Sunday
21
January 2018

നമ്മള്‍ ചുവടുവെച്ച അറുപത് വര്‍ഷങ്ങള്‍

ഡോ. ഫസല്‍ ഗഫൂര്‍

കേരളം പിറവികൊണ്ടിട്ട് ആറു പതിറ്റാണ്ടു പിന്നിടുന്നു. 1956 നവംബര്‍ ഒന്നാം തിയ്യതി ഐക്യകേരളം പിറവികൊണ്ടപ്പോള്‍ മൂന്നു നാട്ടുരാജ്യങ്ങളാണ് ഇല്ലാതായത്. ഭാഷാടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍, തിരുക്കൊച്ചി, മലബാര്‍ എന്നിവ ഒന്നുചേര്‍ന്ന് മലയാളം സംസാരിക്കുന്നവരുടെ ഒരു സംസ്ഥാനമായി കേരളം രൂപീകരിക്കപ്പെടുകയായിരുന്നു. വ്യത്യസ്തതകള്‍ ഒന്നുചേര്‍ന്ന ഐക്യകേരളം വിവിധ സംസ്‌കാരങ്ങളുടെ കൂടി ഒത്തുചേരലായി മാറി.
കേരള സംസ്ഥാനത്തിന്റെ രൂപീകരണം മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമായി മാറുകയാണുണ്ടായത്. മലബാര്‍ മുസ്‌ലിംകളുടേയും തിരുക്കൊച്ചി മുസ്‌ലിംകളുടേയും ഐഡന്റിറ്റികള്‍ വ്യത്യസ്തമായിരുന്നു. ഐക്യകേരളത്തിന്റെ പിറവിയോടു കൂടി ഈ വ്യത്യസ്ത ഐഡന്റിറ്റികള്‍ അപ്രത്യക്ഷമായി. പകരം അതൊരൊറ്റ കേരള മുസ്‌ലിം സ്വത്വമായി മാറുകയാണുണ്ടായത്. സാംസ്‌കാരികമായും അല്ലാതെയുമെല്ലാം അതങ്ങനെത്തന്നെ അനുഭവപ്പെട്ടു. പരസ്പരം വിവാഹങ്ങളില്‍ പോലും ഏര്‍പ്പെടാതിരുന്നവര്‍ ഐക്യകേരളപിറവിയോടെ വൈവാഹിക ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ആ ഐഡന്റിറ്റിയാണ് കേരള മുസ്‌ലിം നവോത്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.
എന്നാല്‍, ഇന്ന് മുസ്‌ലിം മാപ്പിള ഐഡന്റിറ്റി പോലും വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. മുസ്‌ലിം സമൂഹത്തില്‍ ഇന്ന് പരക്കെ നടന്നുകൊണ്ടിരിക്കുന്ന അറബ്‌വത്കരണം നമ്മുടെ ഐഡന്റിറ്റിയെ തന്നെയാണ് ഇല്ലായ്മ ചെയ്യുന്നത്. പഴയ കാലത്തുണ്ടായിരുന്ന നവോത്ഥാന സംരംഭങ്ങളൊക്കെയും അറബ് അതിപ്രസരത്തെ എതിര്‍ത്തിരുന്നു. അതുകൊണ്ടു തന്നെയാണ് ഖുത്ബയും മറ്റും മലയാളത്തില്‍ വേണമെന്നവര്‍ വാദിച്ചിരുന്നത്. അന്ന് കൈയൊഴിഞ്ഞ അറബ്‌വത്കരണത്തെ വീണ്ടും തിരിച്ചുകൊണ്ടുവരുന്നത് നമ്മുടെ ഒരു പിന്നോട്ടു നടത്തമായിരിക്കും.
