Monday
25
September 2017

തൗഹീദിന്റെ ഊര്‍ജവും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും

Shabab Webadmin

പണ്ഡിത ചര്‍ച്ചയില്‍ ഒന്നര പതിറ്റാണ്ടു മുമ്പ് മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്താന്‍ കെ എന്‍ എമ്മുകാരും ജിന്നുവാദികളും ഉഗ്രവാദി യാഥാസ്ഥിതികരും ഏകോപിച്ച് അവതരിപ്പിച്ച രണ്ടാം പ്രബന്ധത്തില്‍ ഉന്നയിച്ച വിമര്‍ശനവും വിതണ്ഡവാദവും ഇങ്ങനെയായിരുന്നു: ”ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം ഫലത്തില്‍ തൗഹീദ് പ്രബോധനത്തെ വിപരീതമായിട്ടാണ് ബാധിക്കുന്നത്. തൗഹീദ് പ്രബോധനത്തിനു ചെലവഴിക്കേണ്ട ഊര്‍ജവും സമയവും സമ്പത്തും മറ്റു മാര്‍ഗങ്ങളിലേക്കാണ് തിരിച്ചുവിടുന്നത്.”
ഐ എസ് എമ്മുമായി മതപരമായ വിഷയത്തില്‍ തന്നെ ധാരാളം അഭിപ്രായഭിന്നതയുണ്ടെന്ന് സാധാരണ മുജാഹിദുകളെ തെറ്റിദ്ധരിപ്പിക്കുവാനാണ് ഇക്കൂട്ടര്‍ മുജാഹിദു പ്രസ്ഥാനത്തിന്റെ കഴുത്തില്‍ തന്നെ കഠാരി വെക്കുന്ന ഇത്തരം വാദങ്ങള്‍ വിമര്‍ശനമായി അന്ന് ഉന്നയിച്ചത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ തുടക്കത്തിലായിരുന്നു തൗഹീദിനുവേണ്ടി കൂടുതല്‍ ഊര്‍ജവും സമയവും സമ്പത്തും ചെലവഴിക്കേണ്ടിയിരുന്നത്. എങ്കിലും നമ്മുടെ പണ്ഡിതന്മാര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സമയം കണ്ടെത്തി. എന്‍ വി അബ്ദുസ്സലാം മൗലവി ഖുര്‍ആന്‍ ക്ലാസ് നടത്തി മുജാഹിദ് പ്രസ്ഥാനത്ത് ശക്തിപ്പെടുത്തും. ഒപ്പം തന്നെ യുവാക്കളെ സംഘടിപ്പിച്ച് മുസ്‌ലിംലീഗിനെ ശക്തിപ്പെടുത്തും. എ അലവി മൗലവി പതി അബ്ദുല്‍ ഖാദിര്‍ മൗലവിയുമായി വാദപ്രതിവാദം നടത്തി തൗഹീദിനെ ശക്തിപ്പെടുത്തി ഒപ്പം തന്നെ കോണ്‍ഗ്രസ്സിനുവേണ്ടി പ്രവര്‍ത്തിക്കും. കെ എം മൗലവി പ്രവര്‍ത്തിക്കാത്ത ഒരു രംഗവും ഉണ്ടായിരുന്നില്ല. കെ എന്‍ എം ഭരണഘടനയില്‍ തന്നെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ നിര്‍ദേശിക്കുന്നതു കാണാം. വക്കം മൗലവി പത്രപ്രവര്‍ത്തനത്തില്‍ വരെ ശ്രദ്ധിച്ചിരുന്നു.
