Thursday
22
February 2018

ത്വലാഖില്‍ ഉഴറുന്ന ശരീഅത്ത് വിവാദം

Shabab Webadmin

ഇസ്‌ലാമിക് ടെററിസം എന്ന അസ്തിത്വമില്ലാത്ത ഒരു ടെര്‍മിനോളജി ഇസ്‌ലാമിന്റെ പേരില്‍ കെട്ടിവച്ച മീഡിയ ഇസ്‌ലാമിനന്യമായ മറ്റൊന്നുകൂടി പടച്ചുവിട്ടിരിക്കുന്നു. അതാണ് മുത്വലാഖ്. ഇസ്‌ലാമിലെ നിയമനിര്‍ദേശങ്ങളെയും കാല്പനാ നിരോധങ്ങളെയും യുക്തിസഹമായി വിമര്‍ശിക്കാന്‍ സാധിക്കാത്തതിനാല്‍ അവയോരോന്നും ‘വെടക്കാക്കി അരുക്കാക്കുക’ എന്ന നയം പല കോണുകളില്‍ നിന്നും വന്നുകാണുന്നുണ്ട്. ഇസ്‌ലാം ഏതെങ്കിലും ഒരു മനുഷ്യന്റെ ബുദ്ധിയില്‍ ഉദിച്ച ആശയങ്ങളല്ല. അങ്ങനെയെങ്കില്‍ കാലപ്പകര്‍ച്ചയില്‍ കാലഹരണപ്പെട്ടുപോവുക സ്വാഭാവികം. എന്നാല്‍ കാലത്തെപ്പോലും പടച്ച സ്രഷ്ടാവിന്റെ നിയമനിര്‍ദേശങ്ങളാണ് എന്നതിനാല്‍ കാലത്തെ അതിവര്‍ത്തിച്ചുകൊണ്ട് അത് നിലനില്ക്കുന്നു. സമൂഹ ജീവിതത്തിന്റെ അടിത്തറയായ വിവാഹവും അതുമായി ബന്ധപ്പെട്ട മൂല്യാധിഷ്ഠിത നിയമങ്ങളുമെല്ലാം അതില്‍ പെട്ടതാണ്. കാലമെത്ര മാറിയാലും മനുഷ്യന്‍ എത്ര വളര്‍ന്നാലും സമൂഹത്തിന്റെ ചെറിയ ഏകകം കുടുംബമാണ്. കുടുംബ സംവിധാനത്തിന്റെ അടിത്തറ വിവാഹമാണ്. മൂല്യനിരാസം മതമായി സ്വീകരിച്ച മതവിരുദ്ധര്‍ പോലും പ്രായോഗികമായി കൊണ്ടുനടക്കുന്ന മതശാസനയാണ് വിവാഹം.
വിവാഹവും ദാമ്പത്യവും വംശവര്‍ധനവിനാവശ്യമായ  കേവല ജൈവ പ്രക്രിയയല്ല. മാനവികവും വൈകാരികവുമായ ആജീവനാന്ത ബന്ധമാണ്. മനുഷ്യ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പുതന്നെ ഈ ബന്ധ വിശുദ്ധിയുടെ ബലിഷ്ഠ പാശത്തിലാണെന്നു പറയാം. എന്നാല്‍ ഏല്‍പ്പിക്കപ്പെട്ടതിന് ഒരു പിഴവും പറ്റാത്ത മലക്കുകളെപ്പോലെയല്ല മനുഷ്യന്‍. നിര്‍ദിഷ്ട രൂപത്തില്‍ മാത്രം ചലിക്കുന്ന യാന്ത്രികതയും മനുഷ്യനില്ല. അതുകൊണ്ടുതന്നെ മനുഷ്യബന്ധങ്ങള്‍ ഒരു പോറലുമേല്ക്കാതെ വളരെ ഊഷ്മളമായ ആത്മബന്ധങ്ങളായി നിലനില്ക്കുന്നതുപോലെ തന്നെ ചില സന്ദര്‍ഭങ്ങളില്‍ ബന്ധങ്ങളില്‍ വിടവോ വിള്ളലോ ഒക്കെ ഉണ്ടാകാനും സാധ്യതയുണ്ട്. ദാമ്പത്യ ബന്ധത്തില്‍ താളപ്പിഴ സംഭവിച്ചാല്‍ രണ്ടു കുടുംബങ്ങളിലും താത്ക്കാലികമായും കുടുംബത്തിലെ വരും തലമുറയില്‍ ദൂരവ്യാപകമായും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടും. വിവാഹബന്ധത്തിന് ഏറെ പ്രാധാന്യവും പ്രായോഗികതയും നല്കിയ ഇസ്‌ലാം ഈ രംഗത്തും മാതൃകാപരമായ നിയമങ്ങള്‍ വച്ചിട്ടുണ്ട്. ബന്ധവിശുദ്ധിക്ക് ഭംഗം വരുത്തുന്നുവെന്ന് കണ്ടാല്‍ ഇരു കുടുംബത്തില്‍ നിന്നും ഉത്തരവാദപ്പെട്ട മധ്യസ്ഥന്മാര്‍ പ്രശ്‌നം വിവേകപൂര്‍വം കൈകാര്യം ചെയ്ത് പ്രയാസങ്ങള്‍ ദൂരീകരിച്ചുകൊടുക്കേണ്ടതുണ്ട് (വി.ഖു 4:35). എന്നാല്‍ ദാമ്പത്യം മുന്നോട്ടു നീങ്ങല്‍ ദുഷ്‌കരമാണെന്ന് ബോധ്യപ്പെട്ടാല്‍ അനിവാര്യമായ സാഹചര്യത്തില്‍ ബന്ധവിച്ഛേദമാണ് പരിഹാരമെങ്കില്‍ ആ ദാമ്പത്യം താത്ക്കാലികമായി അവസാനിപ്പിക്കാം. അതാണ് ത്വലാഖ് (വിവാഹ മോചനം) എന്നു പറയുന്നത്.
