Tuesday
19
June 2018

ബഹറിലെ മുസ്വല്ലയും സമസ്തയുടെ ശാസനയും

Shabab Webadmin

നാല് വോട്ട് കിട്ടാന്‍ എന്ത് ഏഭ്യത്തരവും കാണിക്കാന്‍ രാഷ്ട്രീയക്കാരില്‍ ചിലര്‍ക്ക് അറപ്പുണ്ടാകില്ല. കേരളത്തിന്റെ രാഷ്ട്രീയ രംഗത്തെ ദൈനംദിന സംഭവങ്ങളും നേതാക്കളുടെ വഷളന്‍ പ്രസ്താവനകളും തന്നെ അതു സാധൂകരിക്കും. മുസ്‌ലിം ലീഗ് നേതാവും സി എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ സീമന്തപുത്രനുമായ ഡോ. എം കെ മുനീര്‍ അത്തരം അളിഞ്ഞ രാഷ്ട്രീയക്കാരില്‍ ഒരാളാണെന്ന് ഇയ്യിടെ ആരോപിച്ചത് സമസ്തയുടെ ഔദ്യോഗിക പത്രമായ ‘സുപ്രഭാതമാണ്.’ മുനീറിനെതിരെ രൂക്ഷമായി മുഖപ്രസംഗമെഴുതിയ പത്രം, പിതാവ് ആനപ്പുറത്തേറിയാല്‍ മകന്റെ ആസനത്തില്‍ പാടുണ്ടാകില്ലെന്നും ഓര്‍മിപ്പിച്ചു.
കോഴിക്കോട്ട്, തീവ്ര ഹിന്ദുത്വ സംഘടനയായ ‘ശിവസേന’സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്യുകയും ഭദ്രദീപം കൊളുത്തുകയും ചെയ്തതാണ് സമസ്തയെ പ്രകോപിപ്പിച്ചത്. മുഖപ്രസംഗമെഴുതുക മാത്രമല്ല, സമസ്ത മുനീറിനെ താക്കീതു ചെയ്യുകയും ചെയ്തിരുന്നു. സംഗതി വിവാദമായപ്പോള്‍, ലീഗ് കോഴിക്കോട് ജില്ലാഘടകം സംസ്ഥാന കമ്മറ്റിക്ക് പരാതി നല്കി. അതിനിടെ, മുനീര്‍ ഫെയ്‌സ്ബുക്കില്‍ വിശദീകരണവുമായി വന്നു. ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ചാലും ആര്‍ എസ് എസിനെ വിശ്വസിക്കരുതെന്ന് പറഞ്ഞ ബാപ്പയുടെ രക്തം തന്റെ സിരകളില്‍ ഒഴുകുന്നുണ്ടെന്നും തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരോടുള്ള ബാധ്യതയുടെ ഭാഗമായാണ് ഗണേശോത്സവത്തില്‍ പങ്കെടുത്തതെന്നുമായിരുന്നു വിശദീകരണം. ആ വിശദീകരണം അതിലേറെ പുകിലായി. തനിക്ക് സീറ്റു നല്കിയ ലീഗിനോടും ഭൂരിപക്ഷം നല്കി ജയിപ്പിച്ച മതേതരരായ വോട്ടര്‍മാരോടുമുള്ളതിനേക്കാള്‍, മണ്ഡലത്തിലെ വിരലിലെണ്ണാവുന്ന ശിവസേനക്കാരോടാണ് കൂറ് എന്ന് ധ്വനിപ്പിക്കുന്നതായി വിശദീകരണം.
ഒടുവില്‍ പാണക്കാട് ഇടപെട്ടു. മുനീര്‍ മാപ്പ് എഴുതിക്കൊടുത്തു. തെറ്റ് പറ്റിയെന്നും ആവര്‍ത്തിക്കില്ലെന്നും കുമ്പസരിച്ചു! ശിവസേവന നടത്തിയ ഗണേശോത്സവം ഉദ്ഘാടനം ചെയ്യുന്നത് തന്റെ മതേതര വ്യക്തിത്വത്തിന് നിരക്കുന്നതല്ലെന്നെങ്കിലും മുന്‍കൂട്ടി കാണാന്‍ മുനീറിനെപ്പോലെ പ്രതിഭാശാലിയായ ഒരു രാഷ്ട്രീയക്കാരന് സാധിച്ചില്ലെന്നു വരുന്നത് ഏതായാലും