Sunday
21
January 2018

അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രം

Shabab Webadmin

ഒരാളുടെ വീട്ടില്‍ കള്ളന്‍ കയറി ഒരു വസ്തു മോഷ്ടിച്ചു. പിശാച് പൂജകന്മാര്‍ പറഞ്ഞു: ‘ആ വസ്തു കട്ടത് ഇന്നവനാണെന്ന് ഞങ്ങള്‍ക്ക് പിശാച് അറിയിച്ചു തന്നിട്ടുണ്ട്.’ എന്നാല്‍ ഇസ്‌ലാമിക കോടതി അവരുടെ അവകാശവാദം അംഗീകരിച്ച് അവര്‍ ചൂണ്ടിക്കാണിക്കുന്നയാളുടെ കൈ മുറിക്കുകയോ അവന് എതിരായി മറ്റു ശിക്ഷ നടപ്പാക്കുകയോ ചെയ്യില്ല. അവന്‍ മോഷ്ടാവാണെന്ന് വിധി പറയുകയുമില്ല. ആ പറഞ്ഞവര്‍ വിശ്വസ്തന്മാര്‍ ആണെങ്കില്‍ പോലും.
മുഹമ്മദ് നബി(സ)ക്ക് ശേഷവും പിശാചുക്കള്‍ക്ക് ആകാശ ലോകത്തു നടക്കുന്ന സംഭാഷണം കട്ടുകേട്ട് ജോത്സ്യന്മാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സാധിക്കുമെങ്കില്‍ മുഹമ്മദ് നബി(സ)ക്ക് ശേഷവും അദൃശ്യം അറിയുവാനുള്ള മാര്‍ഗം അവര്‍ക്ക് തുറന്നുകിടക്കുകയാണെന്ന് പറയേണ്ടി വരും. മുഹമ്മദ് നബി(സ)യോടുകൂടി വഹ്‌യ് മുറിഞ്ഞുപോയി. അതിനാല്‍ ഖലീഫയായ എനിക്ക് പോലും അദൃശ്യം അറിയുവാന്‍ സാധ്യമല്ലെന്നാണ് ഖലീഫ ഉമര്‍(റ) പ്രസംഗിച്ചത് (സ്വഹീഹുല്‍ ബുഖാരി) ഒരു സ്വഹാബി പോലും ഉമറിനെ(റ) എതിര്‍ക്കുകയുണ്ടായില്ല.
”(എന്റെ രക്ഷിതാവ്) അദൃശ്യം അറിയുന്നവനാണ്. അവന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും അവന്‍ വെളിപ്പെടുത്തിക്കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതനുമല്ലാതെ. തീര്‍ച്ചയായും അവന്‍ അപ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലും പിന്നിലും പാറാവുകാരെ പ്രവേശിപ്പിക്കും” (സൂറതുജിന്ന് 26,27).
പള്ളി ദര്‍സുകളില്‍ പോലും ബഹുമാനിക്കുന്ന തഫ്‌സീര്‍ സ്വാവിയില്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ച് എഴുതുന്നു: ”അല്ലാഹുവിന്റെ ഏകത്വത്തിന് ഇത് മറ്റൊരു തെളിവാണ്. തീര്‍ച്ചയായും അവന്‍ ഇപ്രകാരം പറയുന്നതുപോലെയാണിത്. അല്ലാഹു അദൃശ്യവും ദൃശ്യവും അറിയുന്നവനാണ്. അവനല്ലാത്തവര്‍ രണ്ടും അറിയുകയില്ല. അപ്പോള്‍ അവനല്ലാത്തവര്‍ ഇലാഹല്ല.” (സ്വാവി 3:124). മറ്റൊരു തഫ്‌സീറായ മദാരിക്കില്‍ പറയുന്നു: ”അദൃശ്യം അറിയല്‍ അല്ലാഹുവിന്റെ സ്വിഫത്ത് (വിശേഷണം) ആണ്.” (4:127)
ഇമാം റാസി(റ) പറയുന്നു: ”അല്ലാഹു അദൃശ്യ അറിവുകൊണ്ടും ദൃശ്യ അറിവ് കൊണ്ടും പ്രത്യേകമാക്കപ്പെടും. അവന്‍ അല്ലാത്തവര്‍ ദൃശ്യം അറിയുമെങ്കിലും അതിന്റെ കൂടെ അദൃശ്യം ഒരിക്കലും അറിയുകയില്ല. അവന്‍ അറിയുന്ന ദൃശ്യം തന്നെ പരിപൂര്‍ണമാക്കുക. അദൃശ്യം കൊണ്ടു മാത്രമാണ്” (23:117). അതായത് ദൃശ്യം അറിയുന്ന മനുഷ്യന്‍ തന്നെ ചിലപ്പോള്‍ കുഴിയില്‍ വീഴാറുണ്ട്. ചിലപ്പോള്‍ കാല് കല്ലില്‍ വെച്ച് കുത്താറുണ്ട്. ഇതിന്റെ കാരണം അദൃശ്യം അവന്ന് അറിയാത്തതുകൊണ്ടാണ്. ദൃശ്യം സമ്പൂര്‍ണമായ അറിവല്ല. അദൃശ്യം സമ്പൂര്‍ണ അറിവാണ്. അദൃശ്യം അറിഞ്ഞാല്‍ ദൃശ്യമായ അറിവില്‍ അമളി പറ്റുകയില്ല എന്ന് വിവക്ഷ.
