Sunday
21
January 2018

തിരൂരങ്ങാടി യത്തീംഖാനയിലെ അധ്യാപക ജീവിതം

Shabab Webadmin


1985-ലാണ് തിരൂരങ്ങാടി അറബിക്കോളെജില്‍ എന്നെ അധ്യാപകനായി നിയമിക്കുന്നത്. താമസിയാതെ പ്രധാനാധ്യാപകന്റെ ചുമതലയും ഏല്‍ക്കേണ്ടിവന്നു. തുടര്‍ന്ന് യത്തീംഖാനയുടെ മാനേജര്‍ എന്ന പദവിയിലിരുന്ന് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതായി വന്നു. മാനേജര്‍ എന്ന നിലക്ക് സ്ഥാപനത്തിന്റെ ബഹുമുഖ വളര്‍ച്ചക്ക് ചുക്കാന്‍ പിടിക്കാനും ഭരണ നിര്‍വഹണത്തിനും പ്രാപ്തിയുള്ള ഒരാളല്ല ഞാന്‍. അതുകൊണ്ടുതന്നെ പ്രസ്തുത പദവി ഏറ്റെടുക്കാന്‍ ഞാന്‍ താല്പര്യപ്പെട്ടില്ല. എന്നാല്‍ എം കെ ഹാജിക്ക് ശേഷം യത്തീംഖാനയുടെ ജനറല്‍ സെക്രട്ടറിയായ സി എച്ച് കുഞ്ഞഹമ്മദ് ഹാജിയുടെ സ്‌നേഹ സമ്പൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങി എനിക്കത് ഏറ്റെടുക്കേണ്ടി വന്നു. തിരൂരങ്ങാടി യത്തീംഖാനയില്‍ അനാഥര്‍ക്ക് മാത്രമാണ് അന്ന് പ്രവേശനം നല്കിയിരുന്നത്. രണ്ടായിരത്തിലധികം പേര്‍ താമസിച്ചു പഠിച്ചിരുന്ന യത്തീംഖാനയായിരുന്നു അത്. 1980-കളില്‍ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു. ഞാന്‍ ചുമതലയേറ്റപ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ അല്പം വര്‍ധനവുണ്ടായി. എന്നിരുന്നാലും പൂര്‍വസ്ഥിതിയുടെ പകുതിയിലേക്ക് പോലും അത് എത്തിയില്ല. അനാഥശാലയുടെ നടത്തിപ്പിന് ആദ്യകാലത്ത് വിദേശ സഹായം നന്നേ കുറവായിരുന്നു.
വിദേശത്തുനിന്ന് സാമ്പത്തികസഹായം ലഭിക്കാനുള്ള അനുമതി (എഫ് സി ആര്‍) യത്തീംഖാനക്കുണ്ടായിരുന്നെങ്കിലും നാമമാത്രമായ സഹായമേ കിട്ടിയിരുന്നുള്ളൂ. കെ പി മുഹമ്മദ് മൗലവി അടക്കമുള്ള നേതാക്കള്‍ യത്തീംഖാന കമ്മിറ്റിയില്‍ അംഗങ്ങളായി വന്നപ്പോള്‍ യത്തീംഖാനയുടെ പുരോഗതിക്കായുള്ള നീക്കങ്ങള്‍ ശക്തിപ്പെട്ടു. വിദേശ സഹായം ആദ്യമായി ലഭിച്ചത് കിണര്‍ കുഴിക്കാനും അറബിക്കോളെജിന് സ്വന്തമായ കെട്ടിടം പണിയാനുമായിരുന്നു.
