Thursday
22
February 2018

ഏക സിവില്‍കോഡ് വിവാദം വീണ്ടും

Shabab Webadmin

സ്വതന്ത്ര ഇന്ത്യക്ക് ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് അറുപത്തിയാറ് വര്‍ഷമായി. തികഞ്ഞ ബഹുസ്വരത നിലനില്ക്കുന്ന ഇന്ത്യന്‍ യൂണിയന്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളാക്കിയ ഫെഡറല്‍ റിപ്പബ്ലിക്കായും മതനിരപേക്ഷ ജനാധിപത്യക്രമം മുഖമുദ്രയാക്കിയും നിലനിര്‍ത്തിയത് നവഭാരത ശില്പികള്‍ ചെയ്ത ഏറ്റവും മഹത്തായ സേവനമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന പ്രത്യേകതയും അതിന്റെ ഏറ്റവും മാതൃകാപരമായ ഭരണഘടനയെന്ന ഖ്യാതിയും ഇന്നും നിലനില്ക്കുന്നു. കാലികമായ പ്രശ്‌നങ്ങള്‍ യഥാവിധി നിര്‍ധാരണം ചെയ്ത് ആവശ്യമായ നേരിയ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെങ്കിലും നമ്മുടെ ഭരണഘടന ഏറ്റവും മഹത്തരം തന്നെയാണ്. രാജ്യം ഭരിക്കുന്ന മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് തോന്നിയപോലെ കൈകാര്യം ചെയ്യാവുന്ന ഒന്നല്ല ഭരണ ഘടന. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഭരിക്കുന്ന പാര്‍ട്ടി താത്പര്യങ്ങള്‍ക്കനുസരിച്ച് ഭരണഘടന ഭേദഗതി ചെയ്യാന്‍ ചിലപ്പോള്‍ ഭരിക്കുന്നവര്‍ തുനിയാറുണ്ട്. അതേ സമയം നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത ഭാരത ഭദ്രതയ്ക്കാവശ്യമായ പല അടിസ്ഥാന കാര്യങ്ങളും ഭരിക്കുന്നവര്‍ വിസ്മരിക്കുകയും ചെയ്യുന്നു.
പൗരന്റെ മൗലികമായ അവകാശം നിഷേധിക്കപ്പെട്ടാല്‍ കോടതി മുഖേന ലഭ്യമാക്കാന്‍ സാധിക്കുന്ന ഭരണഘടനയിലെ ഒരു വകുപ്പാണ് പൗരന് ഏതു മതവും സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട് എന്നത് (3:25).  സെക്യുലറിസം (മതനിരപേക്ഷത) യാകട്ടെ ഭാരതത്തിന്റെ പ്രഖ്യാപിത നയവുമാണ്. നാനാത്വത്തില്‍ ഏകത്വമെന്ന സ്വതന്ത്ര ഭാരതത്തിന്റെ പരിപ്രേക്ഷ്യത്തെ ഇത് പ്രബലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായിത്തന്നെ രാഷ്ട്രത്തിന് പ്രത്യേക ലാഭ ചേതങ്ങളില്ലാത്തതും മതാചരണത്തില്‍ അനിവാര്യമായതുമായ വ്യക്തിനിയമങ്ങളും ഇവിടെ നിലവിലുണ്ട്. വിവാഹം, വിവാഹ മോചനം, ദായക്രമം, ശേഷക്രിയ തുടങ്ങിയ കാര്യങ്ങളില്‍ തങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ആവശ്യമായ ആചാരങ്ങള്‍ കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യമാണ് വ്യക്തിനിയമം അഥവാ സിവില്‍ കോഡ്. ഈ സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് പൂജാരിയുടെ കാര്‍മികത്വത്തില്‍ താലി ചാര്‍ത്തുന്നതും, ചര്‍ച്ചിലെ കുര്‍ബാന