Saturday
21
July 2018

ഖുര്‍ആന്‍ മധുരം കുഞ്ഞുങ്ങള്‍ക്ക്

നൂറ

നിഷ്‌കളങ്കത എന്നത് കൊതിപ്പിക്കുന്ന വാക്കാണ്. ലോകകാപട്യങ്ങളില്‍ നിന്നുള്ള പരമമായ മോചനം എന്നതാണ് ആ വാക്കിന്റെ വിശദീകരണം. കുഞ്ഞുങ്ങള്‍ക്കത് ഒരേ സമയം പര്യായവും വിശദീകരണവുമാണ്. അവരുടെ ലോകം ഒന്നു വേറെ തന്നെയാണ്. നിറഞ്ഞ സ്‌നേഹവും കറയില്ലാത്ത വിശ്വാസവും ജ്ഞാനതൃഷ്ണയും ഔത്സുക്യവുമൊക്കെയാണതിന്റെ പ്രത്യേകത. ഇതിന്റെ എതിര്‍ദിശയില്‍ നില്ക്കുന്നവരാണ് പലപ്പോഴും മുതിര്‍ന്നവര്‍. മുതിര്‍ന്നവരുടെ യുക്തിഭദ്രമായ വിചാരങ്ങള്‍ക്കും വികാരങ്ങള്‍ക്കും കുഞ്ഞുങ്ങളുടെ ലോകത്തേക്കു കടക്കാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ. കഥകള്‍. കഥകളുടെ സ്പര്‍ശിനികളിലൂടെ കുഞ്ഞുഹൃദയത്തെ തൊടാന്‍ നമുക്ക് സാധിക്കും. യഥാര്‍ഥത്തില്‍ ഈ രണ്ടു ലോകങ്ങള്‍ തമ്മിലുള്ള ഒരേയൊരു സംവേദനോപാധിയാണ് കഥകള്‍. അവിടെയാണ് ഗുഡ്‌വേഡ് പബ്ലിക്കേഷന്റെ സാനിയസ്‌നൈന്‍ ഖാന്‍ എഴുതി വി കെ ഹാരിസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എന്റെ ഖുര്‍ആന്‍ കഥാപുസ്തകം വേറിട്ടുനില്ക്കുന്നത്.
ഈ പ്രപഞ്ചം, അതിന്റെ ഉത്ഭവം, അതിന്റെ നാഥന്‍… കുഞ്ഞുങ്ങള്‍ വളരുന്തോറും അഭിമുഖീകരിക്കുന്ന സമസ്യകളാണിത്. കൃത്യവും വേരുറപ്പുള്ളതുമായ മറുപടി ഇവയ്ക്കുണ്ടായിരിക്കണമെന്നതില്‍ സംശയമില്ല. അത്തരമൊരു ഉദ്യമത്തിന്റെ സാര്‍ഥകമാണ് എന്റെ ഒന്നാം ഖുര്‍ആന്‍ പുസ്തകം. ‘പണ്ടു പണ്ട്, കോടാനുകോടി സംവത്സരങ്ങള്‍ക്ക് മുമ്പ്, ഒന്നുമുണ്ടായിരുന്നില്ല. മഹാ ശൂന്യത മാത്രം. ഭൂമിയില്ല, ആകാശമില്ല, സൂര്യനും ചന്ദ്രനുമില്ല, ഇരുട്ടിന്റെ വലിയ കരിമ്പടം മൂടിക്കിടക്കുകയാണ് പ്രപഞ്ചം’. എന്റെ ഒന്നാം ഖുര്‍ആന്‍ കഥാപുസ്തകത്തിന്റെ പ്രാരംഭമാണിത്. അപാരമായ ശൂന്യതയില്‍ നിന്ന് ലോകൈക നാഥന്‍ നടത്തിയ സൃഷ്ടിപ്പിന്റെയും അവയെ കൃത്യമായി വിതാനിച്ചിരിക്കുന്നതിന്റെയും അത്ഭുതം കലര്‍ന്ന ജ്ഞാനം ഈ പുസ്തകം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു. ഭാവനയുടെ ഭ്രമാത്മകതക്ക് മാത്രമല്ല, കഥയുടെ മേമ്പൊടി ചേര്‍ത്താല്‍ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ക്കും കുഞ്ഞു ഹൃദയത്തിലേക്ക് പ്രവേശനം ലഭിക്കുമെന്ന് പുസ്തകം തെളിയിക്കുന്നു.
