Thursday
22
February 2018

പ്രബോധനത്തിന്റെ പൊതു മണ്ഡലം

ഡോ. ജാബിര്‍ അമാനി

ഇസ്‌ലാമിക പ്രബോധനം വ്യക്തിയുടെ പരമോന്നത ബാധ്യതയാണ്. ജീവിതം സമര്‍പ്പണത്തിന്റെ പാത തേടുന്നതോടെ സത്യസാക്ഷ്യം അനിവാര്യമായിത്തീരുന്നു. സത്യബോധനം പക്ഷേ മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച നാല് അതിരുകളില്‍ ഉടക്കി നില്‌ക്കേണ്ടതല്ല. പള്ളി ചുവരുകളെയോ മഹല്ലിന്റെ അതിര്‍ത്തികളെയോ ഭേദിക്കാത്ത ‘ഇമ്മിണി ബല്യ’ കാര്യമായി അത് ചുരുങ്ങിപ്പോവരുത്. അഥവാ മതം ആരാധനാലയങ്ങള്‍ക്കകത്ത് മാത്രം വിശ്രമിക്കേണ്ടതോ പൊതു മണ്ഡലത്തിലേക്ക് വികസിക്കാന്‍ പാടില്ലാത്തതോ അല്ല എന്ന് നാം തിരിച്ചറിയണം.
മനുഷ്യന്റെ സര്‍വതല സ്പര്‍ശിയായ മേഖലകള്‍ മതത്തിന്റെ കൂടി ചര്‍ച്ചകളാണ്. ആരാധനാ അനുഷ്ഠാന-സംസ്‌കരണ രംഗങ്ങളില്‍ മാത്രം കര്‍മതലം സജീവമാക്കുന്നത് അപരാധമല്ല. എന്നാല്‍ അത് മാത്രമാണ് നന്മയുടെ വഴികളെന്ന് ശഠിക്കരുത്. പൊതു കാര്യ പ്രസക്തമായ രംഗങ്ങള്‍ക്ക് മുഖ്യ പ്രാധാന്യം നല്കി, ആത്യന്തിക വിജയത്തിന്റെ മാനദണ്ഡമായ വിശ്വാസ വിശുദ്ധിയെ നിസാരവല്ക്കരിക്കുന്നതും മതദര്‍ശനമല്ല. സന്തുലിതമായ പ്രവര്‍ത്തന മേഖലയെയാണ് പ്രബോധന ജീവിതം ഉള്‍ക്കൊള്ളേണ്ടത്. ഈ ‘ബാലന്‍സിംഗ്’ നഷ്ടപ്പെടുമ്പോഴാണ് മതപ്രബോധനവും പൊതുപ്രവര്‍ത്തനങ്ങളും പരസ്പരം വെള്ളം കേറാത്ത അറകളായി വേറിട്ട് നില്ക്കുന്നത്.
മതം, സാമൂഹ്യം, രാഷ്ട്രീയം, ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, സാംസ്‌കാരികം എന്നിങ്ങനെ ഓരോ മേഖലകളിലും പേണ്ട നിശ്ചയിച്ചുറപ്പിച്ച കുറേ പേരുണ്ട് നമ്മുടെയൊക്കെ നാടുകളില്‍. ഓരോരുത്തരം പരസ്പരം പങ്കിട്ടെടുക്കാതെയും ആദാന പ്രദാനങ്ങളില്ലാതെയും അവനവന്റെ കാര്യം നോക്കി നടത്താന്‍ മിടുക്കരായി മാറുന്ന കാഴ്ചയാണ് എവിടെയും ഉള്ളത്. പരസ്പര ബന്ധമുള്ള ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയെല്ലാം ലക്ഷ്യം സമൂഹത്തിന്റെ സമുദ്ധാരണവും പരിഷ്‌ക്കരണവുമാണ് എങ്കിലും ‘അതിനൊക്കെ വേറെ ആളുകളുണ്ട്’ എന്നാണ് ഓരോ മേഖലയിലുമുള്ളവരുടെ പൊതു ധാരണ.