അറബിപ്പേരുകള്‍ ഇസ്‌ലാമിക പേരാണെന്നു തെറ്റുധരിക്കുന്ന ഒരു സാഹചര്യമുണ്ട്. പ്രവാചക കാലത്തെ സ്വഹാബിമാര്‍ക്ക് വിശ്വാസികളാവുന്നതിനു മുന്‍പും പിന്‍പും ഒരേ പേരു തന്നെയായിരുന്നു എന്നത് മറന്നുപോകുന്നതിനാലാണിത്. അറബ്‌വത്കരണം നമ്മെ പിടിമുറുക്കിയതിന്റെ പ്രകടോദാഹരണമാണിത്. ഒരു ഭാഗത്ത് അറബ്‌വത്കരണത്തെ വാരിപ്പുണരുമ്പോഴും സ്ത്രീധനം പോലുള്ള കാര്യം വരുമ്പോള്‍ അറബ് പാരമ്പര്യം കയ്യൊഴിയുന്ന ഇരട്ടത്താപ്പും കാണാന്‍ സാധിക്കും. അറബ്‌വത്കരണവും പാശ്ചാത്യവത്കരണവും പിടിമുറുക്കിക്കൊണ്ടിരിക്കുന്ന പുതിയ സാഹചര്യം ഒരു പിന്നോട്ടു നടത്തമായി മാറുകയാണ് ചെയ്യുന്നത്. ഐക്യ കേരളത്തിലെ അറുപതു വര്‍ഷക്കാലത്തെ വിവിധ രംഗങ്ങളിലെ മുസ്‌ലിം പങ്കാളിത്തത്തെ കൃത്യമായി വിശകലനം ചെയ്യേണ്ടതുണ്ട്.

വിദ്യാഭ്യാസ രംഗത്തെ
ചലനങ്ങള്‍
കേരളത്തിന്റെ രൂപീകരണ കാലത്ത് അക്ഷരാഭ്യാസം പോലും ഇല്ലാതിരുന്ന ഒരു വിഭാഗമായിരുന്നു കേരള മുസ്‌ലിംകള്‍. അവരുടെ വിദ്യാഭ്യാസ പുരോഗതിക്കായി വിവിധ മുസ്‌ലിംസംഘങ്ങള്‍ നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. എന്നാല്‍ അപ്പോഴും വിദ്യാഭ്യാസം അന്യമായിരുന്ന മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി വമ്പിച്ച പോരാട്ടമാണ് നടന്നത്. എം ഇ എസും മുജാഹിദ് പ്രസ്ഥാനവുമെല്ലാം ആ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നവരാണ്. അതിന്റെ ഫലമായി വിദ്യാഭ്യാസരംഗത്ത് വന്‍കുതിപ്പാണ് കേരള മുസ്‌ലിംകള്‍ക്ക് ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്. ഒന്നുമില്ലായ്മയില്‍ നിന്ന് എഞ്ചിനിയര്‍മാരെയും ഡോക്ടര്‍മാരെയും ഒരുപാട് സംഭാവന ചെയ്യുന്ന സാഹചര്യത്തിലേക്ക് മുസ്‌ലിം സമൂഹം വളരുകയുണ്ടായി. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ആ മുന്നേറ്റങ്ങളെയൊക്കെ വെല്ലുവിളിക്കുന്ന തരത്തില്‍ മറ്റു ചിലര്‍ ഇന്നും സ്ത്രീകളെ അടുക്കളയിലും അറയിലുമായി തളച്ചിടാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടത്തുന്നുണ്ട്. ആ ശ്രമത്തെ ശക്തമായി നേരിടേണ്ടതുണ്ട്. നിഖാബിട്ട് തളച്ചിടപ്പെട്ട വിഭാഗങ്ങള്‍ ദളിത് വിഭാഗങ്ങളെപ്പോലെയായി മാറും. തീരെ പരിഗണിക്കപ്പെടാതെ അവര്‍ സമൂഹത്തില്‍ നിന്ന് അകറ്റപ്പെടും.
ഇതിന്റെ മറുവശവും അത്ര ആശാസ്യമല്ല. കേരളം സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച പുരോഗതി കൈവരിച്ചിരിക്കുന്നു. എന്നാല്‍, ആണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ വളരെ പിന്നോക്കം പോയിരിക്കുന്ന കാഴ്ചയും കാണാന്‍ സാധിക്കുന്നു. 60 സീറ്റുകളുള്ള ക്ലാസുകളില്‍ 20 പേരിലൊതുങ്ങുന്ന ആണ്‍കുട്ടികളെയാണ് കലാലയങ്ങളില്‍ കാണുന്നത്. അതുമൂലം തന്നെ എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമായ പെണ്‍കുട്ടികള്‍ തങ്ങളുടെ ഇണയായി കച്ചവടക്കാരനെയും ബിസിനസ്സുകാരനെയും തെരഞ്ഞെടുക്കേണ്ടിവരുന്നു. കച്ചവടം മോശമാണെന്നല്ല. പക്ഷേ, വിദ്യാസമ്പന്നരായ ആളുകള്‍ കുറയുന്നതാണ് പ്രശ്‌നം. അത് സമുദായത്തിന്റെ ഒരു വൈകല്യമായാണ് കാണാന്‍ സാധിക്കുന്നത്. പെണ്‍സിംഹം വേട്ടയാടാന്‍ പോകുന്ന സ്ഥിതി മുസ്‌ലിം സമുദായത്തിന് നന്നല്ല.