സകാത്ത് നല്കുവാന്‍ അവകാശപ്പെട്ടവരില്‍ നിന്ന് അതു പിരിച്ചെടുക്കുവാനും വാങ്ങുവാന്‍ അവകാശപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനും അതു വിഹിതം വെക്കുവാനും അതു സൂക്ഷിച്ചുവെക്കുവാനും എഴുതിവെക്കുവാനും നിഷേധിക്കുന്നവരോട് യുദ്ധം ചെയ്യുവാനും മറ്റും അധ്വാനവും സമയവും ചെലവു ചെയ്താല്‍ തൗഹീദ് പ്രബോധനത്തിന് ചെലവു ചെയ്യേണ്ട ഊര്‍ജവും സമയവും സമ്പത്തും ഉപയോഗിക്കേണ്ടിവരും. അതിനാല്‍ സകാത്ത് നിര്‍ത്തിവെക്കുക എന്ന് പറയുന്നതുപോലെയാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുക എന്ന് പറയുന്നതും.  നമസ്‌കരിക്കുവാന്‍ ചെലവ് ചെയ്യേണ്ട സമയം അതിന് ചെലവ് ചെയ്യണം. ഉറങ്ങുവാന്‍ ചെലവ് ചെയ്യേണ്ട സമയം ഉറങ്ങുവാന്‍ ചെലവ് ചെയ്യണം. വിനോദിക്കുവാന്‍ ചെലവ് ചെയ്യേണ്ട സമയം അതിന് ചെലവ് ചെയ്യണം. തൗഹീദ് പ്രബോധനം ചെയ്യേണ്ട സമയം അതിന്നും ചെലവ് ചെയ്യണം. ഭാര്യക്കും കുട്ടികള്‍ക്കും വേണ്ടി ചെലവ് ചെയ്യേണ്ട സമയം അവര്‍ക്കും ചെലവ് ചെയ്യണം. നന്മ കല്പിക്കുവാനും തിന്മ വിരോധിക്കുവാനും ചെലവ് ചെയ്യേണ്ട സമയം അതിനും ചെലവ് ചെയ്യണം. ഇതാണ് ഇസ്‌ലാം പറയുന്നത്.
ക്ഷേമപ്രവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുന്നത് നമസ്‌കാരത്തിന് പ്രതികൂലമായി ബാധിക്കും, നോമ്പിന് പ്രതികൂലമായി ബാധിക്കും എന്ന് പറഞ്ഞു നിര്‍ത്തിവെക്കല്‍ പോലും മതനിഷേധമാണ്. ഖുര്‍ആന്‍ നിഷേധമാണ്. തൗഹീദ് എന്നത് ഒരു അല്ലാഹുവിലും വിശ്വസിക്കാതിരിക്കുക എന്നതല്ല. പ്രത്യുത ഏകനായ അല്ലാഹുവില്‍ വിശ്വസിക്കലാണ്. ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുമ്പോള്‍ അവന്‍ കല്പിക്കുന്നതിലും അവന്റെ വേദഗ്രന്ഥത്തിലും വിശ്വസിക്കല്‍ അനിവാര്യമാണ്. അവന്റെ മതം അംഗീകരിക്കല്‍ അനിവാര്യമായി. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: മതനിഷേധിയെ നീ കണ്ടുവോ? അവന്‍ അനാഥയെ പുറം തള്ളുന്നവനാണ്. അവന്‍ ദരിദ്രന്റെ ഭക്ഷണത്തിന്റെ മേല്‍ പ്രേരിപ്പിക്കുകയില്ല. അപ്പോള്‍ നമസ്‌കരിക്കുന്നവന്ന് നാശം. അവര്‍ അവരുടെ നമസ്‌കാരത്തെ തൊട്ട് അശ്രദ്ധയിലാണ്. അവര്‍ കാണിക്കുവാന്‍ വേണ്ടി നമസ്‌കരിക്കുന്നു. അവര്‍ പരോപകാരത്തെ തടുക്കുകയും ചെയ്യുന്നു (സൂറ: മാഊന്‍).
