Monday
25
September 2017

പിശാചിന്റെ വസ്‌വാസും അദൃശ്യമായ ഉപദ്രവവും

Shabab Webadmin

അദൃശ്യമായ രീതിയില്‍ അല്ലെങ്കില്‍ അഭൗതികമായ രീതിയില്‍ ഉപദ്രവവും ഉപകാരവും ചെയ്യുവാന്‍ അല്ലാഹുവിന്ന് മാത്രമേ സാധിക്കുകയുള്ളൂ. ഇതു തൗഹീദിന്റെ ഒരു ഉദ്ദേശ്യമാണ്. അദൃശ്യവും അഭൗതികവുമായ നിലക്ക് ഭയപ്പെടുവാനും പ്രതീക്ഷ അര്‍പ്പിക്കുവാനും അല്ലാഹുവില്‍ മാത്രമേ പാടുള്ളൂ. ഇതു തൗഹീദിന്റെ ഒരു പ്രധാന ഘടകമാണ്. അല്ലാഹു അല്ലാതെ ആരാധ്യനില്ല (ലാഇലാഹ ഇല്ലല്ലാഹു) എന്ന് പറഞ്ഞ ഉടനെ അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍ എന്ന് വിശുദ്ധ ഖുര്‍ആനില്‍ നിര്‍ദേശിക്കുമ്പോള്‍ അദൃശ്യമായ ഭയമാണ് വിവക്ഷ. അദൃശ്യത്തിലൂടെ പരമകാരുണികനെ ഭയപ്പെടുക. തങ്ങളുടെ റബ്ബിനെ ഭയപ്പെടുക എന്ന് വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ അല്ലാഹു അല്ലാത്തവരെ ഭയപ്പെടുവാന്‍ (ഉദാ: ശത്രുക്കള്‍, കപട വിശ്വാസികള്‍) ഖുര്‍ആന്‍ കല്പിക്കുന്നുണ്ടെങ്കിലും അദൃശ്യത്തിലൂടെ ഭയപ്പെടുവാന്‍ അല്ലാഹുവിനെ മാത്രമാണ് കല്പിക്കുന്നത്.
സര്‍പ്പശാപം, ശകുനം, നഹ്‌സ് ഇവയെല്ലാം അദൃശ്യഭയം ഉണ്ടാക്കുന്നവയാണ്. അതിനാല്‍ ഇവയെല്ലാം ശിര്‍ക്കാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. വാളിനെയും കുന്തത്തെയും ഭയപ്പെടുന്നതും ഇവ നിര്‍മിക്കുന്നതും ശിര്‍ക്കാണെന്ന് നബി(സ) അരുളിയില്ല. എന്നാല്‍ സിഹ്‌റ് അദൃശ്യഭയം മനുഷ്യരില്‍ ഉണ്ടാക്കുന്നതിനാല്‍ സിഹ്‌റ് ചെയ്യുന്നവന്‍ ശിര്‍ക്കു ചെയ്തുവെന്ന് നബി(സ) അരുളി (നസ്സാഇ) മുകളില്‍ വിവരിച്ച ഇസ്‌ലാമിലെ ഏക ദൈവ വിശ്വാസത്തെ തകര്‍ക്കുവാന്‍ വേണ്ടി ജിന്നുവാദികള്‍ നമ്മോട് ചോദിക്കുന്ന ചോദ്യം ഇപ്രകാരമാണ്. പിശാചിന്റെ വസ്‌വാസിനെയും വസ്‌വാസിലൂടെ അവന്‍ ഉണ്ടാക്കുന്ന ഉപദ്രവത്തെയും നാം ഭയപ്പെടുന്നു. പിശാചിന്റെ വസ്‌വാസ് അദൃശ്യമല്ലേ? അപ്പോള്‍ അദൃശ്യത്തിലൂടെ പിശാചിന്റെ വസ്‌വാസിനെ ഭയപ്പെടല്‍ ശിര്‍ക്കല്ലേ? പിശാച് രോഗമുണ്ടാക്കും. ശാരീരികമായി ഉപദ്രവിക്കും എന്ന് ഭയപ്പെടല്‍ മാത്രമാണോ ശിര്‍ക്ക്? ഒന്ന് ശിര്‍ക്കല്ലെങ്കില്‍ മറ്റേതും ശിര്‍ക്കല്ല. ഒന്ന് ശിര്‍ക്കാണെങ്കില്‍ മറ്റേതും ശിര്‍ക്കാണ്? തൗഹീദിനെ ഈ ചോദ്യം കൊണ്ടു പരാജയപ്പെടുത്താം എന്നാണ് ഇവരുടെ വിചാരം. ഹൃദയത്തിലുള്ള രഹസ്യം അല്ലാഹുവിന് മാത്രമാണ് അറിയുക, അദൃശ്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ എന്ന് മുജാഹിദുകള്‍ പറയുമ്പോള്‍ യാഥാസ്ഥിതികര്‍ ചോദിക്കാറുണ്ട്. നന്മയും തിന്മയും രേഖപ്പെടുത്തുന്ന മലക്കുകള്‍ അറിയുകയില്ലേ? ഇതുപോലെയുള്ള ചോദ്യമാണ് ജിന്നുവാദികള്‍ ചോദിക്കുന്നതും. രണ്ടും കുബുദ്ധിയില്‍ നിന്നും ഇസ്‌ലാമിക തൗഹീദിനെ തകര്‍ക്കുവാന്‍ ഉത്ഭവിച്ച ചോദ്യങ്ങളാണ്. കുതന്ത്രങ്ങളാണ്. ഇത്തരം ചോദ്യങ്ങള്‍ കൊണ്ട് ഇസ്‌ലാമിലെ മൗലികതയും അടിസ്ഥാനപരവുമായ തത്വങ്ങളെ തകര്‍ക്കുവാന്‍ സാധ്യമല്ല എന്ന ഈ അല്പജ്ഞാനികള്‍ മനസ്സിലാക്കണം.
