Thursday
22
February 2018

മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിനിധിയോ?

എ അബ്ദുല്‍ഹമീദ് മദീനി

”ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുന്നു എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക. അവര്‍ പറഞ്ഞു: ഇവിടെ കുഴപ്പങ്ങളുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലേ, അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം.” (വി.ഖു 2:30)
നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ എന്ന് 2:31ല്‍ പറഞ്ഞത് മലക്കുകള്‍ കളവ് പറയുന്നവര്‍ എന്ന അര്‍ഥത്തിലല്ല. മേല്‍ പറഞ്ഞ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സൃഷ്ടിയെ ഭൂമിയില്‍ സൃഷ്ടിക്കാന്‍ പോകുന്നു എന്ന് അല്ലാഹു മലക്കുകളോട് പറഞ്ഞപ്പോള്‍ ജിന്നുകളുടെ പിന്‍ഗാമിയായി സൃഷ്ടിക്കപ്പെടുന്ന മനുഷ്യന്‍ മുന്‍ഗാമികളെപ്പോലെ ഇവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുമെന്നവര്‍ മനസ്സിലാക്കി. അവര്‍ അവരുടെ അഭിപ്രായം ഇങ്ങനെ പറഞ്ഞു: കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന ഒരു വിഭാഗത്തെയാണോ സൃഷ്ടിക്കുന്നത്? ഈ അഭിപ്രായം മനുഷ്യസൃഷ്ടിപ്പിന്റെ ഉദ്ദേശം പൂര്‍ണമായി മനസ്സിലാവാത്തതുകൊണ്ടാണവര്‍ പറഞ്ഞത്. അതുകൊണ്ടാണീ സൂക്തത്തിന്റെ അവസാനത്തില്‍ നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ എന്നുണര്‍ത്തിയത്. മനുഷ്യനെ സൃഷ്ടിച്ച ഉദ്ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യന്‍ പ്രാതിനിധ്യ സ്വഭാവമുള്ളവരായിരിക്കും എന്നത്.
ഖലീഫ എന്ന പദത്തിന്, പിന്‍ഗാമി, പകരം നില്ക്കുന്നവന്‍, പ്രതിനിധി, ഭരണാധികാരി എന്നെല്ലാം അര്‍ഥമുണ്ട്. ഇത് ആദം നബിയെ മാത്രം ഉദ്ദേശിച്ചുള്ള ഏക വചനമാവാം. മനുഷ്യരാശിയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വര്‍ഗനാമവുമാവാം. ഓരോ മനുഷ്യനും തന്റെ മുന്‍ഗാമികളുടെ പൈതൃകമേറ്റെടുത്തുകൊണ്ട് നാഗരികതയെ പരിപോഷിപ്പിക്കുന്നു. ഓരോ തലമുറയും കഴിഞ്ഞുപോയ തലമുറക്ക് പകരം ജീവിതരംഗത്ത് ആധിപത്യം സ്ഥാപിക്കുന്നു. എല്ലാ ചരാചരങ്ങളും ദൈവിക നിയമത്തിന് അഥവാ പ്രകൃതി നിയമത്തിന് വിധേയരായി വര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണെങ്കില്‍, മനുഷ്യന്‍ അങ്ങനെയല്ല. ഒരു പരിധിവരെ ഭൗതിക വസ്തുക്കളുടെ മേല്‍ നിയന്ത്രണാധികാരമുള്ള സ്ഥാനപതിയായി ഭൂമിയില്‍ അവന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.
