Tuesday
22
August 2017

ആരാധ്യരൊക്കെ ആരാധകരെ സഹായിക്കുമോ?

Shabab Webadmin

മഅ്ബൂദ് അതായത് ആരാധിക്കപ്പെടുന്നവര്‍ മലക്ക്, ജിന്ന്, പിശാച്, വിഗ്രഹങ്ങള്‍, മരണപ്പെട്ട നബിമാര്‍, പുണ്യവാളന്മാര്‍, ജീവിച്ചിരിക്കുന്ന ആള്‍ദൈവങ്ങള്‍ മുതലായ ആരായിരുന്നാലും ആരാധിക്കപ്പെട്ടു എന്ന കാരണത്താല്‍ യാതൊരു സഹായവും ഈ ലോകത്തും പരലോകത്തും ചെയ്തു തരികയില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പ്രഖ്യാപിക്കുന്നു. ‘മഅ്ബൂദ്’ ജീവിക്കുന്നവരാണെങ്കില്‍ മനുഷ്യകഴിവില്‍ പെട്ട സഹായങ്ങള്‍ ചെയ്തു തരുന്നതാണ്. ആരാധിക്കപ്പെടാത്തവര്‍ ചെയ്തു തരുന്നതു പോലെ. ചിലപ്പോള്‍ ആരാധിക്കപ്പെടാത്തവര്‍ക്ക് ചെയ്തു തരാന്‍ സാധിക്കുന്നതു പോലും ആള്‍ദൈവങ്ങള്‍ക്ക് ചെയ്തു തരാന്‍ സാധ്യമാവില്ല. അതുകൊണ്ടാണ് ആള്‍ദൈവങ്ങള്‍ പോലും മറ്റുള്ളവരുടെ സഹായം പല കാര്യങ്ങള്‍ക്കും സ്വീകരിക്കുന്നതും. ആള്‍ദൈവങ്ങള്‍ സ്വന്തം സംരക്ഷണത്തിന്ന് ഗവണ്‍മെന്റിന്റെയും പോലീസിന്റെയും പാറാവുകാരുടെയും സഹായം സ്വീകരിക്കുന്നു. രോഗമായാല്‍ അത് സുഖപ്പെടുവാന്‍ ഡോക്ടറുടെയും വൈദ്യന്റെയും സഹായം സ്വീകരിക്കുന്നു. ഒരു മന്ത്രിയില്‍ നിന്നു കിട്ടുന്ന സഹായം ആള്‍ദൈവങ്ങള്‍ക്കോ ജീവിച്ചിരിക്കുന്ന മഅ്ബൂദിനോ ചെയ്യാന്‍ സാധ്യമല്ല. ഇതാണ് തൗഹീദിന്റെ തത്വം.
സിഹ്‌റ് ഫലിക്കുമെന്ന് പറയുന്നവര്‍ക്ക് തൗഹീദിന്റെ ഈ തത്വവും അട്ടിമറിക്കേണ്ടിവരുന്നു. ഇത് തൗഹീദിന്റെ മൗലികപരമായ തത്വമാണ്. ‘പിശാച് മഅ്ബൂദായാല്‍ (ആരാധ്യനായാല്‍) അവന്റെ കഴിവില്‍ പെട്ട സഹായങ്ങള്‍ ചെയ്തുതരും. സിഹ്‌റില്‍ പിശാച് മഅ്ബൂദാവുകയാണ്. അതിനാല്‍ അവന്റെ കഴിവില്‍ പെട്ട സഹായം സാഹിറിന്ന് ചെയ്തുകൊടുക്കും.’ ഇതാണ് സിഹ്‌റ് ഫലിക്കുമെന്ന് പറയുന്നവരുടെ അടിസ്ഥാന ന്യായം. അല്‍ഇസ്വ്‌ലാഹ് മാസികയുടെ പല ലക്കങ്ങളിലും ഈ ആശയം എഴുതപ്പെട്ടിട്ടുണ്ട്.