എല്ലാവര്‍ക്കും എല്ലാ രംഗങ്ങളിലും പ്രവര്‍ത്തന ഇടം കണ്ടെത്താനോ കര്‍മോത്സുകമാവാനോ കഴിയില്ലെന്നത് ശരിയാണ്. അഭിരുചി വ്യത്യാസങ്ങളും അനുഭവ പരിജ്ഞാനവും ഓരോരുത്തരിലും വൈവിധ്യമുള്ളതാണ്. ജീവിച്ചു  നടന്നു നീങ്ങിയ വഴികളും പഠന പരിശീലന കാര്യങ്ങളും തഥൈവ. ഈ വസ്തുതകളെ വിസ്മരിക്കാതെ തന്നെ നമ്മുടെ കര്‍മമണ്ഡലത്തെ ഒന്നുകൂടി വലിയ വൃത്തമാക്കി വരച്ചുകൂടേ? ആത്യന്തികമായി സ്വര്‍ഗ പ്രവേശനത്തിന് സാധ്യമാകുന്ന നന്മയുടെ നിര്‍വഹണ വഴികളില്‍, അനിവാര്യമായ പൊതു മണ്ഡലത്തിന് സാധ്യത ഒരുക്കേണ്ടവര്‍ കൂടിയാണ് നമ്മള്‍ എന്ന തിരിച്ചറിവ് ചരിത്രം പഠിപ്പിക്കുന്നില്ലേ? ഇസ്‌ലാമിക നവോത്ഥാന ചരിത്രങ്ങളിലെ ജ്വലിക്കുന്ന അനുഭവങ്ങള്‍ ഈ രംഗത്ത് ധാരാളമില്ലേ? പൊതു മണ്ഡലം എന്നത് രാഷ്ട്രീയം എന്ന് ചുരുക്കി വായിക്കരുത്. സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം മരീചികയായി അനുഭവപ്പെടുന്ന സമകാലത്ത് ഇത്തരം ‘ചുരുക്കി വായനകള്‍’ വിവാദങ്ങള്‍ക്ക് മാത്രമേ വഴിമരുന്നിടൂ. ഒരു കാര്യം മലിനമാണെന്ന് പ്രഖ്യാപിച്ച് അകറ്റി നിര്‍ത്തുന്നതിനേക്കാള്‍ രചനാത്മകമായത് അവയെ ശുദ്ധീകരിച്ചെടുക്കലാണ്. ശ്രമകരമായ ത്യാഗപരിശ്രമമാണെങ്കിലും തലമുറകളിലേക്ക് പ്രസരിക്കുന്ന നന്മ കൂടിയായിരിക്കും അത്.
നബി(സ) പ്രവാചകനാവുന്നതിന് മുന്‍പേ പൊതു സമൂഹത്തിലുള്ള സുസമ്മതിക്ക് ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്. അല്‍ അമീന്‍ എന്ന് വിളിച്ചത്, ഹജറുല്‍ അസ്‌വദ് പുനസ്ഥാപിക്കാനുള്ള ചുമതലയേല്പിച്ചത് എന്നിവ ഉദാഹരണമാണ്. പിന്നീട് പ്രവാചക ജീവിതത്തിലും ഒരു വ്യക്തിയെന്ന നിലയില്‍ സുസമ്മതനായിരുന്നല്ലോ പ്രവാചകന്‍(സ). പലര്‍ക്കും ആദര്‍ശത്തില്‍ വിയോജിപ്പുകളുണ്ടെങ്കിലും. അബൂബക്കര്‍(റ) മക്ക വിട്ടുപോവാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഇബ്‌നു ദുഅന്നയെന്ന ഇതര മതസ്ഥന്‍ സംരക്ഷണം നല്കി, തിരിച്ചു വിളിച്ചതും പൊതു മണ്ഡലത്തിലെ സുസമ്മതിയുടെ കൂടി ഭാഗമാണ്.