ഇസ്‌ലാം അനുവദിച്ച ത്വലാഖ് ഏകപക്ഷീയമല്ല. പുരുഷനും സ്ത്രീക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ത്വലാഖ്, ഖുല്‍അ്, ഫസ്ഖ് എന്നിവ അതിന്റെ രൂപങ്ങളാണ്. ബന്ധം അവസാനിപ്പിച്ച രണ്ടുപേര്‍ക്കും ഇസ്‌ലാം സ്വാതന്ത്ര്യം നല്കുന്നു. പുനരാലോചനക്കവസരമുണ്ട്. ഇതേ ദാമ്പത്യത്തിലേക്ക് തിരിച്ചുവരാം. സാധ്യമല്ലെങ്കില്‍ രണ്ടു പേര്‍ക്കും വെവ്വേറെ ദാമ്പത്യത്തിലേര്‍പ്പെട്ട് ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ദാമ്പത്യ ബന്ധവിച്ഛേദത്തിലൂടെ അവരുടെ മക്കള്‍ വഴിയാധാരമാകാന്‍ പാടില്ലെന്ന നിഷ്‌കര്‍ഷയുണ്ട് (2:233). വിശുദ്ധ ഖുര്‍ആനും നബിചര്യയും മനുഷ്യര്‍ക്കുവേണ്ടി നിശ്ചയിച്ച ദാമ്പത്യ ബന്ധവും അനിവാര്യഘട്ടത്തില്‍ അപൂര്‍വമായി വേണ്ടിവരാവുന്ന ത്വലാഖും മറ്റേതു ദര്‍ശനങ്ങളും മുന്നോട്ടുവച്ച നിയമങ്ങളേക്കാള്‍ കുറ്റമറ്റതും പ്രായോഗികവുമാണ്. ലോകത്തിലുള്ള മറ്റേതു നിയമത്തെയും പോലെ പ്രയോക്താക്കള്‍ ഇതു ദുരുപയോഗപ്പെടുത്തിയിട്ടുണ്ട് എന്നത് നേരാണ്. പിരിയുന്ന ദമ്പതികള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ നല്കിയ (2:229) പുനര്‍വിചിന്തനത്തിനുള്ള അവസരം നിഷേധിച്ചുകൊണ്ട് ഒറ്റയടിക്ക് വിവാഹമോചനം (ത്വലാഖ്) നടത്തുക എന്ന തെറ്റായ രീതിയെയാണ് ‘മുത്ത്വലാഖ്’ എന്ന വികൃത സംജ്ഞയിലൂടെ മീഡിയ സാമാന്യവത്കരിച്ചത്.
ഇവ്വിഷയകമായി ഇസ്‌ലാമിന്റെ നിയമം എത്ര മനുഷ്യത്വ പരമാണെന്നറിയാമോ? നിരവധി കടമ്പകള്‍ കടന്നുവേണം ബന്ധവിഛേദനമെന്ന തീരുമാനത്തിലെത്താന്‍. എത്തിക്കഴിഞ്ഞാല്‍ അനായാസം നിര്‍വഹിക്കുകയും സ്വതന്ത്രമായി വേര്‍പിരിയുകയും ചെയ്യാം. എന്നാല്‍ മറ്റു പല മത ദര്‍ശനങ്ങളിലും വിവാഹ മോചനം അസംഭവ്യമായിരുന്നു. ചിലത് ദുസ്സാധ്യവും അപ്രായോഗികവുമാണിന്നും. ഇതൊന്നും താരതമ്യം ചെയ്തു നോക്കുകയോ വസ്തുതകള്‍ പഠിക്കുകയോ ചെയ്യാതെ ഇസ്‌ലാമിലെ സ്ത്രീപീഡന പര്‍വമാണ് ത്വലാഖ് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ജുഗുപ്‌സാ വഹമാണ്. വിവാഹ മോചനമെന്നത് നിയമവിരുദ്ധമോ അപ്രായോഗികമോ ആയി നില്ക്കുന്ന സമൂഹങ്ങളില്‍ ഗാര്‍ഹിക പീഡന പരമ്പര വര്‍ധിക്കുമെന്നു മാത്രമല്ല, അപഥ സഞ്ചാരം വ്യാപിക്കുകയും ചെയ്യും.
മൂന്നു തവണയായി ഇസ്‌ലാം അനുവദിച്ച ത്വലാഖ് ഒറ്റത്തവണയായി ചെയ്യുന്ന ദുസമ്പ്രദായം അനുവദനീയമാണോ അല്ലയോ എന്നത് മുസ്‌ലിം സമൂഹത്തിനകത്തുള്ള വീക്ഷണ വ്യത്യാസമാണ്. ഇതും ഏകീകൃത സിവില്‍ കോഡും കൂട്ടിക്കുഴച്ച് പ്രശ്‌ന സങ്കീര്‍ണത സൃഷ്ടിക്കുക എന്നതാണ് സംഘ് പരിവാറിന്റെ ഇപ്പോഴത്തെ നീക്കം. ഇവിടെ വ്യക്തമായി പറയട്ടെ, മുത്ത്വലാഖ് അനിസ്‌ലാമികമാണ്. എന്നാല്‍ അതിന്റെ മറവില്‍ ഏകീകൃത സിവില്‍ കോഡിനുള്ള നീക്കത്തെ ശക്തിയായി ഞങ്ങള്‍ എതിര്‍ക്കുകയും ചെയ്യുന്നു.