Thursday
22
February 2018

ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും

മൗലാന വഹീദുദ്ദീന്‍ ഖാന്‍

ലളിത ജീവിതം, ഉയര്‍ന്ന ചിന്ത എന്നത് വളരെ പ്രസക്തമായ ഒരു സൂത്രവാക്യമാണ്. പക്ഷെ, അക്ഷരാര്‍ഥത്തില്‍ ഇതിനെ അനുധാവനം ചെയ്യുന്നവര്‍ വളരെ അപൂര്‍വമാണ്. ഇത് ലളിതമായി തോന്നാമെങ്കിലും എന്തുകൊണ്ടാണ് ആളുകള്‍ ഈ ജീവിതരീതി പിന്തുടരുന്നതില്‍ പരാജയപ്പെടുന്നത്?
കാരണം, ലളിതമെന്നു തോന്നിയേക്കാവുന്ന ഈ പ്രമാണ സൂത്രം വലിയ ത്യാഗം – സാധ്യമായ ഉന്നതമായ ത്യാഗം – ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് അധികമാളുകളും ഈ ത്യാഗം ചെയ്യാന്‍ തയ്യാറാകുന്നില്ല. അത് ഏറ്റവും ഉന്നതമായതാണെങ്കിലും വാസ്തവത്തില്‍, ഇത് മാത്രമാണ് വിജയത്തിന്റെ രഹസ്യം.
എന്താണ്
ലളിത ജീവിതം?
ആവശ്യങ്ങളിലധിഷ്ഠിതമായ ജീവിതമാണത്. നമുക്ക് എല്ലാവര്‍ക്കും ആവശ്യങ്ങളുണ്ട്. ഈ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണ് നാം ജീവിക്കുന്നത്. നമ്മുടെ ആവശ്യങ്ങള്‍ പരിമിതമാണ്. ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചാലും സംതൃപ്തമായ ഒരു മനസ്സിന്റെ അഭാവം ഒരാളെ അത്യാഗ്രഹത്തിലേക്ക് നയിക്കുന്നു. ആവശ്യംപോലെയല്ല, അത്യാഗ്രഹത്തിന് പരിധികളില്ല. പരിധി ഇല്ലാത്ത ആഗ്രഹങ്ങളുടെ പിറകേ, ഒരാള്‍ ഓടുകയാണെങ്കില്‍ അയാള്‍ ഒരിക്കലും സംതൃപ്തനാകുകയില്ല.
ലളിതമായ ജീവിതം കൊണ്ടര്‍ഥമാക്കുന്നത് പരിമിതമായ ആവശ്യങ്ങള്‍കൊണ്ട് ജീവിക്കുക എന്നാണ്. അല്ലാതെ, പരിധിയില്ലാത്ത ആഗ്രഹങ്ങള്‍ കൊണ്ട് ജീവിക്കുക എന്നല്ല. ലളിത ജീവിതം എല്ലാ വഴികേടില്‍ നിന്നും ഒരു സുരക്ഷയാണ്. സമയം, ഊര്‍ജം, സമ്പത്ത്, മറ്റു വിഭവങ്ങള്‍ തുടങ്ങിയവ മിച്ചം വെക്കാന്‍ ഇത് ഒരാളെ പ്രാപ്തനാക്കുന്നു. ഇവ ഒരാളുടെ ജീവിത പുരോഗതിക്ക് ഏറ്റവും അനുകൂലമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും.
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ നാശത്തിലേക്കാണ് നയിക്കുക. വിനോദ സംസ്‌കാരത്തിന്റെ ഭാഗമായ ഷോപ്പിംഗ്, ഉല്ലാസ യാത്രകള്‍, സിനിമകള്‍, ഉപയോഗമില്ലാത്ത നോവല്‍ വായന തുടങ്ങിയവ മനസ്സിനെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങള്‍ കൊണ്ട് മനുഷ്യനെ വലയം ചെയ്തിരിക്കുകയാണ്. അധികമാളുകളും ഈ രീതിയില്‍ തങ്ങളുടെ ജീവിതം പാഴാക്കുകയാണ.് ബൗദ്ധികമായി ഉയരം കുറഞ്ഞവരാണവര്‍. അവര്‍ക്ക് തങ്ങളുടെ ആഗ്രഹങ്ങള്‍, മനോരാജ്യങ്ങള്‍, സന്തോഷം നല്കുന്ന മറ്റു കാര്യങ്ങള്‍, ആഢംബരങ്ങള്‍ തുടങ്ങിയവ മാത്രമേ അറിയൂ. ഈ കാര്യങ്ങളെപ്പറ്റി അവര്‍ക്ക് നല്ല വിവരമുണ്ട്. ജീവിതം, മരണം തുടങ്ങിയ ഗൗരവതരമായ വിഷയങ്ങളെപ്പറ്റി അവര്‍ക്കൊരറിവുമില്ല.
