Saturday
21
July 2018

അല്‍വലാ വല്‍ബറാ

മുഖ്താര്‍ ഉദരംപൊയില്‍

ഒറ്റക്ക്, ഉറക്കെയുറക്കെ സംസാരിച്ച് തലങ്ങുംവെലങ്ങും നടക്കുന്ന ഒരാളുണ്ടായിരുന്നു പണ്ട്, തലമുക്കത്ത്. പിരാന്തന്‍ മൗലവി എന്നാണ് അയാളെ എല്ലാവരും വിളിച്ചിരുന്നത്. പണ്ട് തലമുക്കത്തെ മുജാഹിദ് പള്ളിയില്‍ ഇമാമായിരുന്നത്രെ ഈ മൗലവി. തലമുക്കത്തെ പള്ളി കണ്ടിട്ടുണ്ടോ, കുളം പോലത്തെ ഹൗദും മരത്തിന്റെ മിമ്പറും മണ്ണുകുഴച്ചുണ്ടാക്കിയ ചുമരുമുള്ള ചെറിയപള്ളി. എന്തൊരു തണുപ്പാണെന്നോ ആ ഹൗദിലെ വെള്ളത്തിന്. പഴയ നിര്‍മിതി. അമ്പലം പോലെ തോന്നും. കത്തുന്ന സൂര്യനുതാഴെയും ഫാനില്ലാതെ കിടക്കാം, പള്ളിക്കകത്ത്. മേലെ തട്ടില്‍ എപ്പോഴും ഇരുട്ടായിരുന്നു. പരന്നുകിടക്കുന്ന പള്ളിക്കാട്ടില്‍ മരിച്ചുകിടക്കുന്നവരുടെ തലക്കുമുകളില്‍ പടര്‍ന്നുയര്‍ന്ന മൈലാഞ്ചിച്ചെടികളും ചെമ്പരത്തിക്കാടും. ആദ്യകാല മുജാഹിദ് മഹല്ലുകളിലൊന്നാണ് തലമുക്കം.
മൗലവിക്ക് ജിന്ന് കേറിയതെന്നാണ് നാട്ടിലെ ചിലര്‍ പറയുന്നത്. മുജാഹിദുകള്‍ക്ക് ജിന്ന് കയറുമോ എന്ന് ചോദിക്കുന്നവരോട്, ജിന്നുകള്‍ക്കെന്ത് സുന്നീം മുജായിദും എന്ന് തിരിച്ചുചോദിച്ചുകളയും അവര്‍. കയറിയത് കാഫിര്‍ ജിന്നോ മുസ്‌ലിം ജിന്നോ എന്നതിലേ അവര്‍ക്ക് സംശയമുള്ളു.
നാട്ടിലെ മുജാഹിദുകള്‍ ചിരിക്കും…
ഹൗ ബല്ലാത്ത ജാതി!
പക്ഷേ, എങ്ങനെ മൗലവിക്ക് പിരാന്തായി എന്ന് ആര്‍ക്കും ഒരു പിടിയുമില്ല. പഠിച്ച് പഠിച്ച് തലമറിഞ്ഞതാണെന്നാണ് വല്യുമ്മ പറയുന്നത്.
നെഞ്ച് വരെ ചപ്രച്ച് നില്‍ക്കുകയാണ് താടി. വെളുത്ത നീളന്‍ കുപ്പായം മുട്ടിനുതാഴെ വരെ തൂങ്ങിക്കിടക്കുന്നു.
എപ്പഴാണ് മൗലവിക്ക് പിരാന്ത് മൂക്കുക എന്ന് പറയാന്‍ പറ്റില്ല. ഒന്നിനും ഒരു നേരോം കാലോം ഇല്ല.  മൂത്താല്‍ സുയിപ്പായതു തന്നെ. അങ്ങാടിയില്‍ നിന്ന് വയളോട് വയളാണ്. ഹംദും സ്വലാത്തുമൊക്കെ ഓതി ഗംഭീര പ്രസംഗം.
ചൊക്കന്‍ കുട്ടിക്കും പിരാന്താണ്. ചൊക്കന്‍കുട്ടിയുമായി ഇടക്കിടെ മൗലവി വക്കാണമുണ്ടാക്കും. ചൊക്കന്‍കുട്ടി കാഫിറാണ്. കാഫിറിനോട് ഒരിടപാടും പാടില്ലെന്നാണ് മൗലവി പറയുന്നത്. കാഫിരീങ്ങളെല്ലാം നരകത്തിലാണ്. തനിക്ക് നരകത്തില്‍ പോവാന്‍ വയ്യ. ചൊക്കന്‍ കുട്ടിക്കുണ്ടോ മൗലവിയുടെ ഹിക്മ് തിരിയണ്.