കര്‍മങ്ങള്‍ക്കിടയില്‍ വിവാഹം നടക്കുന്നതും. സാന്ദര്‍ഭികമായ ഉപദേശം നല്കി നിക്കാഹ് നടത്തുന്നതും, ഒരാളുടെയും പ്രത്യേക സാന്നിധ്യമില്ലാതെ റജിസ്റ്റര്‍ വിവാഹം നടത്തുന്നതും. മൃതദേഹം വിറകടുക്കിവെച്ച് ദഹിപ്പിക്കുന്നതും  തുണിയില്‍ പൊതിഞ്ഞ് മണ്ണില്‍ വയ്ക്കുന്നതും ഇതിനനുസരിച്ചു തന്നെ. ഇതെല്ലാം മാറ്റിവച്ച് ഒരേ രൂപത്തിലാക്കണമെന്ന് വാദിക്കുന്ന ചില വിവാദങ്ങള്‍ (ഏക സിവില്‍ കോഡ് വാദം) ഇടക്കിടെ ഉയര്‍ന്നുവരാറുണ്ട്. മതനിരപേക്ഷതയ്ക്കും ബഹുസ്വരതയ്ക്കും പൗരന്റെ മൗലികാവകാശത്തിനും എതിരാണ് ‘ഏക വ്യക്തിനിയമ’മെന്ന സങ്കല്പം. അതിനുവേണ്ടിയുള്ള വാശിയാകട്ടെ അസഹിഷ്ണുത വളര്‍ത്തുകയും ചെയ്യും.
ഭരണ ഘടനയിലെ പാര്‍ട്ട് നാല് മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ എന്നറിയപ്പെടുന്നു. അത് സാധിക്കുമെങ്കില്‍ ശ്രമിക്കേണ്ടതാണ് എന്ന് പറഞ്ഞ പതിനാറു കാര്യങ്ങളില്‍ ഒന്നാണ് (4/44)യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുക എന്നത്. ഇത് പൊക്കിപ്പിടിച്ച് ഭാരതത്തിലെ മതസമൂഹങ്ങളെ നിന്ദിക്കാന്‍ തത്പരകക്ഷികള്‍ ഇടക്കിടെ ശ്രമിക്കാറുണ്ട്. നാനാത്വം നിലനില്ക്കണമെങ്കില്‍, മത നിരപേക്ഷത സാര്‍ഥകമാകണമെങ്കില്‍ മൗലികാവകാശം സംരക്ഷിക്കപ്പെടണമെങ്കില്‍ വ്യക്തിത്വ നിയമങ്ങള്‍ നിലനില്ക്കണം. എല്ലാം ഒഴിവാക്കിയിട്ട് ഏതു സ്വീകരിക്കണമെന്ന ഒരു നിര്‍ദേശം ഇന്നേവരെ ആരും നിര്‍ദേശിച്ചിട്ടില്ല താനും. മതകീയ സമൂഹങ്ങളെ പ്രകോപിപ്പിക്കുക എന്നല്ലാതെ ഈ വിവാദങ്ങള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല. എന്നാല്‍ സംഘപരിവാറിന്റെ അജണ്ട മറ്റൊന്നാണ്. ക്രൈസ്തവ-മുസ്‌ലിം-ദലിത് ആചാരങ്ങളെല്ലാം നിരാകരിച്ച് സവര്‍ണ ആചാരങ്ങള്‍ നടപ്പിലാക്കുക എന്നതു മാത്രമാണ് ഏക സിവില്‍ കോഡിന്റെയും പിന്നിലുള്ളത്. 1937 ല്‍ നടപ്പിലാക്കിയ മുസ്‌ലിം വ്യക്തി നിയമമാണ് ശരീഅത്ത് നിയമം എന്ന പേരിലറിയപ്പെടുന്നത്. വിവാഹം, വിവാഹ മോചനം, ദായക്രമം, വഖഫ്, ശേഷക്രിയകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കക്ഷികള്‍ മുസ്‌ലിംകളെങ്കില്‍ ശരീഅത്ത് നിയമമനുസരിച്ച് വിധി നല്കണമെന്നതാണ് അതിന്റെ മര്‍മം. ഇങ്ങനെ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമുണ്ട്. ഈ നിയമാചരണം കൊണ്ട് സമൂഹത്തിനോ രാഷ്ട്രത്തിനോ ഇതര സമൂഹങ്ങള്‍ക്കോ യാതൊരു പ്രയാസവുമില്ലതാനും. ഇത്രയും ലളിതമായ സംഗതി സങ്കീര്‍ണമാക്കി പ്രകോപനം സൃഷ്ടിച്ച് അസഹിഷ്ണുതയ്ക്ക് വളമേകിയിട്ട് അത് രാഷ്ട്രീയ ലാഭമാക്കി മാറ്റാന്‍ ശ്രമിക്കുന്നവരെ ഇന്ത്യന്‍ സമൂഹം ഒറ്റപ്പെടുത്തേണ്ടതുണ്ട്.
