Tuesday
19
June 2018

ദളിതരുടെ തൊലിയുരിയുന്ന ഗോസംരക്ഷകര്‍

Shabab Webadmin

സംഘപരിവാരത്തിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളായ ദളിതുകള്‍ക്ക് രക്ഷയില്ലാത്ത സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. അടുത്തിടെയായി ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് കടുത്ത ദളിത് പീഡന വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ ഉഹയില്‍ ചത്ത പശുവിന്റെ തുകല്‍ പൊളിച്ചെടുത്തുവെന്നാരോപിച്ച് ഒരു ദളിത് യുവാവിനെ ക്രൂരപീഡനത്തിനിരയാക്കിയ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് അടുത്ത ദിവസമാണ്. ചത്ത പശുവിന്റെ തുകല്‍ ഉരിഞ്ഞതിന്റെ പേരില്‍ മോത സഖ്യാല ഗ്രാമത്തില്‍ നാലു ദളിത് യുവാക്കളെ ക്രൂരമായി അടിച്ച് തൊലിയുരിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മോദി അധികാരത്തില്‍ വന്ന ശേഷം ദളിത് പീഡനങ്ങള്‍ കുതിച്ചുയരുന്നുവെന്നാണ് ഈ സംഭവങ്ങള്‍ വിളിച്ചറിയിക്കുന്നത്. 2013-14 കാലത്ത് ദളിത് അക്രമങ്ങളില്‍ 19 ശതമാനം വര്‍ധന ഉണ്ടായതായി രാജ്യസഭയില്‍ സീതാറാം യച്ചൂരി ചൂണ്ടിക്കാണിക്കുകയുണ്ടായി.
രാജ്യത്തെ ദളിതുകള്‍ പശുവിനെ ദൈവസ്ഥാനത്തു കാണുകയോ മാതാവായി പരിഗണിക്കുകയോ ചെയ്യുന്നില്ല. അവരെ സംബന്ധിച്ച് ഗോക്കള്‍ അവരുടെ ഉപജീവന മാര്‍ഗമാണ്. ഇന്ത്യ ഗോംമാംസം കയറ്റിഅയക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ്. മാത്രമല്ല, തുകല്‍ പണി ചെയ്യുന്ന ലക്ഷണക്കിന് ദളിതുകള്‍ നമ്മുടെ രാജ്യത്തുണ്ട്. കറവ വറ്റിയ വാവാലിപ്പശുക്കളെ ആഹരം കൊടുത്ത് വളര്‍ത്താനുള്ള ശേഷിയില്ലാത്തവര്‍, അതിനെ മാംസാവശ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാരത്തിന്റെ തണലില്‍ രൂപം കൊണ്ട ഗോസംരക്ഷണ പ്രസ്ഥാനക്കാര്‍, ഗോവിനെ കൊല്ലാന്‍ അനുവദിക്കുന്നില്ല. അതിനെ ദളിത് കര്‍ഷകരില്‍ നിന്ന് വില കൊടുത്ത് വാങ്ങി സംരക്ഷിക്കുകയും ചെയ്യുന്നില്ല. പകരം, കൊല്ലുകയോ ചാവുകയോ ചെയ്യുന്ന ഗോക്കളുടെ തുകല്‍ ഊരിയെടുക്കുന്ന ദളിത്, ആദിവാസികളെ അതികഠിനമായി മര്‍ദിക്കുകയാണ് ചെയ്യുന്നത്. പശുക്കളെ സംരക്ഷിക്കാനെന്ന പേരില്‍ പച്ചമനുഷ്യനെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന വിരോധാഭാസം ഇന്ത്യയിലല്ലാതെ ലോകത്ത് മറ്റൊരിടത്തും ഉണ്ടാകാനിടയില്ല.
ഗോവധം മാത്രമല്ല, ദളിത് പീഡനങ്ങളുടെ കാരണം. വര്‍ണാശ്രമ ധര്‍മത്തില്‍ വിശ്രമിക്കുന്ന ഉന്നത ജാതിക്കാര്‍, ദളിതുകളെ നീചരും മ്ലേച്ഛരുമായി കാണുന്നതാണ് പ്രധാന പ്രശ്‌നം. ഗോമാതാക്കളാണ്, നീചരായ ഈ മനുഷ്യരേക്കാള്‍ അവര്‍ക്ക് ആദരണീയം. ദളിത് പീഡനത്തിലേര്‍പ്പെടുന്ന സവര്‍ണ ജാതിക്കാരുടെ മനോഭാവത്തില്‍ ഈ ജാതിവെറി പ്രകടമാണ്. മേല്‍ജാതിക്കാരുടെ പീഡനത്തില്‍ മനം നൊന്ത് ഹരിയാനയിലെ ഹിസാറില്‍ നൂറോളം കുടുംബങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു. ജാട്ടുകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടി 45 കുടുംബങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ വിശ്വഹിന്ദു പരിഷത്ത് അവരെ ഭീഷണപ്പെടുത്തുകയും മതം മാറ്റുകയുമാണ് ചെയ്തത്. തമിഴ് നാട്ടിലെ നാഗപട്ടണത്തുനിന്ന്, മേല്‍ജാതിക്കാര്‍ തങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നില്ലെന്നാരോപിച്ച 250 ദളിത് കുടുംബങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ പോകുന്നതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദില്‍, ദളിതുകള്‍ സംഘടിച്ച് തങ്ങളുടെ ആത്മരക്ഷക്കുവേണ്ടി പൊരുതാന്‍ തീരുമാനിച്ചിരിക്കുന്നു. ആയിരങ്ങള്‍ പങ്കെടുത്ത ഒരു പ്രകടനം അവിടെ നടക്കുകയുണ്ടായി. രാജ്യത്തിന്റെ സര്‍വകലാശാലകളില്‍ ദളിത് യുവാവായ രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് പ്രതിഷേധം അലയടിക്കുന്നുണ്ട്. സാഹചര്യം ഇത്രയേറെ വഷളായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദളിതുകള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ക്കെതിരെ വാതുറക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ദളിതുകളെ ആക്രമിക്കാന്‍ തുനിയുന്നവര്‍ തന്നെ ആക്രമിച്ചുകൊള്ളട്ടെ എന്നു പറഞ്ഞ അദ്ദേഹം, ചില വ്യാജ ഗോസംരക്ഷകരാണ് കുഴപ്പമുണ്ടാക്കുന്നതെന്നു തുറന്നടിച്ചിരിക്കുന്നു. വാസ്തവത്തില്‍, വി എച്ച് പി, ആര്‍ എസ് എസ്, ബജ്‌റംഗ്ദള്‍ തുടങ്ങിയ ഹിന്ദുത്വപരിവാര്‍ സംഘടനകളാണ് ഗോസംരക്ഷണത്തിന്റെ മുന്‍നിരപ്പോരാളികള്‍ എന്ന് ആര്‍ക്കാണറിയാത്തത്. സംഘപരിവാര സംഘടനകള്‍ ഗോസംരക്ഷണത്തിന്റെ മറവില്‍ ദളിതുകളെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്നതില്‍ നിന്ന് പിന്മാറുകയാണ് വേണ്ടത്. അതിന് അവരെ പ്രേരിപ്പിക്കാനാകട്ടെ പ്രധാനമന്ത്രിയുടെ ശ്രമം.