പിരാന്തന്‍ മോല്യാരേ – എന്നാണ് ചൊക്കന്‍ വിളിക്കുക.
അപ്പൊ മൗലവിക്ക് പിരാന്തിളകും.
എന്താ പിരാന്താ – എന്നാണ് മൗലവി മറുപടി പറയുക.
പിന്നെ എന്താ കാട്ടാന്ന് ഒരു ലെവലും ഇല്ല. സംഭവിച്ചത് സംഭവിച്ചു. ചിലപ്പോള്‍ ചൊക്കന്‍ കരയും. മറ്റു ചിലപ്പോള്‍ മൗലവി ‘അല്ലാ പടച്ചോനേ കാക്കണേ’ എന്നും പറഞ്ഞ് ഓടും. അവര്‍ രണ്ടുപേരുടെയും ഇടപാടിലൊന്നും നാട്ടുകാര്‍ ഇടപെടാറില്ലായിരുന്നു. പാവങ്ങള്‍, മാനസിക നില തെറ്റിയാല്‍ എന്താ കാട്ടാ…  പടച്ചോന്‍ കാക്കട്ടെ!
മൗലവിക്ക് പ്രേതബാധയാണെന്ന് ചൊക്കനും ചൊക്കന് ജിന്നിളകിയതാണെന്ന് മൗലവിയും പറഞ്ഞു നടന്നു.
ജിന്ന് കയറോ എന്ന് നാട്ടുകാര്‍ ഇടക്ക് മൗലവിയോട് ചോദിക്കും, ചൂടില്ലാത്ത സമയത്ത്. അപ്പൊ മൗലവി പറയും, ജിന്ന് കേറും. ജിന്ന് കേറിയാ അടിച്ചിറക്കണം. വരീം. ഞാന്‍ കാണിച്ചുതരാം ജിന്നെറക്കണത്.
ന്നാ ചൊക്കന്റെ ജിന്നിനെ എറക്കീം എന്ന്് പറഞ്ഞാ, മൂപ്പര് പറയും, കാഫിരീങ്ങളെ ജിന്ന് എറക്കൂല. എല്ലാ കാഫിരീങ്ങളും ജിന്ന് കേറി പിരാന്തായി നടക്കട്ടെ.
നാട്ടില്‍ മറ്റാര്‍ക്കും ജിന്ന് കേറാത്തതുകൊണ്ട് നാട്ടുകാര്‍ക്ക് മൗലവിയുടെ ജിന്നിറക്കല്‍ പരിപാടി കണ്ടറിയാനും കഴിഞ്ഞില്ല.
എന്നാലും ചില പെണ്ണുങ്ങള്‍ മൗലവി ഔല്യയാണെന്ന് വിശ്വസിച്ചു. കുറേ കറാമത്തിന്റെ കഥകളും നാട്ടില്‍ പരന്നു. ചിലര്‍ കുട്ടികളുടെ കരച്ചില്‍ മാറ്റാനും വിറപ്പനിക്കുമൊക്കെ രഹസ്യമായി മൗലവിയുടെ ചികിത്സക്കെത്തി.
എന്ത് ചികിത്സയാണ് മൗലവി ചെയ്യുന്നതെന്ന് നാട്ടുകാര്‍ കണ്ടില്ല. കണ്ടവരാരും പുറത്ത് പറഞ്ഞതുമില്ല. പുറത്ത് പറഞ്ഞാല്‍ ഫലം ലഭിക്കില്ലാത്രെ.
പള്ളിയുടെ മുകളില്‍ മൗലവിക്ക് റൂമുണ്ട്. കമ്മിറ്റിക്കാരും നാട്ടുകാരും അദ്ദേഹത്തെ ഇറക്കിവിട്ടില്ല. റൂമു നിറയെ കിതാബുകളാണ്. രാത്രി മുഴുവന്‍ ഇരുന്ന് വായനയാണ്. ഇടക്ക് പള്ളിക്കാട്ടിലേക്കിറങ്ങി നടക്കും. മൈലാഞ്ചിയൂരിക്കൊണ്ടുവന്ന്് നര തുടങ്ങിയ താടിയില്‍ അരച്ചുതേക്കും. ചെമ്പരത്തിപ്പൂക്കള്‍ താളിയാക്കി കുളിക്കും.
സിഹ്‌റ് ബാധിക്കും കൂട്ടരേ.. കണ്ണേറ് തട്ടും കൂട്ടരേ..
എന്ന് ഒരു ദിവസം ബസ് സ്റ്റോപ്പിന് മുന്നില്‍ നിന്ന് പ്രസംഗിക്കുകയായിരുന്നു മൗലവി. എതിരെ വന്ന നാണിയമ്മ, ചെക്കാ എന്ത് പിരാന്താ ഇത്. ന്നാ പോയി ഒര് ചായ കുടിച്ചോ- എന്ന് പറഞ്ഞ് പത്തുറുപ്പ്യ കൊടുത്തു.
