിദ്യാഭ്യാസത്തിലും ഭാഷാവളര്‍ച്ചയിലും മൗലവി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഔപചാരിക വിദ്യാഭ്യാസം, സ്ത്രീ വിദ്യാഭ്യാസം, സ്വതന്ത്രചിന്ത, സാഹിത്യപ്രവര്‍ത്തനങ്ങള്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരിലുള്ള ബോധവല്‍കരണങ്ങള്‍, മതാതീത ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കല്‍ തുടങ്ങി നിരവധി മേഖലകളില്‍ മൗലവിയുടെ സേവനങ്ങള്‍ വിപുലപ്പെട്ടിരുന്നു.

കെ എം സീതി സാഹിബ്
ധിഷണാശാലിയായ വാഗ്മിയും ദീര്‍ഘദര്‍ശിയായ പരിഷ്‌കര്‍ത്താവും ദേശീയബോധമുള്ള രാഷ്ട്രതന്ത്രജ്ഞനും മികച്ച ഒരു നിയമവിദഗ്ധനും സമ്പന്നമായ സാമൂഹ്യബോധമുള്ള സാഹിത്യപ്രതിഭയുമായിരുന്നു കെ എം സീതി സാഹിബ്. 1898-ല്‍ ജനിച്ച് 1961-ല്‍ അന്തരിക്കുന്നതിനിടയിലുള്ള ഹ്രസ്വമായ ഒരു കാലയളവു കൊണ്ട് ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലും വളര്‍ച്ചയിലും അദ്ദേഹം ചെലുത്തിയ സംഭാവനകള്‍ ഒരു പഠനത്തിന് വിധേയമാക്കപ്പെടുമ്പോള്‍, ആധുനിക കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സ്ഥാനം എത്ര വലുതായിരുന്നുവെന്ന് ബോധ്യമാകും. ആധുനിക വിദ്യഭ്യാസം ആര്‍ജിക്കുന്നതിലൂടെയും ആധുനിക രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെയും മാത്രമേ കേരളജനതയ്ക്ക് ഒരു സാമൂഹിക വികാസം ആര്‍ജിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു സീതിസാഹിബിന്റെ നിലപാട്.
അഗാധമായ ഉള്‍ക്കാഴ്ച പുലര്‍ത്തിയിരുന്ന സീതിസാഹിബിന്റെ വിജ്ഞാനത്തിന്റെ ആഴമറിയാന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില ഏടുകള്‍ മാത്രം മതിയാകും. 1930-കളിലെ കേരളീയ സാഹിത്യത്തിലെ പ്രതിഭയായി അറിയപ്പെട്ടിരുന്ന മൂര്‍ക്കോത്ത് കുമാരന്റെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ സംഘടിപ്പിക്കപ്പെട്ട സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഒമ്പതാം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കാന്‍ തെരഞ്ഞെടുത്തത് സീതി സാഹിബിനെയായിരുന്നു. ചരിത്രത്തില്‍ ഇടം പിടിച്ച അന്നത്തെ സമ്മേളനത്തിന്റെ അവസാന ദിവസം അദ്ദേഹം നടത്തിയ ഉജ്ജ്വലമായ പ്രഭാഷണം ആ സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെ ഉള്‍ക്കാഴ്ചയുടെ ആഴങ്ങളെ വെളിവാക്കുന്നതായിരുന്നു. ബഹുമുഖ ലക്ഷ്യങ്ങളുമായി നടന്ന ആ സമ്മേളനത്തിലെ ഏറ്റവും മികച്ച പ്രസംഗം സീതി സാഹിബിന്റേതായിരുന്നുവെന്ന് പ്രമുഖ സാഹിത്യകാരന്‍ സഞ്ജയന്‍ പിന്നീട് എഴുതിയിട്ടുണ്ട്.
ഗാന്ധിജിയുടെ കേരള സന്ദര്‍ശനവും ഗാന്ധിജിയുടെ പ്രസംഗങ്ങള്‍ക്ക് അദ്ദേഹം നടത്തിയ മൊഴിമാറ്റങ്ങളും ദേശീയ തലത്തില്‍ വരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സീതിസാഹിബ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത കോടതികളിലെ അദ്ദേഹത്തിന്റെ മികവുകളെ നിരവധി നിയമജ്ഞര്‍ അവരുടെ പുസ്തകങ്ങളിലൂടെ അനുസ്മരിച്ചിട്ടുണ്ട്. മൂല്യങ്ങള്‍ക്ക് വിലകല്പിച്ചിരുന്ന നിയമജ്ഞനായിരുന്നു അദ്ദേഹം. കൊച്ചി നിയമ സഭയിലും പിന്നീട് ഐക്യകേരളം രൂപപ്പെട്ടതിനു ശേഷം കേരള നിയമസഭയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ മൂല്യ ബോധമുള്ള ഒരു പുതിയ രാഷ്ട്രീയ പാതയുടെ വെട്ടിത്തുറക്കലായിരുന്നു. കേരള നിയമസഭയുടെ സ്പീക്കറായിരിക്കെയാണ് അദ്ദേഹം നിര്യാതനായത്. ചന്ദ്രിക ദിനപ്പത്രത്തിന്റേയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടേയും പിറവിക്ക് പിന്നിലെ ശക്തിയായി നിന്ന സീതി സാഹിബ് എപ്പോഴും പുതിയ സാധ്യതകളെ തേടാന്‍ യത്‌നിച്ച ഒരു പരിഷ്‌കര്‍ത്താവായിരുന്നു.

മുഹമ്മദ് അബ്ദുറഹ്മാന്‍
സാഹിബ്
ആദര്‍ശ രാഷ്ട്രീയത്തിന്റെ മാത്യകാരൂപമെന്ന് ചരിത്രത്താല്‍ വിശേഷിപ്പിക്കപ്പെട്ട കര്‍മയോഗിയാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്. ജാതിബോധങ്ങളുടെ മതില്‍ക്കെട്ടുകളെ തകര്‍ത്തെറിഞ്ഞ് അദ്ദേഹം പുലര്‍ത്തിയ ഉന്നതമായ പൗരബോധവും സാമൂഹികബോധവുമാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പൊതു ജീവിതത്തെ വ്യതിരിക്തമാക്കുന്നത്. മുസ്‌ലിം സമൂഹത്തില്‍ നിന്നുള്ള ഒരു കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുമ്പോഴും സാഹിബ് തുറന്നുവെച്ച പൊതുജീവിതത്തിന്റെ വഴിത്താരയ്ക്ക് പിന്നീട് ഒരു തുടര്‍ച്ചയില്ലാതെ പോയത് എവിടെ മുതലാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. മരണമില്ലാത്ത മനുഷ്യന്‍ എന്ന അക്കിത്തത്തിന്റെ വിഖ്യാതമായ കവിത സാഹിബിന്റെ അതുല്യമായ അര്‍പ്പണബോധത്തിന്റെയും ജീവിതസംശുദ്ധിയുടെയും ത്യാഗത്തിന്റേയും വാഴ്ത്തുപാട്ടാണ്.
വര്‍ത്തമാന കേരളത്തെ രാഷ്ട്രീയമായും സാമൂഹികമായും രൂപപ്പെടുത്തുന്നതില്‍ സാഹിബിന്റെ സംഭാവനകള്‍ അമൂല്യങ്ങളാണ്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ശക്തിപ്രാപിച്ച ദേശീയ പ്രസ്ഥാനത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ച സാഹിബ് ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളെ ജനകീയമാക്കുന്നതില്‍ വഹിച്ച പങ്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ദേശീയതലത്തില്‍ ബന്ധിപ്പിച്ചു. കേരളത്തിലെ ദേശീയ മുന്നേറ്റങ്ങളെ ദേശീയ പ്രസ്ഥാനവുമായി കൂട്ടിയോജിപ്പിക്കുന്നതിലെ കണ്ണിയായിരുന്നു മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്. കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയബോധം ഉരുവംകൊണ്ടതിനു പിന്നിലെ സാഹിബിന്റെ അധ്വാനവും വിയര്‍പ്പും അളന്നെടുക്കാന്‍ കഴിയാത്ത വിധം സമൂഹത്തില്‍ ലയിച്ച് ചേര്‍ന്നിട്ടുണ്ട്. സാഹിബ് ആരംഭിച്ച അല്‍അമീന്‍ പത്രത്തിലൂടെ നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരേയും ചിന്തകന്മാരേയും അദ്ദേഹം കൈരളിക്ക് സംഭാവന ചെയ്തു. സാഹിബിന്റെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഒരു നവജീവന്‍ കൈവരികയും കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ മുതലായ സമൂഹത്തിലെ നാനാവിഭാഗം ജനങ്ങളും പ്രസ്ഥാനത്തിനു കീഴില്‍ അണി നിരക്കുകയും ചെയ്തു.