ഈ വിദ്യാഭ്യാസ പുരോഗതിയുടെ ഫലമായി വലിയ മാറ്റങ്ങളാണ് സമൂഹത്തില്‍ ഉണ്ടായത്. ബഹുഭാര്യാത്വത്തെ കുറക്കാനും മറ്റും കഴിഞ്ഞത് ഇതിന്റെ ഫലമായാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പുരോഗതികള്‍ക്കാവശ്യമായ സൈദ്ധാന്തിക കാഴ്ചപ്പാടിന്റേയും പ്രചാരണത്തിന്റേയും ഫലമായി സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വന്‍ പുരോഗതികള്‍ ഉണ്ടായെങ്കിലും അതിന്റെ പ്രായോഗിക തലങ്ങളില്‍ പരാജയപ്പെടുകയാണുണ്ടായത്. വിദ്യാഭ്യാസത്തിന് പ്രേരിപ്പിച്ച മുജാഹിദ് വിഭാഗത്തിന് സ്ഥാപനങ്ങള്‍ വളരെ കുറവാണെന്ന വിരോധാഭാസമാണത്. അവിടെയാണ് എം ഇ എസ് ആ പോരായ്മ നികത്തിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയ ആ വലിയ മുന്നേറ്റത്തിന് ശേഷം ഒരു പിറകോട്ടു നടത്തമുണ്ടായതും മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പോടു കൂടിയാണ്.
ഗള്‍ഫുമായുള്ള സമ്പര്‍ക്കം വന്നതോടെ കേരള സലഫികള്‍ എന്ന ഒരു വിഭാഗം തന്നെ ഇല്ലാതാവുന്ന കാഴ്ച നാം കണ്ടു. അത് പുരോഗതിക്ക് വിലങ്ങുതടിയായി മാറി. തീവ്ര മതവികാരം മുസ്‌ലിംകളെ സര്‍വ മേഖലകളില്‍ നിന്നും പിറകോട്ടുവലിക്കാന്‍ കാരണമാണ്. പണ്ഡിതരില്‍ നിന്ന് അറിവു നേരിട്ട് നേടുന്നതിനു പകരം, ഓണ്‍ലൈന്‍ വഴിയൊക്കെയായി അത് മാറ്റപ്പെട്ടതോടെ ഒരു പ്രതിലോമാവസ്ഥ വരികയാണുണ്ടായത്. ഈ പോക്ക് അപകടം തന്നെയാണ്. വിദ്യാഭ്യാസമുണ്ടാക്കിയ മുന്നേറ്റത്തെ അതിനെക്കാള്‍ വേഗത്തില്‍ ഇല്ലാതാക്കാനേ ഇതുപകരിക്കൂ.

സാമ്പത്തിക രംഗത്തെ
മുസ്‌ലിം പങ്കാളിത്തം
സാമ്പത്തിക രംഗത്ത് അത്ഭുതാവഹമായ പുരോഗതിയാണ് കേരള മുസ്‌ലിംകള്‍ ഉണ്ടാക്കിയിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനമായത് ഗള്‍ഫ് നാടുകളില്‍ നിന്നുള്ള വരവു തന്നെയാണ്. അന്നത്തിനായി ഗള്‍ഫു നാടുകളിലേക്ക് ചേക്കേറിയവര്‍ സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി. ഉത്തരേന്ത്യയിലൊക്കെയുള്ള മുസ്‌ലിംകള്‍ സമ്പത്തെന്തെന്നറിയാതെ ഒതുക്കപ്പെട്ട സാഹചര്യത്തിലും കേരളത്തിലെ മുസ്‌ലിംകള്‍ വലിയ നേട്ടങ്ങളുണ്ടാക്കി. എം എ യൂസുഫലിയെപ്പോലുള്ള സംരംഭകര്‍ ഒരുപാട് മലയാളികള്‍ക്ക് ജോലി നല്കുക കൂടി ചെയ്യുന്ന സ്ഥിതിയുണ്ടാകുകയും ചെയ്യുന്നു. പി കെ അഹമ്മദ്, വി കെ സി മമ്മദ്‌കോയ എന്നിങ്ങനെ ചിലരെ മാറ്റി നിര്‍ത്തിയാല്‍ കേരളത്തില്‍ ബിസിനസ് നടത്തി വിജയിച്ചവര്‍ ഇല്ല എന്നും കാണാന്‍ സാധിക്കും.