ഒരാവശ്യത്തേക്കാള്‍ കവിഞ്ഞ എന്തും താല്ക്കാലികമായ ഒരു സന്തോഷം അല്ലെങ്കില്‍ സുഖം നല്കുന്നു. എന്നാല്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍, അത് ശരിയായ പാതയില്‍ നിന്നും ഒരാളെ തെറ്റിക്കുന്നു. ലക്ഷ്യത്തില്‍ നിന്നും അയാളെ വഴിതെറ്റിക്കുന്നു. അതുകൊണ്ട് ആവശ്യങ്ങള്‍ മാത്രം പൂര്‍ത്തീകരിക്കുക എന്നത് പ്രധാനമാണ്. ആവശ്യമില്ലാത്തതെല്ലാം അത്യാഗ്രഹമാണ്. അത്യാഗ്രഹത്തെ സംതൃപ്തിപ്പെടുത്തുന്നതിലൂടെ അതിന് നല്കാന്‍ കഴിയുന്ന കാര്യം താല്ക്കാലിക സന്തോഷമാണ്.
ലാളിത്യത്തിന്റെ മതമാണ് ഇസ്‌ലാം. ഒരു വിശ്വാസി ലളിതമായ ജീവിതമാണ് നയിക്കേണ്ടത്. ഇസ്‌ലാമിന്റെ പ്രവാചകന്‍ ലാളിത്യത്തില്‍ വളരെ വലിയ പ്രാധാന്യം നല്കിയിട്ടുണ്ട്. ലാളിത്യം വിശ്വാസത്തിന്റെ ഭാഗമാണെന്നു പറഞ്ഞുകൊണ്ട് പ്രവാചകന്റെ ഒരു ഹദീസ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സുഖം നല്കുന്ന കാര്യങ്ങള്‍, വിനോദയാത്ര, വിനോദത്തിനുള്ള ധൂര്‍ത്തമായ മറ്റവസരങ്ങള്‍ തുടങ്ങിയവയെ അനുവദിക്കപ്പെട്ടത്, അല്ലെങ്കില്‍, വിരോധിക്കപ്പെട്ടത് എന്ന രീതിയില്‍ നോക്കിക്കാണരുത്. നാം അതിനെ മനസ്സിലാക്കേണ്ടത് വ്യതിചലനമായാണ്. പുരോഗതിയുടെ, ഭീമാകാരനായ ഒരു കൊലയാളിയാണ്. ഒരാളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അത് വളരെ വലിയ തടസ്സമായിരിക്കും. അത് വിവേകശൂന്യമായ ഒരു കാല്‍വെപ്പാണ്. ഈ വ്യതിയാനങ്ങളില്‍ ഒരാള്‍ മുഴുകുമ്പോള്‍ അത് അയാളെ നയിക്കുന്നത്, സമയ നഷ്ടം, ഊര്‍ജ നഷ്ടം, മറ്റു വിഭവങ്ങളുടെ നഷ്ടം എന്നിവയിലേക്കാണ്. വളരെ പരിമിതമായ വിഭവങ്ങള്‍ മാത്രമുണ്ടായിരിക്കേ, വ്യതിചലനത്തിനുമേല്‍ നഷ്ടം സഹിക്കാന്‍ നമുക്ക് കഴിയില്ല.