മതനിഷേധിയെ അല്ലാഹു ഇവിടെ വിവരിക്കുന്നത് കേവല ആരാധനകള്‍ അനുഷ്ഠിക്കാത്തവരായല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ചെയ്യാത്തവരാണ് മതനിഷേധികള്‍ എന്നാണ്. പരോപകാരത്തെ അവര്‍ തടുക്കുകയും ചെയ്യും. തൗഹീദ് പ്രബോധത്തിനുവേണ്ടി ഒരു നിമിഷവും ഒരു മുസ്‌ലിമിന് മതനിഷേധിയാകുവാന്‍ സാധ്യമല്ല. ഒരാള്‍ നമസ്‌കരിക്കുവാന്‍ നില്ക്കുകയാണ് അപ്പോള്‍ അടുത്ത വീട് തീ കത്തിയാല്‍ നമസ്‌കാരം ഉപേക്ഷിച്ച് അതു കെടുത്തുവാന്‍ പുറപ്പെടണം. അല്ലെങ്കില്‍ അടുത്ത വീട്ടിലെ കുട്ടി കിണറ്റില്‍ വീണു. എങ്കില്‍ നമസ്‌കാരം ഉപേക്ഷിച്ച് ആ കുട്ടിയെ രക്ഷപ്പെടുത്തുവാന്‍ പുറപ്പെടണം. ഒരാള്‍ തൗഹീദ് പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഒരാള്‍ അപകടത്തില്‍ പെട്ടു. എന്നാല്‍ പ്രസംഗം നിര്‍ത്തി അവനെ രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കണം. ഇതു മുന്‍ഗണനാക്രമം തെറ്റിക്കല്‍ അല്ലതന്നെ. മുന്‍ഗണനാക്രമം പാലിക്കലാണ്. നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യനെ ഉപദ്രവിക്കുന്ന പാമ്പിനെയും തേളിനെയും കണ്ടാല്‍ അതിനെ കൊന്നിട്ട് ബാക്കി നമസ്‌കരിക്കുവാന്‍ നബി(സ) കല്പിച്ചു (മുസ്‌ലിം)
ഒരു നാട്ടില്‍ എല്ലാ മതസംഘടനകളും സമ്മേളിച്ച് മദ്യപാനത്തിന് എതിരായി ഒരു പരിപാടി സംഘടിപ്പിച്ചു. ആ പരിപാടിയില്‍ മുജാഹിദുകള്‍ പങ്കെടുത്താല്‍ അവര്‍ മുഹ്‌യുദ്ദീന്‍ മാല പാടി തൗഹീദ് വിശദീകരിക്കുകയല്ല വേണ്ടത്. അവരും മദ്യപാനത്തിന്റെ അപകടം വിവരിക്കുകയാണ് വേണ്ടത്. ഇത് പ്രബോധനരംഗത്തെ മുന്‍ഗണനാക്രമം തെറ്റിക്കലല്ല. സന്ദര്‍ഭോചിതം വിഷയം കൈകാര്യം ചെയ്യലാണ്.
ഇത്രയും സൂചിപ്പിച്ചത് മൗലികമായ വിഷയത്തിലുള്ള ഗുരുതരമായ ഭിന്നാഭിപ്രായം മൂലമല്ല അന്നത്തെ നേതൃത്വം സംഘടനയെ പിളര്‍ത്തിയത് എന്ന് പിന്‍തലമുറ ഓര്‍ക്കാന്‍ വേണ്ടിയാണ്. തര്‍ക്കമില്ലാത്ത വിഷയങ്ങളില്‍ പോലും ഐ എസ് എം വ്യതിചലിച്ചിരിക്കുന്നു എന്ന ഒരു പുകമുറ സൃഷ്ടിച്ചുകൊണ്ട് ഒരു വിഭാഗം നടത്തിയ ആഭ്യന്തര കാമ്പയിനാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയത്. നേതൃത്വം അതിന് ചൂട്ടുപിടിക്കുയും ചെയ്തു. ഇന്ന് എല്ലാവരും ഈ യാഥാര്‍ഥ്യം ഏറെക്കുറെ മനസ്സിലാക്കിയിട്ടുണ്ട്. ആയതിനാല്‍ ഒന്നിച്ചു നീങ്ങാന്‍ മടി കാണിക്കേണ്ടതില്ല.