നവോത്ഥാന പ്രസ്ഥാനത്തിന്റെയും പൂര്‍വകാല നേതാക്കളുടെയും പൊതു മണ്ഡലത്തിലെ ‘സ്‌പെയ്‌സ്’ വലുതായിരുന്നു. സമൂഹത്തിന്റെ പൊതു പ്രശ്‌നങ്ങളിലെ അവസാന വാക്കായി വര്‍ത്തിച്ചിരുന്നു പൂര്‍വ സൂരികള്‍. ആരാധനലായങ്ങള്‍ക്കകത്തും ഭരണ-പൊതു നിര്‍വഹണ, നിയമ നിര്‍മാണ സഭക്കകത്തും ഒരുപോലെ ജ്വലിച്ചു നിന്ന മഹാ വ്യക്തികള്‍… സ്റ്റേജിലും പേജിലും അടര്‍ത്തിമാറ്റാനാവാത്ത സര്‍വ സ്വീകാര്യരായി കര്‍മ മണ്ഡലത്തെ കരുപ്പിടിപ്പിച്ച ഉഗ്രപ്രതാപികളായിരുന്നു മിക്കവരും. പൊതു സമൂഹത്തിലെ പ്രശ്‌ന പരിഹാരങ്ങളുടെ കോടതി മുറികളായി മാറിയിരുന്നു പലരുടെയും വീടുകളെന്ന് ചരിത്രം ബോധ്യപ്പെടുത്തുന്നു. പൊതു മണ്ഡലത്തിന് അത്തരം നേതാക്കളെയും നേതാക്കള്‍ക്ക് പൊതു സമൂഹത്തെയും ജീവവായുപോലെ കൊണ്ടുനടക്കാനായ ചരിത്രങ്ങള്‍. ജാതി-മത-പ്രസ്ഥാന വ്യത്യാസങ്ങളില്ലാതെ സര്‍വരുടെയും അത്താണിയായി മാറിയവര്‍ പലരും മുഖ്യാധാരാ രാഷ്ട്രീയക്കാര്‍ ആയിരുന്നില്ല. എം കെ ഹാജി, കെ എം മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഹമീദലി ഷംനാട്, സീതി സാഹിബ്, ഇ കെ മൗലവി, സീതി ഹാജി, ടി ഉബൈദ്, ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്, എ അലവി മൗലവി, എന്‍  വി അബ്ദുസ്സലാം മൗലവി, കെ പി, മങ്കട അബ്ദുല്‍ അസീസ് മൗലവി, എ വി അബ്ദുറഹ്മാന്‍ ഹാജി തുടങ്ങി ഒട്ടേറെ പേരുകള്‍ പുതു തലമുറക്ക് ദിശാബോധം പകരുന്നവരാണ്. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ രംഗങ്ങളില്‍ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കുന്നതോടൊപ്പം നവോത്ഥാന സംരംഭങ്ങളിലെ മുഖ്യ പോരാളികളായി വര്‍ത്തിക്കുക കൂടി ചെയ്തവര്‍. ഇരുതല മൂര്‍ച്ചയുള്ള വാളു കണക്കെ രണ്ട് മണ്ഡങ്ങളിലും വജ്രശോഭ പരത്തിയവരാണ് അവര്‍. എന്നാല്‍ പലരുടെയും വേര്‍പാട്, കര്‍മ തലങ്ങളില്‍ പിന്നീട് സമാനമായ തുടര്‍ച്ചയില്ലാത്ത വേരറുത്ത് മാറ്റുന്ന ദു:ഖമായാണ് നാം കാണുന്നത്. ഇതിന് പരിഹാരം അനിവാര്യമാണ്. നാം തുടങ്ങുക, നമ്മളില്‍ നിന്ന് തുടങ്ങുക.
