Tuesday
19
June 2018

കനകമലയിറങ്ങി ഭീകരാരവം!

Shabab Webadmin

 


ഐ എസ് എന്ന ഭീകര സംഘത്തെക്കുറിച്ച് ഏറ്റവും ശക്തമായ നിലപാട് പുലര്‍ത്തുന്നത് ലോകത്ത് മുസ്‌ലിം സമൂഹമാണ്. ഏതെങ്കിലും ഇസ്‌ലാമിക രാജ്യങ്ങളുടെയോ വ്യവസ്ഥാപിത മുസ്‌ലിം സംഘടനകളുടെയോ പിന്തുണ അവര്‍ക്കില്ല. അതുകൊണ്ടുതന്നെയാകണം, ഇസ്‌റാഈലിനോട് ഇല്ലാത്ത വെറുപ്പും വൈരവും ഐ എസിന് മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരിലുള്ളത്. പള്ളിയിലും പവിത്രമായ സ്ഥലങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്താന്‍ അവര്‍ ധൃഷ്ടരാകുന്നതും അതുകൊണ്ടുതന്നെ. കേരളത്തിലും ഈ സ്ഥിതിക്ക് മാറ്റമില്ല. ഐ എസ് മാത്രമല്ല, തീവ്രദിശയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘങ്ങളെയും പുറത്തുനിര്‍ത്തി പടിയടച്ചു പിണ്ഡംവെക്കുന്ന സമീപനമാണ് കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ നേരത്തെ തന്നെ തുടര്‍ന്നുവരുന്നത്. എന്നാല്‍, വര്‍ഗീയതയും തീവ്രവാദവും രാഷ്ട്രീയ ആയുധമാക്കി മുതലെടുപ്പ് നടത്താന്‍ നോമ്പുനോറ്റു കഴിയുന്നവരെ മുസ്‌ലിം സമൂഹത്തിന്റെ തത്വാധിഷ്ഠിത നിലപാട് നിരാശപ്പെടുത്തുന്നു എന്നുവേണം കരുതാന്‍. അവര്‍ക്ക് മുസ്‌ലിംകളില്‍ തീവ്രവാദികള്‍ക്കും ഭീകരര്‍ക്കും കഞ്ഞിവെക്കുന്നവരുണ്ടെന്ന് വരുത്തിത്തീര്‍ക്കണം. കേരളം ഐ എസിന്റെ അടുത്ത ലക്ഷ്യമാണെന്ന് പ്രചാരണം അഴിച്ചുവിട്ട് കാടിളക്കണം. മുസ്‌ലിംവിരോധം കെട്ടഴിച്ചുവിട്ട് ചുളുവില്‍ അതു വോട്ടാക്കണം.
കേരളത്തില്‍ മതതീവ്രത തലയ്ക്ക് പിടിച്ചു ചില അവിവേകികള്‍ നാടുവിട്ട സംഭവവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ചൂണ്ടയില്‍ കോര്‍ത്തിടാന്‍ ചില കുബുദ്ധികള്‍ ശ്രമിച്ചുവരുന്നുണ്ട്. നാടുവിട്ട കേസിലെ യുവാക്കള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, അവര്‍ പഠിപ്പിച്ച വിദ്യാലയങ്ങളുടെ നിക്ഷേപകര്‍, അവര്‍ പങ്കെടുത്ത പരിപാടികളില്‍ പ്രസംഗിച്ച പ്രബോധകര്‍ എന്നിങ്ങനെ പലരുമായും ഇതിനിടെ അന്വേഷണ ഏജന്‍സികള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് എന്ന നിലയില്‍ വിശദമായ അന്വേഷണങ്ങള്‍ സ്വാഭാവികമാണുതാനും. എന്നാല്‍, യുഎപിഎ നിയമത്തില്‍ കുരുക്കി, തീവ്രവാദവുമായി ബന്ധമില്ലാത്തവരെക്കൂടി കെണിയിലകപ്പെടുത്താനുള്ള ശ്രമമുണ്ടോയെന്ന സംശയമുണര്‍ന്നിരിക്കുന്നു.
