Thursday
22
February 2018

പ്രപഞ്ചം സംഘാടകനെ പഠിപ്പിക്കുന്നത്

ഡോ. ജാബിര്‍ അമാനി

ലോകത്തെയും സര്‍വചരാചരങ്ങളെയും സമ്പൂര്‍ണതയിലും സമഗ്രതയിലുമാണ് സൃഷ്ടിച്ചിട്ടുള്ളത്. എല്ലാം അന്യൂനവും അത്യത്ഭുതകരവുമാണ്. ഘടനകളിലും ദൗത്യങ്ങളിലും വ്യവസ്ഥാപിതത്വവും പരിപൂര്‍ണതയും കാണാം. പരസ്പരാശ്രിതത്വവും പാരസ്പര്യവും മിക്ക സംവിധാനങ്ങളിലും ഉണ്ട്. കൃത്യതയോടെയും വ്യക്തതയോടെയും സൃഷ്ടികളുടെ ദൗത്യനിര്‍വഹണവും പ്രവര്‍ത്തന ക്ഷമതയും ഉറപ്പുവരുത്തിയ ദൃശ്യപ്രപഞ്ചം. സ്രഷ്ടാവിന്റെ അസ്തിത്വത്തില്‍ സംശയാലുക്കളായവര്‍ പോലും ഈ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുന്നുണ്ട്. പ്രപഞ്ചത്തില്‍ നിന്ന് ന്യൂനതയുള്ള ഒരു സൂക്ഷ്മ ബിന്ദു പോലും അവര്‍ക്ക് കണ്ടെത്താനായിട്ടില്ല. അതിന് സാധ്യവുമല്ല. ”എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ അത്!” (27:88).  കാരണം സൃഷ്ടി പ്രപഞ്ചത്തെ വിശിഷ്ടമാക്കിത്തീര്‍ത്തവനാണ് അല്ലാഹു”(32:7). പ്രസ്തുത സൃഷ്ടിപ്പില്‍ ന്യൂനതയും കൃത്യതയില്ലായ്മയും കണ്ടെത്താനാവില്ലെന്ന് മാത്രമല്ല, അതിന് ശ്രമിക്കുന്നവര്‍ നിസ്സഹായരായി ഖേദിച്ച് മടങ്ങേണ്ടിവരുമെന്നും ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. (67:3)
ലോക ഘടനയില്‍ കേവലമായ ക്രമീകരണങ്ങള്‍ക്കപ്പുറം പ്രപഞ്ചാന്ത്യം വരെ നിലനില്ക്കുന്ന വ്യവസ്ഥാപിതത്വവും സമഗ്രതയും നമുക്ക് ദര്‍ശിക്കാം. സമയബന്ധിതമായി സൂക്ഷ്മമായി ക്രമീകരിച്ചതും വ്യത്യസ്ത കാലങ്ങളെയും കാലാവസ്ഥകളെയും അതിജീവിച്ച് നിലനില്ക്കാനുള്ള സംവിധാനങ്ങളുമാണ് എവിടെയും കാണുന്നത്. തികച്ചും ‘കളര്‍ഫുള്‍’ ആയ സംവിധാനങ്ങള്‍. പ്രപഞ്ചസംവിധാനങ്ങളിലെ അതിസൂക്ഷ്മമായ ന്യൂനതകള്‍ ലോകത്തിന്റെ നാശത്തിനുപോലും ഹേതുവായിരിക്കുമെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. കൃത്യവും വ്യക്തവുമായ ഓര്‍ബിറ്റലുകളില്‍ മാത്രമുള്ള സഞ്ചാരം പ്രാപഞ്ചിക സുരക്ഷയ്ക്ക് അനിവാര്യമാണ്.
പ്രപഞ്ചത്തിന്റെ ഈ സമഗ്രതയും കൃത്യതയും ഒരു സംഘാടകനെ പഠിപ്പിക്കുന്ന നല്ലപാഠങ്ങള്‍ അനവധിയാണ്. ചലനാവസ്ഥ (ാീ്‌ലാലി)േയുള്ള ഏതൊരു സംവിധാനത്തിനും മുഖ്യാവലംബമായി മാറേണ്ട പാഠങ്ങളാണ് അവ ഓരോന്നും.