ഇവിടെ ഖലീഫ എന്ന പദം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയോ തെറ്റായി മനസ്സിലാക്കുകയോ ചെയ്തവരുണ്ട്. തുടര്‍ന്ന് ഈ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണം നടപ്പില്‍ വരുത്താന്‍ വേണ്ടി അല്ലാഹു അവന്റെ ഭൂമിയിലെ പ്രതിനിധിയായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്നു മതത്തെ രാഷ്ട്രീയമായി വ്യാഖ്യാനിക്കുന്നവര്‍ പറയാറുണ്ട്. ഇത് ഭീമാബദ്ധമാണ്. കാരണം ഈ വാദഗതി വ്യക്തമായ ശിര്‍ക്കിലേക്ക് വളരെ എളുപ്പത്തില്‍ മനസ്സിനെ നയിക്കുന്നതാണ്. ഇക്കൂട്ടര്‍ പറയുന്ന പ്രതിനിധിക്ക് പ്രതിനിധീകരിക്കപ്പെടുന്നവരുടെ കഴിവും അറിവും സ്വഭാവവും ഭാഗികമായെങ്കിലും ഉണ്ടായിരിക്കണം. ഒരാള്‍ തന്റെ പ്രതിനിധിയെ ഒരു സ്ഥലത്തേക്ക് അയയ്ക്കുകയാണെങ്കില്‍ ആരെ പ്രതിനിധീകരിച്ചുകൊണ്ടാണോ അയാള്‍ പോകുന്നത് ആ പ്രതിനിധീകരിക്കപ്പെടുന്ന വ്യക്തി ചെയ്യുന്ന കാര്യങ്ങളെല്ലാം ഭാഗികമായെങ്കിലും ചെയ്യാന്‍ കഴിവുണ്ടായിരിക്കണം. ചിലപ്പോള്‍ പ്രതിനിധീകരിക്കപ്പെടുന്ന വ്യക്തിയേക്കാള്‍ ഭംഗിയായി കാര്യം നിര്‍വഹിച്ചു എന്നു വരാം. ഒരു പണ്ഡിതന്‍ തന്റെ പ്രതിനിധിയെ വെള്ളിയാഴ്ച പള്ളിയിലേക്കയച്ചാല്‍ ആ പ്രതിനിധി ആ പള്ളിയില്‍ ഖുതുബ നിര്‍വഹിക്കണം, നമസ്‌കാരത്തിന് നേതൃത്വം നല്കണം, മറ്റു കാര്യങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതും നിര്‍വഹിക്കണം. ഇതുപോലെ ഭൂമിയിലേക്ക് അല്ലാഹു നിയോഗിച്ച പ്രതിനിധി അല്ലാഹു ചെയ്യുന്ന കാര്യങ്ങള്‍ ഭാഗികമായെങ്കിലും ചെയ്യണം. ഈ അടിസ്ഥാനത്തില്‍ വേണം, ചത്ത കുഞ്ഞിന് ജീവന്‍ കൊടുത്തോവര്‍ എന്ന് മുഹ്‌യിദ്ദീന്‍ മാലയില്‍ പറഞ്ഞതിനെ വിലയിരുത്താന്‍. അല്ലാഹുവിന്റെ പ്രതിനിധിയായ മുഹ്‌യിദ്ദീന്‍ ശൈഖിന്ന് അല്ലാഹു ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്യാന്‍ കഴിയുമെന്നവര്‍ സ്ഥാപിക്കുന്നു. ഇങ്ങനെ വളരെ വ്യക്തമായ ശിര്‍ക്കിലേക്ക് ഈ പിഴച്ച വാദം ചെന്നെത്തുന്നു.