ഒരാഴ്ച മുമ്പ് ഐ എസ് ഓപ്പറേഷന്‍ എന്ന പേരില്‍ കണ്ണൂര്‍ ജില്ലയിലെ കനകമലയില്‍ ദേശീയ സുരക്ഷാ ഏജന്‍സി, ചില യുവാക്കളെ പിടികൂടുകയുണ്ടായി. ഈ സംഭവത്തിന് വലിയ പ്രാധാന്യമാണ് മാധ്യമങ്ങളില്‍ നല്‍കപ്പെട്ടത്. അന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് നീട്ടിവലിച്ച് കഥയാക്കിയ പല പത്രങ്ങളും സാമാന്യയുക്തിയെപ്പോലും പരിഹസിക്കുന്ന വിധത്തിലാണ് വിഷയത്തെ സമീപിച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാത്യു സാമുവല്‍ മാധ്യമങ്ങളുടെ ഈ പകര്‍ത്തെഴുത്തിനെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ഈ പഴുതുപയോഗിച്ച്, കേരളത്തിലെ ഹിന്ദുത്വ പരിവാര്‍ മുതലെടുപ്പ് തുടങ്ങിയിട്ടുണ്ട്. പഴയ ലൗജിഹാദ് ആരോപണം അവര്‍ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നു. ‘കേരളം ഇന്ന് ഇസ്‌ലാമിക തീവ്രവാദത്തിന്റെ താവള’മാണെന്ന് ഒരു കാവിപത്രം മുഖപ്രസംഗമെഴുതിക്കഴിഞ്ഞു.
ഐ എസിനെതിരെയുള്ള പോരാട്ടത്തിലും തീവ്രവാദത്തിനെതിരെയുള്ള സമരത്തിലും ഒരു വിട്ടുവീഴ്ചയും മുസ്‌ലിം സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകരുത്. പ്രവൃത്തിയിലോ പ്രസംഗത്തിലോ മനോഭാവത്തിലോ തീവ്രത പ്രകടിപ്പിക്കുന്നവരെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ സമുദായനേതൃത്വം വീഴ്ചവരുത്തുകയുമരുത്. എന്നാല്‍ സത്യവും കള്ളക്കഥയും ഭാവനകളും ചേര്‍ത്ത് കേരള മുസ്‌ലിംകളില്‍ മതതീവ്രതയ്ക്ക് വലിയ വേരോട്ടമുണ്ടെന്ന് വരുത്തിത്തീര്‍ത്ത്, മുസ്‌ലിം സംഘശക്തിയെ ദുര്‍ബലപ്പെടുത്താന്‍ ആരെയും അനുവദിച്ചുകൂടാ. തീവ്രവാദികളെ ശിക്ഷിക്കാം, ആ വഴിക്കു തിരിയുന്നവരെ ചോദ്യം ചെയ്യാം, നിയമാനുസൃതം അറസ്റ്റുചെയ്യാം. എന്നാല്‍ അമിതാധികാരങ്ങളുടെ പുറത്ത് നിരപരാധികള്‍ വേട്ടയാടപ്പെടുകയോ അര്‍ഹിക്കാത്ത വകുപ്പ് ചുമത്തപ്പെടുകയോ അരുത്. ദേശീയ സുരക്ഷാ അന്വേഷകരുടെ നടപടികള്‍ പൗരന്മാരെ വിശ്വാസത്തിലെടുത്തും സംയമനത്തോടുകൂടിയുമുള്ളതല്ലെങ്കില്‍, കേരളം ഭീകരം എന്ന് ആര്‍ത്തുവിളിക്കുന്നവരെ മാത്രമേ അത് തൃപ്തിപ്പെടുത്തൂ.