വിദ്യാഭ്യാസ രംഗത്തെ സ്വാശ്രയവത്കരണത്തിനു ശേഷം വിദ്യാഭ്യാസ മേഖലയില്‍ വലിയ ഇന്‍വെസ്റ്റ്‌മെന്റുകള്‍ നടത്താന്‍ മുസ്‌ലിംകള്‍ തയ്യാറായി. അതിന്റെ ഫലമായി 9 മെഡിക്കല്‍ കോളേജുകളും പത്തിലധികം ഡെന്റല്‍ കോളേജുകളും 66 എഞ്ചിനീയറിംഗ് കോളേജുകളും മുസ്‌ലിംകള്‍ കൊണ്ടുവന്നു. കോടിക്കണക്കിനു രൂപയാണ് മുസ്‌ലിംകള്‍ ഈ വിഭാഗത്തില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുള്ളത്. അതുമുഖേന ഒരുപാടു പേര്‍ക്ക് വിദ്യാഭ്യാസം നേടാനായി എന്നതാണ് അതിന്റെ നന്മ. ആശുപത്രി രംഗത്തും വലിയ നിക്ഷേപങ്ങള്‍ നടന്നു. അല്‍ശിഫ, എം ഇ എസ്, മൗലാന, കിംസ് തുടങ്ങി ഒട്ടനവധി മുസ്‌ലിം മാനേജ്‌മെന്റ് ആശുപത്രികള്‍ നിലവിലുണ്ട്. ഇത് ചികിത്സാ രംഗത്തെ കുതിച്ചു ചാട്ടത്തിനു വഴി തെളിക്കുകയും മെഡിക്കല്‍ വിഭാഗത്തില്‍ മുസ്‌ലിം കുട്ടികള്‍ക്ക് പഠനത്തിന് പ്രചോദനമാവുകയും ചെയ്തു.
റെസ്‌റ്റോറന്റ് രംഗത്തും മുസ്‌ലിം സ്ഥാപനങ്ങളും മാപ്പിള വിഭവങ്ങളും ഇടം പിടിക്കുകയും ഈ രംഗത്ത് കാര്യമായ സമ്പത്ത് മുസ്‌ലിംകള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്. 1921-ലും 1947-ലുമൊക്കെ പ്രതിസന്ധികള്‍ മാത്രമുണ്ടായിരുന്ന മുസ്‌ലിംകള്‍ക്ക് ഇന്ന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ആര്‍ജിക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ, മതതീവ്രവാദ പ്രവണതകള്‍ വര്‍ധിക്കുന്നത് ഈ ഇന്‍വെസ്റ്റുമെന്റുകളെ ബാധിക്കുകയാണ് ചെയ്യുന്നത്. അത് വര്‍ഗീയ ചേരിതിരിവിലേക്ക് നയിക്കുകയും അവനവന്റെ സ്ഥാപനങ്ങള്‍ അന്വേഷിച്ച് പോകുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും.

മുസ്‌ലിം
ജനപ്രതിനിധികള്‍
കേരളം രാഷ്ട്രീയ ഭൂപടത്തില്‍ അര്‍ഹമായ പ്രാതിനിധ്യം മുസ്‌ലിംകള്‍ക്ക് നല്കിയിട്ടുണ്ട് എന്നത് അവിതര്‍ക്കിതമാണ്. 140 പേരുള്ള നിയമസഭയില്‍ മുപ്പതിലേറെ മുസ്‌ലിം ജനപ്രതിനിധികള്‍ ഉണ്ട് എന്നതും അവര്‍ കൃത്യമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നവരാണ് എന്നതും കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രബുദ്ധതക്ക് ഉദാഹരണമാണ്. ഒരുവേള മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും വരെ ആവാന്‍ കേരള മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്. മന്ത്രിപദം അലങ്കരിച്ചവര്‍ക്കൊക്കെ പ്രധാനപ്പെട്ട വകുപ്പുകള്‍ തന്നെയാണ് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്. നിലപാടുകള്‍ കൊണ്ടും മറ്റുമെല്ലാം രാഷ്ട്രീയ പ്രബുദ്ധത കൈവരിക്കാനും തെരഞ്ഞെടുപ്പുകളില്‍ നിലപാട് കാത്തുസൂക്ഷിക്കാനും കേരള മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്.