എന്നാല്‍ അല്ലാഹുവിന്റെ പ്രതിനിധിയാവാന്‍ ഒരു സൃഷ്ടിക്കും സാധ്യമല്ല. ഒന്നാമതായി അസാന്നിധ്യത്തിലാണ് പ്രതിനിധിയുണ്ടാവുക. സാന്നിധ്യത്തില്‍ പ്രതിനിധിയില്ല. അല്ലാഹുവിന്റെ അസാന്നിധ്യം എവിടെയും ഒരിക്കലും ഉണ്ടാകുന്നില്ല. അല്ലാഹുവിന്റെ ഖുദ്‌റത്തും അറിവും എല്ലായിടത്തും എപ്പോഴും ഉണ്ട്. അവനറിയാതെ ഒരിലപോലും കൊഴിഞ്ഞുവീഴുന്നില്ല. മാത്രമല്ല, നാം സൂചിപ്പിച്ചതുപോലെ പ്രതിനിധിക്ക് പ്രതിനിധീകരിക്കപ്പെടുന്നവന്റെ കഴിവും പ്രാപ്തിയും  ഭാഗികമായെങ്കിലും ഉണ്ടായിരിക്കണം. ഒരു സൃഷ്ടിക്കും അങ്ങനെയുള്ള കഴിവും സ്വഭാവവും അല്ലാഹു നല്കിയിട്ടില്ല. നല്‍കുകയുമില്ല. അതുകൊണ്ടാണ് ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിനെ(റ) ചിലര്‍ ‘ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി ആയിട്ടുള്ളവരേ’ എന്ന് അഭിസംബോധന ചെയ്തപ്പോള്‍ ഉടനെ ആ ഭയങ്കരമായ തെറ്റ് അദ്ദേഹം തിരുത്തി.
അദ്ദേഹം പറഞ്ഞു: ”ഞാന്‍ അല്ലാഹുവിന്റെ പ്രതിനിധിയല്ല. കാരണം പ്രാതിനിധ്യം അസാന്നിധ്യത്തിലേ ഉണ്ടാവൂ. സാന്നിധ്യത്തില്‍ ഉണ്ടാവുകയില്ല. എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ റസൂലിന്റെ പ്രതിനിധിയാണ്.” (മുഖദ്ദിമത്ത് ഇബ്‌നുഖല്‍ദൂന്‍)
ഇവിടെ മുഹമ്മദ് നബി(സ)യുടെ വഫാത്തോടെ അദ്ദേഹത്തിന്റെ സാന്നിധ്യം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഞാന്‍ അല്ലാഹുവിന്റെ റസൂലിന്റെ ഖലീഫയാണെന്നദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് ജനങ്ങള്‍ അബൂബക്കര്‍(റ)നെ ‘റസൂലിന്റെ പ്രതിനിധി ആയിട്ടുള്ളവരേ’ എന്ന് അഭിസംബോധന ചെയ്യാന്‍ തുടങ്ങി. ഇവിടെ പിന്‍ഗാമി എന്ന അര്‍ഥവും പറയാവുന്നതാണ്. പിന്നീട് ഉമര്‍(റ) ഖലീഫ ആയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ ‘റസൂലിന്റെ പ്രതിനിധിയുടെ പ്രതിനിധി ആയിട്ടുള്ളവരേ’ എന്ന് വിളിക്കാന്‍ തുടങ്ങി. അപ്പോള്‍ ദീര്‍ഘദൃഷ്ടിയുള്ള ഉമര്‍(റ) ഇനി മൂന്നും നാലും ഖലീഫമാര്‍ വരുമ്പോള്‍, ഈ നിലക്ക് അവരെ അഭിസംബോധന ചെയ്യാന്‍ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുമെന്ന് മനസ്സിലാക്കി. ജനങ്ങള്‍ക്ക് ഖലീഫയെ എപ്പോഴും അഭിസംബോധന ചെയ്യേണ്ടിവരുകയും അതിനാല്‍ ഇക്കാര്യത്തില്‍ മറ്റു സ്വഹാബിമാരുമായി കൂടിയാലോചന നടത്തുകയും ചെയ്തു. തുടര്‍ന്ന് ഖലീഫമാരെ അമീറുല്‍ മുഅ്മിനീന്‍ അഥവാ വിശ്വാസികളുടെ നേതാവ് എന്ന് അഭിംസബോധന ചെയ്യാന്‍ സ്വഹാബിമാര്‍ ഒന്നടങ്കം തീരുമാനിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന വാദത്തെ ഒന്നടങ്കം തള്ളിക്കളയുകയാണ് സ്വഹാബിമാര്‍ ചെയ്തത്.
മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന് പറയാന്‍ പാടില്ലെന്ന് അബൂബക്കര്‍ സിദ്ദീഖിന്റെ ഭരണകാലത്ത് ഇജ്മാഅ് ഉണ്ടായിട്ടുണ്ട്. സ്വഹാബത്തിന്റെ ഇജ്മാഅ് ഖണ്ഡിതമായ പ്രമാണമാണെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യസമില്ല. ഈ ഖണ്ഡിതമായ ഇജ്മാഇനെ മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന വാദക്കാര്‍ തള്ളിക്കളയുന്നു. സത്യവിശ്വാസികള്‍ എല്ലാവരും ഏകോപിച്ചുകൊണ്ടുള്ള ഇജ്മാഇനെ തള്ളിക്കളയുന്നവര്‍ക്ക് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്. ”ആരെങ്കിലും സന്മാര്‍ഗം വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം റസൂലിനോട് എതിര് പ്രവര്‍ത്തിക്കുകയും സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും ചെയ്താല്‍ അവന്‍ തിരിഞ്ഞ പ്രകാരം (അവന്റെ പാട്ടിന്ന്) അവനെ നാം തിരിച്ചുകളയുകയും അവനെ നരകത്തില്‍ കടത്തി നാം എരിക്കുകയും ചെയ്യും. അത് എത്രയോ മോശമായ പര്യവസാനം.” (വി.ഖു 4:115)
ഇബ്‌നുകസീര്‍ തന്റെ തഫ്‌സീറില്‍ ഖലീഫയുടെ അര്‍ഥം വിവരിക്കുന്നത് ഇങ്ങനെയാണ്: ”അതായത് ഓരോ നൂറ്റാണ്ടിലും മനുഷ്യ സമൂഹത്തിന്റെ പിന്നാലെ വരുന്നവര്‍, തലമുറകളായി പൈതൃകം ഏറ്റെടുക്കുന്നവര്‍.”(ഇബ്‌നു കസീര്‍ 1:90)
ഇതേ അഭിപ്രായം തന്നെയാണ് ഇബ്‌നുജരീറുത്ത്വിബ്‌രി പോലുള്ള പൂര്‍വിക മുഫസ്സിറുകളും പറഞ്ഞിട്ടുള്ളത്. അപ്പോള്‍ ജാഇലു ഫില്‍ അര്‍ദ്വി ഖലീഫ എന്ന് പറഞ്ഞാല്‍ ഞാന്‍ ഭൂമിയില്‍ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു വിഭാഗത്തെ സൃഷ്ടിക്കാന്‍ പോകുന്നു എന്നായി അര്‍ഥം. എത്ര നല്ല വ്യാഖ്യാനം. ഈ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സൃഷ്ടി ഭൂമിയില്‍ മനുഷ്യനല്ലാതെ  വേറെയില്ല.
ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞുപോയ തലമുറക്ക് പകരം ആ തലമുറയുടെ പൈതൃകം ഏറ്റെടുത്ത് ജീവിതരംഗത്ത് ആധിപത്യം സംസ്ഥാപിക്കുന്നവര്‍, ഇങ്ങനെ ഓരോ തലമുറയുടെ കഴിവും അവര്‍ നേടിയെടുത്ത അറിവും പുരോഗതിയും അടുത്ത തലമുറ ഏറ്റെടുക്കുന്നു. അങ്ങനെയാണ് നാം ഇന്നിക്കാണുന്ന നിലയില്‍ എത്തിയത്. ഇങ്ങനെ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സമുദായമല്ല മനുഷ്യരെങ്കില്‍ നാം ഇന്ന് മൃഗതുല്യരായി ജീവിക്കുമായിരുന്നു. മൃഗങ്ങള്‍ അന്നത്തെപ്പോലെ തന്നെയാണിന്നും ജീവിക്കുന്നത്. അതില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ മനുഷ്യരുടെ ഓരോ തലമുറയും കഴിഞ്ഞ തലമുറയുടെ നേട്ടങ്ങള്‍ പൂര്‍ണമായി ഏറ്റെടുത്തു മുന്നോട്ടു കുതിക്കുന്നു. ഒരു വിഭാഗമായതുകൊണ്ടാണവര്‍ ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്. ആശയങ്ങള്‍ ആലേഖനം ചെയ്യപ്പെടുമ്പോഴാണ് അത് അടുത്ത തലമുറക്ക് ഗുണകരമായിത്തീരുന്നത്.