പിശാച് നമ്മുടെ മനസ്സില്‍ വസ്‌വാസ് ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. അതുമൂലം നമ്മെ ഉപദ്രവിക്കുവാന്‍ പിശാചിന്ന് അല്ലാഹു കഴിവ് നല്കിയിട്ടില്ല. നമ്മുടെ ദേഹേച്ഛയാണ് പിശാച് ഉണ്ടാക്കിയ വസ്‌വാസ് എടുത്തു നമ്മെ ഉപദ്രവിക്കുന്നത്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരു ഇരുമ്പ് പണിക്കാരന്‍(കൊല്ലന്‍) ഒരു കഠാരി ഉണ്ടാക്കി. ഈ കഠാരി എടുത്ത് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കുത്തിക്കൊല്ലുന്നു. ഇവിടെ കഠാരി ഉണ്ടാക്കുക മാത്രമാണ് ഇരുമ്പ് പണിക്കാരന്‍ ചെയ്യുന്നത്. മനുഷ്യനെ വധിച്ചതില്‍ ഇയാള്‍ക്ക് പങ്കില്ല. ഇതുപോലെ വസ്‌വാസ് ഉണ്ടാക്കുക മാത്രമാണ് പിശാച് ചെയ്യുന്നത്. അതുമൂലം ഉപദ്രവം ചെയ്യുന്നത് നമ്മുടെ ദേഹേച്ഛയാണ്. ദേഹേച്ഛയില്ലാത്ത വനില്‍ വസ്‌വാസിലൂടെ യാതൊരു തെറ്റും ചെയ്യിപ്പിക്കുവാന്‍ പിശാചിന് സാധ്യമല്ല. മനുഷ്യനെ കുത്തി വധിച്ചതിന് ശിക്ഷിക്കപ്പെടുക ഘാതകനാണ്. കഠാരി ഉണ്ടാക്കിയ ഇരുമ്പ് പണിക്കാരനല്ല. ഇതുപോലെ മനുഷ്യന്‍ തെറ്റ് ചെയ്തതിന്ന് ശിക്ഷിക്കപ്പെടുക മനുഷ്യന്‍ തന്നെയാണ്. പിശാചല്ല. ഇതുകൊണ്ടാണ് ഏറ്റവും വലിയ പിശാച് ദേഹേച്ഛയും അതിന്റെ ഉടമസ്ഥനായ മനുഷ്യനും തന്നെയാണെന്ന് ഇമാം റാസി(റ)യും ഇബ്‌നു ഹജറില്‍ അസ്ഖലാനിയും മറ്റും പറയുന്നത്. അല്‍മനാര്‍ മാസികയില്‍ ഇപ്രകാരം എഴുതുകയും ചെയ്തിട്ടുണ്ട്.