സാമുദായിക രാഷ്ട്രീയത്തെക്കുറിച്ച് സാഹിബിന് വേറിട്ട കാഴ്ചപ്പാടായിരുന്നു. എങ്കിലും വിയോജിപ്പുകളെ ഗുണകാംക്ഷാപരതയോടെയും സഹിഷ്ണുതയോടെയും നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കേരളീയ സാമൂഹിക പുരോഗതിയില്‍ ഒരു നാഴികക്കല്ലായി വര്‍ത്തിച്ച ഭൂപരിഷ്‌കരണ നിയമത്തിന്റെ ബീജം രൂപപ്പെടുന്നതില്‍ സാഹിബിനുണ്ടായിരുന്ന പങ്ക് ഇന്നും വേണ്ടത്ര വെളിച്ചത്ത് വന്നിട്ടില്ല. 1939-ലെ രാജാജി മന്ത്രിസഭ ഭൂബന്ധങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിലെ അംഗങ്ങളായിരുന്നു സാഹിബും, ഇ എം എസും. പഠനത്തിന്റെ ഭാഗമായി ഇവര്‍ തയ്യാറാക്കിയ ഒരു വിയോജനക്കുറിപ്പാണ് പിന്നീട് കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ കാതലായി മാറിയത്. രാഷ്ട്രീയത്തിലെ അര്‍പ്പണബോധവും വ്യക്തി സംശുദ്ധിയുമൊക്കെ ഗൗരവമായ ചര്‍ച്ചയാകുന്ന ഇന്നത്തെ കാലത്ത്, മുഹമ്മദ് അബ്ദുര്‍റഹ്മാനെന്ന കര്‍മയോഗിയുടെ ജീവിതത്തെക്കുറിച്ച് നാം കൂടുതല്‍ അന്വേഷിക്കുകയും അറിയുകയും ചെയ്യേണ്ടിയിരിക്കുന്നു.

ടി പി കുട്ട്യാമു
സാഹിബ്
കേരളത്തിന്റെ ആദ്യത്തെ ചീഫ് എഞ്ചിനീയറായിരുന്നു ടി പി കുട്ട്യാമു സാഹിബ്. ഇന്ന് കേരളം കാണുന്ന  നിരവധി വികസന പദ്ധതികളുടെ ആസൂത്രകനും ആശയ നിര്‍മാതാവുമായ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. സമ്പന്ന കുടുംബത്തില്‍ പിറന്ന കുട്ട്യാമു സാഹിബ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും സാമൂഹ്യസേവനത്തിനും മാനവികോദ്ധാരണത്തിനുമായി മാറ്റി വെച്ചു. മദ്രാസ് സര്‍ക്കാറിന് കീഴില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്ന കുട്ട്യാമു സാഹിബ് പ്രത്യേക താത്പര്യത്തിലാണ് കേരളത്തിന്റെ ചീഫ് എഞ്ചിനീയര്‍ പദവി ഏറ്റെടുത്തത്. കേരളം കൈവരിക്കേണ്ട സാങ്കേതിക മികവിനെക്കുറിച്ച് കുട്ട്യാമു സാഹിബിന് വലിയ സ്വപ്‌നങ്ങളാണുണ്ടായിരുന്നത്. മികവാര്‍ന്ന കര്‍മപദ്ധതികളിലൂടെ കേരളത്തിന്റെ സാങ്കേതിക രംഗത്തെ വികസിപ്പിക്കുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പിന്നീട് വലിയ പദ്ധതികളായി വികസിച്ചു.