ലളിത ജീവിതം കേവലം ധാര്‍മികമോ, ധര്‍മശാസ്ത്രപരമോ ആയ ഒരു ഫോര്‍മുലയല്ല. മറിച്ച്, വിജയകരമായ ജീവിതത്തിനുള്ള ഒരു മുഖ്യ തത്വമാണ് അത്. എല്ലാ വഴികേടില്‍ നിന്നുമുള്ള സംരക്ഷണ ഉപകരണമാണ്. വഴികേടില്‍ നിന്നുള്ള സ്വയം രക്ഷപ്പെടല്‍, സമയം, ഊര്‍ജം, സമ്പത്ത് എന്നിവയുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുന്നു. ഇത് ഇഹലോക ജീവിതത്തിലും മരണാനന്തര ജീവിതത്തിലും വിജയം കരസ്ഥമാക്കാന്‍ കാരണമാകും. അതുകൊണ്ട് ലളിത ജീവിതമാണ് വിവേക പൂര്‍ണമായ ജീവിതരീതി. മറ്റെല്ലാ രീതികളും വിനാശകരം തന്നെ.
എന്താണ്
ഉയര്‍ന്ന ചിന്ത?
പെട്ടെന്നുണ്ടാകുന്ന ആകര്‍ഷണീയത, ചുറ്റുപാടുകള്‍, ആഗ്രഹങ്ങള്‍ തുടങ്ങിയവക്ക് അപ്പുറത്തേക്ക് ചിന്തിക്കുക എന്നതാണത്. അത് ഒരാളെ വിവേകശാലിയാക്കുന്നു. നിസ്സാരതകളുടെ വനത്തില്‍ വഴിതെറ്റിപ്പോകുന്നതില്‍ നിന്നും ഒരാളെ അത് സംരക്ഷിക്കും. ജീവിതത്തിലെയും മരണത്തിലെയും ഗൗരവതരമായ പ്രശ്‌നങ്ങളെപ്പറ്റി അവര്‍ ചിന്തിക്കുന്നില്ല. ഉയര്‍ന്ന ചിന്തയില്ലാത്തവരുടെ അവസ്ഥയാണിത്. എന്തുകൊണ്ടാണിതു സംഭവിക്കുന്നത്?
കാരണം അങ്ങനെയുള്ള ആളുകള്‍ തങ്ങളുടെ മനസ്സുകളെ വികാസപ്പെടുത്തുന്ന കാര്യത്തില്‍ പരാജയപ്പെടുന്നു. വികസിതമായ മനസ്സുള്ള ഒരാള്‍ നിസ്സാരതകളുടെ ചളിക്കുണ്ടില്‍ ആണ്ടുപോകുന്നതില്‍ നിന്ന് സുരക്ഷിതനായിരിക്കും. നിസ്സാരമായ കാര്യങ്ങളിലും ആഗ്രഹങ്ങളിലും വ്യാപൃതമായി വിനോദങ്ങളിലും ചവറുകളായ നോവല്‍ വായനയിലും സിനിമ കാണുന്നതിലും സമയം കളയുന്ന ഒരാള്‍ക്ക് ഒരിക്കലും മാനസിക വികാസം ഉണ്ടായിരിക്കുന്നതല്ല. ഇത് ദൈവം മനുഷ്യനെ ഈ ലോകത്തേക്കയച്ചതിന്റെ ഉദ്ദേശം നിറവേറ്റുന്നതില്‍ പരാജയം സംഭവിക്കുന്നതിലേക്ക് നയിക്കും.
ഈ ലോകത്തെ ഏറ്റവും വലിയ നേട്ടം ബുദ്ധിപരമായ വികാസമാണ്. സ്രഷ്ടാവ് ഒരു നല്ല മനസ്സ് നല്കിക്കൊണ്ട് നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്. മനസ്സിന് വളരെ വലിയ കഴിവുണ്ട്. പക്ഷെ ഇവയെല്ലാം സംഭവനീയമായ കാര്യങ്ങളുടെ രൂപത്തിലാണ് നിലകൊള്ളുന്നത്. നമ്മുടെ സംഭവനീയതയെ നാം തുറക്കേണ്ടതുണ്ട്. അങ്ങനെ ഈ സംഭവനീയതയെ വാസ്തവികതയിലേക്ക് മാറ്റണം. മനസ്സിന്റെ മുഴുവനായ വികാസത്തില്‍ കേന്ദ്രീകരിക്കുക എന്നത് കഠിനമായ ഒരു പ്രവൃത്തിയാണ്. ഇപ്പോള്‍ ഉയരുന്ന ചോദ്യം: എങ്ങനെ നമ്മുടെ മനസ്സിന്റെ വികസനം സാധ്യമാകും?
