Tuesday
30
May 2017

പിശാചിന് അദൃശ്യമറിയാന്‍ കഴിയില്ല

Shabab Webadmin

 


ഇസ്‌ലാമിന്റെ മൂല പ്രമാണമായ വിശുദ്ധ ഖുര്‍ആനില്‍ നബി(സ) ഹിജ്‌റ പോയ സംഭവം വിവരിക്കുന്നുണ്ട് (സൂറ: തൗബ 40). മൂന്നു ദിവസം സൗറ് ഗുഹയില്‍ നബി(സ)യും അബൂബക്കറും(റ) ശത്രുക്കളുടെ തിരച്ചില്‍ അവസാനിക്കുവാന്‍ വേണ്ടി ഒളിച്ചിരുന്നു.  ശത്രുക്കള്‍ ഗുഹാമുഖത്തുവരെ എത്തിച്ചേര്‍ന്നു. എന്നിട്ടും അവര്‍ക്ക് നബി(സ)യെ കണ്ടെത്തുവാന്‍ സാധിച്ചില്ല.
ഏറ്റവും വലിയ പിശാച് പൂജകന്മാരായിരുന്നു നബി(സ)യുടെ ശത്രുക്കള്‍. പിശാചിനെ കീഴ്‌പ്പെടുത്തി നബി(സ)യെ കണ്ടുപിടിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. നബി(സ)യുടെയും അബൂബക്കറി(റ)ന്റെയും ശരീരത്തില്‍ പിശാചില്‍ നിന്നുള്ള ഖരീന്‍ ഉണ്ടായിരുന്നു (ബുഖാരി). എന്നിട്ടും ആ ഖരീന് ശത്രുക്കളുടെ ഖരീനുമായി ബന്ധപ്പെട്ടു വിവരം അറിയിച്ചുകൊടുക്കുവാന്‍ സാധിച്ചില്ല. ഇന്ന ഗുഹയില്‍ മൂന്നു ദിവസം ഒളിച്ചിരിക്കും. ശേഷം വാഹനത്തെയുമായി വരാന്‍ ഒരു മുശ്‌രിക്കുനെ നബി(സ) ഏല്പിച്ചിരുന്നു. അബ്ദുല്ലാഹിബ്‌നു ഉറൈഖിഅ് എന്ന് പേരുള്ള ഈ വിഗ്രഹാരാധകന് നബി(സ) ഒളിഞ്ഞിരിക്കുന്ന സങ്കേതം അറിയാമായിരുന്നു. ഈ മുശ്‌രിക്കിന്റെ ശരീരത്തില്‍ പിശാച് ഉണ്ടായിരുന്നു. ഈ പിശാചിന് ശത്രുക്കളുടെ പിശാചുമായി ബന്ധം സ്ഥാപിച്ച് വിവരം അറിയിച്ചുകൊടുക്കുവാനും സാധിച്ചില്ല. ഈ ഒരൊറ്റ സംഭവം തന്നെ പിശാചിന് അദൃശ്യം അറിയിച്ചുകൊടുക്കുവാന്‍ സാധ്യമല്ല എന്നതിന് വ്യക്തമായ തെളിവാണ്. ഒരാളുടെ ഖരീനിന്നും മറ്റൊരാളുടെ ഖരീനുമായി ബന്ധം സ്ഥാപിച്ച് വിവരം നല്കുവാനും സാധ്യമല്ലെന്നതിനും മറ്റു തെളിവിന്റെ ആവശ്യമില്ലാത്ത നിലക്ക് തന്നെ വ്യക്തമായ തെളിവാണ്. നബി(സ)ന്റെ പിശാചിനെ മാത്രമാണ് നബി(സ)ക്ക് കീഴ്‌പ്പെടുത്തിയത്. നബി(സ) വാഹനം ഏല്പിച്ചിരുന്ന മുശ്‌രിക്കിന്റെ പിശാചിനെ കീഴ്‌പ്പെടുത്തിയിരുന്നില്ല. അബൂബക്കറിന്റെ ഖരീനിനെയും നബിക്ക് സ്വാധീനിക്കാന്‍ കഴിയും.