പൊതു സമൂഹത്തിലേക്ക് തുറന്നു വെക്കുന്ന കര്‍മ ജാലകമായി നമ്മളും, പൊതു മണ്ഡലത്തിലെ സ്തുത്യര്‍ഹരായവര്‍ക്ക് സംതൃപ്തിയോടെയുള്‍ക്കൊള്ളാവുന്ന കവാടങ്ങളായി പ്രസ്ഥാനവും പരിവര്‍ത്തിക്കപ്പെടേണ്ടതുണ്ട്. വിശിഷ്യാ ആദര്‍ശപ്പൊരുത്തമുള്ള പൊതു പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിരുചിക്കും കര്‍മ നിര്‍വഹണത്തിനും സാധ്യമാവുന്ന ‘ആകാശങ്ങളെയും ഭൂമിയെയും’ പ്രസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുക്കാനും സാധിക്കണം. പ്രബോധനത്തിന്റെ ബഹുത്വമുള്ള മാതൃകാ കളങ്ങളെ വിശാലമാക്കാനോ മാറ്റി വരയ്ക്കുവാനോ നാം ‘സ്ട്രാറ്റജികള്‍’ സദ് വിചാരത്തോടെ ക്രമീകരിക്കേണ്ടത് കാലത്തിന്റെ തേട്ടം കൂടിയാണ്. എന്നെയാരും ശ്രദ്ധിക്കുന്നില്ല എന്ന പരാതി പരിഹരിക്കാന്‍ ഞാന്‍ എല്ലാവരെയും ശ്രദ്ധിക്കലായിരിക്കും ഉത്തമമായത്.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒട്ടേറെ പദ്ധതികളും പ്രവര്‍ത്തനങ്ങളും നമുക്കുണ്ട്. എന്നാല്‍ അവ മിക്കതും പ്രസ്ഥാനപ്രവര്‍ത്തകരില്‍ മാത്രം ചുരുങ്ങിപ്പോവുകയാണ്. വിദ്യാഭ്യാസ, മാര്‍ഗനിര്‍ദേശ സംരംഭങ്ങള്‍, കുടുംബ ശാക്തീകരണ പരിപാടികള്‍, സാമൂഹ്യ ജീര്‍ണതകള്‍ക്കെതിരിലുള്ള ബോധവല്ക്കരണങ്ങള്‍, ജീവ കാരുണ്യ-ആതുര സേവന പ്രവര്‍ത്തനങ്ങള്‍, വിവിധ നിപുണീ പരിശീലന പരിപാടികള്‍, സ്ത്രീ ശാക്തീകരണ പദ്ധതികള്‍, പലിശരഹിത വായ്പാ പദ്ധതികള്‍, തുടങ്ങി സര്‍വജന സ്പര്‍ശിയായ ധാരാളം കര്‍മ പരിപാടികള്‍. ഇവയുടെ ഗുണഭോക്താക്കളായി എല്ലാവരെയും ബോധപൂര്‍വം കണ്ണികളായി ചേര്‍ക്കുന്നതിലൂടെ സംഘാടകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ‘പൊതു മണ്ഡലത്തെ’ സൃഷ്ടിച്ചെടുക്കാന്‍ കഴിയും. നാടിന്റെ തണലായും വഴിവിളക്കായും പ്രവര്‍ത്തകര്‍ക്ക് മാറാനുള്ള അവസരങ്ങള്‍ ഒരുങ്ങും.
‘എല്ലാ പദ്ധതികളിലും ആര്‍ക്കും പങ്കാളികളാകാമല്ലോ’ എന്ന വാചകം കേവലം ന്യായം മാത്രമാണ്. മറിച്ച് എല്ലാവരെയും ഗുണഭോക്താക്കളായിത്തീര്‍ക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാവണം. ആരാധനലായങ്ങളുടെ ചുവരുകള്‍ക്കകത്തും പ്രസ്ഥാന പ്രവര്‍ത്തകരുടെ വൃത്തത്തിനകത്തുമുള്ള പൊതുജന സ്പര്‍ശിയായ കര്‍മങ്ങള്‍ക്ക് പുതിയ ചിറകുകള്‍ വിരിയട്ടെ. എത്തിപ്പിടിക്കാവുന്ന പൊതു മണ്ഡലങ്ങളിലേക്ക് ചിറകടിച്ചുയരാനുള്ള കരുത്ത് അവയ്ക്ക് ലഭിക്കട്ടെ. മനുഷ്യസമൂഹത്തില്‍ കണ്ണികളായി ചേര്‍ന്ന എല്ലാ സ്ത്രീ-പുരുഷന്മാരുടെയും സര്‍വതോന്മുഖമായ മുന്നേറ്റത്തിനും വിമോചനങ്ങള്‍ക്കും നേതൃത്വമേകുന്നത് ‘ധര്‍മ സമര’മാണെന്ന തിരിച്ചറിവ് (4:75, 90:11, 16:90) നമ്മുടെ ഉള്ളുണര്‍ത്തട്ടെ.