Monday
25
September 2017

‘ഗൈബറിയുന്നവന്‍’ അല്ലാഹുവിന്റെ വിശേഷ ഗുണം

Shabab Webadmin

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”അങ്ങനെ നാം അദ്ദേഹത്തിന്റെ (സുലൈമാന്റെ) മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അവരെ അറിയിച്ചുകൊടുത്തിട്ടില്ല; ഭൂമിയിലെ ഒരു ജീവിയല്ലാതെ. അത് അദ്ദേഹത്തിന്റെ വടി തിന്നുകയാണ്. അങ്ങനെ അദ്ദേഹം നിലം പതിച്ചപ്പോള്‍ ജിന്നുകള്‍ക്ക് വ്യക്തമായി; അവര്‍ക്ക് അദൃശ്യം അറിയുമായിരുന്നുവെങ്കില്‍ നിന്ദ്യമായ ശിക്ഷയില്‍ അവര്‍ താമസിക്കുമായിരുന്നില്ലെന്ന്”(സൂറ: സബഅ് 14). ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഈ കഥ വിവരിച്ചു പറയുന്നത് ജിന്നുകള്‍ക്കും പിശാചിന്നും ഒരു സംഗതിക്കും സാക്ഷിനിന്ന് അതിന്റെ ശരിയായ അവസ്ഥ ഗ്രഹിക്കുവാന്‍ സാധ്യമല്ലെന്നാണ്. സുലൈമാന്‍ നബി(അ) മരിച്ച സംഗതി ജിന്നുകളെ സംബന്ധിച്ചും അദൃശ്യമാണെന്നുമാണ്. തെളിവിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അതു മനസ്സിലാക്കാന്‍ അവര്‍ക്കും സാധ്യമല്ല. താഴെ വീഴുക എന്നത് അദ്ദേഹം മരിച്ചതിന്ന് തെളിവാണ്. ഇനി ഒരു സംഗതിക്ക് സാക്ഷിനിന്ന് അതിന്റെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാന്‍ ജിന്നുകള്‍ക്ക് സാധിച്ചാല്‍ തന്നെ മറ്റുള്ളവരെ അറിയിച്ചു കൊടുക്കുവാന്‍ ജിന്നുകള്‍ക്ക് സാധ്യമല്ല. തെളിവുകള്‍ കൊണ്ട് മനസ്സിലാക്കുവാന്‍ സാധിക്കുന്ന സംഗതിയും തെളിവ് ഇല്ലാതെ മനസ്സിലാക്കല്‍ അദൃശ്യമാണെന്ന് അല്ലാഹു ഇവിടെ വിവരിക്കുന്നു. ഒരാള്‍ മരിച്ചതു തെളിവില്ലാതെ മനസ്സിലാക്കല്‍ അദൃശ്യമാണ്. അത് അല്ലാഹുവിന്ന് മാത്രമേ അറിയുകയുള്ളൂ. ജിന്നുകള്‍ക്ക് സാധ്യമല്ല. സുലൈമാന്‍ നബി(സ) നിലത്തു വീണപ്പോള്‍ അദ്ദേഹം മരിച്ചത് മനസ്സിലാക്കിയതു പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടാണ്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അദ്ദേഹം മരിച്ചത് മനസ്സിലാക്കുന്നതിനു മുമ്പ്, മരിച്ചത് അവര്‍ക്കും അദൃശ്യം തന്നെയാണ്. പഞ്ചേന്ദ്രിയങ്ങളുടെ കഴിവിന്റെ പരിധിയില്‍ വരുന്ന സന്ദര്‍ഭം അത് ദൃശ്യമാകുന്നു. അദൃശ്യമല്ല.
അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ കാര്യങ്ങളെ രണ്ടായിട്ട് മാത്രമാണ് വേര്‍തിരിക്കുന്നത്. അദൃശ്യവും ദൃശ്യവും (ഗൈബും ശഹാദത്തും) ആയിട്ട്. അദൃശ്യത്തെ വീണ്ടും ഭാഗിക്കുന്നില്ല. മനുഷ്യന്ന് ദൃശ്യമായി (ശഹാദത്തായി) തീരുന്ന അദൃശ്യത്തെയും അദൃശ്യം എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. ശേഷം അദൃശ്യം അറിയല്‍ അല്ലാഹുവിന്റെ മാത്രം വിശേഷണം (സ്വിഫത്ത്) ആണെന്ന് പറയുന്നു. യൂസുഫ് നബി(അ)യെ കിണറ്റില്‍ ഇട്ടപ്പോള്‍ അതിന് സാക്ഷി നിന്നവരെ സംബന്ധിച്ച് അത് അദൃശ്യമല്ല. യഅ്ഖൂബ് നബിക്ക് അദൃശ്യമായിരുന്നു. അദ്ദേഹത്തെ വില്പന നടത്തിയപ്പോള്‍ അതിന്ന് സാക്ഷി നിന്നവരെ സംബന്ധിച്ചും അദ്ദേഹം രാജകൊട്ടാരത്തില്‍ ജീവിച്ചപ്പോള്‍ അതിന്ന് സാക്ഷിനിന്നവരെ സംബന്ധിച്ചും അദ്ദേഹത്തിന്റെ കുപ്പായം കീറിയപ്പോള്‍ അതിന്ന് സാക്ഷി നിന്നവരെ സംബന്ധിച്ചും അദ്ദേഹം ജയിലില്‍ താമസിച്ചപ്പോള്‍ അതിന്ന് സാക്ഷി നിന്നവരെ സംബന്ധിച്ചും അദ്ദേഹം രാജാവായപ്പോള്‍ അതിന്ന് സാക്ഷി നിന്നവരെ സംബന്ധിച്ചും ഇവയൊന്നും അദൃശ്യമായിരുന്നില്ല. എന്നാല്‍ യഅ്ഖൂബ് നബി(അ)യെ സംബന്ധിച്ച് അവയെല്ലാം അദൃശ്യകാര്യങ്ങളായിരുന്നു. മുഹമ്മദ് നബി(സ)യെ സംബന്ധിച്ചും. അദൃശ്യം അല്ലാഹുവിന്ന് മാത്രമേ അറിയുകയുള്ളൂ എന്ന് പറയുന്ന തത്വത്തിന് ഇത് എതിരാകുന്നില്ല. അവരെ സംബന്ധിച്ച് ഇവയൊന്നും അദൃശ്യം തന്നെയല്ല. ദൃശ്യം (ശഹാദത്ത്) മാത്രമാണ്. അതിനാല്‍ അല്ലാഹുവിന് മാത്രം അറിയുന്ന അദൃശ്യം. മറ്റുള്ളവര്‍ അറിയുന്ന അദൃശ്യം എന്നിങ്ങനെ അദൃശ്യത്തെ രണ്ടായി ഭാഗിക്കേണ്ടതില്ല. മറ്റുള്ളവര്‍ ദൃശ്യം മാത്രമേ അറിയുകയുള്ളൂ. ഏതു തരം അദൃശ്യവും അല്ലാഹു മാത്രമാണ് അറിയുക. അവന്‍ അറിയിച്ചുകൊടുക്കുന്ന അദൃശ്യം, അറിയിച്ച് കൊടുക്കാത്ത അദൃശ്യം എന്നിങ്ങനെ രണ്ടായി അദൃശ്യത്തെ തിരിക്കാം എന്ന് മാത്രം. നബിമാര്‍ക്കും വലിയ്യിനും വ്യാജ ശൈഖന്മാര്‍ക്കും ജ്യോത്സ്യന്‍മാര്‍ക്കും സാഹിറന്‍മാര്‍ക്കും ജിന്ന് പൂജകന്മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും അദൃശ്യം അറിയുമെന്ന് സ്ഥാപിക്കുവാനാണ് ചിലര്‍ അദൃശ്യത്തെ പലതായി ഭാഗിക്കുന്നത്. പിശാചിന്ന് വയസ്സ് കൂടുതലുണ്ട്. അതിനാല്‍ കഴിഞ്ഞുപോയ സംഭവങ്ങള്‍ അവന്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുമെന്ന് വരെ ചില ഖുര്‍ആന്‍ നിഷേധികള്‍ വാദിച്ചുതുടങ്ങിയിരിക്കുന്നു. അപ്പോള്‍ നബി(സ) പൂര്‍വിക ചരിത്രങ്ങള്‍ പറഞ്ഞതു ദൃഷ്ടാന്തമാവുകയില്ല. വിശുദ്ധ  ഖുര്‍ആന്‍ ഇത് ദൃഷ്ടാന്തമാണെന്ന് പറയുന്നു. അത്തരക്കാരെ സംബന്ധിച്ച് ഇത് ജിന്നുകള്‍ക്കും പറഞ്ഞുകൊടുക്കുവാന്‍ സാധിക്കുന്ന സാധാരണ സംഭവങ്ങള്‍ മാത്രമാണ്.