ചിന്തയിലൂടെയും ധ്യാനത്തിലൂടെയും, ഗൗരവതരമായ വിഷയങ്ങളുടെ ബുദ്ധിപരമായ കൈമാറ്റത്തിലൂടെയും പഠനത്തിലൂടെയും മനസ്സിനെ പോഷിപ്പിക്കാന്‍ കഴിയും. മനസ്സിന്റെ ബുദ്ധിപരമായ വികാസത്തിനുള്ള ആയുധങ്ങളാണിവ. ഈ ലോകത്ത് നമുക്ക് ലഭിക്കുന്ന വളരെ കുറഞ്ഞ കാലയലളവില്‍, ബുദ്ധിപരമായ പുരോഗതിയിലല്ലാതെ മറ്റു കാര്യങ്ങളില്‍ നാം നമ്മുടെ സമയം വൃഥാ പാഴാക്കരുത്. ഇതാണ് ഉയര്‍ന്ന ചിന്തയെപ്പറ്റിയുള്ള ആശയം.
പ്രവാചകന് വെളിപാടായി നല്കപ്പെട്ട ആദ്യപദം, വായിക്കുക എന്നര്‍ഥം വരുന്ന ‘ഇഖ്‌റഅ്’ എന്നാണ്. അതുകൊണ്ടുതന്നെ വായന ഇസ്‌ലാമില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ്. പ്രവാചകന് വെളിപാടായി നല്കപ്പെട്ട ആദ്യപാഠമിതായിരുന്നു. ചിന്തകര്‍, മഹാന്മാരായ പണ്ഡിതര്‍ തുടങ്ങിയവരാല്‍ രചിക്കപ്പെട്ട ഗൗരവതരമായ ഗ്രന്ഥങ്ങളുടെ വായന മഹത്തായ കാര്യങ്ങളുടെ പഠനത്തിലേക്ക് നയിക്കും. ഇത് ബുദ്ധിപരമായ പുരോഗതിക്ക് കാരണമാകും. ”ചൈനയില്‍ പോയിട്ടാണെങ്കിലും വിജ്ഞാനം സമ്പാദിക്കുക’ എന്ന ഒരു മഹദ് വചനമുണ്ട്. അന്വേഷണാത്കമായ ഒരു മനസ്സ് ഇസ്‌ലാമില്‍ വളരെ പ്രധാനം. ഒരന്വേഷകന് മാത്രമേ സത്യം കണ്ടെത്താന്‍ കഴിയുകയുള്ളൂ.
ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും പരസ്പരം ബന്ധപ്പെട്ടതാണ്. ലളിത ജീവിതത്തിന്റെ ഒരു ഫലമാണ് ഉയര്‍ന്ന ചിന്ത. ലളിത ജീവിതം ഇല്ലാതെ ഉയര്‍ന്ന ചിന്തയുണ്ടാവില്ല. ബുദ്ധിയുള്ള ഒരു യഥാര്‍ഥ പണ്ഡിതന്‍ അവശ്യം ലളിതമായ ജീവിതമാണ് നയിക്കുക.
ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹേതുകരമാകുന്നു എന്നതാണ് വാസ്തവം.  ഒരു സര്‍വേ നടത്തുകയാണെങ്കില്‍ നല്ല ആരോഗ്യമുള്ള  ഒരാള്‍ ലളിത ജീവിതമാണ് നയിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിയും. നല്ല ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്. അതിന്റെ അവിഭാജ്യ ഭാഗമാണ് ലളിത ജീവിതം. പ്രകൃത്യായുള്ള ഒരു ജീവിത രീതികൂടിയാണിത്. പ്രകൃതിയിലുള്ളതെല്ലാം ലളിതമാണ്. സങ്കീര്‍ണതകളില്‍ നിന്നും മുക്തമാണവ. അതുകൊണ്ട് ലളിത ജീവിതം എന്നു പറഞ്ഞാല്‍ സങ്കീര്‍ണ മുക്ത, പ്രകൃതി ജീവനമെന്നാണര്‍ഥം. പ്രകൃതി ലാളിത്യത്തെ ഇഷ്ടപ്പെടുന്നു. ഓരോ വ്യക്തിയും പ്രകൃതിയെ പിന്‍പറ്റണം. ലളിത ജീവിതവും പ്രകൃതിയെ അനുധാവനം ചെയ്യലും ഒരേ സംഗതി തന്നെയാണ്.