കുട്ടികളുടെ താമസത്തോടെയുള്ള പഠന ചെലവുകള്‍ ഏറ്റെടുക്കാന്‍ വിദേശത്തുള്ള സുമനസ്സുകള്‍ തയ്യാറായി. 235 കുട്ടികള്‍ വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പോടെ യത്തീംഖാനയില്‍ പഠിച്ചു. കുവൈത്തിലെ ബൈത്തുസകാത്ത്, സുഊദി അറേബ്യയിലെ ഹയ്അത്തുല്‍ ഇഗാസ തുടങ്ങിയ സംഘടനകള്‍ മുഖേന സഹായങ്ങള്‍ ലഭിച്ചു. അറബിക്കോളെജ് കെട്ടിടത്തിന്റെ നിര്‍മാണത്തിന് സഹായം ലഭിച്ചത് കുവൈത്തിലെ ഇഹ്‌യാഉത്തുറാസ് മുഖേനയാണ്. വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചത് കെ പി മുഹമ്മദ് മൗലവിയും മദീനയിലെ താമസക്കാരനായിരുന്ന കെ എം മൗലവിയുടെ മകന്‍ അബ്ദുസ്സമദ് അല്‍കാതിബും നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായിരുന്നു. പിന്നീട് ഗവണ്‍മെന്റ് ഗ്രാന്റും അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെ സംഭാവനയും എം കെ എച്ച് ആസ്പത്രി വകയുള്ള യത്തീംഖാന സ്വത്തിലെ വരുമാനവും വിനിയോഗിച്ച് യത്തീംഖാന നടത്തിക്കൊണ്ട് പോവാമെന്നായി.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അനാഥ സംരക്ഷണത്തിന് നാട്ടില്‍ നിന്നുള്ള സാമ്പത്തിക വരുമാനം ലഭിച്ചുകൊണ്ടിരുന്ന ഒരു സാഹചര്യത്തില്‍ വിദേശ സഹായം സ്വീകരിക്കേണ്ടതില്ല എന്ന് കമ്മിറ്റി തീരുമാനിച്ചു. അനാഥ സംരക്ഷണത്തിന് സാമ്പത്തിക പ്രയാസങ്ങളില്ലാതെ മുന്നോട്ട് പോകാനുള്ള വഴി തെളിഞ്ഞിരിക്കെ ആ പേരില്‍ വീണ്ടും വിദേശികളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്ന രീതി ശരിയല്ല എന്ന നിലപാടായിരുന്നു സെക്രട്ടറിക്കുണ്ടായിരുന്നത്. അനാഥ സംരക്ഷണത്തിനായി വിനിയോഗിക്കുന്ന സമ്പത്തില്‍ കൂടുതല്‍ സൂക്ഷ്മതയുണ്ടാകുമെന്ന നിഷ്‌കര്‍ഷയാണ് നിഷ്‌കളങ്കനായ സെക്രട്ടറിയെ അങ്ങനെയൊരു നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.
സുഊദി അറേബ്യയിലെ ദാറുല്‍ഇഫതാ എന്ന സംഘടനയുടെ കീഴില്‍ കേരളത്തിലെ പ്രബോധകനായി നിയമിക്കപ്പെട്ടതിന് ശേഷമാണ് ഞാന്‍ തിരൂരങ്ങാടി യത്തീംഖാനയിലേക്ക് വരുന്നത്. അറബിക്കോളെജില്‍ അധ്യാപകനും പിന്നീട് മാനേജറുമൊക്കെയായി സേവനം ചെയ്തിരുന്നെങ്കിലും തിരൂരങ്ങാടിയിലുള്ള എന്റെ സേവനത്തിന് പ്രത്യേക വേതനം സ്വീകരിച്ചിരുന്നില്ല. തിരൂരങ്ങാടി യത്തീംഖാനയോടും അനുബന്ധ സ്ഥാപനങ്ങളോടും അന്ന് തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. 63-ാമത്തെ വയസ്സില്‍ സുഊദി അറേബ്യയിലെ ദാറുല്‍ ഇഫ്തായുടെ കേരളത്തിലെ പ്രബോധകന്‍ എന്ന പദവിയില്‍ നിന്നും ഞാന്‍ വിരമിച്ചു.
സര്‍ക്കാര്‍ സര്‍വീസില്‍ സ്‌കൂള്‍ അധ്യാപകനായി 22 വര്‍ഷത്തെ സേവനത്തിനുള്ള പെന്‍ഷന്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. ദാറുല്‍ ഇഫ്തായുടെ ദാഈ ആയി വിരമിച്ച  ശേഷം പെന്‍ഷന്‍ ഒന്നുമില്ല. പ്രബോധനരംഗത്ത് നിന്ന് ഒഴിഞ്ഞുമാറി വിശ്വാസിക്ക് ഒരിക്കലും വിശ്രമിക്കാന്‍ പാടില്ലാത്തതുകൊണ്ട് സാധ്യമായ ശ്രമങ്ങളൊക്കെ വിനിയോഗിക്കാനുള്ള അവസരങ്ങളൊന്നും പാഴാക്കാറില്ല.
