Saturday
21
July 2018

ഹജ്ജും ലോകവും മക്കയിലെ രാജ്യാന്തര സമ്മേളനം

Shabab Webadmin

വിശുദ്ധ മക്കയില്‍ നൂറ്റാണ്ടുകളായി മുടക്കം കൂടാതെ നടന്നുവരുന്ന ഹജ്ജ് മനുഷ്യചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത ഒരു ആരാധനാകര്‍മമാണ്. മുസ്‌ലിംകളുടെ വിശ്വാസപരമായ നിര്‍ബന്ധബാധ്യത എന്നതിനോടൊപ്പം ആഗോള രാജ്യാന്തര ബന്ധങ്ങളിലും സാംസ്‌കാരിക വിനിമയ രംഗത്തും അത് വലിയ പങ്കു വഹിക്കുന്നുണ്ട്. ഹജ്ജ് നിശ്ചിതമായ കര്‍മങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആരാധനയാണ്. എന്നാല്‍, ഹജ്ജിന്റെ നിര്‍വഹണ രംഗങ്ങളില്‍ ലോകത്തിന്റെയും കാലത്തിന്റെയും മാറ്റങ്ങള്‍ക്കനുസരിച്ച് ഒട്ടേറെ പരിഷ്‌കരണങ്ങള്‍ ആവശ്യമായി വരും. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കാല്‍നടയായി പോയി ഹജ്ജ് നിര്‍വഹിച്ചിരുന്നു. ഇന്ന് വിമാനങ്ങളിലാണ് മിക്കവാറും ഹാജിമാര്‍ എത്തുന്നത്. ഓരോ രാജ്യത്തിന്റെയും വിദേശ നയങ്ങളിലും യാത്രാനിയമങ്ങളിലും ഒട്ടധികം മാറ്റങ്ങളും ഇതിനകം വന്നിട്ടുണ്ട്. അറബ് ദേശങ്ങളില്‍ നിന്നും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നും മാത്രമല്ല, പാശ്ചാത്യ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്‍പ്പെടെ ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും ഇപ്പോള്‍ വിപുലമായി ഹജ്ജിനെത്തുന്നുണ്ട്. വിവര വിനിമയ രംഗത്ത് ഉണ്ടായിട്ടുള്ള വിപ്ലവകരമായ പുരോഗതി ഹജ്ജിന്റെ ഭരണപരമായ കാര്യങ്ങളില്‍ വന്‍മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.
കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്, ഹജ്ജിന്റെ നിര്‍വഹണ രംഗത്ത് സ്വീകരിക്കേണ്ട നടപടികളും പരിഷ്‌കരണങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഓരോ വര്‍ഷവും ഹജ്ജിനോടനുബന്ധിച്ച് സുഊദി ഹജ്ജ് മന്ത്രാലയം അന്തര്‍ദേശീയ ഹജ്ജ് സെമിനാര്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. വര്‍ധിച്ചുവരുന്ന ഹജ്ജ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മക്കയില്‍ വരുത്തുന്ന പരിഷ്‌ക്കരണ നടപടികള്‍ക്ക് ഈ സെമിനാറുകള്‍ വലിയ സംഭാവനകളാണ് നല്കുന്നത്. ഹജ്ജിന്റെ സുഗമമായ നടത്തിപ്പിന് പുതിയ സൗകര്യങ്ങളും വിപുലീകരണവും നടത്തുമ്പോള്‍ അത് ഹജ്ജ് കര്‍മങ്ങളെയും അതിന്റെ കര്‍മശാസ്ത്രത്തെയും സ്വാഭാവികമായും ബാധിക്കുന്നു. കാലങ്ങളായി തുടര്‍ന്നുവരുന്ന ചില സമ്പ്രദായങ്ങള്‍ മാറ്റേണ്ടിവരുന്നു. ഉദാഹരണത്തിന് മത്വാഫിലും മസ്ആയിലും വരുത്തിയ വിപുലീകരണങ്ങള്‍ ത്വവാഫ്, സഅ്‌യ് കര്‍മങ്ങളില്‍ മുമ്പുണ്ടായ രീതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത്തരം മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ഹജ്ജ് ഫിഖ്ഹിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടുള്ള പണ്ഡിത ചര്‍ച്ചകളും ആവശ്യമാണ്. ഹജ്ജ് സെമിനാറുകള്‍ അതിനുകൂടിയുള്ള വേദിയായിത്തീരുന്നു.