ഭരണഘടനയിലെ യൂണിഫോം സിവില്‍ കോഡ് നിര്‍ദേശമടങ്ങിയ മാര്‍ഗ നിര്‍ദേശക തത്വങ്ങിലെ മറ്റു പതിനഞ്ചു വകുപ്പുകളും ആരും ഉയര്‍ത്തിക്കാണിക്കാത്തത് ദുരൂഹമാണ്. പതിനാലു വയസ്സിനു താഴെയുള്ള മുഴുവന്‍ ഇന്ത്യന്‍ ബാലികാ ബാലന്‍മാര്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്കുന്ന (4/45), ദലിത് പിന്നാക്ക വിഭാഗങ്ങള്‍ മുഖ്യധാരയിലേക്ക് നയിക്കപ്പെടാന്‍ ആവശ്യമായത് ചെയ്യണം (4/46), ഭാരതത്തില്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കണം (4/47) എന്നിവ ഉദാഹരണം മാത്രം. ഗ്രാമങ്ങളിലാണ് ഇന്ത്യ ജീവിക്കുന്നതെന്ന രാഷ്ട്രപിതാവിന്റെ നിലപാടനുസരിച്ച് അറുപത്തി ഒന്‍പത് വര്‍ഷം പിന്നിട്ട ഈ സന്ദര്‍ഭത്തിലും ഇന്ത്യന്‍ ഗ്രാമ സഹസ്രങ്ങളിലൂടെ കണ്ണോടിക്കാന്‍ ആരെങ്കിലും മുതിരുന്നില്ലല്ലോ. ഒഡീഷയിലെ കലഹാണ്ടി ജില്ലയിലെ ദാനാമാജിയുടെ മുഖം അമ്പാനി സമൃദ്ധിയില്‍ പറന്നു നടക്കുന്ന ഭരണാധികാരികള്‍ക്ക് കാണാന്‍ കഴിയില്ല. ഗോസംരക്ഷകര്‍ ഇന്നും കൊന്നുതള്ളുന്ന ദലിത് മക്കള്‍ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ പറഞ്ഞ ഇന്ത്യന്‍ പൗരന്മാര്‍ തന്നെ. അഭയയും സൗമ്യയും ജിഷയുമെല്ലാം ഭരണഘടനാ സംരക്ഷണം വാഗ്ദാനം ചെയ്ത സമൂഹത്തിന്റെ പാതിയാണ്. ഇതൊന്നും കണക്കിലെടുക്കാതെ സിവില്‍ കോഡിന്റെ ഗളഹസ്തത്തിനൊരുങ്ങുന്നത് രാജ്യതാല്പര്യത്തിനു വേണ്ടിയല്ല. സര്‍ക്കാര്‍ ഇത്തരം നിലപാടുകളില്‍ നിന്ന് പിന്തിരിയണം.