തൊപ്പി ധരിച്ച
യത്തീംകുട്ടികള്‍
യത്തീംഖാനയില്‍ അന്തേവാസികളായ കുട്ടികള്‍ അന്ന് സ്‌കൂളിലും കോളെജിലും പോയിരുന്നത് തൊപ്പി ധരിച്ചായിരുന്നു. വാര്‍ഡന്‍മാരുടെ കര്‍ശന നിര്‍ദേശം പാലിച്ചാണ് പലരും തൊപ്പി ധരിച്ചിരുന്നത്. വാര്‍ഡന്‍മാരില്‍ പലരും തൊപ്പി ധരിച്ചതുമില്ല! അധ്യാപകരുടെ വാക്കുകളിലേക്കല്ല പ്രവര്‍ത്തനങ്ങളിലേക്കാണ് കുട്ടികള്‍ ഉറ്റുനോക്കുന്നത് എന്ന കാര്യം ഞാന്‍ അവരെ ധരിപ്പിച്ചു. അതുകൊണ്ട് കുട്ടികളെ തൊപ്പിയിടാന്‍ നിര്‍ബന്ധിക്കാതിരിക്കലാണ് ഉചിതമെന്നും പറഞ്ഞു. നിര്‍ബന്ധമില്ലാതായപ്പോള്‍ ക്രമേണ കുട്ടികളുടെ തലയില്‍ നിന്ന് തൊപ്പിയും ഇല്ലാതെയായി. തൊപ്പി ധരിക്കാതെ യത്തീം കുട്ടികളോ? എന്ന് പലരും ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ സമൂഹത്തില്‍ അത് ഒരു സംസാര വിഷയമായി. സ്‌നേഹസ്വരത്തില്‍ സെക്രട്ടറി എന്നെ വിളിച്ച് ചോദിച്ചു: കുട്ടികള്‍ തൊപ്പി ധരിച്ചുപോവുന്നത് സ്ഥാപനത്തിന്റെ അച്ചടക്കത്തിന് നല്ലതല്ലേ മൗലവി? ഞാന്‍ സമ്മതിച്ചു. യത്തീംഖാനയില്‍ ആയിരിക്കുമ്പോള്‍ യൂണിഫോം എന്ന നിലക്ക് തൊപ്പി അവരെ ധരിപ്പിക്കാം. എന്നാല്‍ സ്‌കൂളിലേക്കോ കോളെജിലേക്കോ പോകുമ്പോള്‍ നമ്മുടെ മക്കളെ നാം എങ്ങനെയാണോ പറഞ്ഞയക്കുന്നത് അതേ പ്രകാരമായിരിക്കണം അവരെയും അയക്കേണ്ടത്. ഈ അഭിപ്രായം ഞാന്‍ പ്രകടിപ്പിച്ചപ്പോള്‍ സെക്രട്ടറിക്ക് മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല.
കുട്ടികള്‍ തൊപ്പി ധരിച്ചേ തീരൂ എന്ന നിര്‍ബന്ധം ക്രമേണ ഇല്ലാതെയാവുകയും ചെയ്തു. കേവലം തൊപ്പി ധരിക്കുക എന്നതിലല്ല ഇവിടെ കാര്യം. സ്വന്തം സന്താനങ്ങളെ എങ്ങനെ പരിഗണിക്കുന്നുവോ അതേ പരിഗണനക്കും ആദരവിനും അനാഥരും അര്‍ഹരാണെന്ന ചിന്തയാണ് നമുക്ക് വേണ്ടത്. അനാഥരെ ആദരിക്കണം എന്ന വിശുദ്ധ ഖുര്‍ആനിന്റെ ശാസന അനാഥസംരക്ഷകരായ സമുദായ നേതാക്കള്‍ തന്നെ പലപ്പോഴും വിസ്മരിച്ചു പോകുന്നുവോ എന്ന് തോന്നിയിട്ടുണ്ട്.