സിഹ്‌റ് സ്ഥാപിക്കുവാന്‍ വേണ്ടിയും മുഹമ്മദ് നബിക്ക് സിഹ്‌റ് ബാധിച്ച് ആറ് മാസത്തോളം ബുദ്ധിക്ക് സ്ഥിരത നഷ്ടപ്പെട്ടുവെന്ന് പറയുന്ന ഹദീസിനെ പ്രമാണമാക്കുവാനും ശ്രമിക്കുന്ന സലഫികള്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ക്ക് തൗഹീദിന്റെ ഈ അടിസ്ഥാന തത്വം നിഷേധിക്കുവാന്‍ മനപ്രയാസം അനുഭവപ്പെടുന്നതിനാല്‍ സിഹ്‌റില്‍ പിശാചിനുള്ള പങ്കിനെ നിഷേധിച്ചു തുടങ്ങിയിരിക്കുന്നു. അതേസമയം സിഹ്‌റിനുള്ള കാര്യകാരണ ബന്ധം വിവരിക്കുവാന്‍ ഇവര്‍ പ്രയാസപ്പെടുകയുമാണ്. സിഹ്‌റില്‍ മനുഷ്യനെ ഉപദ്രവിക്കുന്നത് മനുഷ്യന്‍ തന്നെയാണോ? വാളാണോ? കുന്തമാണോ? സാഹിര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ആണോ? ഏതാണ് ആ വസ്തുക്കള്‍? ഇവ വിവരിക്കുവാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. അപ്പോള്‍ മഅ്ബൂദ് സഹായിക്കുകയില്ല എന്ന വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന തൗഹീദ് തന്നെ സിഹ്‌റിന്റെ ഫലസിദ്ധിയെ നിരാകരിക്കുന്നു.
അല്ലാഹു പറയുന്നു: ”അദ്ദേഹം തന്റെ പിതാവിനോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) എന്റെ പിതാവേ! നിങ്ങള്‍ എന്തിനാണ് കേള്‍ക്കുകയോ കാണുകയോ ചെയ്യാത്തതിനെ ആരാധിക്കുന്നത്? നിങ്ങള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്തതിനെയും” (സൂറ: മര്‍യം 42). ”എന്റെ പിതാവേ! നിങ്ങള്‍ പിശാചിന് ഇബാദത്തെടുക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് ധിക്കാരിയാണ്”(മര്‍യം 44). ”അവര്‍ കാണുന്നില്ലയോ? അതു അവരിലേക്ക് ഒരു വാക്കും മടക്കുന്നില്ലെന്നും അവര്‍ക്ക് യാതൊരു ഉപദ്രവത്തിനും യാതൊരു ഉപകാരത്തിനും സാധ്യമല്ലയെന്നും” (ത്വാഹ 89).  ”അദ്ദേഹം പറഞ്ഞു. നിങ്ങള്‍ അല്ലാഹുവിന്ന് പുറമെ നിങ്ങള്‍ക്ക് യാതൊരു ഉപകാരവും യാതൊരു ഉപദ്രവവും ചെയ്യാത്തവയെ ആരാധിക്കുകയാണോ? (അമ്പിയാഅ് 66). ”മനുഷ്യരേ! ഒരു ഉപമ ഉപമിക്കുന്നു. അതിനാല്‍ അത് നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുവീന്‍. തീര്‍ച്ചയായും അല്ലാഹുവിന്ന് പുറമെ നിങ്ങള്‍ വിളിച്ചുതേടുന്നവര്‍ ഒരു ഈച്ചയെ പോലും ഒരിക്കലും സൃഷ്ടിക്കുന്നില്ല. അവര്‍ അതിന്നുവേണ്ടി ഒരുമിച്ചുകൂടിയാലും. അവരില്‍ നിന്ന് ഈച്ച എന്തെങ്കിലും തട്ടിയെടുത്താല്‍ അവര്‍ അതില്‍ നിന്നും അതിനെ മോചിപ്പിച്ചെടുക്കുകയുമില്ല. തേടുന്നവനും തേടപ്പെടുന്നവനും ദുര്‍ബലനായിരിക്കുന്നു (സൂറ: ഹജ്ജ് 73).
വിഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്ന പിശാചും ഇവിടെ ഉദ്ദേശിക്കപ്പെടുന്നു. അവയില്‍ ആവാഹിച്ച പിശാചിനും ഈച്ചയില്‍ നിന്ന് അതു മോചിപ്പിക്കുവാന്‍ സാധ്യമല്ല. പിശാച് മഅ്ബൂദ് ആയാലും യാതൊരു ഉപകാരവും ചെയ്യുവാന്‍ സാധ്യമല്ലെന്ന് നാം മുകളില്‍ ഉദ്ധരിച്ച സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. അമ്മ മഅ്ബൂദായാല്‍ ചെയ്യാന്‍ സാധിക്കുന്നതുപോലും പിതാവ് മഅ്ബൂദായാല്‍ ചെയ്യാന്‍ സാധ്യമല്ല.
പശു മഅ്ബൂദായാല്‍ ചെയ്തുകൊടുക്കുവാന്‍ സാധിക്കുന്ന ഉപകാരം പോലും പിശാച് മഅ്ബൂദായാല്‍ ചെയ്തുകൊടുക്കുവാന്‍ സാധ്യമല്ല. സാധിക്കും എന്ന വിശ്വാസത്താലാണ് അമേരിക്കയിലും മറ്റും ചിലര്‍ സാത്താനെ ആരാധിക്കുന്നതും. ക്രിസ്ത്യാനികളില്‍ ചിലരും. ഈ വിശ്വാസത്തില്‍ നിന്നു തന്നെയാണ് സിഹ്‌റിന് യാഥാര്‍ഥ്യം ഉണ്ടാകുന്നത് (കെ കെ സകരിയ്യ, അല്‍ ഇസ്വ്‌ലാഹ് മാസികയില്‍ എഴുതിയതുപോലെ). അല്ലാഹു പറയുന്നു: അവന്ന് പുറമെ അവര്‍ ആരാധ്യന്മാരെ ഉണ്ടാക്കി. അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെ സൃഷ്ടിക്കപ്പെട്ടവരാണ്. അവരുടെ ശരീരങ്ങള്‍ക്ക് യാതൊരു ഉപദ്രവവും യാതൊരു ഉപകാരവും ചെയ്യാന്‍ അവര്‍ക്ക് സാധ്യമല്ല (സൂറ: ഫുര്‍ഖാന്‍ 3). പിശാചും ആരാധിക്കപ്പെടുകയാണെങ്കില്‍ ഇവിടെ ഉദ്ദേശിക്കുന്നു. പിശാചിനെ ആരാധിക്കുന്നവര്‍ക്ക് യാതൊരു ഉപകാരവും ചെയ്തുകൊടുക്കാന്‍ പിശാചിന്ന് സാധ്യമല്ല. ആരാധിക്കുന്നവര്‍ സാഹിറന്മാര്‍ ആയിരുന്നാലും.
”അല്ലാഹുവിന്ന് പുറമെ ആരാധ്യന്മാരെ അവര്‍ ഉണ്ടാക്കി. അവര്‍ അവരെ സഹായിക്കുന്നവരാകുവാന്‍ വേണ്ടി. അവര്‍ക്ക് അവരെ സഹായിക്കുവാന്‍ സാധ്യമല്ല (സൂറ: യാസീന്‍ 74:75). പിശാചിനെ ആരാധിക്കുന്ന സാഹിറന്മാരും ഇവിടെ ഉദ്ദേശിക്കപ്പെടുന്നു. ”അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു തേടുന്നവര്‍ അല്ലാഹു എനിക്ക് വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവര്‍ അതിനെ പിടിച്ചു നിര്‍ത്തുന്നവരാണോ? നീ പറയുക, എനിക്ക് അല്ലാഹു മതി. ഭരമേല്പിക്കുന്നവര്‍ അവന്റെ മേല്‍ ഭരമേല്പിക്കട്ടെ (സുമര്‍ 38).