Tuesday
19
June 2018

ആത്മീയ ഗുരുക്കള്‍ വിചാരണ ചെയ്യപ്പെടട്ടെ

Shabab Webadmin

ആത്മീയമായ അന്ധതയില്‍ വിവേകം കൈമോശം വന്ന ചിലരുടെ ബുദ്ധിഹീനമായ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായി ജീവിക്കുകയും വിശ്വാസപ്രബോധന സ്വാതന്ത്ര്യം കലവറയില്ലാതെ അനുഭവിക്കുകയും ചെയ്തുവന്ന മുസ്‌ലിംകളെ കടുത്ത പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുന്നു. വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമുള്ള പ്രഭാഷകരെയും നേതാക്കളെയും തങ്ങളുടെ സമ്മേളനങ്ങളിലും പരിപാടികളിലും ക്ഷണിക്കാത്ത മുസ്‌ലിം സംഘടനകള്‍ കേരളത്തിലില്ല. ഇനിമുതല്‍ ഇക്കാര്യത്തില്‍ കനത്ത ജാഗ്രത വേണ്ടിവരും. കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ യുവാക്കളെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണങ്ങള്‍, മതസംഘടനകളുടെ ദേശീയ രാജ്യാന്തര ബന്ധങ്ങളിലേക്ക് കടന്നിട്ടുണ്ട്. മുമ്പ് മതപരമായ ഉദ്‌ബോധനങ്ങള്‍ക്കുവേണ്ടി ക്ഷണിക്കപ്പെട്ടവര്‍പോലും കര്‍ശനമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. മാത്രമല്ല, ഇത്തരം അന്വേഷണങ്ങള്‍ ദേശസുരക്ഷയുടെ വകുപ്പുകളിലാണ് വരവ് ചേര്‍ക്കുന്നത്. ഈ സാഹചര്യം നിരപരാധികളായ സംഘടനകളെയും പ്രഭാഷകരെയും ഭീകരവാദ വിരുദ്ധ നിയമങ്ങള്‍ ചാര്‍ത്തി അകത്താക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് നയിച്ചേക്കും.
കേരളത്തില്‍ നിന്നും നാടുവിട്ട യുവാക്കള്‍ ഐ എസിനുവേണ്ടി യുദ്ധം ചെയ്യാന്‍ പുറപ്പെട്ടതാണെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. അവര്‍ അയച്ച സന്ദേശങ്ങളില്‍ നിന്ന് അനുമാനിക്കാവുന്നത് തീവ്ര ആത്മീയത തലക്കുപിടിച്ച് ‘സംശുദ്ധ ഇസ്‌ലാമിക അന്തരീക്ഷത്തില്‍’ ജീവിക്കാനുള്ള ആവേശമാണ് അവരെ പലായനത്തിനു പ്രേരിപ്പിച്ചിട്ടുള്ളത് എന്നതാണ്. അവര്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് പോറലേല്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ഏറ്റവും കടുത്ത വകുപ്പുകള്‍ തന്നെ ചാര്‍ത്തി അവരെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മറിച്ചാണെങ്കില്‍ കേസ് അതര്‍ഹിക്കുന്ന രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. അല്ലാത്തപക്ഷം വര്‍ഗീയ തീവ്രവാദികളും ന്യൂനപക്ഷ വിരുദ്ധരായ ഫാസിസ്റ്റുകളുമാവും ഈ അവസരത്തെ മുതലെടുക്കുക. കേരളത്തില്‍ നിന്നും നാടുവിട്ട ചെറുപ്പക്കാരെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ ഐ എസ് ഭീകരതയുടെ അനുഭാവികളാക്കി ചിത്രീകരിക്കുന്ന തരത്തില്‍ സമീപിക്കുന്നതിനെതിരെ കേരള മുഖ്യമന്ത്രി നല്‍കിയ മുന്നറിയിപ്പ് മുഖവിലക്കെടുക്കേണ്ടതുണ്ട്.
ബെസ്റ്റിന്‍ വിന്‍സന്റ് എന്ന യഹ്‌യ, അയാളുടെ ഭാര്യ  മെര്‍ലിന്‍ എന്ന മറിയം എന്നിവരെ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ച് മുംബൈ സ്വദേശികളായ അര്‍ഷി ഖുറൈശി, റിസ്‌വാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുകയാണ്, മെര്‍ലിനിന്റെ സഹോദരന്‍ എബിന്‍ ജേക്കബ് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസന്വേഷണം നടക്കുന്നത്. മെര്‍ലിന്‍ എറണാകുളം വൈറ്റിലയിലെ സലഫി സെന്ററില്‍ മതപഠനം നടത്തിയെന്ന് പരാതിയിലുണ്ട്. അതിന്റെ പേരില്‍ ആ സ്ഥാപനത്തിലും അന്വേഷിച്ചതായും അറിയുന്നു. ഇപ്പോള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ മുസ്‌ലിം ചെറുപ്പക്കാരും മതപ്രവര്‍ത്തകരും നടത്തുന്ന ആശയ വിനിമയങ്ങള്‍ പോലും നിരീക്ഷിച്ചുവരികയാണ്.
ഭീകരാവസ്ഥ കൃത്യമായി സൃഷ്ടിക്കപ്പെട്ടുകൂടാ. അതേസമയം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും നടത്തിയെങ്കില്‍ അതന്വേഷിക്കുകയും വേണം. ഇത്തരം അന്വേഷണങ്ങള്‍, പൗരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും പരിക്കേല്പിക്കാത്ത തരത്തിലാവണം. മതം മാറിയവരെ മുഴുവന്‍ സംശയിക്കുകയും അവരെ ഭീകര ബന്ധമുള്ളവരാക്കുകയും കുറ്റവാളികളെ പോലെ അപമാനിക്കുകയും ചെയ്യുന്ന പ്രവണത ഉണ്ടായിക്കൂടാ. ഈ ഗതിയിലേക്ക് കാര്യങ്ങളെ നയിക്കുന്ന ആത്മീയ ഗുരുക്കള്‍ക്കെതിരില്‍ സമുദായം ഉണരേണ്ട സന്ദര്‍ഭമാണിത്.