യത്തീംഖാന സ്‌കൂളിലെ സഹപ്രവര്‍ത്തകന്‍
അനാഥരെ അര്‍ഹിക്കുന്ന പരിഗണനയും ആദരവും നല്കി വളര്‍ത്തുകയും അവരുടെ വിദ്യാഭ്യാസപരമായ ഉയര്‍ച്ചയില്‍ സദാ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റ് കമ്മിറ്റിയാണ് തിരൂരങ്ങാടിയിലുള്ളത്. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സാമ്പത്തിക സഹായങ്ങള്‍ ചെയ്തുകൊടുക്കാനും അര്‍ഹരായവരെ ജോലിക്ക് പരിഗണിക്കാനും കമ്മിറ്റി എന്നും ശ്രദ്ധിച്ചിട്ടുണ്ട്. നിയമനകാര്യത്തിലോ, സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടാനോ കോഴ വാങ്ങുന്ന ദുസ്സമ്പ്രദായം ഇവിടെയില്ല. മതപരമായ വീക്ഷണ വ്യത്യാസമോ സംഘടനാപരമായ ചേരിതിരിവുകളോ ഇതിലൊന്നും പരിഗണിക്കാറില്ല. ഉദ്യോഗാര്‍ഥിയുടെ യോഗ്യത മാത്രം മാനദണ്ഡമാക്കി തിരഞ്ഞെടുപ്പ് നടത്താറാണ് പതിവ്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. യത്തീംഖാനയില്‍ നിരവധി ഹരിജന്‍ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളുണ്ടായിരുന്നു. യത്തീംഖാന അന്തേവാസിയും പിന്നീട് അവിടത്തെ സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകന്‍ കെ പി രാമന്‍ മാഷ് ആ കൂട്ടത്തിലെ മറക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ്. എം എല്‍ എയായിരുന്ന മാഷുടെ മകനും പിന്നീട് അറബിഭാഷാ അധ്യാപക വൃത്തിയിലേക്ക് കടന്നുവന്നു.
വ്യക്തിപരമായി രാമന്‍ മാഷുമായി എനിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. സഹപ്രവര്‍ത്തകരായ ഞങ്ങള്‍ ആദ്യകാലത്ത് യത്തീംഖാനയുടെ മെസ്സില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. രണ്ടുപേരും പുറത്തുപോയി കഴിക്കാറായിരുന്നു പതിവ്. ആ സമയത്ത് യത്തീംഖാനകളിലെ ഭക്ഷണ സമ്പ്രദായത്തെപ്പറ്റി വാര്‍ത്താ മാധ്യമങ്ങളില്‍ ചില റിപ്പോര്‍ട്ടുകള്‍ വന്നു. സമൂഹത്തില്‍ ഇത് ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയായിരുന്ന കുഞ്ഞഹമ്മദ് ഹാജി ഒരിക്കല്‍ പറഞ്ഞു: നിങ്ങള്‍ യത്തീം ഖാനയില്‍ നിന്ന് ഭക്ഷണം കഴിക്കണം. യത്തീംഖാനകളിലെ ഭക്ഷണകാര്യത്തെച്ചൊല്ലി ചില വിവാദങ്ങള്‍ ഒക്കെ പുകയുന്നുണ്ട്. നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല കാര്യങ്ങള്‍. വല്ല ആക്ഷേപവും ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ മാനേജര്‍ യത്തീംഖാനയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നില്ല എന്ന കാര്യം ഉയര്‍ത്തിക്കാട്ടിയേക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു. സെക്രട്ടറി പറഞ്ഞതിന്റെ ഗൗരവമുള്‍ക്കൊണ്ട് ഞങ്ങള്‍ രണ്ടുപേരും പിന്നീട് അവിടെ നിന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഞങ്ങള്‍ രണ്ടുപേരും യത്തീംഖാന സ്‌കൂളിലെ അധ്യാപകരും അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമാണെങ്കിലും അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നതിലൂള്ള ഉള്‍ഭയം കൊണ്ടായിരുന്നു ബുദ്ധിമുട്ടിയാണെങ്കിലും പുറത്തുപോയിരുന്നത്.