ഖുര്‍ആനിലെ ഓരോ കഥയും പറഞ്ഞുവെച്ച ശേഷം അതുള്‍ക്കൊള്ളുന്ന പാഠം ലളിതമായ വാചകങ്ങളില്‍ വിശദീകരിക്കുന്നുമുണ്ട്. അതാകട്ടെ കഥയോട് ഇഴുകിച്ചേര്‍ന്നങ്ങനെ നില്ക്കുന്നു. വെള്ളത്തിനായി ഹാജര്‍ മലകള്‍ക്കിടയില്‍ ഓടിയതും ഇസ്മാഈലിന്റെ കാല്‍ചുവട്ടില്‍ സംസം ഉടലെടുത്തതും അവതരിപ്പിച്ചതിനു ശേഷം ഇങ്ങനെ എഴുതിയിരിക്കുന്നു; ‘വലിയ വിഷമങ്ങള്‍ ഉണ്ടായാലും അല്ലാഹുവിന്റെ വഴിയില്‍ ഉറച്ചു നില്ക്കുക. അപ്പോള്‍ ദൈവം അത്ഭുതങ്ങളിലൂടെ നമ്മെ സഹായിക്കും. സംസം ഉറവകൊണ്ടു കുഞ്ഞു ഇസ്മാഈലിനെ സഹായിച്ച പോലെ.’ ഇങ്ങനെ കഥയുടെ ആണികള്‍ കൊണ്ട് വിശ്വാസത്തെ കുഞ്ഞുഹൃദയങ്ങളില്‍ ഉറപ്പിക്കുന്നുണ്ട് ഓരോ അധ്യായങ്ങളും.
പ്രപഞ്ചാരംഭം, ജീവജാലങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും ആരംഭം, വളര്‍ച്ച, മാറ്റങ്ങള്‍, സ്രഷ്ടാവിന്റെ സൃഷ്ടി വൈഭവങ്ങളും കാരുണ്യങ്ങളും മനുഷ്യന്‍, പ്രവാചകന്‍മാര്‍ ഖുര്‍ആനില്‍ വിവിധ സന്ദര്‍ഭങ്ങളിലായി പറഞ്ഞ കഥകള്‍, ഉദാഹരണങ്ങള്‍ തുടങ്ങിയവ കാലഗണനയ്ക്കനുസരിച്ച ഓരോ കഥയും മറ്റൊന്നിലേക്കു നയിക്കുന്ന വിധത്തില്‍ അര്‍ഹിക്കുന്ന ഭാഷയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. അതേസമയം തന്നെ കുഞ്ഞുഹൃദയം തൊടുന്ന ചാരുതയുമുണ്ട് ഭാഷയ്ക്ക്. ‘പ്രവാചകന്‍ യൂസുഫും സഹോദരന്മാരും’ എന്ന അധ്യായത്തില്‍ യഅ്ഖൂബ് നബിയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: ‘പണ്ട് പണ്ട് യഅ്ഖൂബ് എന്ന് പേരുള്ള ഒരു പ്രവാചകനുണ്ടായിരുന്നു. പ്രായം ചെന്ന ഒരു മുത്തശ്ശനായിരുന്നു അദ്ദേഹം.’ അതോടുകൂടി കഥ വായിക്കുന്ന കുഞ്ഞിന്റെ മനസ്സില്‍ പ്രവാചകനോടുള്ള അടുപ്പം രൂപപ്പെട്ടു കഴിഞ്ഞിരിക്കും. ഇങ്ങനെ ഭാഷകൊണ്ടുള്ള, ചെറുതെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും പ്രയോഗത്തില്‍ ബുദ്ധിമുട്ടുള്ളതും പ്രാവീണ്യം വേണ്ടതുമായ ചാരുതയിലാണ് പുസ്തകം പാകം ചെയ്തിരിക്കുന്നത്. 42 കഥകളുടെയും മൂലാധ്യായങ്ങളെ രേഖപ്പെടുത്തി പുസ്തകത്തിന്റെ സത്യസന്ധതയും സൂക്ഷ്മതയും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
വായനക്കാരുടെ പ്രായത്തിനനുഗുണമായ ചിത്രങ്ങള്‍ പുസ്തകത്തിലുണ്ട്. വലിയ പ്രാപഞ്ചിക സത്യങ്ങളെ ആവിഷ്‌ക്കരിക്കുന്നതിനിടയില്‍ അവയുടെ തെളിവും നിറവുമായി ചിത്രങ്ങള്‍ ചേര്‍ത്തപ്പെട്ടിരിക്കുന്നു. പച്ചപ്പു പുതച്ച ഭൂമിയും വിവിധങ്ങളായ മൃഗങ്ങളും കാറ്റും മഴയും തീയുമൊക്കെ മനോഹരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിഷ്‌കളങ്ക ഹൃദയങ്ങളിലേക്ക് ഈ പുസ്തകം വെച്ചുനീട്ടുമ്പോള്‍, ആനന്ദവും സംതൃപ്തിയും സ്രഷ്ടാവിലേക്കുള്ള അടുപ്പച്ചൂടും മുതിര്‍ന്നവരായ നമുക്കും അറിയാനാകും.