കേരളത്തിന്റെ ജലസേചന വിഭാഗത്തിന്റെ ശില്പിയും ആസൂത്രകനും അദ്ദേഹമായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് എഞ്ചിനീയറായ വ്യക്തിയും കുട്ട്യാമു സാഹിബായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഉന്നതമായ ഉദ്യോഗം വഹിക്കുന്നവരൊക്കെ അധികാരത്തിന്റെയും സമ്പന്നതയുടേയും കനകമേടകളില്‍ മാത്രം വിശ്രമിച്ചിരുന്ന അക്കാലത്ത് കുട്ട്യാമു സാഹിബ് നടത്തിയ സാമൂഹികോദ്ധാരണ പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും അത്ഭുതത്തോടെയായിരുന്നു പലരും വീക്ഷിച്ചത്. കേരളത്തിന്റെ പൊതു സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കായി ശക്തമായ ഇടപെടലുകള്‍ നടത്തിയ അദ്ദേഹം നല്ലൊരു വായനക്കാരനും എഴുത്തുകാരനുമായിരുന്നു. മൂന്ന് ഗ്രന്ഥങ്ങള്‍ അദ്ദേഹം കൈരളിക്ക് സംഭാവന ചെയ്തു.
മുസ്‌ലിം കൈരളിയുടെ ഇന്നത്തെ വികാസത്തില്‍ കുട്ട്യാമു സാഹിബിന്റെ പങ്ക് അനിഷേധ്യമായതാണ്. കേരളീയജനതയെ, വിശിഷ്യാ സാമൂഹ്യഘടനയില്‍ പിന്നിലായിപ്പോയവരെ സമുദ്ധരിക്കാനും ശാക്തീകരിക്കാനുമുതകുന്ന അനേകം പദ്ധതികളില്‍ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഉന്നത പഠനരംഗത്ത് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന പദ്ധതികള്‍ക്കും സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നിരവധി പദ്ധതികള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. ചന്ദ്രിക പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായി സേവനമനുഷ്ഠിച്ച കുട്ട്യാമു സാഹിബ് കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ പ്രസ്ഥാനങ്ങളോടും മതവിഭാഗങ്ങളോടും സ്‌നേഹവും സഹകരണവും നിലനിര്‍ത്തി. സാമുദായിക സാഹോദര്യം കൂടുതല്‍ ശക്തമായി കൂട്ടിയിണക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതിനായി അഹോരാത്രം അധ്വാനിച്ച കുട്ട്യാമു സാഹിബിന്റെ ജീവിതവും ദൗത്യവും കേരളീയ വികസനത്തിന്റെ വിവിധ അധ്യായങ്ങളില്‍ മായ്ച്ചു കളയാനാകാത്ത വിധം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ടി ഉബൈദ്
കേരളത്തിലെ മഹാകവികളുടെ കൂട്ടത്തിലെ നക്ഷത്ര ശോഭയുള്ള നാമധേയമാണ് ടി ഉബൈദിന്റേത്. ദേശ സ്‌നേഹവും ഉണ്മയും സ്ഫുരിക്കുന്ന കവിതകള്‍ കൊണ്ട് മലയാളഭാഷയെ സമ്പന്നമാക്കിയ ടി ഉബൈദ് വെട്ടിത്തുറന്നത് പുതിയ ചിന്തകളുടെ ഒരു ആകാശമായിരുന്നു. 1908 ഒക്ടോബര്‍ 7-ന് കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കാലില്‍ ആയിരുന്നു ഉബൈദിന്റെ ജനനം. എട്ടാം തരത്തില്‍ പഠനം അവസാനിപ്പിച്ച ഉബൈദ്, പന്ത്രണ്ട് വര്‍ഷത്തിന് ശേഷം  സ്വന്തം പ്രയത്‌നത്താല്‍ ഉപരിപഠനം പൂര്‍ത്തിയാക്കി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അല്‍ അമീനിലൂടെ സാഹിത്യരചനകളില്‍ ഏര്‍പ്പെട്ട ഉബൈദ് കവിതകളുടെ വഴിയാണ് തന്റെ ലോകമെന്ന് തിരിച്ചറിയുകയായിരുന്നു. സാമൂഹ്യവളര്‍ച്ചയ്ക്കും അനാചരങ്ങളുടെ ഉച്ചാടനത്തിനുമായി കവിതകളെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയ അദ്ദേഹം സമൂഹിക നവോത്ഥാന രംഗത്തും സജീവമായി.