ഭരണചക്രങ്ങളില്‍
ഐക്യകേരള പിറവിക്കു ശേഷം വലിയ പുരോഗതി കൈവരിക്കാന്‍ സര്‍വമേഖലകളിലും കഴിഞ്ഞുവെങ്കിലും ഭരണചക്രങ്ങളില്‍ പരാജയമായിരുന്നു എന്നു തന്നെ വേണം കരുതാന്‍. എന്റെ മകളെ ഡോക്ടര്‍ ആക്കണം എന്ന് ആഗ്രഹിക്കുന്നതിനു പകരം എല്‍ ഡി ക്ലാര്‍ക്കുകാരനെയാണ് നമുക്കാവശ്യം എന്ന് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭരണ സിരാകേന്ദ്രങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യമുണ്ടാകുന്നില്ല എന്നത് ഗൗരവമായിത്തന്നെ കാണേണ്ട ഒന്നാണ്. അതിനു മറ്റാരെയും പഴി ചാരിയതുകൊണ്ട് കാര്യമില്ല. ഗള്‍ഫ് ഒരു ലക്ഷ്യമായി മാറിയ ഒരു തലമുറയുടെ വരവാണ് ഈ വിധത്തിലുള്ള മാറ്റത്തിനു കാരണമായിട്ടുള്ളത്. ഗള്‍ഫ് ഒരു അത്താണിയെന്ന രീതി അവസാനിക്കാറായിട്ടുണ്ട്. നമുക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രാതിനിധ്യം സൃഷ്ടിച്ചെടുക്കലാണാവശ്യം. സിവില്‍ സര്‍വീസ്, പോലീസ്, ആര്‍മി, റെയില്‍വെ, അധ്യാപനം എന്നിങ്ങനെ സര്‍വ മേഖലകളിലും എത്തിപ്പെടാന്‍ മുസ്‌ലിം ന്യൂനപക്ഷത്തിന് സാധിക്കേണ്ടതുണ്ട്. കൃത്യമായ ദിശാബോധത്തോടെയുള്ള പഠനത്തിന്റെ അഭാവമാണ് ഇതിനൊക്കെയും കാരണം.

മാധ്യമരംഗത്തെ
കുതിപ്പും കിതപ്പും
വക്കം മൗലവിയെന്ന നവോത്ഥാന നായകന്റെ സംഭാവനയായിരുന്നു സ്വദേശാഭിമാനി എന്ന പത്രം. വലിയ ചലനങ്ങളായിരുന്നു ആ പത്രം ഉണ്ടാക്കിയിരുന്നത്. അത്തരമൊരു നേതാവിന്റെ പിന്മുറക്കാര്‍ മാധ്യമ രംഗത്ത് അത്ര ശോഭിച്ചിട്ടില്ല എന്നതാവും ശരി. വര്‍ഗീയവത്കരിക്കപ്പെട്ട മാധ്യമരംഗത്ത് മുസ്‌ലിം സ്വത്വം കാത്തുസൂക്ഷിക്കാന്‍ ഒരു പത്രമില്ലാതെ പോയി എന്നതാണ് വാസ്തവം. സര്‍ക്കുലേഷന്‍ കൊണ്ട് നിന്നുപോവുമെങ്കിലും മാധ്യമമൊഴികെയുള്ള മറ്റൊന്നിനും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ പിടിച്ചു നില്ക്കാന്‍ സാധിച്ചിട്ടില്ല. പണവും അധ്വാനവും വേസ്റ്റാവുന്ന ഒന്നായി അത് മാറിയിട്ടുണ്ട്.
