Tuesday
19
June 2018

ഹിന്ദുത്വ പ്രീണനവുമായി ഡൊണാള്‍ഡ് ട്രംപ്

Shabab Webadmin

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വെറും മൂന്നാഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് വംശവെറിയുടെ ഏറ്റവും വൃത്തികെട്ട കളികളാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ, ഡമോക്രാറ്റിക് സ്ഥാ നാര്‍ഥിയായ ഹിലാരി ക്ലിന്റനെതിരെ നടത്തിയ മോശം ആരോപണങ്ങള്‍, ട്രം പിന്റെ പരാജയഭീതിയില്‍ നിന്ന് ഉടലെടുത്തതാണ്.
പ്രമുഖ ചാനല്‍ താരമായ സമ്മര്‍  സെര്‍വോസ്, ഫോട്ടോ ഗ്രാഫര്‍ ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍ എന്നിവരുള്‍പ്പെടെ നിരസത്രീകള്‍ ട്രെപിെനതിരെ ഉയര്‍ത്തിയ ലൈംഗികാരോപണങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കനത്ത ആഘാതമേല്‍ച്ചിരുന്നു. ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് ബോധ്യമായ സാഹചര്യത്തില്‍ പ്രമുഖരായ പല റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും പ്രചാരണ രംഗത്തുനിന്ന് പിന്മാറുകയും ട്രംപ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. സെനറ്റര്‍മാരും ജനപ്രതിനിധി സഭാംഗങ്ങളുമുള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ നേതാക്കളാണ് ഈ ആവശ്യമുയര്‍ത്തിയത്. എന്നാല്‍, ട്രംപ് ധാര്‍ഷ്ട്യത്തോടെ പ്രചാരണ രംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച ട്രംപ് താന്‍ സ്വന്തം നിലയില്‍ പ്രചാരണം നടത്തുമെന്ന് വീരവാദം മുഴക്കിയിരിക്കുകയാണ്.
ഇപ്പോള്‍ കൂടുതല്‍ കടുത്ത വംശീയവാദ കാര്‍ഡുമായാണ് ട്രംപിന്റെ മുന്നേറ്റം. കഴിഞ്ഞ ദിവസം ന്യൂജഴ്‌സിയില്‍ അമേരിക്കയിലെ ഹിന്ദു കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത ഡൊണാള്‍ഡ് ട്രംപ്, താന്‍ ഹിന്ദുക്കളുടെ വലിയ ആരാധകനാണെന്നാണ് പ്ര സ്താവിച്ചത്. മാത്രമല്ല, താന്‍ വിജയിച്ചാല്‍ ഹിന്ദുക്കളുടെ ഒരു സുഹൃത്താണ് വൈറ്റ്ഹൗസില്‍ എത്താന്‍ പോകുന്നതെന്നും തുറന്നടിച്ചുകൊണ്ട് ഹൈന്ദവ വികാരം ഉണര്‍ത്തുകയുണ്ടായി, അദ്ദേഹം. ‘ഇസ്‌ലാമിക ഭീകരതക്കെതിരെ’ ആഞ്ഞടിക്കാനും ട്രംപ് അവസരമുപയോഗപ്പെടുത്തി.
ഒരു അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹൈന്ദവ സമ്മേളനത്തില്‍ പ്രത്യക്ഷപ്പെടുന്നത് നടാടെയാണ്. റിപ്പബ്ലിക്കന്‍, പാര്‍ട്ടിക്കുവേണ്ടി, പ്രവര്‍ത്തിക്കുന്ന റിപ്പബ്ലിക്കന്‍ ‘ഹിന്ദു കൊളീഷന്‍’ എന്ന സംഘടനയാണ് സമ്മേളനം സംഘടിപ്പിച്ചത്. ഈ സംഘടന കടുത്ത വംശീയവാദിയും ഇസ്‌ലാമോഫോബുമായ ട്രംപിന്റെ പിന്നില്‍ അണിനിരക്കുന്നത്, തങ്ങളുടെ വലതുപക്ഷ വര്‍ഗീയ രാഷ്ട്രീയത്തെയാണ് തുറന്നുകാട്ടുന്നത്.
10 മില്ല്യന്‍ ഡോളര്‍ ഈ സംഘടന ട്രംപിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നല്കുകയും, ട്രംപിനു വേണ്ടി പ്രചാരണം നടത്താന്‍ 400 അംഗ കാഡര്‍മാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. 2015 ല്‍ മാത്രമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി സഹകരിക്കുന്ന ഹിന്ദുത്വവാദികള്‍ ഇങ്ങനെ ഒരു സംഘടനയുണ്ടാക്കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ സെനറ്ററായ ന്യൂട്ട് ഗിംഗ്രിച്ചിനെയാണവര്‍ ഹോണററി ചെയര്‍മാനാക്കിയിട്ടുള്ളത്. അമേരിക്കയില്‍ 2.8 മില്ല്യന്‍ ഹിന്ദുക്കള്‍ ഉണ്ടെന്നും 50 ബില്ല്യന്‍ നികുതി അടയ്ക്കുന്ന വലിയ സമ്പന്ന സമൂഹമാണ് തങ്ങളെന്നും കൊളീഷര്‍ നേതാവായ ശലഭ് കുമാര്‍ വ്യക്തമാക്കുകയുണ്ടായി.
ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങളും ബി ജെ പിയുടെ അമേരിക്കന്‍ വിധേയത്വവുമൊക്കെ ചേര്‍ത്തുവെച്ചാല്‍, റിപ്ലബ്ലിക്കന്‍ പാര്‍ട്ടിക്കകത്തെ ഒരു സമ്മര്‍ദ ശക്തിയായി മാറാനുള്ള ഈ ഹൈന്ദവ സംഘടനയുടെ താല്പര്യത്തിന്റെ പൊരുള്‍ വ്യക്തമാകും. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ജൂതലോബിയുടെ മേധാവിത്വത്തിന് തുല്യമായ ഹിന്ദുത്വ വംശീയ ലോബിയിംഗ് സൃഷ്ടിക്കാനാണ് ഈ സംഘടനയുടെ ശ്രമം. വംശീയ രാഷ്ട്രീയം ആഗോളതലത്തില്‍ തന്നെ കൈകോര്‍ക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുകയാണ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാര്‍ഥിത്വം എന്നു ലോകം തിരിച്ചറിയേണ്ടിയിരിക്കുന്നു.