കുമ്പളയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന അവഗണനയ്ക്കും അയിത്തത്തിനുമെതിരില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്ന കേരളമുസ്‌ലിം ഐക്യസംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മഹാകവിക്ക് മതയാഥാസ്ഥിതിക വാദികളില്‍ നിന്നുള്ള കടുത്ത ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി നിരന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കവി 1939-ല്‍ സംഘടിപ്പിച്ച വിദ്യഭ്യാസ അവകാശ പ്രചാരണ ജാഥ ഈ വിഷയത്തില്‍ കേരളത്തില്‍ നടന്ന സ്മരണീയമായ ഒരു പരിഷ്‌കരണമായിരുന്നു. മലയാള ഭാഷയെ അടയാളപ്പെടുത്തിയ മലയാള മഹാ നിഘണ്ടുവിന്റെ പണിപ്പുരയില്‍ ശൂരനാട് കുഞ്ഞന്‍ പിള്ളയുമയി ചേര്‍ന്ന് ടി ഉബൈദ് നടത്തിയ സേവനങ്ങള്‍ അവിസ്മരണീയമായതാണ്. ആധുനിക മലയാള ഭാഷയെയും സാഹിത്യത്തേയും രൂപപ്പെടുത്തുന്നതില്‍ മഹാ കവി ടി ഉബൈദ് നടത്തിയ അര്‍പ്പണം മലയാള ഭാഷയ്ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഭാഷയേയും സാഹിത്യത്തേയും മാത്രമല്ല, സംസ്‌കാരത്തേയും സാമൂഹ്യ വളര്‍ച്ചയേയും മുന്നോട്ട് തെളിക്കുന്നതിലും തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ആ സാമൂഹിക നായകന്‍ 1972 ഒക്‌ടോബര്‍ മൂന്നിന് അന്തരിച്ചു.

വൈക്കം മുഹമ്മദ്
ബഷീര്‍
കലവറയില്ലാത്ത കര്‍മവും സേവനവും കൊണ്ട് മലയാള ഭാഷയെ കമനീയമായി അലങ്കരിച്ച മഹാനായ സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. മലയാളത്തിന്റെ അഴകും അഭിമാനവുമാണ് ബഷീറിയന്‍ ധാര. തലച്ചോറുള്ള ഹാസ്യാത്മകതയെന്നാണ് ബഷീറിയന്‍ ശൈലിയെ വിശേഷിപ്പിക്കുന്നത്. മുസ്‌ലിം സ്വത്വ ബോധത്തെ അഭിമാനമായി കണ്ട ബഷീര്‍ മാനവികതയുടെ വക്താവായിരുന്നു. മതത്തെ സംബന്ധിച്ച് വിശാലവും വ്യക്തവുമായ കാഴ്ചപ്പാടാണ് ബഷീറിനുണ്ടായിരുന്നത്. ജീവിതത്തിന്റെ മഹായാത്രയെ ആവോളം നുകര്‍ന്ന ആ സാഹിത്യസാമ്രാട്ട് രൂപപ്പെടുത്തിയ ഒരു സംസ്‌കാരം ഇന്നും അതിന്റെ തുടര്‍ച്ച മുറിയാതെ നിലനില്‍ക്കുന്നുണ്ട്.