ലളിത ജീവിതം എല്ലാവിധ വിജയങ്ങളിലേക്കുമുള്ള വാതായനങ്ങള്‍ തുറക്കുന്നു. നല്ല ആരോഗ്യം, യഥാര്‍ഥ ആഹ്ലാദം, എല്ലാ തരത്തിലുമുള്ള നന്മകള്‍ തുടങ്ങിയവയില്‍ ലാളിത്യം ഒളിഞ്ഞുകിടക്കുന്നു. സുഖത്തിലും ആഢംബരത്തിലുമല്ല സന്തോഷം കുടികൊള്ളുന്നത്. മറിച്ച് ലാളിത്യത്തിലാണ്. ലളിത ജീവിതം സ്വീകരിച്ച എല്ലാവരും സന്തോഷത്തിലാണ് ജീവിക്കുന്നത്.
ആയാസ രഹിതമായ കലയുമായി ബന്ധപ്പെട്ടതാണ് ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും. അത് പിന്‍തുടരാത്തതിന്റെ ഫലമാണ് എല്ലാ ക്ലേശവും മാനസിക സമ്മര്‍ദവും. ക്ലേശം ഇല്ലാതാക്കാനുള്ള ഏറ്റവും ലളിതമായ പരിഹാരമാണ് ലളിത ജീവിതം. അത് എല്ലാ നിഷേധാത്മക ചിന്തകളും ഉല്‍ക്കണ്ഠകളും കുറയ്ക്കുന്നു. കാരണം ലളിത ജീവിതമുള്ളിടത്ത് വെറുപ്പോ, പകയോ, ദേഷ്യമോ, കാമമോ, മാനസിക സമ്മര്‍ദമോ ഉണ്ടാകുകയില്ല. ഒരാളുടെ ജീവിതത്തില്‍ ലാളിത്യം സ്വീകരിച്ചവര്‍ സമാധാന പൂര്‍ണമായ, മനശ്ശാന്തിയുള്ള ഒരു ജീവിതമായിരിക്കും നയിക്കുക. മാനസിക സമ്മര്‍ദമില്ലാത്ത ഒരു ജീവിതം കൊണ്ട് അനുഗൃഹീതനായിരിക്കും അയാള്‍.
ഇവ ഒരു തരത്തിലും ഒരതിശയോക്തിയല്ല. അതിന്റെ ഗുണങ്ങള്‍ ബോധ്യപ്പെടാന്‍ അത് അനുഭവിച്ചു തന്നെ അറിയണം. അതിനെപ്പറ്റി ഒരു സംശയവുമില്ല. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഒരാളെ നല്ല വിലമതിപ്പുള്ള ക്രിയാത്മക സമൂഹത്തിലെ അംഗമാക്കുന്നു. മനുഷ്യരാശിയുടെ നന്മക്കുവേണ്ടി സംഭാവന നല്കാന്‍ അത് ഒരാളെ പ്രാപ്തനാക്കുന്നു. ഒരാള്‍ക്ക് ആരാധനക്ക് വേണ്ടുവോളം സമയം ഉണ്ടാകും. ദൈവത്തെ ഓര്‍ക്കാനും ദൈവ വചനം വായിക്കാനും, മനുഷ്യരാശിക്കു മുഴുവന്‍ സത്യസന്ദേശം എത്തിക്കാനും കഴിയും. ഇത്തരത്തിലുള്ള ഒരു ജോലിക്ക് മുഴുവന്‍ സമയവും സമര്‍പ്പണം ആവശ്യമാണ്. സമര്‍പ്പണത്തിന് ലാളിത്യവും ആവശ്യമായിട്ടുണ്ട്. എല്ലാ പ്രവാചകന്മാരും അവരുടെ സത്യസന്ധരായ അനുകൂലികളും ഈ ജോലി അവരുടെ ജീവിതത്തിലെ ശ്രദ്ധാകേന്ദ്രമായി മാറ്റിയിട്ടുണ്ടായിരുന്നു.
