Tuesday
19
June 2018

ചിലന്തി വലകള്‍ സൂക്ഷിക്കുക

Shabab Webadmin

കേരളത്തില്‍ നിന്ന് ‘ശുദ്ധ ഇസ്‌ലാമിക ജീവിതം’ തേടി യാത്രയായവരെ കുറിച്ചുള്ള ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്ക്കുകയാണ്. അവര്‍ എവിടെയാണെന്നതു സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അതിനിടെ അവര്‍ ഇടക്കിടെ ചില സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആ സന്ദേശങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്തതാണ് അന്വേഷണ വിഭാഗത്തെ വഴിതെറ്റിക്കുന്ന ഒരു വിഷയം. മറ്റൊന്ന് ചില സന്ദേശങ്ങള്‍ വായിച്ച ഉടനെ മാഞ്ഞുപോകുന്നു എന്നതും. ഇത് അര്‍ഥമാക്കുന്നത് സാങ്കേതിക വിദ്യ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ മിടുക്കുള്ളവരാണ് നാടുവിട്ടു പോയവര്‍ എന്നാണ്. അല്ലെങ്കില്‍, അവരെ സഹായിക്കാന്‍ അവരുള്ള കേന്ദ്രങ്ങളില്‍ സാങ്കേതിക വിദ്വാന്മാര്‍ ഉണ്ടായിരിക്കാം. കേരളത്തില്‍ നിന്ന് പോയ ഇരുപത്തൊന്നു പേരില്‍ ചിലര്‍, ചില സ്ഥാപനങ്ങളില്‍ ഐ ടി മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അവരില്‍ പലരും ബാഹ്യ കേന്ദ്രങ്ങളുമായി ഓണ്‍ലൈന്‍ ബന്ധം സ്ഥാപിച്ചിരുന്നതായും സ്ഥീരീകരിച്ചിട്ടുണ്ട്.
ഐ എസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുമായും ശ്രീലങ്കയിലും യമനിലും മറ്റുമുള്ള ആത്മീയ തീവ്രവാദ കേന്ദ്രങ്ങളുമായും ഓണ്‍ലൈനില്‍ രഹസ്യബന്ധമുള്ള നിരവധി മലയാളികളുണ്ടെന്ന സംശയം ഇതിനിടെ പ്രബലമായിട്ടുണ്ട്. കേരളത്തിലും ഗള്‍ഫു നാടുകളിലും ജീവിക്കുന്ന മലയാളികള്‍ ഇത്തരം നിഗൂഢ കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് സംശയം. അടുത്ത കാലത്തുണ്ടായ ഐ ടി വിപ്ലവം, ആത്മീയ തീവ്രവാദത്തെയും രാഷ്ട്രീയ തീവ്രവാദത്തെയും മാത്രമല്ല, യുക്തിശൂന്യമായ അന്ധവിശ്വാസങ്ങളെയും വളര്‍ത്തുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. കേരളത്തില്‍ മുജാഹിദ് സംഘടനകള്‍ക്കകത്ത് ജിന്ന് സേവ അടക്കമുള്ള അന്ധവിശ്വാസങ്ങള്‍ നുഴഞ്ഞു കയറിയത് ഓണ്‍ലൈന്‍ ബന്ധങ്ങള്‍ വഴിയാണ്. ജിന്നിറക്കല്‍, റുഖിയ ശറഇയ്യി തുടങ്ങിയ വിഷയങ്ങള്‍ സലഫിസത്തിന്റെ പേരില്‍ കേരളത്തില്‍ പ്രചരിച്ചത് വിവിധ വെബ്‌സൈറ്റുകളും ബ്ലോഗുകളും സോഷ്യല്‍ മീഡിയകളുടെ സൗകര്യങ്ങളും വഴിയാണ്. തത്സമയ സംശയ നിവാരണ സൗകര്യമുള്ള ചില സങ്കേതങ്ങള്‍ ഉപയോഗിച്ച് ഗള്‍ഫിലോ യമനിലോ ഇരിക്കുന്ന പണ്ഡിതന്മാര്‍ നല്കിയ ഫത്‌വകളാണ് കേരളത്തില്‍ ഒരു ‘ജിന്നു വിഭാഗ’ത്തെ തന്നെ സൃഷ്ടിച്ചെടുത്തത്.
