Saturday
21
July 2018

അറബി ഭാഷാ പ്രേമികള്‍ക്ക് ഒരു വിശിഷ്‌ടോപഹാരം

Shabab Webadmin

ഭാഷയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനിവാര്യമായ ഒരു സാമഗ്രിയാണ് നിഘണ്ടു. നിരവധി രാഷ്ട്രങ്ങളിലെ കോടിക്കണക്കിലുള്ള ജനങ്ങളുടെ സംസാരഭാഷയും ലോകത്തെങ്ങുമുള്ള മുസ്‌ലിംകളുടെ മതഭാഷയും ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഒരു പ്രമുഖ ലോക ഭാഷയുമായ അറബി, ഒരു പക്ഷെ ലോകത്തിലെ മറ്റേതൊരു ഭാഷയേക്കാളുമേറെ നിഘണ്ടുക്കള്‍ കൊണ്ട് സമ്പന്നമാണ്. അറബിയും ലോകത്തിലെ എല്ലാ ഭാഷകളും തമ്മിലുള്ള വൈവിധ്യമാര്‍ന്ന ബഹുഭാഷാ ഡിക്ഷനറികളും ആയിരക്കണക്കിന് ലഭ്യമാണ്.
കേരളത്തിലെ ചിരപുരാതനവും വിപുലവുമായ അറബി ഭാഷാ സ്വാധീനത്തിനും പ്രചാരത്തിനും ആനുപാതികമായി ബൃഹത്തും ആധികാരികവുമായ ഒരു അറബി-മലയാളം നിഘണ്ടുവിന്റെ അഭാവം ഇവിടെ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒന്നിലധികം ചെറിയ ഡിക്ഷണറികള്‍ ലഭ്യമാെണന്ന കാര്യം മറക്കുന്നില്ല. അക്കൂട്ടത്തില്‍ താരതമ്യേന നല്ല നിലവാരം പുലര്‍ത്തുന്നത് പ്രഗത്ഭ പണ്ഡിതന്മാരായ പ്രൊഫ. വി മുഹമ്മദ് സാഹിബും  അബുസ്സ്വലാഹ് മൗലവിയും ചേര്‍ന്ന് രചിച്ച അല്‍മന്‍ഹല്‍ അറബി- മലയാളം ഡിക്ഷണറിയാണ്. എന്നാല്‍ അവയെല്ലാം തന്നെ കുറെ പഴയതാണ്. അതുകൊണ്ടുള്ള പരിമിതികളും പോരായ്മകളും സ്വാഭാവികമായും അവയ്ക്കുണ്ടാകും. ഈ പോരായ്മ ഒരളവോളം നികത്താന്‍ പര്യാപ്തമായ ഒരു നിഘണ്ടുവായാണ് ഈയടുത്ത് പ്രകാശനം ചെയ്യപ്പെട്ട, പ്രഗത്ഭ അറബി പണ്ഡിതന്‍ കെ പി എഫ് ഖാന്‍ രചിക്കുകയും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുകയും ചെയ്ത ‘ഐ പി എച്ച് അറബി-മലയാള ശബ്ദകോശം.’
വിവിധ ശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ട് അറബി ഭാഷയില്‍ രൂപം കൊണ്ട ധാരാളം നവീന പദങ്ങളും സംജ്ഞകളും മറ്റും അവയുടെ സമാനാര്‍ഥമുള്ള മലയാള പദങ്ങളും ഇവയിലുണ്ട്. അതുപോലെ സാമൂഹിക-നാഗരിക വികാസ പരിണാമങ്ങളുടെ ഫലമായി അറബി ഭാഷയില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ആധുനിക പദങ്ങളും പ്രയോഗങ്ങളും മലയാളത്തില്‍ അവയുടെ സമാന പദങ്ങളോടൊപ്പം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉദാഹരണമായി, പഴയ അറബി-മലയാള നിഘണ്ടുകളില്‍ കാണാനിടയില്ലാത്ത ഔലമ (ആഗോളവത്കരണം), അല്‍മാനിയ്യ (മതേതരത്വം) തുടങ്ങിയ പദങ്ങള്‍. കൃത്യമായി പറഞ്ഞാല്‍ ഇത് ഒരു അറബി-മലയാള ദ്വിഭാഷാ ശബ്ദകോശമല്ല, അതിലുപരി ഒരു അറബി-മലയാളം ത്രിഭാഷാ നിഘണ്ടുവാണ്. അതായത് മിക്കവാറും അറബി പദങ്ങള്‍ക്കും ആദ്യം അറബിയില്‍ തന്നെ അര്‍ഥം കൊടുത്തതിന് ശേഷമാണ്, തത്തുല്യമായ മലയാള പദങ്ങള്‍ കൊടുത്തിരിക്കുന്നത്.