നമ്മുടെ കര്‍മങ്ങള്‍, പ്രാപഞ്ചിക സമ്പൂര്‍ണതപോലെ കൃത്യതയുള്ളതായിരിക്കണം. ആരാധനകളും അനുഷ്ഠാനങ്ങളും പ്രാര്‍ഥനയും ഉള്‍ക്കൊള്ളുന്നതാണ്. അംഗചലനങ്ങള്‍, അനുഷ്ഠാനം എന്ന നിലയില്‍ കൃത്യതയുള്ളതാവണം.  അനുഷ്ഠാനങ്ങളായി നിശ്ചയിച്ചിട്ടുള്ളതിനെല്ലാം കൃത്യതയും വ്യക്തതയും ഉള്ള ഘടനയും ആവിഷ്‌ക്കാരവും മതം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാധാരണ സന്ദര്‍ഭങ്ങളില്‍ അവയുടെ നിര്‍വഹണം അപ്രകാരം തന്നെയായിരിക്കണം. കര്‍മങ്ങളുടെ സ്വീകാര്യതയിലെ വ്യത്യാസം മാത്രമല്ല, അവ പ്രദാനം ചെയ്യുന്ന ഫലപ്രാപ്തിയെയാണ് അലസതയും അലംഭാവവും ബാധിക്കുക. സര്‍വതല സ്പര്‍ശിയായ ഗുണഫലം അതുവഴി നഷ്ടമാവുകയും ചെയ്യും. ഇഹലോകത്തും പരലോകത്തും.
പ്രപഞ്ച നാഥനെ ശ്രദ്ധിക്കാന്‍ ഏതെങ്കിലും ഒരു സൂക്ഷ്മമായ സംവിധാനം പോലും ലക്ഷ്യപ്രാപ്തി കൈവരിക്കാത്തവയുണ്ടോ? ഒരിക്കലും ഇല്ല. അല്ലാഹു ‘മുസ്വവ്വിര്‍’ ആണെന്ന് അംഗീകരിക്കേണ്ട വിശ്വാസിയുടെ കര്‍മ തലങ്ങളിലും ആരാധനകളിലും ‘തഫാവുത്’ ഇല്ലെന്ന ബോധ്യവും അവയുടെ നിര്‍വഹണവും ഉണ്ടായിരിക്കേണ്ടതില്ലേ. നമ്മുടെ ആരാധനകളിലെ വ്യവസ്ഥാപിതത്വത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ ജീവിത കൃത്യതയിലും നിഴലിക്കും. ഒരേ സമയം സംസ്‌കൃത ജീവിതം നയിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് അലംഭാവം കാണിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവില്ല.
അല്ലാഹുവിന് ഏറ്റവും തൃപ്തിയുള്ള കര്‍മങ്ങളുടെ പ്രത്യേകത, അവ പരിപൂര്‍ണത നേടുക എന്നതാണ്. ‘ഇത്ഖ്വാന്‍’ എന്ന് ഈ സവിശേഷതയെ പ്രവാചക വചനം വ്യക്തമാക്കിയിട്ടുണ്ട്. ദൗത്യനിര്‍വഹണ വഴിയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് ഓരോ സംഘാടകനും. എന്നാല്‍ നമ്മുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഈ സവിശേഷതയെ ബോധപൂര്‍വം ക്രമീകരിക്കാന്‍ ഉതകും വിധം ആസൂത്രണ മികവും നിര്‍വഹണത്തിലെ വ്യവസ്ഥാപിതത്വവും തേടാറുണ്ടോ? പലതും ‘എങ്ങനെയൊക്കെയോ’ നടന്നുപോവുന്നതും അവസാനം മൂല്യനിര്‍ണയത്തില്‍ ‘കുഴപ്പമില്ല, വളരെ നന്നായിരിക്കുന്നു’ എന്ന് സ്വയം ആശ്വസിക്കുകയുമാണ് കാണാറുള്ളത്.
പ്രാപഞ്ചിക സംവിധാനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിന് സ്രഷ്ടാവ് നിര്‍വഹിക്കുന്ന കൃത്യതയും വ്യക്തതയും എത്ര ശക്തമാണ്. എങ്കില്‍ പ്രപഞ്ചനാഥന്റെ സന്ദേശപ്രചാരണ ദൗത്യനിര്‍വഹണത്തില്‍ നാം കാണിക്കുന്ന ‘ജാഗ്രത’ എത്രത്തോളം ഉണ്ട്? ‘ഇത്ഖ്വാന്‍, ആരാധനയാണ്’ എന്നാണ് ത്വബ്‌റാനി(റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. മതസന്ദേശങ്ങള്‍ മാനവ ഹൃദയങ്ങളിലേക്ക് പകരുകയെന്ന മഹാദൗത്യ നിര്‍വഹണം ‘കേവലം ചില തനത് ചടങ്ങുകളായി’ പരിമിതപ്പെടുത്തുകയെന്നത് ‘ഇത്ഖ്വാന്‍’ വേണ്ടത് പോലെ തിരിച്ചറിയപ്പെടാത്തതുകൊണ്ടാണ്. അതുവഴിയുണ്ടാവുന്ന അനന്തരഫലങ്ങള്‍ ബോധ്യപ്പെടാത്തതുമാണ്.