അന്ധവിശ്വാസങ്ങള്‍ക്കു പുറമെ, അതീവ യാഥാസ്ഥിതികമായ ആശയ പ്രചാരണങ്ങള്‍ക്കും രംഗമൊരുക്കിയത് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ തന്നെ. ഗള്‍ഫ് രാജ്യങ്ങളിലെ പള്ളികളിലും മറ്റും നടക്കുന്ന മലയാളത്തിലുള്ള പ്രഭാഷണങ്ങള്‍, അവിടെയുള്ള ശ്രോതാക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന പ്രസംഗങ്ങള്‍ തത്സമയവും പിന്നീട് വെബ്‌സൈറ്റുകള്‍ മുഖേനയും ലഭ്യമായിത്തുടങ്ങിയത്, വലിയ അപകടാവസ്ഥ ഉണ്ടാക്കുന്നുണ്ട്. സന്ദര്‍ഭവും സാഹചര്യവും പരിഗണിക്കാതെ തങ്ങളുടെ ആദരണീയ ശൈഖുമാരുടെ പ്രസംഗങ്ങള്‍ അണ്ണാക്കു തൊടാതെ വിഴുങ്ങുന്ന അനുയായി വൃന്ദമാണ് മുരട്ടുവാദികളായി മാറുന്നത്. കര്‍മശാസ്ത്ര വിഷയങ്ങള്‍ മുതല്‍ രാഷ്ട്രീയ വിഷയങ്ങള്‍ വരെ പടര്‍ന്നുകിടക്കുന്ന അനേകം ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും ടെക്സ്റ്റ്, ഓഡിയോ, വീഡിയോകള്‍ ഓണ്‍ലൈനില്‍ ഉണ്ട്. ആത്മീയ തീവ്രതയുടെ മത്തു പിടിച്ചവരെ വഴിതെറ്റിക്കാന്‍ വേറെ ഒന്നും ആവശ്യമില്ല തന്നെ!
മതേതര, ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥ മുസ്‌ലിം വിരുദ്ധമാണെന്നും അവിടം വിട്ട് ‘സുരക്ഷിത ഇസ്‌ലാമിക രാജ്യം’ തേടി യാത്ര പോകണമെന്നും ബോധിപ്പിക്കുന്ന ധാരാളം പേജുകളും ഓഡിയോകളും ഇപ്പോഴും ചില വെബ്‌സൈറ്റുകളിലുണ്ട്. വലിയ പണ്ഡിതന്മാരെ ഉദ്ധരിച്ചാണതുള്ളത്. പലപ്പോഴും അത്തരം ‘ഫത്‌വകള്‍’ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്നവയാണ്. എന്നാല്‍, അക്കാര്യം സാധാരണക്കാരായ സൈറ്റ് സന്ദര്‍ശകര്‍ അറിയണമെന്നില്ല. ജിഹാദിനെ തെറ്റായി അവതരിപ്പിക്കുന്ന നിരവധി സൈറ്റുകളുമുണ്ട്. ഐ എസ് പോലുള്ള തീവ്ര സംഘങ്ങളിലേക്ക് യുവാക്കളെ പാകപ്പെടുത്താന്‍ വേണ്ട വിഭവങ്ങളാണ് ഇതിലധികവും. ചില ഖുര്‍ആന്‍-ഹദീസ് വചനങ്ങളെ, യഥാര്‍ഥ സന്ദര്‍ഭത്തില്‍ നിന്ന് വെട്ടിയെടുത്ത് വ്യാഖ്യാനിക്കുകയാണ് ഈ പേജുകളില്‍. ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നതിനോട് അറപ്പും വെറുപ്പും ഉളവാക്കുന്നതും, ബഹുസ്വരതയ്ക്കുവേണ്ടി വാദിക്കുന്നവരെ പുച്ഛിക്കുന്നതുമായ ബ്ലോഗുകളും സൈറ്റുകളും ഒട്ടേറെ. എതിരാളികളെ ആക്രമിക്കുന്നതിലോ വിമര്‍ശിക്കുന്നതിലോ ഇസ്‌ലാമികമായി യാതൊരു  മര്യാദയും പുലര്‍ത്താത്തവരാണ്, ഈ ഓണ്‍ലൈന്‍ പ്രബോധകന്മാരില്‍ കൂടുതലും. ആത്മീയ തീവ്രതയിലേക്കും നവസലഫിസത്തിലേക്കുമുള്ള പോക്കിന് തടയിടാന്‍ ആദ്യം വേണ്ടത്, ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളെ നിയന്ത്രിക്കുകയാണ്. അത്തരം ചിലന്തി വലകളില്‍ അകപ്പെടാതെ പുതിയ തലമുറയെ തടുത്തു നിര്‍ത്താന്‍ മതരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഉണരേണ്ടിയിരിക്കുന്നു.