ആശയാവിഷ്‌ക്കാരം തലമുറകളിലേക്ക് പകരുവാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ നാം ഇന്ന് കാണുന്ന പുരോഗതി അസാധ്യമാകുമായിരുന്നു. കഴിഞ്ഞ തലമുറയുടെ നേട്ടങ്ങളില്‍ ഊന്നി നിന്നാണ് നാം പുതിയ നേട്ടങ്ങളിലേക്ക് കാലെടുത്തു വെക്കുന്നത്. ഓരോ തലമുറയും മുന്‍ തലമുറ ചെയ്തുവെച്ചതില്‍ നിന്ന് തുടങ്ങിയാല്‍ മതി. മുന്‍ സിദ്ധാന്തങ്ങളില്‍ കാലൂന്നി നിന്നുകൊണ്ടാണ് ഓരോ ശാസ്ത്രജ്ഞനും തന്റെ ഗവേഷണം ആരംഭിക്കുന്നത്. അതിലൂടെയാണ് പുതിയ സിദ്ധാന്തങ്ങള്‍ കണ്ടുപിടിക്കുന്നത്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വിജ്ഞാനം പകരാന്‍ മനുഷ്യനെ സജ്ജമാക്കുന്ന അല്ലാഹു നല്കിയ എഴുതുവാനുള്ള കഴിവ് ശാസ്ത്ര സാങ്കേതിക രംഗത്ത് വമ്പിച്ച കുതിച്ചു ചാട്ടത്തിന് മനുഷ്യരെ പ്രാപ്തരാക്കി. ലിഖിത രേഖകള്‍ ഇല്ലായിരുന്നുവെങ്കില്‍ തന്റെ മുന്‍ഗാമി എന്തു പറഞ്ഞു എന്നത് കൃത്യമായി അറിയാന്‍ മനുഷ്യന്ന് മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടാണ് മനുഷ്യനെ പേനകൊണ്ടെഴുതാന്‍ പഠിപ്പിച്ചത് സ്രഷ്ടാവിന്റെ അപാരമായ അനുഗ്രഹങ്ങളില്‍ ഒന്നാണെന്ന് ഖുര്‍ആന്‍ പറഞ്ഞത്. ”പേന കൊണ്ട് (എഴുതാന്‍) പഠിപ്പിച്ചവനായ നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന്ന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.” (96:3-5)
ഖുര്‍ആന്‍ എടുത്തു പറഞ്ഞ എഴുത്തും വായനയും മനുഷ്യന്റെ വ്യക്തിത്വ വളര്‍ച്ചയില്‍ വളരെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ന് ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സ്വാധീനം എത്ര തന്നെ വികസിച്ചാലും എഴുത്തിന്റെയും വായനയുടെയും പ്രാധാന്യം ഒരിക്കലും കുറയുന്നില്ല. മനുഷ്യന്‍ അടിസ്ഥാനപരമായ അറിവിലൂടെ വളരണമെങ്കില്‍ എഴുത്തും വായനയും കൂടിയേ തീരൂ. മേല്‍ പറഞ്ഞ കാര്യങ്ങള്‍ മനുഷ്യനെപ്പറ്റിയുള്ള ഇസ്‌ലാമിക ദര്‍ശനങ്ങളില്‍ ചിലത് മാത്രമാണ്.