പിശാചിന് ഒരാളുടെ രഹസ്യം മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സാധിക്കുമെങ്കില്‍ രഹസ്യം എന്ന ഒന്നുതന്നെ ഉണ്ടാവുകയില്ല. പ്രപഞ്ചത്തിന്റെ നല്ല വ്യവസ്ഥ തന്നെ തകരുന്നതാണ്, തകര്‍ക്കുവാന്‍ പിശാചിന്ന് സാധിക്കുന്നതാണ്. പിശാച് ഉള്ള കാലത്തോളം ആരെയും വിശ്വസിച്ച് ഒരു രഹസ്യം പറയുവാന്‍ സാധിക്കുകയില്ല. അപ്പോള്‍ പിശാചിന് ഒരു സംഭവത്തിന് സാക്ഷിനിന്ന് ആ സംഭവം മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ സാധ്യമല്ലെന്ന് നബി(സ) തന്റെ രഹസ്യം ആരോടും പറയരുതെന്ന് ഹഫ്‌സ(റ)യോടു കരാര്‍ വാങ്ങിയതില്‍ നിന്നു തന്നെ വളരെ വ്യക്തമാണ്. ഹഫ്‌സ(റ)യുടെ ഖരീനെ നബി(സ)ക്ക് ഒരിക്കലും കീഴ്‌പ്പെടുത്തിക്കൊടുത്തിട്ടില്ല. ഹഫ്‌സ(റ) ക്കും കീഴ്‌പ്പെടുത്തിക്കൊടുത്തിട്ടില്ല.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അവര്‍  പറഞ്ഞു. ഇത് ആരാണ് നമ്മുടെ ആരാധ്യന്മാരോട് ചെയ്തത്? തീര്‍ച്ചയായും അവര്‍ അക്രമികളില്‍ പെട്ടവര്‍ തന്നെയാണ് (സൂറ:അമ്പിയാഅ് 59). ഇബ്‌റാഹീം നബി(അ) ഒരു ക്ഷേത്രത്തില്‍ കയറി രഹസ്യമായി വിഗ്രഹങ്ങളെ നശിപ്പിച്ചു. അവയെ ആരാധിച്ചവര്‍ കയറി വന്നപ്പോള്‍ ആരാണ് ഈ പണി ചെയ്തതെന്ന് പരസ്പരം ചോദിക്കുകയാണ്. പിശാച് പൂജകന്മാരായ ആ വിഗ്രഹാരാധകന്മാര്‍ക്ക് ആ സംഭവത്തിന്ന് സാക്ഷികളായ ആ ക്ഷേത്രത്തിലുള്ള പിശാചുക്കളെ കീഴ്‌പ്പെടുത്തി ഇബ്‌റാഹീം നബി(അ)യാണെന്ന് ഗ്രഹിക്കുവാന്‍ സാധിച്ചില്ല. അവര്‍ ഇബ്‌റാഹീം നബി(അ)യെ വിചാരണ ചെയ്യുകയാണ്. നീയാണോ ഇപ്രകാരം ചെയ്തത്? എന്ന് ചോദിക്കുകയാണ്. പിശാചിന് വിഗ്രഹത്തില്‍ കയറി സംസാരിക്കുവാന്‍ സാധിക്കുമെങ്കില്‍ ഇബ്‌റാഹീം നബി(അ) നശിപ്പിക്കാതെ അവശേഷിപ്പിച്ച വിഗ്രഹത്തില്‍ കയറി ഇബ്‌റാഹീമാണെന്ന് വിളിച്ചുപറയാമായിരുന്നു. തൗഹീദിനെ നശിപ്പിക്കുവാന്‍ നല്ല ഒരു അവസരം ലഭിച്ചത് പിശാച് പാഴാക്കുകയില്ല. ഇതിന്ന് കെ കെ സക്കരിയ്യ സ്വലാഹി മറുപടി പറയുന്നത് ഇപ്രകാരമാണ്: ”പിശാചിന്ന് വിഗ്രഹത്തില്‍ കയറി സംസാരിക്കുവാന്‍ സാധിക്കാത്തതു കൊണ്ടല്ല. പ്രത്യുത പിശാചിന്ന് ആ സമയത്ത് അപ്രകാരം ചെയ്യുവാന്‍ തോന്നാത്തതു കൊണ്ടായിരുന്നു. അതിന്റെ കാരണം പിശാചിനോടു തന്നെ ചോദിക്കുക.”(കടവത്തൂര്‍ പ്രസംഗം).