പള്ളി മിമ്പറുകള്‍ എത്ര മേല്‍ കൃത്യതയോടെയും ‘കളര്‍ഫുള്‍’ ആയും നിര്‍മിച്ചിരിക്കുന്നു. എന്നാല്‍ മിമ്പറുകളില്‍ നിന്ന് പ്രസരിക്കുന്ന മതസന്ദേശങ്ങളുടെ നിര്‍വഹണമോ? അംഗശുദ്ധി വരുത്താനുള്ള സൗകര്യങ്ങള്‍ എത്ര കമനീയമാണ്. എന്നാല്‍ നമ്മുടെ അംഗശുദ്ധിയിലുള്ള ശ്രദ്ധയോ? യോഗസ്ഥലവും സാങ്കേതിക കാര്യങ്ങളിലെ ‘അപ്പ്‌ഡേറ്റിംഗ്’ ശ്രദ്ധിക്കുമ്പോള്‍ തന്നെ യോഗങ്ങളുടെ ‘ഉത്പന്നങ്ങള്‍’ വ്യവസ്ഥാപിതത്വം ഉറപ്പുവരുത്തുവാനും കാലബന്ധിതമാക്കുന്നതിനുമുള്ള നമ്മുടെ ശ്രദ്ധ എത്രത്തോളമുണ്ട്. ശബ്ദഗാംഭീര്യത ഉറപ്പുവരുത്താന്‍ ‘വോട്‌സുകള്‍’ ആയിരങ്ങളാക്കാന്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍ തന്നെ, സന്ദേശ പ്രചാരണരംഗത്തും പരമാവധി ജനങ്ങളെ സംഘടിപ്പിക്കുന്ന കാര്യങ്ങളിലും അത്രതന്നെ നിര്‍ബന്ധബുദ്ധി കാണിക്കാനാവുന്നുണ്ടോ? തീരെ ചെയ്യുന്നില്ല എന്നല്ല, ആസൂത്രണ മികവ് വഴി, സമര്‍പ്പണ പ്രവര്‍ത്തനങ്ങളിലൂടെ ‘ഇത്ഖ്വാന്‍’ ഉറപ്പു വരുത്താറുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.
വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിതത്വം പകരുന്ന പ്രഥമ കവാടമാണ് യോഗങ്ങള്‍ (ശൂറ). അവ മതനിര്‍ദേശം കൂടിയാണ്. അതുവഴി അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് കാരണമാവുന്നു. യോഗം മുതല്‍ ആരംഭിക്കുന്ന ‘ഇത്ഖ്വാനി’ന്റെ നിര്‍വഹണത്തില്‍ സംഘാടകരായ നമ്മുടെ പ്രാതിനിധ്യം എത്രത്തോളമുണ്ട്. നാം സംഘടിപ്പിക്കുന്ന ‘പ്രോഗ്രാമുകളില്‍’ മുഖ്യ സാന്നിധ്യം ഉറപ്പാക്കുന്നവര്‍, മേല്‍ ഘടക യോഗങ്ങളിലെ പങ്കാളിത്വത്തില്‍ (അവ അമാനത്തായിരുന്നിട്ട് പോലും) അലംഭാവം കാണിക്കുന്നത് കാണാറില്ലേ. പ്രാപഞ്ചിക സംവിധാനങ്ങളില്‍ പരസ്പരാശ്രിതത്വമുള്ള ഏതെങ്കിലും ഒന്ന് അലസമായി കൈകാര്യം ചെയ്താലുള്ള ദുരന്തം എത്രയായിരിക്കും!? എങ്കില്‍ പരസ്പരം ഇഴചേര്‍ന്ന് നില്‌ക്കേണ്ട പ്രബോധന നിര്‍വഹണ വഴിയില്‍ ചിലയിടങ്ങളില്‍ മാത്രം ‘പവര്‍’ ഫുള്‍ ആയതുകൊണ്ട് ‘ഇത്ഖ്വാന്‍’ ഉറപ്പുവരുത്താന്‍ കഴിയില്ല.