ശുദ്ധ അറബി ഭാഷയുടെ പ്രഥമ മാതൃകയായ വിശുദ്ധ ഖുര്‍ആനിന് അതര്‍ഹിക്കുന്ന പ്രാധാന്യം നല്കിയിട്ടുണ്ട് എന്നതാണ് ഈ ഡിക്ഷ്ണറിയുടെ മറ്റൊരു പ്രത്യേകത. പല അറബി പ്രയോഗങ്ങള്‍ക്കും ശൈലികള്‍ക്കും ഖുര്‍ആനിലെ ആയത്തുകള്‍ ഉദാഹരണങ്ങളായി കൊടുക്കുന്നുണ്ട്. ഉദാഹരണമായി, നിഘണ്ടുവിന്റെ ആരംഭത്തില്‍ തന്നെ ഹംസത്തു ഇസ്തിഫ്ഹാമി (ചോദ്യവാചിയായ ഹംസ) പ്രയോഗത്തിന് തെളിവായി ഖുര്‍ആനിലെ അഫബിനിഅ്മത്തില്ലാഹി യജ്ഹദൂന്‍ (ദൈവാനുഗ്രഹത്തെയാണോ അവര്‍ തള്ളിപ്പറയുന്നത്?) എന്ന സൂക്തം  ഉദ്ധരിച്ചിരിക്കുന്നു. തുടര്‍ന്നങ്ങോട്ട് നിരവധി സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ വാക്യങ്ങളും പ്രയോഗങ്ങളും ഉദ്ധരിച്ചതായി കാണാം.
മറ്റൊരു സവിശേഷത, അറബി ഭാഷയിലെ പഴമൊഴികള്‍ക്കും ചൊല്ലുകള്‍ക്കും തത്തുല്യമായ മലയാള പ്രയോഗങ്ങളും ആപ്തവാക്യങ്ങളും മറ്റും കൊടുക്കുന്നു എന്നതാണ്. ഒരുദാഹരണം. ‘ഫിത്തഅന്നിസ്സലാമ: വഫില്‍ അജലത്തിന്നദാമ: അവധാനതയില്‍ സുരക്ഷയുണ്ട്, ധൃതിയില്‍ ഖേദവും (സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട,’ ‘അടക്കമില്ലാക്കിളി അടുപ്പില്‍ പോകും)
ഒരു ദ്വിഭാഷാ /ത്രിഭാഷാ/ നിഘണ്ടു രചിക്കുകയെന്നത് ക്ഷിപ്രസാധ്യമായ ഒരു കാര്യമല്ല. ബന്ധപ്പെട്ട ഭാഷകളില്‍, ആഴവും പരപ്പുമുള്ള പാണ്ഡിത്യം, അവ പ്രതിനിധീകരിക്കുന്ന സംസ്‌കാരങ്ങളെക്കുറിച്ചുള്ള നല്ല അവബോധം, ലോകഭാഷയായ ഇംഗ്ലീഷിലുള്ള പരിജ്ഞാനം, വിപുലമായ പൊതു വിജ്ഞാനം, കഠിനാധ്വാന ശീലം തുടങ്ങിയ നിരവധി യോഗ്യതകള്‍ സ്വായത്തമാക്കിയിട്ടുള്ള ഭാഷാ വിദഗ്ധന്മാര്‍ക്ക് മാത്രമേ അത് വിജയകരമായി നിര്‍വഹിക്കാന്‍ കഴിയൂ. ഏറെക്കുറെ ഈ ഗുണങ്ങള്‍ സ്വന്തമായുള്ള ഒരു പണ്ഡിതനാണ് ഈ നിഘണ്ടുവിന്റെ രചയിതാവായ കെ പി എഫ് ഖാന്‍ എന്ന പേരിലറിയപ്പെടുന്ന കൊച്ചു പുരയില്‍ ഫരീദുദ്ദീന്‍ ഖാന്‍.
എന്നാല്‍ ഈ ഗ്രന്ഥം പൂര്‍ണമായി കുറ്റമറ്റതും അന്യൂനവുമാണെന്ന് പറയുന്നില്ല. സൂക്ഷ്മ പരിശോധന നടത്തിയാല്‍, അപൂര്‍വം ചില തെറ്റുകളും പോരായ്മകളും കണ്ടേക്കാം. എന്നാല്‍, അതൊന്നും ഈ ഗ്രന്ഥത്തിന്റെ പ്രകടമായ പ്രയോജന ക്ഷമതയെയും വൈജ്ഞാനിക മൂല്യത്തെയും പ്രതികൂലമായി ബാധിക്കാന്‍ മാത്രം ഗൗരവമുള്ളതാണെന്ന് തോന്നുന്നില്ല.