നാണ്യേ ഇജ്ജ് കാഫിറാ.. പൊയ്‌ക്കോ അന്റെ പൈസീം കൊണ്ട്..
മൗലവി ചൂടായി.
ദ് വല്ലാത്ത പിരാന്തന്നേട്ടോ – എന്ന് പറഞ്ഞ് നാണിയമ്മ രക്ഷപ്പെടുകയായിരുന്നു.
മൗലവിയും ചൊക്കനും തമ്മില്‍ അടി കലശലായത് മൗലവിയുടെ പുതിയ പ്രസംഗത്തിന് ശേഷമാണ്. റോഡിന്റെ രണ്ടു സൈഡിലുമായി കെട്ടിയുണ്ടാക്കിയ ബസ്സ്‌സ്‌റ്റോപ്പുകളില്‍ ഒന്ന് മൗലവിയും മറ്റൊന്ന് ചൊക്കനും കയ്യടക്കിവെച്ചിരിക്കുകയാണ്.
ഇപ്പുറത്തെ ബസ്‌സ്റ്റോപ്പിനു മുന്നില്‍ നിന്ന് മൗലവി പ്രസംഗിക്കുന്നത് അപ്പുറത്തെ ബസ്‌സ്റ്റോപ്പിലിരുന്ന് ചൊക്കന്‍ കേട്ടു.
കാഫിറീങ്ങളോട് ചിരിക്കരുത്. കാഫിരീങ്ങളോട് മിണ്ടരുത്. കാഫിരീങ്ങളുമായി ഒരു ഇടപെടലും നടത്തരുത്.
ആരാണ്ടാ കാഫിര്‍, എന്ന് ചോദിച്ച് ഒരു മുട്ടന്‍ വടിയുമായി ചൊക്കന്‍ എഴുന്നേറ്റതാണ്. മൗലവി ഒരു പാച്ചിലായിരുന്നു. ഒരു കാഫിറിന്റെ കയ്യില്‍ നിന്നും അടി കിട്ടിയാല്‍ അതിനേക്കാളും വലിയ മോശമെന്താണ്. ജിന്നുകളേ കാത്തോളണേ എന്ന് പറഞ്ഞാണ് മൗലവി പാഞ്ഞത്. നാട്ടുകാരെ വിളിച്ചിട്ട് കാര്യമില്ലെന്ന് മൗലവിക്കറിയാം. ഇങ്ങനെ രണ്ടുപേര്‍ ഇവിടെ ഉണ്ടെന്ന് പോലും നാട്ടുകാര്‍ മറന്ന മട്ടാണ്. മനുഷ്യമ്മാരെക്കാളും മൗലവിക്ക് ജിന്നുകളെയാണ് വിശ്വാസം. അതുകൊണ്ടാണയാള്‍ ജിന്നുകളെ വിളിച്ചത്.
ചൊക്കന്‍ തല്‍ക്കാലം ക്ഷമിച്ചെങ്കിലും, തൊട്ടടുത്ത ദിവസം അമ്പലമുറ്റത്ത് വെച്ച് ഒരു പ്രസംഗം ചൊക്കനും നടത്തി.
ആ പിരാന്തന്‍ മൗലവിയെ കൊല്ലണം….
അമ്പലക്കമ്മറ്റിക്കാരും വിശ്വാസികളും ചൊക്കനെ പിടിച്ചുപുറത്താക്കി.
ചൊക്കാ വീട്ടില്‍ പോ…
ചൊക്കന്‍ അന്ന് വീട്ടില്‍ പോയി. കുറേ കാലത്തിന് ശേഷം വീട്ടില്‍ വന്ന ചൊക്കന് അമ്മ ചോറും കറിയും കൊടുത്തു. പോവല്ലേ എന്ന് പറഞ്ഞിട്ടും ചൊക്കന്‍ പോയി. നല്ല കറവയുള്ള ഒരു പശുവിനെയും അഴിച്ചാണ് ചൊക്കന്‍ പോയിരിക്കുന്നത്.
അങ്ങാടിയിലെ ബസ് സ്റ്റോപ്പില്‍ ചൊക്കനും പശുവും താമസം തുടങ്ങി. ആരും അങ്ങോട്ട് ചെന്നില്ല. പകല്‍ ചൊക്കനും പശുവും കാടുകയറും. പുല്ല് തിന്ന് പള്ള നിറയുമ്പോള്‍ പശു തിരിച്ചിറങ്ങും. കൂടെ ചൊക്കനും ഇറങ്ങി വരും. വിശക്കുമ്പോഴൊക്കെ ചൊക്കന്‍ പശുവിനെ തോണ്ടും. പശു എഴുന്നേറ്റ് നില്‍ക്കും. ചൊക്കന്‍ വായ പൊളിച്ച് നിലത്തിരിക്കും. വായിലേക്ക് നേരിട്ട് പാല്‍ കറന്നുകുടിക്കും.