ലളിത ജീവിതമെന്ന ആശയം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രസക്തമാണ്. അത് ഒരാളുടെ തൊഴില്‍ പരമായ ജീവിതം, സമൂഹ ജീവിതം, കുടുംബ ജീവിതം തുടങ്ങിയവയിലൊക്കെ ബാധകമാകുന്നതുപോലെ ഒരാളുടെ വ്യക്തിജീവിതത്തിലും ബാധകമാകുന്നു. അത് ഏറ്റവും നല്ല ജീവനകലയാണ്. നമുക്കെല്ലാവര്‍ക്കും ജീവിതം കൈകാര്യം ചെയ്യേണ്ടതുണ്ട്. ജീവന കലയുടെ കൈകാര്യകര്‍തൃത്വത്തിന്റെ അടിസ്ഥാനമതാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരാള്‍ക്ക് പറയാന്‍ കഴിയും. ഈ തത്വം സ്വീകരിക്കാതെ ഒരാള്‍ക്ക് തന്റെ ജീവിതം വിജയകമായി കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ പ്രവാചകനടക്കം മഹാന്മാരായ ആളുകള്‍ ഈ തത്വം പിന്‍തുടര്‍ന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നമുക്ക് അനുകരിക്കാന്‍ ഒരു മാതൃകയാണ് പ്രവാചകനും അദ്ദേഹത്തിന്റെ ജീവിതവും. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും നമുക്ക് എല്ലാ തരത്തിലും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ ജീവിതരീതി, പാര്‍പ്പിടം, വസ്ത്രങ്ങള്‍ എല്ലാം വളരെ ലളിതമായിരുന്നു. ലളിത ജീവിതം നയിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത്. എല്ലാ വിധത്തിലുമുള്ള വഴികേടില്‍ നിന്നും സ്വയം രക്ഷിച്ച് തന്റെ ദൗത്യത്തോട് സ്വയം സമര്‍പ്പിക്കാന്‍ കഴിഞ്ഞത്. യഥാര്‍ഥ ജീവിത വിജയം കരസ്ഥമാക്കാന്‍ ലളിത ജീവിതവും ഉയര്‍ന്ന ചിന്തയുമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ചില ആളുകള്‍ ആത്മീയതയെ ഒരു നിഗൂഢതയായി കാണുന്നു. എന്നാല്‍ ആത്മീയത നിഗൂഢമായ ഒരു വിഷയമല്ല. ആത്മീയ ജീവിതത്തില്‍ ഒരു നിഗൂഢതയുമില്ല. ആത്മീയ ജീവിതമെന്ന് പറഞ്ഞാല്‍ ലളിത ജീവിതവും ഉയര്‍ന്ന ചിന്തയുമല്ലാതെ ഒന്നുമല്ല. ആത്മീയതയുടെ ലളിതമായ നിര്‍വചനമാണിത്. മറ്റു ശാസ്ത്രങ്ങളെപ്പോലെ തന്നെ ആത്മീയതയും ഒരു ശാസ്ത്രമാണ്. ഒരാള്‍ ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും സ്വീകരിക്കുമ്പോള്‍ അതിന്റെ ഫലം രൂപമാറ്റം വന്ന ഒരു വ്യക്തിത്വമായിരിക്കും.
ആത്മീയതക്ക് ജീവിതത്തില്‍ ഒരു ഉന്നത സ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നു. അത് വളരെ ലളിതമാണ്. കാരണം അത് പ്രകൃതിയുമായി ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. അത് പുറത്തു നിന്നും ഇറക്കുമതി ചെയ്യപ്പെട്ട ഒന്നല്ല. അതുകൊണ്ട് ലാളിത്യം സ്വീകരിക്കപ്പെടുമ്പോള്‍ അത് അന്തര്‍ലീനമായി കിടക്കുന്ന ആത്മീയ ശക്തിയെ വെളിപ്പെടുത്തുകയും അതിനെ യാഥാര്‍ഥ്യമാക്കുകയും ചെയ്യുന്നു. ഇതാണ് ആത്മീയതയുടെ സത്ത. ആത്മീയതയെ ശാസ്ത്രീയവും യുക്തിയുക്തവും ബുദ്ധിപൂര്‍വവുമായ രീതിയില്‍ നിര്‍വചിക്കാന്‍ കഴിയും. മുകളില്‍ പറഞ്ഞ പ്രസ്താവന വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. അല്ലാതെ പുസ്തകത്തില്‍ നിന്ന് ലഭിച്ച വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലല്ല. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും സ്വീകരിക്കുന്നതിലൂടെ അത് അയാളെ ഒരു ആത്മീയ ജീവിയാക്കി മാറ്റും.