സാഹിത്യലോകത്ത് പടര്‍ന്ന് പിടിക്കുന്ന ജാതി ബോധങ്ങളുടെ ഉച്ചിയില്‍ പ്രഹരിച്ച ബഷീര്‍ മതത്തെ ദുരുപയോഗം ചെയ്യുന്ന കപടവാദികളുടെ കുപ്പായങ്ങളെ വലിച്ച് കീറിയിരുന്നു. ബഷീര്‍ വളര്‍ത്തിയ മലയാളപ്പെരുമ കടലുകളും കടന്ന് സഞ്ചരിച്ചു. മലയാള ഭാഷയേയും ആധുനിക സാഹിത്യത്തെയും ജനകീയമാക്കുന്നതില്‍ അദ്ദേഹം നിര്‍വഹിച്ച പങ്ക് വളരെ വലുതാണ്. അനുഭവങ്ങളുടെ ഒരു കലവറയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൃതികള്‍ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും വളര്‍ച്ചയില്‍ ഒരു മുതല്‍ക്കൂട്ടാണ്. ആത്മീയതയുടെ അനന്തതകളിലേക്ക് സഞ്ചരിക്കാന്‍ വെമ്പല്‍ പൂണ്ട ആ ആത്മാന്വേഷി കപട മതബോധങ്ങളെ കണക്കിന് ശകാരിച്ചു. കൂര്‍ത്ത പരിഹാസത്തിന്റെ കുന്തമുനകള്‍ കൊണ്ട് അനാചരങ്ങള്‍ക്കും നീതികേടിനുമെതിരില്‍ അദ്ദേഹം അക്ഷരയുദ്ധം നയിച്ചു. ഒരു കാലത്തെ മലയാള സാഹിത്യത്തെ തന്റെ പ്രഭാവലയത്തിനു ചുറ്റും നിര്‍ത്തിച്ച ആ മഹാനായ മനുഷ്യ സ്‌നേഹിയുടെ സംഭാവനകളെ അനുസ്മരിക്കാതെ ആധുനിക കേരളത്തിന് ഒരു ഓര്‍മ പുതുക്കല്‍ സാധ്യമാകില്ല.

പ്രൊഫ. കെ എ ജലീല്‍
എണ്ണമറ്റ ധിഷണാശാലികളായ സാമൂഹിക നായകരുടെ ആലോചനയിലും ആസൂത്രണത്തിലും അധ്വാനത്തിലും വിരിഞ്ഞ അക്ഷര വസന്തമാണ് കേരളത്തിന്റെ ഇന്നത്തെ വിദ്യാഭാസ പുരോഗതിയെ രൂപപ്പെടുത്തിയത്. ആധുനിക കേരളത്തെ കെട്ടിപ്പടുക്കുന്നതിനായി ആത്മസമര്‍പ്പണം നടത്തിയ പരിഷ്‌കര്‍ത്താക്കളില്‍ ശ്രദ്ധേയമായ ഒരു നാമമാണ് പ്രൊഫ. കെ എ ജലീലിന്റേത്. സുദീര്‍ഘമായ അധ്യാപന ജീവിതത്തിലൂടെ അദ്ദേഹം നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഒരു ജനതയുടെ ഭാവിയെത്തന്നെ മാറ്റിമറിച്ചു. മലബാറിന്റെ വിദ്യാഭ്യാസ ചരിത്രമെഴുതുമ്പോള്‍ അനേകം തവണ സ്മരിക്കേണ്ട ഒരു പേരാണ് ജലീല്‍ സാഹിബിന്റേത്. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയെ നിര്‍ണയിക്കുന്നതില്‍ സവിശേഷമായ സ്ഥാനമുള്ള കലാലയമാണ് ഫാറൂഖ് കോളെജ്. ആദ്യകാലങ്ങളില്‍ ഫാറൂഖ് കോളെജായിരുന്നു കെ എ ജലീല്‍ സാഹിബിന്റെ തട്ടകം. ഇരുപത്തിരണ്ട് വര്‍ഷം ഫാറൂഖ് കോളെജിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. കോളെജിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി അത്യധ്വാനം ചെയ്ത അദ്ദേഹം പിന്നീട് കാലികറ്റ് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു.