റിപ്പബ്ലിക്ക്
ദിനാഘോഷം
യത്തീംഖാനയിലെ പൂര്‍വ വിദ്യാര്‍ഥികളും അതാതു കാലത്തെ അന്തേവാസികളും ഇടക്കിടെ ഒത്തുകൂടി സൗഹൃദം പുതുക്കാറുണ്ട്. സ്ഥാപനവുമായി അവര്‍ക്കുള്ള ബന്ധം സുദൃഢമാക്കാനും ഈ സമാഗമങ്ങള്‍ കാരണമായി. പൂര്‍വവിദ്യാര്‍ഥി സമ്മേളനങ്ങള്‍ പ്രൗഢമായി ഇന്നും നടന്നുവരുന്നു. മാനേജറായി ചുമതയലേറ്റ ആദ്യകാലത്ത് റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി കൊണ്ടാടാന്‍ തീരുമാനിച്ചു. കുട്ടികളില്‍ ദേശീയ ബോധവും രാജ്യസ്‌നേഹവും വളര്‍ത്തിയെടുക്കാന്‍ ഇത്തരം പരിപാടികള്‍ കൊണ്ട് സാധിക്കും.
ഇങ്ങനെ ഒരു ആലോചനയുണ്ടായപ്പോള്‍ റിപ്പബ്ലിക് ദിന പരിപാടി കേമമായി തന്നെ സംഘടിപ്പിക്കണമെന്ന് യത്തീംഖാന കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ യത്തീംഖാന കാമ്പസില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നു. പൂര്‍വിദ്യാര്‍ഥികള്‍ പലരും ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ സന്നിഹിതരായി. കമ്മിറ്റി ഭാരവാഹികള്‍ കുടുംബസമേതം പരിപാടി കാണാനെത്തി. റിപ്പബ്ലിക് ദിനാഘോഷം വര്‍ഷംതോറും ഗംഭീരമായി തന്നെ കുട്ടികളുടെ കലാപരിപാടികളോടെ നടക്കുമ്പോള്‍ പൂര്‍വ വിദ്യാര്‍ഥികളും അഭ്യുദയകാംക്ഷികളും അതിഥികളായെത്തും. അവര്‍ക്ക് വിരുന്നൊരുക്കുന്നതില്‍ മാനേജിംഗ് കമ്മിറ്റി സദാ താല്പര്യമെടുക്കുകയും ചെയ്തു.
യത്തീംഖാനയിലെ അന്തേവാസികളായ വിദ്യാര്‍ഥികളില്‍ സര്‍ഗാഭിരുചിയും കലാവാസനയുമുള്ളവരുണ്ടായിരുന്നു. പാട്ടും പ്രസംഗവും മറ്റു കലാപരിപാടികളും മതമൂല്യങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ട് അവര്‍ക്ക് അവതരിപ്പിക്കാനുള്ള അവസരം നല്കി. നിറഞ്ഞ സദസ്സിന്റെ പ്രോത്സാഹനവും പൂര്‍വ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടെ സാന്നിധ്യവും സഹകരണവും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ സ്ഥാപനത്തിന്റെ അക്കാദമികവും മറ്റുമായ മികവിലേക്ക് അത് വഴിതുറന്നു. സംഗീതത്തിന്റെ അകമ്പടിയോടെ കലാപരിപാടി അവതരിപ്പിക്കപ്പെട്ടപ്പോള്‍ എതിര്‍പ്പുകളുണ്ടാവുകയും ചെയ്തു. കെ പി മുഹമ്മദ് മൗലവി, ശൈഖ് അബ്ദുസ്സമദ് അല്‍കാതിബ് തുടങ്ങിയ പണ്ഡിതരുടെ സാന്നിധ്യത്തിലായിരുന്നു ചിലപ്പോഴെല്ലാം ആഘോഷപരിപാടികള്‍ നടന്നിരുന്നത്. അനുവദനീയതയുടെ അതിര് ലംഘിക്കാതെ കലാപരിപാടികള്‍ നടത്താനും കുട്ടികളുടെ സര്‍ഗപരിപോഷണത്തിന് ഉതകുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാനും തടസ്സം നില്‌ക്കേണ്ടതില്ല എന്ന നിലപാടാണ് പൊതുവെ സ്വീകരിച്ചിരുന്നത്. എന്നാല്‍ സങ്കുചിത മനസ്‌കരായ ചിലര്‍ തീവ്ര നിലപാടെടുത്ത് സംഗീതത്തെയും കലാപരിപാടികളെയും പാടെ വിമര്‍ശിക്കാനാണ് തുനിഞ്ഞത്.
