Tuesday
19
June 2018

ഫ്രാന്‍സിലെ ബുര്‍ഖിനിയും സ്‌കോട്ട്‌ലന്റിലെ ഹിജാബും

Shabab Webadmin

ഇപ്പോള്‍ ‘ബുര്‍ഖിനി’യാണ് പ്രധാന ചര്‍ച്ചാ വിഷയം. ഫ്രാന്‍സിലെ ഏതാനും നഗരങ്ങളിലും റിസോര്‍ട്ടുകളിലും മുഖം ഒഴികെ മുഴുവന്‍ ശരീര ഭാഗങ്ങളും മറയ്ക്കുന്ന ‘ബുര്‍ഖിനി’ എന്ന നീന്തല്‍ വസ്ത്രം നിരോധിച്ചതാണ് വിവാദത്തിന്റെ മര്‍മം. ബുര്‍ഖിനി ധരിക്കുന്നവര്‍ 38 യൂറോ പിഴ അടയ്ക്കണം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ നിരോധമുള്ള നഗരങ്ങളില്‍ പൊലീസ് പട്രോളിംഗ് നടത്തി ബുര്‍ഖിനി ധരിച്ചവരെ നിര്‍ബന്ധിച്ച് അത് അഴിപ്പിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ഏറെ പരിഹാസ്യമായത്, അത്തരം ബീച്ചുകളില്‍ നൂല്‍ബന്ധം പോലുമില്ലാതെ കിടന്നു വെയില്‍കായുന്നവരെ പോലീസ് ശ്രദ്ധിക്കുന്നില്ല എന്നതാണ്! ഉടുക്കാതെ നടക്കാനുള്ള ‘ആവിഷ്‌കാര സ്വാതന്ത്ര്യം’ ശരീരം മറയ്ക്കുന്നവന് അനുവദിക്കപ്പെടുന്നില്ല. ബുര്‍ഖിനി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഫ്രാന്‍സിലെ തീവ്രമതേതര വാദികളുടെ ആരോപണം! സാക്ഷാല്‍ ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് പറഞ്ഞത്, സ്ത്രീകളെ അടിമകളാക്കുന്ന ഇസ്‌ലാമിക നയങ്ങളുടെ തുടര്‍ച്ചയാണ് ബുര്‍ഖിനിയെന്നാണ്!
ഫ്രാന്‍സിനു ഉടുതുണിയോടുള്ള വെറുപ്പിനു പിന്നില്‍ തികഞ്ഞ വംശീയ രാഷ്ട്രീയമാണെന്ന് അറിയാത്തവര്‍ ഉണ്ടാകില്ല. 2004 തൊട്ടുതന്നെ മുസ്‌ലിംസ്ത്രീകള്‍ അണിയുന്ന ഹിജാബിന് അവിടെ വിലക്കുണ്ട്. 2010-ല്‍ നിഖാബ് നിരോധം നിലവില്‍ വന്നു. സ്ത്രീകള്‍ മുഖം മൂടുന്ന വസ്ത്രം ധരിച്ചാല്‍ 150 യൂറോ ആണ് പിഴ. ഇസ്‌ലാം വിരോധവും വംശീയ പക്ഷപാതിത്വവുമാണ് ഈ നിയമങ്ങളുടെ പിന്നില്‍. വേണമെങ്കില്‍, മുഖം മൂടുന്ന വസ്ത്രം ധരിച്ചാല്‍ വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കാതെ വരികയും അത് സുരക്ഷാ പ്രശങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും എന്ന് വാദിച്ചു നിഖാബ് നിരോധം ന്യായീകരിക്കപ്പെടാം. എന്നാല്‍ മേനി മറയ്ക്കുന്ന നീന്തല്‍ വസ്ത്രം നിരോധിക്കുന്നതിന് അത്തരം ഒരു ന്യായീകരണവുമില്ല.
ലെബനീസ് വംശജയായ ആസ്‌ത്രേലിയക്കാരിയാണ് പത്ത് വര്‍ഷം മുന്‍പ് ബുര്‍ഖിനി രൂപകല്‍പന ചെയ്തത്. സൗകര്യപ്രദമായ ഒരു കായിക വസ്ത്രം എന്നതില്‍ കവിഞ്ഞു അതിനു മതപരമായ പ്രാധാന്യമൊന്നുമില്ല. മുസ്‌ലിംകള്‍ അല്ലാത്ത കായിക താരങ്ങളും അവതാരികമാരും വരെ ഈ വസ്ത്രം ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ മുസ്‌ലിം സമൂഹങ്ങളില്‍ സ്വീകാര്യത വന്നതോടെ ‘ബുര്‍ഖിനി’ അപരിഷ്‌കൃത വേഷവും അസ്വാതന്ത്ര്യത്തിന്റെ അടയാളവുമൊക്കെ ആയി മാറി! വാസ്തവത്തില്‍ സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യവും ശരീരത്തിന്‍മേല്‍ അവര്‍ക്കുമുള്ള അവകാശവുമാണ് തീവ്ര മതേതരത്വത്തിന്റെ മേല്‍വിലാസത്തില്‍ ഫ്രാന്‍സും ജര്‍മനിയുമൊക്കെ ബലികഴിച്ചു കൊണ്ടിരിക്കുന്നത്. ഒടുവില്‍ ഫ്രാന്‍സിലെ ചില നഗരങ്ങളുടെ മേയര്‍മാരുടെ ബുര്‍ഖിനി നിരോധത്തിനു അവിടുത്തെ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. നിരോധ നീക്കം ഫ്രാന്‍സ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യാവകാശ വ്യക്തി സ്വാതന്ത്ര്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍.