യഥാര്‍ഥ ആത്മീയത എന്താണെന്ന് ഒരാള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇവിടെ ധാരാളം കപട ആത്മീയതകള്‍ ഉണ്ട്. അവയെ ഒഴിവാക്കാന്‍ അയാള്‍ ശ്രദ്ധിക്കണം. ശാസ്ത്രീയമായ ആത്മീയതയാണ് അയാള്‍ വിശ്വസിക്കേണ്ടത്. അത് ബുദ്ധിപരമായ വികാസത്തില്‍ അധിഷ്ഠിതമാണ്. അയാളുടെ സ്വന്തമായ കഴിവ് പ്രകടമാകുന്ന ഒരവസ്ഥയാണിത്. ഇതിന് ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ആവശ്യമായിട്ടുണ്ട്. അത് മാഞ്ഞുകിടക്കുന്ന ആത്മീയതയെ പുറത്തുകൊണ്ടുവരാന്‍ പ്രാപ്തമാക്കുന്നു.
പ്രവാചകന്‍ ആത്മീയതയുള്ള ഒരു വ്യക്തിയായിരുന്നു. നിഗൂഢമായ അര്‍ഥത്തിലല്ല, ശാസ്ത്രീയവും ഇസ്‌ലാമികവുമായ അര്‍ഥത്തില്‍. ഇസ്‌ലാമിന്റെ പ്രവാചകന്റെ ജീവിതം പഠിക്കുന്ന ഒരാള്‍ക്ക് ഇത് കണ്ടെത്താനാവും. ഈ കണ്ടെത്തല്‍ അത് ഉറപ്പാക്കും. ഇസ്‌ലാമിന്റെ ആന്തരികത, ആത്മീയതയാണ്. ഇസ്‌ലാമിനെ പറ്റിയുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിന്റെ സത്തയാണ് ആത്മീയത. നിഗൂഢമായ അര്‍ഥത്തിലല്ല, ശാസ്ത്രീയമായ അര്‍ഥത്തില്‍.
ചില ആളുകള്‍ ഇസ്‌ലാമിനെ ഒരു രാഷ്ട്രീയ സമ്പ്രദായമായി കാണുന്നു. പക്ഷേ, ഇത് തെറ്റാണ്. ഇസ്‌ലാം ഒരു രാഷ്ട്രീയ സമ്പ്രദായമല്ല, ഇസ്‌ലാം ആരംഭിക്കുന്നത് ആത്മീയതയില്‍ നിന്നും അത്മീയാനുഭവത്തില്‍ നിന്നുമാണ്. ഇതാണ് ഇസ്‌ലാം മതത്തിന്റെ കാതല്‍. ജിഹാദിന്റെയും രാഷ്ട്രീയ വിപ്ലവത്തിന്റെയും പേരില്‍ ഇസ്‌ലാമിനെ ഒരു ആക്രമണത്തിന്റെ മതമായി കാണുന്നവര്‍ക്ക് ഇസ്‌ലാമിനെപ്പറ്റി ഒന്നുമറിയില്ല. ലളിത ജീവിതത്തിന്റെയും ഉയര്‍ന്ന ചിന്തയുടെയും അടിസ്ഥാനത്തിലുള്ള ഒരു ആത്മീയ ജീവിതമാണ് ഇസ്‌ലാം. അത് ഇസ്‌ലാമിന്റെ അവിഭാജ്യമായ ഒരു ഘടകമാണ്. വിശ്വാസത്തിന്റെ ഭാഗമാണ് ലാളിത്യമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലാളിത്യം ഇസ്‌ലാമിന്റെ ഭാഗമാണ്. ഇഹലോകത്തും പരലോകത്തും വിജയത്തിന്റെ സ്രോതസ്സാണ് ലാളിത്യം.
വിവ.
മുസ്തഫ കളത്തില്‍