മുജാഹിദ് പ്രസ്ഥാനത്തില്‍ തന്നെ വിള്ളലുണ്ടായപ്പോള്‍ ഒരു ചേരിയിലും കക്ഷിചേരാതെ യത്തീംഖാന കമ്മിറ്റി നിഷ്പക്ഷ നിലപാടെടുത്തിരുന്നു. തീവ്ര ചിന്താഗതിക്കാരുടെ വിമര്‍ശനം ശക്തിപ്പെട്ടപ്പോള്‍ സെക്രട്ടറി ഒരിക്കല്‍ എന്നെ വിളിച്ചു പറഞ്ഞു: നമ്മുടെ കലാപരിപാടികളെ പലരും വിമര്‍ശിക്കുന്നുണ്ട്. ആക്ഷേപിക്കുന്നവരെല്ലാം ഉന്നം വെക്കുന്നത് താങ്കളെയാണ്? ഈ പരിപാടി തുടരേണ്ടതുണ്ടോ? സ്ഥാപനത്തിന്റെ അന്തസ്സിന് കളങ്കമേല്പിച്ചോ മതമൂല്യങ്ങളെ അവഗണിച്ചോ ആയിരുന്നില്ല പരിപാടികള്‍ അവിടെ നടന്നുവന്നിരുന്നത്. ഇസ്‌ലാമിക ആദര്‍ശത്തിന് വിരുദ്ധമായതൊന്നും ചെയ്തില്ല എന്ന് തീര്‍ത്തുപറയാന്‍ കഴിഞ്ഞെങ്കിലും സ്ഥാപനത്തിനെതിരെയുള്ള വിയോജിപ്പിന്റെ സ്വരം ശക്തിപ്പെട്ടുവരുന്നത് ഒഴിവാക്കാനും വിമര്‍ശനങ്ങള്‍ക്ക് അറുതിയാവാനും വേണ്ടി ഒടുവില്‍ യത്തീംഖാന കാമ്പസില്‍ നടന്നുവന്നിരുന്ന കുട്ടികളുടെ കലാപരിപാടി അവസാനിപ്പിക്കുകയാണ് ചെയ്തത്. കഴിവും താല്പര്യവുമുള്ള കുട്ടികള്‍ക്ക് സ്‌കൂളിലും കോളെജിലും പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരവും പ്രോത്സാഹനവും നല്കുകയും ചെയ്തു.
അനാഥരുടെ
ആശുപത്രി വാസം
യത്തീംഖാന കമ്മിറ്റിക്ക് കീഴില്‍ തന്നെ എം കെ ഹാജി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ തുടങ്ങിയപ്പോള്‍ അനാഥ കുട്ടികള്‍ക്ക് ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട ഘട്ടം വരുമ്പോള്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയാണോ റൂമില്‍ ചികിത്സിക്കുകയാണോ വേണ്ടത് എന്ന കാര്യത്തില്‍ ചര്‍ച്ച നടന്നു. മെച്ചപ്പെട്ട റൂം സൗകര്യം ഉണ്ടായിരിക്കെ അനാഥ മക്കള്‍ക്കും അത് ഉപയോഗപ്പെടുത്താമെന്ന് തീരുമാനമെടുക്കാന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. എല്ലാ കാര്യത്തിലും അനാഥര്‍ ആദരിക്കപ്പെടുന്നുണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് തന്നെ അവര്‍ക്ക് സംരക്ഷണം നല്കാന്‍ കമ്മിറ്റി ഭാരവാഹികള്‍ ശ്രമിച്ചുപോന്നു. സമ്പത്ത് വിനിയോഗിക്കുന്നതിലുള്ള സൂക്ഷ്മതയും സൗകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള സുതാര്യതയും പാലിച്ചും ഈ വിഷയങ്ങളിലുള്ള ഇസ്‌ലാമിക നിയമങ്ങളെ മാനിച്ച് മുന്നോട്ടു പോകാന്‍ അനാഥ സംരക്ഷണം ജീവിത വ്രതമാക്കിയ ചില സുമനസ്സുകള്‍ ഇവിടെയുള്ളതുകൊണ്ടാണിന്ന് സ്ഥാപനം ഇത്ര യശസ്സിലേക്കുയര്‍ന്നത്. ആ കാരണം തന്നെയാണ് മുപ്പതിലധികം വര്‍ഷമായിട്ടും യത്തീംഖാനയുമായി ഹൃദയബന്ധം നിലനിര്‍ത്തി അനാഥരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള എന്റെ പ്രചോദനവും.