Thursday
22
February 2018

നാടിനെ നടുക്കുന്ന നായ്ക്കള്‍

Shabab Webadmin

മനുഷ്യര്‍ വളര്‍ത്താത്തതും എന്നാല്‍ വന്യമല്ലാത്തതുമായ പല ജന്തുക്കളും നാട്ടില്‍ ജീവിക്കുന്നു. ഏതെങ്കിലും ജന്തുക്കളോ സസ്യങ്ങളോ മനുഷ്യന്റെ നിലനില്പിന് ദോഷകരമായി ഭവിക്കുമെങ്കില്‍ അവയെ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്. കാരണം മനുഷ്യനാണ് പ്രപഞ്ചത്തിലെ കേന്ദ്രബിന്ദു. ജീവികള്‍ക്ക് സ്രഷ്ടാവു നല്കിയ അപാരമായ പല കഴിവുകളും മനുഷ്യനേക്കാള്‍ എത്രയോ മടങ്ങ് മികവുറ്റതാണ്. പ്രകൃത്യാ കഴിവു കുറഞ്ഞ മനുഷ്യനാകട്ടെ തന്റെ ബുദ്ധിശക്തി ഉപയോഗിച്ച് മറ്റുള്ളവയെ വരുതിയില്‍ നിര്‍ത്തുകയും തനിക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു.
മനുഷ്യന്‍ വളര്‍ത്തുകയും പല തരത്തില്‍ ഉപകാരമെടുക്കുകയും ചെയ്യുന്ന ഒരു മൃഗമാണ് നായ. അതേ സമയം നായയ്ക്ക് പേയിളകിയാല്‍ അത് മനുഷ്യര്‍ക്ക് വലിയ നാശം വിതയ്ക്കും. പേ വിഷബാധയേറ്റ മനുഷ്യനെ സ്വന്തക്കാര്‍ പോലും നിര്‍ദയം മരണത്തിലേക്ക് നയിക്കേണ്ടിവരുന്ന വല്ലത്തൊരു സ്ഥിതിവിശേഷം സംജാതമാവുന്നു. മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ചിലപ്പോള്‍ ഫലിക്കാതെ വരുന്നു. ഓമനിച്ചു വളര്‍ത്തുന്ന നായയ്ക്കാണെങ്കിലും ചിലപ്പോള്‍ പേയുണ്ടെന്ന് അറിഞ്ഞാല്‍ അതിനെ കൊന്നുകളയയുക എന്നത് മാത്രമാണ് പോംവഴി. വളര്‍ത്തുനായ മറ്റൊരാളെ കടിച്ചാല്‍ ഉടമ നഷ്ടപരിഹാരം നല്‌കേണ്ടതുണ്ട്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്നിരിക്കെ ഉടമസ്ഥരില്ലാത്ത തെരുവു പട്ടികള്‍ പേയിളകുകയോ ഹിംസ്രാത്മകമാവുകയോ ചെയ്യുന്നുവെങ്കില്‍ അവയെ കൊന്നുകളയുക മാത്രമാണ് പരിഹാരം. ഇത് എത്രയോ കാലമായി നമ്മുടെ നാട്ടില്‍ നിലവിലുള്ള സാധാരണ സംഗതിയാണ്. ഇതിലൊരു അസാംഗത്യമോ ആര്‍ക്കെങ്കിലും എതിരഭിപ്രായമോ കണ്ടിട്ടില്ല. എന്നാല്‍ ഈ സാമാന്യ വിവരം ഒട്ടും മനസ്സിലാവാത്ത ചിലര്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നു. കേന്ദ്രമന്ത്രി മേനക ഗാന്ധി അവരുടെ തലപ്പത്തിരിക്കുന്നു!
ജനസാന്ദ്രമായ കേരളത്തിന്റെ ഗ്രാമനഗരങ്ങളിലെ തെരുവുകള്‍ നായ്ക്കള്‍ കൈയടക്കിയ പോലെയാണ്. ദിനേന നിരവധി മനുഷ്യരെ കടിച്ചുകീറുന്നു. വിദ്യാലയങ്ങളില്‍ പോകുന്ന കുട്ടികള്‍, വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍, അടച്ചുറപ്പില്ലാത്ത വീടുകളില്‍ കിടന്നുറങ്ങുന്ന പാവങ്ങള്‍, അസൗകര്യങ്ങളുടെ പ്രതീകങ്ങളായ കോളനികളില്‍ നിന്ന് പ്രാഥമികാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന സ്ത്രീകളും കുട്ടികളും, പ്രതിരോധിക്കാന്‍ ശേഷി കുറഞ്ഞ വൃദ്ധജനങ്ങള്‍ തുടങ്ങി പലവിധത്തിലുമുള്ളവരെയും തെരുവുനായ കടിച്ചു ചികിത്സ തേടുന്ന വാര്‍ത്തകള്‍ ദിനപത്രങ്ങളുടെ സ്ഥിരം പംക്തിപോലെ വരുന്നു. കഴിഞ്ഞ മാസം ഒരു സ്ത്രീയെ നായ്ക്കള്‍ കടിച്ചുകൊന്നു. വലിയ ഒച്ചപ്പാടായി. ഇപ്പോഴിതാ വീണ്ടും പട്ടികള്‍ മനുഷ്യജീവനെടുത്തിരിക്കുന്നു. രാത്രി വീട്ടില്‍ കിടന്നുറങ്ങിയ വര്‍ക്കല മുണ്ടയില്‍ ചരുവിള പുത്തന്‍ വീട്ടില്‍ രാഘവനെന്ന തൊണ്ണൂറു കാരനെ തെരുവു പട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ചു. മുഖവും മൂക്കും പട്ടി തിന്ന വൃദ്ധന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മരണപ്പെട്ടു. മനുഷ്യജീവനു പട്ടിയുടെ വില കല്പിക്കാത്ത മേനക ഡല്‍ഹിയിലിരുന്നു പ്രസ്താവിക്കുന്നു, പട്ടിയെ തൊട്ടുപോകരുതെന്ന്. വിവേകം നഷ്ടപ്പെട്ടിട്ടില്ലാത വര്‍ക്കലക്കാര്‍ തെരുവുപട്ടികളെ കൂട്ടത്തോടെ പിടിച്ചു കൊന്നപ്പോള്‍ അവരെ അറസ്റ്റു ചെയ്യാനെത്തിയ പോലീസുകാരെ നാട്ടുകാര്‍ വിരട്ടിയോടിച്ചതാണ് ഇതെഴുതുമ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത!
ഇത് ഒറ്റപ്പെട്ടതോ യാദൃച്ഛികമോ ആയ ഒരു സംഭവമല്ല. കേരളത്തില്‍ രണ്ടര ലക്ഷത്തിലേറെ തെരുവുനായ്ക്കള്‍ വിലസുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. പേപ്പട്ടി വിഷം, വാക്‌സിനുകള്‍ എന്നിവയ്ക്കായി ഏഴു കോടിയോളം രൂപ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ചെലവഴിക്കുന്നു. 2014 ല്‍ 119191 പേരും 2015 ല്‍ 1,22,286 പേരും, 2016 മെയ് വരെ മാത്രം 31334 പേരും തെരുവുനായ കടിയേറ്റ് ചികിത്സ തേടിയെത്തിയത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അല്ലാത്തവ വേറെയും. ഇത് ഒരു സംസ്ഥാനത്തിന്റെ പൊതു പ്രശ്‌നമായിരിക്കുകയാണ്. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഇക്കാര്യത്തില്‍ ഒരു സ്വരമേയയുള്ളൂ. ബി ജെ പി നേതാവും അതേറ്റു പറഞ്ഞു. ജനങ്ങള്‍ക്കും മറിച്ചൊരഭിപ്രായമില്ല. എന്നിട്ട് മൃഗസ്‌നേഹി എന്ന നാട്യത്തില്‍ ഒരു കേന്ദ്രമന്ത്രി പറയുന്നു തെരുവു പട്ടിയെ കൊന്നവര്‍ക്കെതിരെ ‘കാപ്പ’ ചുമത്തുമെന്ന്. നിയമത്തെപ്പറ്റി ഇത്ര അജ്ഞതയും മനുഷ്യ സമൂഹത്തെപ്പറ്റി ഇത്ര അവജ്ഞയുമുള്ള വ്യക്തികള്‍ നാടു ഭരിച്ചാല്‍ കാര്യങ്ങള്‍ അവതാളത്തിലാവും.
എലി, പെരുച്ചാഴി, പന്നി, പാമ്പ് തുടങ്ങിയ ജീവികളൊക്കെ ശല്യം ഏറിവരുമ്പോള്‍ അവിടെവെച്ച് നശിപ്പിക്കാതിരിക്കാന്‍ കഴിയില്ല. അതിനര്‍ഥം പാരിസ്ഥിതിക അസന്തുലിതത്വം വരുത്തുമാറ് വംശനാശം വരുത്തുക എന്നല്ല. പക്ഷിപ്പനി എന്ന സാമൂഹിക വിപത്ത് ഭയന്ന് ദശലക്ഷങ്ങള്‍ വിലവരുന്ന ആയിരക്കണക്കിന് താറാവുകളെ കൊന്ന് കത്തിക്കുന്നത് ഇതേ ദിവസങ്ങളില്‍ തന്നെയാണ്. ഈ സാമാന്യ വസ്തുത തെരുവു പട്ടികള്‍ക്കും ബാധകമാണ്. നിയമം മനുഷ്യര്‍ക്കുവേണ്ടി നിര്‍മിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക. പ്രായോഗികത വിസ്മരിച്ചുകൊണ്ടുള്ള താത്വികത ഗുണഫലം ചെയ്യില്ല. സംസ്ഥാന സര്‍ക്കാറിനും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഇത്തരം സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്ന് മാറിനില്ക്കാന്‍ കഴിയില്ല. തെരുവു പട്ടികള്‍ ഇത്രമാത്രം അപകടകാരികളാകാന്‍ കാരണം മാലിന്യ സംസ്‌കരണ രംഗത്തെ പിടിപ്പുകേടും സ്വാര്‍ഥംഭരികളായ ബിസിനസുകാരുമാണെന്ന നിരീക്ഷണവും അധികൃതര്‍ക്ക് അവഗണിക്കാവതല്ല.