മാധ്യമ പ്രസാധന രംഗത്ത് മാത്രമല്ല, അതിന്റെ പ്രയോക്താക്കള്‍ എന്ന രീതിയിലും മുസ്‌ലിംകള്‍ പരാജിതരാണ്. സീരിയലുകള്‍ക്കപ്പുറം ലോകമില്ലെന്നു ധരിക്കുന്നവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ പെരുകുന്നുണ്ട്. ഒരു പ്രശ്‌നം വരുമ്പോള്‍ പോലും മുസ്‌ലിം അഭിപ്രായങ്ങള്‍ക്കോ നേതൃത്വങ്ങള്‍ക്കോ പ്രാധാന്യം കിട്ടാത്തത് ഇക്കാരണത്താലാണ്. കക്ഷിത്വത്തില്‍ കുടുങ്ങി മറ്റാരെയുംകേള്‍ക്കാന്‍ നമുക്ക് സാധിക്കാതെ വരുന്നു. അതുകൊണ്ട് തന്നെ, ഏതാനും വ്യക്തിത്വങ്ങളില്‍ മാത്രമായി മാധ്യമ ചര്‍ച്ചകളിലെ മുസ്‌ലിം പ്രാതിനിധ്യം കറങ്ങുന്നു. അവര്‍ക്കു ശേഷമുള്ളവരെ മാധ്യമങ്ങള്‍ക്ക് പരിചയം പോലുമില്ല. കൃത്യമായ കാല്‍വെപ്പുകള്‍ ഈ രംഗം ഇന്നും ആവശ്യപ്പെടുന്നുണ്ട്.

ചാരിറ്റി
ഒരു കാലത്ത് പാലിയേറ്റീവ് പോലുള്ള വലിയ സംരംഭത്തിന് തുടക്കമിടാന്‍ കേരള മുസ്‌ലിംകള്‍ക്ക് സാധിച്ചിരുന്നു. പിന്നീട് അത് സമൂഹം കൈകളില്‍ ഏറ്റെടുക്കുക തന്നെയുണ്ടായി. ഇന്ന് സംഘടനകള്‍ക്ക് റോളില്ലാത്ത ചാരിറ്റിയാണ് നടക്കുന്നത്. സമൂഹത്തില്‍ പണക്കാര്‍ നേരിട്ടു തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മത്സരിക്കുകയാണ്. സകാത്ത് സെല്‍ പോലുള്ള സംഘടിത സംവിധാനങ്ങളും സംഘടനാ റിലീഫുകളും വ്യവസ്ഥാപിതമായതോടെ റമദാനുകളില്‍ വീടുകള്‍ തോറും കയറിയിറങ്ങിയിരുന്ന മുഖങ്ങള്‍ അപ്രത്യക്ഷമായി എന്നത് ആശ്വാസകരമാണ്.
ഓരോ സംഘടനയും അതാതിന് ശക്തിയുണ്ടോ എന്ന് പരീക്ഷിക്കുന്നതിനു പകരം തങ്ങള്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ സമൂഹം എറ്റെടുത്തോ എന്ന് പരിശോധിക്കലാണ് ഉചിതം. ആ നിലയില്‍ മുസ്‌ലിം സംഘടനകള്‍ മുന്നോട്ടു വെച്ച ചാരിറ്റി ആശയങ്ങള്‍ ഇന്ന് സമൂഹം ഏറ്റെടുത്തു കഴിഞ്ഞു എന്നു തന്നെസമാധാനിക്കാം.

കല, സാഹിത്യം
കലാ സാഹിത്യ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ സാധ്യമാക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്. പുസ്തക വിപണിയിലും ചലച്ചിത്രത്തിലുമുള്‍പ്പെടെ മുസ്‌ലിംകളെ മാറ്റിനിര്‍ത്താന്‍ സാധിക്കാതെയായിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക സാഹിത്യ കുലപതിയായി ഇന്നും വാഴ്ത്തപ്പെടുന്നത് വൈക്കം മുഹമ്മദ് ബഷീര്‍ ആണ്. അവിടുന്നിങ്ങോട്ട് ഒട്ടനവധി സാഹിത്യകാരന്മാരെ സൃഷ്ടിക്കാന്‍ മുസ്‌ലിം സമൂഹത്തിനായിട്ടുണ്ട്. മുസ്‌ലിം എഴുത്തുകള്‍ വര്‍ധിച്ചു വരുന്നു എന്നതാണ് നേര്. ഇന്ന് ഗാനരചനാ രംഗത്ത് റഫീഖ് അഹമ്മദിനെപ്പോലെ ഒരാളെ മാറ്റിനിര്‍ത്തി ചിന്തിക്കാന്‍ സാധിക്കുമോ?
അറുപതു വര്‍ഷം കൊണ്ട് നേടിയത് ആറു ദിവസം കൊണ്ട് കളഞ്ഞു കുളിക്കാന്‍ കഴിയും. പക്ഷേ, അത് നിലനിര്‍ത്തുകയും അതിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ഏറെ പ്രയാസമുള്ളതാണ്. അത് അതിജീവിക്കലാണ് ഇന്നത്തെ ആവശ്യം. നേടിയ പുരോഗതി കൈവിടാതിരിക്കുക.