Tuesday
19
June 2018

ഓറഞ്ച് സീറ്റിലമര്‍ന്ന സിറിയന്‍ ബാലന്‍

Shabab Webadmin

കഴിഞ്ഞ ദിവസങ്ങളില്‍ പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ അഞ്ചു വയസ്സുകാരന്‍ സിറിയന്‍ ബാലന്റെ ചിത്രം കാണാത്തവരുണ്ടാവില്ല. കരുവാളിച്ച മുഖവും പൊടി പടലങ്ങള്‍കൊണ്ട് മൂടിയ ശരീരവുമായി ഓറഞ്ച് സീറ്റില്‍ ഭയന്നിരിക്കുന്ന ഒമ്‌റാന്‍ ദഗ്‌നീഷ് എന്ന ബാലന്റെ പടം കണ്ടവര്‍ ഒരു നിമിഷം വിതുമ്പാതിരിക്കില്ല. യുദ്ധവും രാഷ്ട്രീയ സംഘര്‍ഷങ്ങളും അനാഥമാക്കുന്ന ബാല്യങ്ങളുടെ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ലോകത്തിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ അഭയാര്‍ഥി ബോട്ടുമുങ്ങി മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് അണഞ്ഞ മറ്റൊരു സിറിന്‍ കുട്ടിയായ ഐലന്‍ കുര്‍ദിയുടെ ചിത്രം ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുദ്ധത്തിന്റെയും അധികാര വടംവലികളുടെയും അധിനിവേശ ദുരകളുടെയും ഇരകള്‍ നിരാലംബരും  നിരപരാധികളും നിസ്സഹായരുമായ കുഞ്ഞുങ്ങളും കുട്ടികളുമാണെന്ന് നാം നിരന്തരം അറിഞ്ഞിട്ടും മനുഷ്യക്കശാപ്പുകള്‍ക്ക് ഒരറുതിയുമുണ്ടകുന്നില്ലെന്നതാണ് വാസ്തവം.
ഒമ്‌റാന്‍ ദഗ്‌നീഷ് എന്ന പൈതലിന്റെ ദയനീയ ചിത്രം നമ്മുടെ കണ്ണുകള്‍ നനക്കുന്നുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ ഇനിയും കാണാനിടവരരുതേ എന്ന് പ്രാര്‍ഥിക്കാന്‍ അത് കാരണമാകുന്നുണ്ട്. അതേസമയം ഈ ചിത്രം പോലും തികഞ്ഞ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടിയിട്ടാണ് യുദ്ധവെറിയന്മാര്‍ ലോകത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എന്ന സത്യംകൂടി നമ്മളറിയണം. അമേരിക്കയിലെ പ്രമുഖ പത്രമാധ്യമങ്ങളിലെല്ലാം സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ദൈന്യമുഖമായി ഈ ചിത്രം പ്രാധാന്യപൂര്‍വം പ്രത്യക്ഷപ്പെടുകയുണ്ടായി. അതിനെക്കുറിച്ച് ദീര്‍ഘ ലേഖനങ്ങളും ന്യൂയോര്‍ക്ക് ടൈംസിലും യു എസ് എ ടുഡെയിലുമൊക്കെ വന്നു. ബ്രിട്ടനില്‍ നിന്നുള്ള ടെലിഗ്രാഫിലും നിരവധി വാര്‍ത്തകള്‍ ഒമ്‌റാന്‍ ദഗ്‌നീഷ് ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വന്നു. ഇവയുടെ ഉള്ളടക്കം ചവിട്ടി മെതിക്കപ്പെടുന്ന കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചാണ്. യുദ്ധങ്ങള്‍ സിവിലിയന്മാരുടെ അവകാശങ്ങള്‍ ഹിംസിക്കുന്നതിനെക്കുറിച്ചെല്ലാമാണ്. വാസ്തവത്തില്‍ ഈ ചിത്രങ്ങളും ഉപന്യാസങ്ങളും വായനക്കാരുടെ ഓര്‍മകളെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി സിറിയയില്‍ ആഭ്യന്തരയുദ്ധം തുടരുന്നു. ഒരു ദശാബ്ദത്തിലേറെയായി ഇറാഖിലും ലബനാനിലും അഫ്ഗാനിലും സംഘര്‍ഷങ്ങളും യുദ്ധങ്ങളും തുടരുന്നു. പശ്ചിമേഷ്യയില്‍ സമാധാനം നഷ്ടമായിട്ട് വര്‍ഷങ്ങള്‍ പലതായി. ഈ സംഘര്‍ഷങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രത്യക്ഷമല്ലെങ്കില്‍ പരോക്ഷമായി അമേരിക്കയുടെയും സാമ്രാജ്യത്വ ശക്തികളുടെയും അധിനിവേശ താല്പര്യങ്ങളാണെന്നത് പകല്‍പോലെ വ്യക്തമാണ്. എണ്ണയ്ക്കുവേണ്ടി അവര്‍ നടത്തുന്ന ഭൗമ രാഷ്ട്രീയ യുദ്ധങ്ങളാണ് പല ഭാവങ്ങളില്‍ പശ്ചിമേഷ്യയെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഒമ്‌റാന്‍ ദഗ്‌നീഷിനുവേണ്ടി വന്‍ പ്രാധാന്യം നല്‍കി കണ്ണീര്‍ വാര്‍ക്കുന്നവര്‍ ഈ വന്‍ രാഷ്ട്രങ്ങള്‍ ഇതിനോടകം നിഷ്ഠൂരമായി കൊലപ്പെടുത്തിയ മില്യന്‍ കണക്കിന് കുട്ടികളെക്കുറിച്ച് മിണ്ടുന്നില്ല! അഫ്ഗാനിലും ഇറാഖിലും കൊല്ലപ്പെട്ട ആയിരക്കണക്കിന് ഐലന്‍ കുര്‍ദിമാരുടെയും ഒമ്‌റാന്‍ മാരുടെയും ചിത്രങ്ങള്‍ ബോധപൂര്‍വം തമസ്‌കരിച്ച പാശ്ചാത്യ മീഡിയ ഇപ്പോള്‍ കുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് യുദ്ധതന്ത്രത്തിന്റെ ഭാഗമായി മാത്രമാണെന്നേ നിരീക്ഷിക്കാനാവൂ.
ഇരുപത്തിയഞ്ച് വര്‍ഷം മുമ്പാണ് ഒന്നാം ഗള്‍ഫ് യുദ്ധമുണ്ടായത്. കുവൈത്ത് ആക്രമിച്ച ഇറാഖിനെതിരെ യുദ്ധം നടത്തുന്ന ആ ഘട്ടത്തില്‍ ഇതുപോലെ കുട്ടികളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ ഒരു ചര്‍ച്ച ഉണ്ടായത് ഓര്‍മവരുന്നു. കുവൈത്തിലെ ഒരു ആശുപത്രിയില്‍ ഇറാഖ് സേന ഇന്‍കുബേറ്റര്‍ എടുത്തുമാറ്റിയതിന്റെ പേരില്‍ ഒട്ടേറെ കുട്ടികള്‍ ദയനീയമായി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പരന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ ചര്‍ച്ച. എന്നാല്‍ പിന്നീട് ആ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. അപ്പോഴേക്കും ആ വാര്‍ത്ത ഒരു പ്രപഗണ്ട വെപ്പണായി ഉപയോഗിച്ച് ഇറാഖിനെതിരെ ഉപരോധമേര്‍പ്പെടുത്തി, ഇറാഖിലെ നിരപരാധികളായ മില്യണ്‍കണക്കിന് കുഞ്ഞുങ്ങളെ യു എസ് സഖ്യസേന കൊന്നൊടുക്കിയിരുന്നു. കുഞ്ഞുങ്ങളുടെ ദൈന്യചിത്രങ്ങള്‍പോലും യുദ്ധവെറിയുടെ ഉപകരണങ്ങളാക്കുന്ന ക്രൂരതയെ നാം എന്തുവിളിക്കണം?