മൂസാനബി(അ)യുമായി ബന്ധപ്പെട്ട വിഷയത്തില്‍ അല്ലാഹു പറയുന്നു: അങ്ങനെ അദ്ദേഹം അവര്‍ രണ്ടുപേരുടെയും ശത്രുവിനെ കയ്യേറ്റം ചെയ്യുവാന്‍ ഉദ്ദേശിച്ചപ്പോള്‍ അവന്‍ പറഞ്ഞു: അല്ലയോ മൂസാ! നീ എന്നെ വധിക്കുവാന്‍ ഉദ്ദേശിക്കുകയാണോ? ഇന്നലെ ഒരു ശരീരത്തെ നീ വധിച്ചതുപോലെ… (സൂറ: ഖസ്വസ്വ് 19). ഇന്നലെ ഒരു ഖിബ്ത്വിയെ വധിച്ചത് ആരാണെന്ന് ഫിര്‍ഔന് മനസ്സിലായില്ല. പിശാച് പൂജകന്മാരായ ജ്യോത്സ്യന്മാര്‍ രാജകൊട്ടാരത്തില്‍ ധാരാളം ഉണ്ടായിട്ടും അവര്‍ക്ക് കുറ്റവാളിയെ പിശാചിനെ ഉപയോഗിച്ച് മനസ്സിലാക്കുവാന്‍ സാധിച്ചതുമില്ല. ബനീഇസ്‌റായീലിക്കാരന്‍ വിളിച്ചു പറയുന്നതുവരെ. മൂസാനബി(അ) നാടുവിട്ട് ഒളിച്ചോടുകയാണ്. ധാരാളം പിശാച് പൂജകന്മാരായ ജ്യോത്സ്യന്മാര്‍ രാജകൊട്ടാരത്തില്‍ ഉണ്ടായിട്ടും എവിടേക്കാണ് ഒളിച്ചോടിയത് എന്ന് ഗ്രഹിക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. മൂസാ നബി(അ)യുടെ സഹോദരി വന്ന് ഈ കുട്ടിയെ ഏറ്റെടുക്കാന്‍ പറ്റിയ ഒരു സ്ത്രീയെ ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരാം എന്ന് പറഞ്ഞപ്പോള്‍ അവര്‍ അതിന്ന് സമ്മതിച്ച് ഉമ്മയെ കൊണ്ടുവന്നു. ധാരാളം ജ്യോത്സ്യന്മാര്‍ ഉള്ള അവര്‍ക്ക് അത് ഈ കുട്ടിയുടെ സഹോദരിയും മാതാവുമാണെന്ന രഹസ്യം മനസ്സിലാക്കുവാന്‍ ഒരിക്കലും സാധിച്ചില്ല. പിശാചിന്ന് ഒരു സംഭവത്തിന്ന് സാക്ഷി നിന്ന് അതു ജ്യോത്സ്യന്മാര്‍ക്ക് അറിയിച്ചുകൊടുക്കുവാന്‍ സാധ്യമല്ലെന്ന് മൂസാനബി(അ)യുടെ ചരിത്രം വിളിച്ച് പറയുന്നു.