”അദൃശ്യജ്ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരില്ല. എങ്കിലും അല്ലാഹു (അതിന്ന്) അവന്റെ ദൂതന്മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ തിരഞ്ഞെടുക്കും” (ആലുഇംറാന്‍ 179).
ഖുര്‍ആന്‍ നിഷേധികളായ ചില നവീന വാദികള്‍ പറയുന്നത് അദൃശ്യം അറിയിച്ചുകൊടുക്കുവാന്‍ ജിന്നുകള്‍ ജോത്സ്യന്മാരെയും ജിന്നുപൂജകന്മാരെയും സാഹിറന്മാരെയും തിരഞ്ഞെടുത്ത് അദൃശ്യം അറിയിച്ചുകൊടുക്കും എന്നാണ്. ഈ വാദം ഖുര്‍ആനിന്ന് വിരുദ്ധമാണ്. യഅ്ഖൂബ് നബി(അ)യെ സംബന്ധിച്ച് മകന്‍ യൂസുഫിന് സംഭവിച്ച കാര്യങ്ങളും ആ കുട്ടി എവിടെയുണ്ടായിരുന്നുവെന്ന് മനസ്സിലാക്കുന്ന കാര്യവും മറ്റും അദൃശ്യമായിരുന്നു. ഈസാനബിയെ സംബന്ധിച്ച് ജനങ്ങള്‍ അവരുടെ വീട്ടില്‍ സൂക്ഷിച്ചുവെച്ച വസ്തുക്കള്‍ അദൃശ്യവസ്തുക്കളായിരുന്നു. ജൂതസ്ത്രീ ആട്ടിന്റെ മാംസത്തില്‍ വിഷം കലര്‍ത്തിയത് മുഹമ്മദ് നബിക്ക് അദൃശ്യകാര്യമായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ ഉഹ്ദ് മലയുടെ പിന്നിലൂടെ ഖാലിദ്(റ) ഒരു സൈന്യത്തെയുമായി വരുന്നത് അദൃശ്യകാര്യമായിരുന്നു. എന്നാല്‍ മേല്‍ പറഞ്ഞ വാദക്കാര്‍ക്ക് ഇവ അദൃശ്യമല്ല. കാരണം ജിന്നുകള്‍ക്ക് ഇവയെല്ലാം അവരെ ആരാധിക്കുന്നവര്‍ക്ക് അറിയിച്ചുകൊടുക്കുവാന്‍ സാധിക്കുന്നതാണ് എന്നാണ് ഇവര്‍ പറയുന്നത്.
”നീ പറയുക: ആകാശങ്ങളില്‍ ഉള്ളവരും ഭൂമിയില്‍ ഉള്ളവരും അദൃശ്യം അറിയുകയില്ല. അവര്‍ എന്നാണ് പുനര്‍ജീവിപ്പിക്കപ്പെടുകയെന്നും അവര്‍ക്ക് ഗ്രഹിക്കുവാന്‍ സാധ്യമല്ല.” (സൂറതുന്നംല് 65).
ഈ സൂക്തത്തെ വ്യാഖ്യാനിച്ച് ഇമാം റാസി(റ) എഴുതുന്നു: ”തീര്‍ച്ചയായും അദൃശ്യജ്ഞാനവുമായി അല്ലാഹു പ്രത്യേകമാക്കപ്പെടുന്നു” (20:211). തഫ്‌സീര്‍ ബൈദ്വാവിയില്‍ പറയുന്നു: ”പരിപൂര്‍ണമായ കഴിവുകൊണ്ടും പൊതുവായി എല്ലാറ്റിനും മികച്ചു നില്ക്കുന്ന കഴിവുകൊണ്ടും അല്ലാഹുവിന്റെ പ്രത്യേകത പറഞ്ഞപ്പോള്‍ അതിനോട് അനിവാര്യമായ വിശേഷണം പറയുകയാണ്. അത് അദൃശ്യജ്ഞാനവുമായി അല്ലാഹു ഏകനാവുക എന്നതാണ്.” (പേജ് 507)
അല്ലാഹുവിനെ സംബന്ധിച്ച് അദൃശ്യം എന്ന ഒന്നില്ല. മനുഷ്യനെ സംബന്ധിച്ചാണ് അദൃശ്യം ഉള്ളത്. മലക്ക്, ജിന്ന് പോലെയുള്ള അവന്റെ സര്‍വ സൃഷ്ടികളെ സംബന്ധിച്ചും അദൃശ്യം ഉണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനസ്സിലാക്കുന്നതിന് അദൃശ്യം എന്ന് പറയുകയില്ല. ഒരു കോഴിക്കൂട്ടില്‍ നിന്ന് കോഴിയുടെ കരച്ചില്‍ കേട്ടാല്‍ ആ കൂട്ടില്‍ കോഴിയുണ്ടെന്ന് മനസ്സിലാക്കല്‍ അദൃശ്യമല്ല. അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ബുദ്ധി കൊണ്ടു ഗ്രഹിക്കലും അദൃശ്യമല്ല. മുറിക്കുന്ന കൊമ്പ് മുറിച്ചാല്‍ താഴെ വീഴുമെന്നതും അദൃശ്യജ്ഞാനമല്ല.