മൗലവി കുറേ ദിവസമായി പള്ളിക്ക് മുകളിലെ ഇരുട്ടിലായിരുന്നു. നിസ്‌കരിക്കാന്‍ പോലും താഴേക്ക് വന്നില്ല. ചൊക്കനെ പേടിച്ചിരിക്കാണെന്ന് എല്ലാവരും കരുതി.
അങ്ങനെയിരിക്കെ ഒരു ദിവസം അയാളിറങ്ങി വന്നു. അസറ് നിസ്‌കാരത്തിന്റെ സമയത്ത്. നിസ്‌കാരം കഴിഞ്ഞ് സലാം വീട്ടിയപ്പോഴേക്കും മൗലവി മിമ്പറില്‍ കയറിയിരുന്നു.
ഹംദും സ്വലാത്തും നീളത്തിലോതി മൗലവി പ്രസംഗം തുടങ്ങി. എല്ലാവരും അജബായങ്ങനെ ഇരിക്കുകയാണ്.
കാഫിറുകളുടെ നാട്ടില്‍ സ്ഥിരതാമസം ഒരു യഥാര്‍ഥ മുസ്‌ലിമിന് അനുവദിക്കപ്പെട്ടതല്ല. അതുകൊണ്ട് മുസ്‌ലിം രാജ്യത്തേക്ക് ഹിജ്‌റ പോകാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. കാരണം, കുഫ്‌റ് ഒരു രോഗമാണ്. ഈ രോഗം വിശ്വാസികളിലേക്ക് പടരാതിരിക്കാനുള്ള പോംവഴി ഹിജ്‌റയാണ്. എല്ലാവരും ഹിജ്‌റക്ക് തയ്യാറാവുക!
പള്ളിയിലുള്ളവരെല്ലാം ചിരിച്ചു. ചിരിച്ചുകൊണ്ടാണ് എല്ലാവരും പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോയത്.
പാവം!
ആരും ഗൗനിച്ചില്ലെങ്കിലും, മൗലവി എല്ലായിടത്തും അതുതന്നെ പറഞ്ഞ് നടന്നു. അവസാനം ചൊക്കനും കേട്ടു മൗലവിയുടെ പ്രസംഗം. ചൊക്കനും അതു കേട്ട് ചിരിയോട് ചിരിയായിരുന്നു.
എന്നിട്ടെന്താ പിരാന്താ.. ഇജ്ജ് ഹിജ്‌റ പോകാത്തേ…
ചൊക്കന് മാത്രമേ ചോദിക്കാന്‍ ധൈര്യമുണ്ടായുള്ളു.
മൗലവി പിന്നെ ഒന്നും മിണ്ടിയില്ല. മൗലവി പള്ളിയുടെ ഇരുട്ടിലേക്ക് കയറിപ്പോയി. പിന്നെ ആരും മൗലവിയെ കണ്ടിട്ടില്ല.
മൗലവി വെറുമൊരു കഥയായി. മൗലവിയുടെ കഥ കേട്ട് കുട്ടികള്‍ ചോറുണ്ടു.
മൗലവി എവിടെ നിന്നാണ് വന്നതെന്നോ എങ്ങോട്ടാണ് പോയതെന്നോ ആര്‍ക്കുമറിയില്ല. പക്ഷേ, ഇപ്പോള്‍ മൗലവിയുടെ ബന്ധുക്കള്‍ ചിലയിടങ്ങളിലുണ്ടെന്ന് അറിവ് കിട്ടിയിട്ടുണ്ട്, സംഗതി സത്യമാണ്.
ചൊക്കനും അമ്മയും മരിച്ചു. പക്ഷേ, അയാളുടെ പശു പ്രസവിച്ചു. പിന്നെയും പ്രസവിച്ചു. അങ്ങനെ അങ്ങാടി നിറയെ പശുക്കളും നായ്ക്കളും നിറഞ്ഞു. ഇടക്ക് പിരാന്തന്‍മാര്‍ തെരുവില്‍ അവിടെയുമിവിടെയും ഒച്ചയില്‍ സംസാരിച്ചു നടന്നു. അപ്പോഴെല്ലാം ഞാന്‍ മൗലവിയെ ഓര്‍ത്തു, ചൊക്കനെയും.
പിരാന്ത് ഒരു പാരമ്പര്യരോഗം മാത്രമല്ല, പകര്‍ച്ചവ്യാധികൂടിയാണെന്നാണ് ഇപ്പോള്‍ വല്യുമ്മ പറയുന്നത്.