തട്ടിമുട്ടി ശരിയാവുന്നതാണ് നമ്മുടെ പല കാര്യങ്ങളും എന്ന് വരാന്‍ പാടില്ല. ‘ആരാധനാ’ ഭാവത്തോടെ നിര്‍വഹിക്കേണ്ട പ്രബോധന സംരംഭങ്ങളില്‍ കൃത്യതയും വ്യക്തതയും അനിവാര്യമാണ്.
പ്രപഞ്ചം ഒരു പ്രത്യേക കാലത്തില്‍ മാത്രം പരിമിതപ്പെടേണ്ട രൂപഘടനയല്ലല്ലോ. സര്‍വമനുഷ്യര്‍ക്കുമായി കരുതിവെച്ചത് ഗുണപാഠപ്രദാനമായ പലതും നൂറ്റാണ്ടുകളോളം ‘അടയാളപ്പെടുത്തി’ സംരക്ഷിച്ചിരിക്കുന്നു. അഥവാ പ്രപഞ്ചത്തിന്റെ ചരിത്രം, പാഠമായി ശേഷകാലക്കാര്‍ക്ക് ലഭ്യമാവുന്നു. നമ്മുടെ കര്‍മങ്ങള്‍ പിന്‍കാലക്കാര്‍ക്ക് ഗുണപാഠപ്രദാനമായി അടയാളപ്പെടുത്തുന്നിടത്ത് നാം എത്രത്തോളം ശ്രദ്ധ കാണിക്കുന്നുണ്ട്. ‘ഡോക്യുമെന്റേഷന്‍’ ഒരു ശാസ്ത്രമായി വികസിച്ചിട്ട് പോലും നമ്മുടെ പല സംരംഭങ്ങളും ‘നന്ദി’ പറയുന്നതോടെ കാലത്തിന്റെ ഭാഗമായി മരിക്കുകയാണ്; ജീവിക്കുകയല്ല. നവോത്ഥാന നായകരുടെ ചരിത്രവും അവരോടൊപ്പം ഖബറുകളില്‍ മണ്ണിട്ട് മൂടിപ്പോവുകയാണ്. ”ഇത്വ്ഖ്വാന്‍’ നഷ്ടമാവുന്നു എന്ന് ചുരുക്കം. പ്രോഗ്രാമുകളില്‍ എല്ലാ കാര്യങ്ങള്‍ക്കും ‘ചുമതലകള്‍’ വീതിക്കുന്നു. ചരിത്രത്തിലേക്ക് അടയാളപ്പെടുത്തേണ്ടവര്‍ ഡോക്യുമെന്റേഷന് ‘ചുമതല’ക്കാര്‍ ഇല്ലാതെ പോവുന്നു! ഈ അത്യാധുനിക കാലത്തുപോലും ഒരു രംഗത്തും ‘ഇത്വ്ഖാന്‍’ നഷ്ടമായ അവസ്ഥ ഉണ്ടായിക്കൂടെന്ന് സംഘാടകര്‍ പ്രതിജ്ഞ ചെയ്‌തേ പറ്റൂ. വരും തലമുറയോട് അപരാധം ചെയ്യാത്തവനായി മരണത്തെ സ്വീകരിക്കാനാവണം.
ആരാധനാ അനുഷ്ഠാനങ്ങള്‍ മാത്രമല്ല, സൂക്ഷ്മ വിശകലനത്തിനും വിചാരണക്കും വിധേയമാവുന്നത്. അല്ലാഹുവിന്റെ നിരീക്ഷണത്തില്‍ ഉള്‍പ്പെടാത്ത വല്ലതും പ്രപഞ്ചത്തിലുണ്ടോ? നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ നിരീക്ഷണത്തിന്റെ ഭാഗമാണ് (9:105). ആസൂത്രണത്തിലെ അപാകതകളും നിര്‍വഹണത്തിലെ വ്യവസ്ഥാപിതത്വമില്ലായ്മയും വിചാരണക്ക് വിധേയമാണ്. മാനുഷികമായ ന്യൂനതകളല്ലാതെ, ‘ഇത്ഖ്വാനിന്റെ’ പരാജയ വഴികള്‍ പരലോകത്ത് പ്രതിഫലനത്തിന് തടസം വരുത്തും. പ്രപഞ്ചത്തിന്റെ വ്യവസ്ഥാപിത തത്വത്തില്‍ മരണം വരെ സുരക്ഷയനുഭവിക്കുന്ന നമ്മള്‍ പ്രപഞ്ചം പഠിപ്പിക്കുന്ന പാഠങ്ങള്‍ മറക്കാതിരിക്കുക.