ഈ വര്‍ഷത്തെ ഹജ്ജ് സെമിനാര്‍ സപ്തംബര്‍ 4 മുതല്‍ 6 വരെ മക്കയില്‍ നടക്കുകയുണ്ടായി. ഭരണകര്‍ത്താക്കള്‍, ഹജ്ജ് നിര്‍വഹണവുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളിലെ ഉന്നതാധികാരികള്‍, മുസ്‌ലിം നേതാക്കള്‍, അക്കാദമിക വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, മതപണ്ഡിതന്മാര്‍ തുടങ്ങി വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള 200 പേരാണ്, 40 രാജ്യങ്ങളില്‍ നിന്ന് സമ്മേളനത്തില്‍ സംബന്ധിച്ചത്. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും ഇതില്‍ പ്രാതിനിധ്യമുണ്ട്. യൂറോപ്പില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുമുള്ള വര്‍ധിച്ച പ്രാതിനിധ്യം ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്ന് ഈ ലേഖകനും കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും ഉള്‍പ്പെടെ മൂന്നംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഹജ്ജിന്റെ ഭൂതകാലവും വര്‍ത്തമാനവും എന്ന തലക്കെട്ടിലാണ് ഈ വര്‍ഷത്തെ സമ്മേളനം. സുഊദി ഹജ്ജ് കാര്യമന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍ ത്വാഹിര്‍ ബന്തന്‍ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തതും മുഖ്യ മേല്‍നോട്ടം വഹിക്കുന്നതും. മതകര്‍മങ്ങളുടെ അടിസ്ഥാന ലക്ഷ്യത്തെയും ഇസ്‌ലാമിന്റെ മിതസമീപനത്തെയും എളുപ്പത്തിനും ലാളിത്യത്തിനും അത് നല്കുന്ന പ്രാധാന്യത്തെയും മുന്‍നിര്‍ത്തി ഹജ്ജ് ഫിഖ്ഹിനോടുള്ള സമീപനത്തെക്കുറിച്ചാണ് പ്രധാന ചര്‍ച്ച നടന്നത്. കര്‍മങ്ങളോടുള്ള കര്‍ക്കശ സമീപനത്തിലുപരി അതിന്റെ ലക്ഷ്യം നേടും വിധം, സുഗമമായ നടത്തിപ്പിന് സഹായകമായ വിധം സൗകര്യങ്ങളുടെ വിപുലീകരണം അനിവാര്യമാണെന്ന സൂചന നല്കി ഈജിപ്ഷ്യന്‍ പണ്ഡിതയായ മിഹ്ജ ഗാലിബ് അബ്ദുറഹ്മാന്‍ എന്ന പണ്ഡിത അവതരിപ്പിച്ച പ്രബന്ധവും ഇതേ ആശയം ഊന്നിക്കൊണ്ട് ഈജിപ്തിലെ മുഫ്തിമാരില്‍ പ്രമുഖനായ ശൗഖി സാലിം അല്ലാമയുടെ പ്രസംഗവും സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ക്ക് ദിശ പകര്‍ന്നു.
മതപരമായ ചര്‍ച്ചകള്‍ക്കു പുറമെ, ഹജ്ജ് ആഗോള സാംസ്‌കാരിക ആദാന പ്രദാനങ്ങളില്‍ വഹിക്കുന്ന പങ്ക്, വാണിജ്യ വ്യവസായ ബന്ധങ്ങളില്‍ അതുണ്ടാക്കുന്ന സ്വാധീനം, മക്കയുടെ നാഗരിക വളര്‍ച്ചയില്‍ ഹജ്ജിന്റെ പങ്ക്, ലോകമാധ്യമങ്ങള്‍ ഹജ്ജ് വാര്‍ത്തകള്‍ക്കു നല്കുന്ന സ്ഥാനം, ഹജ്ജിന്റെ മൂല്യങ്ങള്‍ പ്രകാശിപ്പിക്കുന്നതില്‍ നവമാധ്യമങ്ങളുടെ പ്രാധാന്യം, സുരക്ഷയും സമാധാനവും വളര്‍ത്താന്‍ ഹജ്ജിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു. ചര്‍ച്ചകളിലെ സ്ത്രീ പങ്കാളിത്തം എടുത്തുപറയേണ്ട ഒന്നാണ്. ഭിന്ന സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ ഈ ലോകസമ്മളനം ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കപ്പുറം സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികളെ അനാവരണം ചെയ്യുന്ന ഒരു ഒത്തുചേരല്‍ കൂടിയായിത്തീര്‍ന്നു.