എന്റെ ഒരു വസ്തു നഷ്ടപ്പെട്ടാല്‍ ആ വസ്തു എന്നെ സംബന്ധിച്ച് അദൃശ്യമാണ്. എനിക്ക് എന്റെ നഷ്ടപ്പെട്ട വസ്തു ഗ്രഹിക്കുവാനുള്ള മാര്‍ഗം ദൃശ്യമായ മാര്‍ഗം മാത്രമാണ്. ഒരു പിശാചും അത് പറഞ്ഞുതരില്ല. പിശാചും മലക്കും അദൃശ്യ സൃഷ്ടികളാണ്. അതിനാല്‍ അവര്‍ പറഞ്ഞു തരിക എന്നത് അദൃശ്യ മാര്‍ഗത്തിലൂടെ ഗ്രഹിക്കലാണ്.
അദൃശ്യ മാര്‍ഗത്തിലൂടെ അദൃശ്യം അറിയാന്‍ നബിമാര്‍ക്ക് മാത്രം വഹ്‌യിലൂടെ സാധിക്കുന്നതാണ്. വഹ്‌യ് അവര്‍ക്ക് ലഭിക്കാത്ത പക്ഷം അതുസാധ്യവുമല്ല. ഇതുകൊണ്ടാണ് തന്റെ പ്രിയപുത്രന്‍ യൂസുഫ് നഷ്ടപ്പെട്ടതു ഗ്രഹിക്കുവാന്‍ യഅ്ഖൂബ് നബി(സ)ക്ക് സാധിക്കാതെ വന്നതും ഒട്ടക കൂടാരത്തിന്റെ ഉള്ളില്‍ പ്രിയ പത്‌നി ഇല്ലാത്ത കാര്യം ഗ്രഹിക്കുവാന്‍ നബി(സ)ക്ക് സാധിക്കാതെ വന്നതും. എന്റെ നഷ്ടപ്പെട്ട വസ്തു എന്നെ സംബന്ധിച്ച് അദൃശ്യമാണ്. അത് ദൃശ്യത്തിലൂടെ മനസ്സിലാക്കിയ വ്യക്തിയെ സംബന്ധിച്ച് അത് അദൃശ്യകാര്യമല്ല.
സൃഷ്ടികള്‍ക്ക് അല്ലാഹു അറിയിച്ചുകൊടുക്കുന്ന അദൃശ്യം, തീരെ അറിയിച്ചുകൊടുക്കാത്ത അദൃശ്യം എന്നിങ്ങനെ  അദൃശ്യത്തെ രണ്ടായി ഭാഗിക്കാം എന്ന് മാത്രം. നബിമാര്‍ അല്ലാത്തവരെ സംബന്ധിച്ച് അദൃശ്യം അറിയാനുള്ള മാര്‍ഗം ദൃശ്യമായ മാര്‍ഗം മാത്രമാണ്. എന്റെ നഷ്ടപ്പെട്ട വസ്തു അറിയുവാന്‍  വേണ്ടി ഞാന്‍ ഒരു ശൈഖിനെയോ ഒരു പിശാച് പൂജകനെയോ ഒരു സാഹിറിനെയോ ഒരു ജ്യോത്സ്യനെയോ ഒരു വലിയ്യിനെയോ ഒരു ജിന്ന് ബീവിയെയോ സമീപിക്കല്‍ ശിര്‍ക്കാണ്.
ഒരു പൊലീസ് ഉദ്യോഗസ്ഥനെ സമീപിക്കല്‍ ശിര്‍ക്കല്ല. ഇത് ദൃശ്യമായ മാര്‍ഗത്തിലൂടെ കണ്ടുപിടിക്കും എന്ന ഉദ്ദേശത്തിലാണ്. ജീവിതകാലത്ത് നബി(സ)യെ സമീപിക്കുകയാണെങ്കില്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ വഹ്‌യിലൂടെ അറിയിച്ചുകൊടുക്കും എന്ന ഉദ്ദേശമാണെങ്കില്‍ ശിര്‍ക്കല്ല. അദൃശ്യം അറിയുവാനുള്ള കഴിവ് നബി(സ) ക്ക് ഉണ്ടെന്ന് വിചാരിച്ചാണെങ്കില്‍ അതു ശിര്‍ക്കാണ്. ഇല്‍ഹാമ് അറിവല്ല. ഖലീഫ അബൂബക്കറിനും ഉമറിനും(റ) ഉണ്ടാകുന്ന ഇല്‍ഹാമ് പോലും. വഹ്‌യ് മാത്രമാണ് അറിവ്.