കാര്‍ ഓടിച്ചു പോകുന്നവര്‍ വളവിനെ ഭയപ്പെടണം എന്ന് നാം പറയാറുണ്ട്. ഇതു കാട്ടിലൂടെ നടക്കുന്നവന്‍ ആനയെയും പാമ്പിനെയും ഭയപ്പെടണം എന്ന് പറയുന്നതുപോലെയല്ല. വളവ് നമ്മെ ഉപദ്രവിക്കുകയില്ല. ആനയും പാമ്പും നമ്മെ ഉപദ്രവിക്കും. വളവില്‍ നാം അശ്രദ്ധ കാണിച്ചാല്‍ കാര്‍ മറിഞ്ഞ് അപകടം ഉണ്ടാകും. ഇവിടെ നമ്മെ ഉപദ്രവിക്കുന്നത് വളവല്ല. നമ്മുടെ അശ്രദ്ധയാണ്. അപ്പോള്‍ വളവിനെ ഭയപ്പെടണം എന്നതിന്റെ ഉദ്ദേശ്യം വളവില്‍ എത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണം എന്നതാണ്. ഇതുപോലെയാണ് പിശാചിന്റെ വസ്‌വാസിനെ ഭയപ്പെടണം എന്ന് പറയുന്നതും. വിശുദ്ധ ഖുര്‍ആനില്‍ പിശാചിനെ ഭയപ്പെടുവാന്‍ എവിടെയും പറയുന്നില്ല. പ്രത്യുത ഭയപ്പെടരുത് എന്നാണ് പറയുന്നത്. ഇനി വാദത്തിന് ഭയപ്പെടണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് ഊഹിക്കുക. എന്നാല്‍ തന്നെ ജാഗ്രത പുലര്‍ത്തുക എന്ന അര്‍ഥത്തിലാണ്. വളവിനെ വാഹനം ഓടിക്കുന്നവന്‍ ഭയപ്പെടണം എന്ന് പറയുന്നതുപോലെ ഒരു വസ്തുവില്‍ നിന്നുള്ള ഉപദ്രവത്തെ നാം ഭയപ്പെടാറുണ്ട്. ഒരു വസ്തു മുഖേന നമ്മുടെ അശ്രദ്ധ മൂലം ഉപദ്രവം ഉണ്ടാകുന്നതും നാം ഭയപ്പെടാറുണ്ട്. വഴുതുന്ന സ്ഥലത്തെ നാം ഭയപ്പെടുന്നത് പാമ്പിനെ ഭയപ്പെടുന്നതുപോലെയല്ല.
അതിനാല്‍ ദേഹേച്ഛയെയാണ് ഭയപ്പെടേണ്ടത്. പിശാചിനെയല്ല.  പിശാചിന്റെ വസ്‌വാസിനെ ഭയപ്പെടേണ്ടത് വളവിനെയും വഴുതുന്ന സ്ഥലത്തെയും അഗ്നിയെയും ഭയപ്പെടുന്നതുപോലെയാണ്. ഒരാള്‍ കൊല നടത്തിയാല്‍ പിശാചിനെ ശിക്ഷിക്കുകയില്ല. എന്നാല്‍ ഒരാളെ കൊണ്ടു മറ്റൊരാള്‍ കൊല ചെയ്യിപ്പിച്ചതാണെങ്കില്‍ അയാളെയും ശിക്ഷിക്കും. ഒരാള്‍ മദ്യപിച്ചാല്‍ പിശാചിനെ ശിക്ഷിക്കുകയില്ല. എന്നാല്‍ ഒരാളെ കൊണ്ട് മദ്യപിച്ചാല്‍ അയാള്‍ ശിക്ഷിക്കപ്പെടും. അപ്പോള്‍ കൊല നടത്തിപ്പിക്കുകയും മദ്യപിപ്പിക്കുകയും ചെയ്ത മനുഷ്യന്മാരുടെ പങ്കുപോലും പിശാചിനില്ല. പിശാച് ഇല്ലെങ്കിലും മനുഷ്യന്‍ തെറ്റ് ചെയ്യും. ദേഹേച്ഛയില്ലെങ്കില്‍ മനുഷ്യന്‍ തെറ്റ് പറയുകയില്ല.
പിശാച് ഉണ്ടാക്കുന്ന ദുര്‍മന്ത്രണവും വസ്‌വാസും തന്നെ വളരെ ദുര്‍ബലമാണ്. അല്ലാഹു എന്ന ചിന്തയുണ്ടായാല്‍ തന്നെ മേശപ്പുറത്തുനിന്ന് ആ കഠാരി അപ്രത്യക്ഷമാകും (സൂറ. അഅ്‌റാഫ് 201) ഇതുകൊണ്ടാണ് പിശാചിന്റെ കുതന്ത്രം വളരെ ദുര്‍ബലമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് (സൂറ: അന്നിസാഅ് 76). പിശാച് തന്നെയും ഈ യാഥാര്‍ഥ്യം പ്രഖ്യാപിക്കുന്നുണ്ട് (സൂറ: ഇബ്‌റാഹീം 22). ‘ഖനാസ്’ എന്ന് പേര്‍ അല്ലാഹു ഇതുകൊണ്ടാണ് നല്കിയത്. ‘പിന്‍മാറുന്നവന്‍’ എന്നാണ് ഈ പദത്തിനര്‍ഥം. ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം റഷീദുറിളാ(റ) എഴുതി: ”പിശാചിന്റെ കഴിവ് വസ്‌വാസ് ഉണ്ടാക്കല്‍ മാത്രമാണ്. പിശാച് രോഗം ഉണ്ടാക്കും എന്നത് മനുഷ്യപിശാചുക്കളായ ദജ്ജാലുകളുടെ നുണപ്രചരണം മാത്രമാണ്.”