കഷ്ടമായിപ്പോയി. തെറ്റു സമ്മതിക്കുകയും പാര്‍ട്ടി നേതൃത്വത്തോട് മാപ്പു പറയുകയും ചെയ്ത സ്ഥിതിക്ക് ഈ വിഷയം അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍, അവിടെയും നില്ക്കാതെ മുനീര്‍ സമസ്തയുടെ ഒരു വേദിയില്‍ കയറിച്ചെന്ന് കുറ്റമേറ്റു പറഞ്ഞ് ക്ഷമാപണം നടത്തിയതായാണ് പിന്നീടുള്ള വാര്‍ത്ത. അപ്പോള്‍ ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വിചാരണ ചെയ്യാനും താക്കീതു നല്കാനും മാപ്പ് പറഞ്ഞ് സുല്ലിടീക്കാനും ‘സമസ്ത’ അധികാരമുള്ള സംഘടനകള്‍ പാര്‍ട്ടിക്ക് പുറത്തുണ്ടെന്ന് മുനീറും സമ്മതിച്ചു! ഇത് ആദ്യ സംഭവമല്ല. ഇതിനു മുമ്പും ലീഗ് നേതാക്കളുടെ നടപടികള്‍ വിമര്‍ശന വിധേയമായപ്പോള്‍, വിളിച്ച് വരുത്തി ശാസിച്ച് മാപ്പു പറയിച്ച് തങ്ങളുടെ കാല്‍ക്കീഴില്‍ നിര്‍ത്താന്‍ ‘സമസ്ത’ ശ്രമിച്ചിരുന്നു. അതിനെതിരെ ശബ്ദിച്ച യുവാക്കളുടെ പ്രതിഷേധം ആരും ഗൗനിച്ചില്ല. ശിവസേനയുടെ വേദിയില്‍ നിലവിളക്കു കൊളുത്തുന്നതിനെ എതിര്‍ക്കുന്നവര്‍ സ്വന്തം പള്ളികളില്‍ നിലവിളക്കു കൊളുത്തുന്നതിനെ എതിര്‍ക്കാത്തതെന്ത് എന്ന് ചോദിക്കാന്‍ ലീഗിലെ ചെറുപ്പക്കാര്‍ ആരും മുന്നോട്ടു വന്നുകണ്ടില്ല. ഈ മൗനമാണ് മക്കളേ, വിദ്വാന് ഭൂഷണം!
ഈയിടെ മന്ത്രി ജി സുധാകരന്‍ സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കു കൊളുത്തുന്നതിനെ വിമര്‍ശിച്ചു സംസാരിച്ചത് പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല. മതേതര ഭരണഘടനയെ അംഗീകരിക്കുന്ന ഒരു നാട്ടില്‍ ഒരു പ്രത്യേക മതത്തിന്റെ ആരാധനാ രീതിയായ നിലവിളക്ക് കൊളുത്തുന്നതും മതപരമായ പ്രാര്‍ഥനകള്‍ ആലപിക്കുന്നതും അനുവദിക്കരുതെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ബ്രാഹ്മണ സംസ്‌കാരത്തില്‍ അധിഷ്ഠിതമായ ദീപാരാധനയും  അംഗ പ്രത്യംഗ വര്‍ണനയും പൊതു ചടങ്ങില്‍ വേണ്ടെന്ന് ഒരു രാഷ്ട്രീയക്കാരന് നമ്മുടെ കാലത്ത് പറയാന്‍ സാധിക്കണമെങ്കില് ശക്തമായ ഒരു നിലപാടുണ്ടാകണം. മതപരമായ ആരാധനകളും പ്രാര്‍ഥനകളുമൊക്കെ വീടുകളിലും ആരാധനാലയങ്ങളിലും നടത്തുന്നതിനെയല്ല അദ്ദേഹം എതിര്‍ക്കുന്നതെന്ന് വിശ്വാസികള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുമല്ലോ. ‘നട്ടെല്ലിന്റെ ഒരു ഫോട്ടോസ്റ്റാറ്റ്’ എങ്കിലുമില്ലാത്തവര്‍ക്ക് ഇതുപോലെ നിലപാട് എടുക്കാന്‍ കഴിയില്ലെന്നതിന് ഗണേശോത്സവം സാക്ഷി!