യൂണിവേഴ്‌സിറ്റിയെ ഒരു ജനതയുടെ ആത്മാവുമായി ബന്ധിപ്പിക്കുന്നതിനായി ബഹുമുഖ കര്‍മ പദ്ധതികള്‍ക്ക് അദ്ദേഹം രൂപം നല്‍കി. ഇന്നു കാണുന്ന രൂപത്തിലേക്ക് യൂണിവേഴ്‌സിറ്റിയെ വികസിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് നിസ്തുലമായതാണ്. രാഷ്ട്രീയാതിപ്രസരമുണ്ടായിരുന്ന യൂണിവേഴ്‌സിറ്റിയില്‍ തന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഇഛാശക്തിയോടെ അദ്ദേഹം നിലയുറപ്പിച്ചു. നിലപാടുകളില്‍ മായം ചേര്‍ക്കാന്‍ സന്നദ്ധനാകാതെ ഒടുവില്‍ വി സി സ്ഥാനം ത്യജിച്ച് സന്നദ്ധ സേവനത്തിലേക്ക് ചുവടുറപ്പിച്ചു. മലബാറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും പ്രൊഫ. കെ എ ജലീലിന്റെ ചിന്തയും ആസൂത്രണവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സാമൂഹ്യപരമായ നിരവധി കാരണങ്ങള്‍ കൊണ്ട് പിന്നിലായിപ്പോയ ഒരു ജനതയുടെ ആത്മാഭിമാനം വളര്‍ത്തിയെടുക്കുന്നതിലും കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ പുതിയ കുതിപ്പിലേക്ക് അവരെ വിളക്കിച്ചേര്‍ക്കുന്നതിലും അതീവ പ്രാധാന്യമുള്ള പങ്ക് വഹിച്ച കെ എ ജലീല്‍ നിരവധി സാമൂഹ്യ പരിഷ്‌കരണ, ശാക്തീകരണ പദ്ധതികളിലും സജീവമായി പങ്ക് കൊണ്ടിരുന്നു.
***
വിവരങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. പരാമര്‍ശിക്കാതെ വിട്ടുകളയാന്‍ സാധിക്കാത്ത നിരവധി നാമങ്ങള്‍ ഇനിയുമുണ്ട്. തങ്ങളുടെ കര്‍മ മേഖല കൊണ്ട് കൊണ്ട് ഒരു നാടിന്റെ വളര്‍ച്ചയ്ക്കും ഉണര്‍വിനും കരുത്ത് പകര്‍ന്ന ഒരു പിടി ത്യാഗികള്‍. നൂറ്റാണ്ടിന്റെ സാക്ഷിയായ ഇ മൊയ്തു മൗലവി, ആദര്‍ശ രാഷ്ട്രീയത്തിന്റെ അമരക്കാരനായ സി എച്ച് മുഹമ്മദ് കോയ, അതുല്യനായ ഇമ്പിച്ചി ബാവ, ഒരു ജനതയുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഒരു പുരുഷായുസ് ചെലവഴിച്ച ഡോ. അബ്ദുല്‍ഗഫൂര്‍, എന്‍ പി മുഹമ്മദ്, ജസ്റ്റിസ് അബ്ദുല്‍ ഗഫൂര്‍… ആ പട്ടിക നീളുകയാണ്. ആധുനിക കേരളത്തെ ഇവ്വിധം കെട്ടിപ്പടുത്തതില്‍ പ്രശസ്തരും അല്ലാത്തതുമൊക്കെയായ നൂറുകണക്കിന് ത്യാഗികളുടെ ജീവിതവും സ്വപ്‌നങ്ങളും അലിഞ്ഞ് ചേര്‍ന്നിട്ടുണ്ട്. പകച്ചു നിന്ന അന്നത്തെ ആ പഴയ ചരിത്രസന്ധികള്‍ പുതിയ ഭാവങ്ങളോടെ പുനരാവര്‍ത്തിക്കപ്പെടുമ്പോഴൊക്കെ വഴിതെറ്റാതെ മുന്നോട്ട് കുതിക്കാനുള്ള വെളിച്ചം ഇന്നും അവര്‍ ഭൂതകാലത്തിന്റെ കാണാ മറയത്തിരുന്ന് പ്രകാശിപ്പിച്ച് കൊണ്ടേയിരിക്കുന്നു.   ഹ