യൂറോപ്പിന്റെ ഒരുഭാഗത്ത് ഇസ്‌ലാമോഫോബിയയും വംശീയ വിരോധവും ആഞ്ഞുപിടിക്കുമ്പോള്‍ തന്നെ, പ്രതീക്ഷാര്‍ഹമായ വാര്‍ത്തകള്‍ മറുവശത്ത് ഉണ്ടാകുന്നു എന്ന യാഥാര്‍ഥ്യവും ചേര്‍ത്ത് വെക്കണം. ലോകത്തെ ഏറ്റവും പ്രശസ്തമായ പോലീസ് സേനയായ ബ്രിട്ടനിലെ സ്‌കോട്ട്‌ലന്റ് പോലീസ്, അതിന്റെ ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായി ഹിജാബ് അംഗീകരിച്ചിരിക്കുന്നു. ഇതുവരെ സ്‌കോട്ട്‌ലന്റ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഹിജാബ് അനുവദിച്ചിരുന്നുള്ളൂ. എല്ലാ സാംസ്‌കാരിക വിഭാഗങ്ങളില്‍ പെട്ടവരെയും സേനയുടെ ഭാഗമാക്കുകയും മുസ്‌ലിം സ്ത്രീകളെ പോലീസിലേക്ക് പ്രത്യേകമായി ആകര്‍ഷിക്കുകയുമാണ് യൂണിഫോം ആയി ഹിജാബ് അനുവദിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. ഇപ്പോള്‍ കേവലം 2.5 ശതമാനം മാത്രമാണ് സ്‌കോട്ട്‌ലന്റ് പോലീസില്‍ ഭിന്ന വംശീയ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ പുതിയ നയം കാരണമാകും. സ്‌കോട്ട്‌ലന്റ് പോലീസിന്റെ പിന്നാലെ കാനഡയിലെ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസും മുസ്‌ലിം ഓഫീസര്‍മാര്‍ക്ക് ഹിജാബ് ധരിക്കാനുള്ള അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ടൊറന്റോ, എഡ്‌മോന്റണ്‍ തുടങ്ങിയ നഗരങ്ങളില്‍ നേരത്തെ തന്നെ പോലീസ് യൂണിഫോമിന്റെ ഭാഗമായി ഹിജാബ് അനുവദിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ഇന്നും പോലീസില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് അണിയാനുള്ള അനുവാദമില്ല എന്ന സത്യം കൂടി മനസ്സില്‍ വെക്കുമ്പോഴാണ് ഇസ്‌ലാമിനും കുടിയേറ്റ മുസ്‌ലിംകള്‍ക്കുമെതിരെ കടുത്ത വിദ്വേഷം വമിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തതിന്റെ പ്രാധാന്യം ബോധ്യപ്പെടുകയുള്ളൂ. ശിരോവസ്ത്രത്തെയും ഹിജാബിനെയും ഏറെ സംശയത്തോടും ഭീതിയോടും നോക്കിക്കാണുന്ന ജനങ്ങള്‍ ജീവിക്കുന്ന പ്രദേശങ്ങളില്‍ നിയമപാലകരുടെ ഔദ്യോഗിക വേഷമായി അതിനു അംഗീകാരം ലഭിക്കുന്നത് ചെറിയ കാര്യമല്ല. ഈ വേഷത്തെ കുറിച്ചുള്ള പൊതുജനങ്ങളുടെ സമീപനത്തില്‍ തന്നെ കാതലായ മാറ്റം അതുകൊണ്ട് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഫ്രാന്‍സില്‍ ‘ബുര്‍ഖിനി’ നിരോധിച്ചു കൊണ്ടുള്ള ഉത്തരവും പിന്നീട് കോടതി ഇടപെടലിലൂടെ അതിനെ തിരുത്തിയതും ബ്രിട്ടനിലെയും കാനഡയിലെയും പോലീസ് യൂണിഫോമില്‍ ഹിജാബിനു ഇടം നല്കിയതും പാശ്ചാത്യ ലിബറല്‍ രാജ്യങ്ങളില്‍ പോലും ആശങ്ക മാത്രമല്ല, ആശയും ബാക്കി നില്‍ക്കുന്നുണ്ട് എന്ന പാഠമാണ് പകര്‍ന്നു തരുന്നത്. ഇസ്‌ലാംപേടിയുടെ വാര്‍ത്തകള്‍ക്കിടയില്‍ പ്രതീക്ഷയുടെ ജ്വാലയായി പൊന്തിവരുന്ന നല്ല വാര്‍ത്തകള്‍ നാം ഉയര്‍ത്തിപ്പിടിക്കുക. നിരാശ ജനിപ്പിക്കുന്നതിന് പകരം കാര്യങ്ങളെ പോസിറ്റീവ് ആയി കാണുന്ന സമീപനത്തിനാണ് ഇപ്പോള്‍ പ്രസക്തിയേറെയുള്ളത്.