Tuesday
22
August 2017

‘ഫോക്കസ് ഇന്ത്യ’ നിലവില്‍ വന്നു

admin

ബാംഗ്ലൂര്‍: ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ യുവജന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ‘ഫോക്കസ് ഇന്ത്യ’ യുടെ ഔദ്യോഗിക ലോഞ്ചിംഗ് ബാംഗ്ലൂരില്‍ നടന്നു. പ്രമുഖ പ്രബോധകനും ഡിസ്‌കവര്‍ ഇസ്‌ലാം ചെയര്‍മാനുമായ ഉമര്‍ ഷരീഫ് ലോഞ്ചിംഗ് നിര്‍വഹിച്ചു. കെ എന്‍ എം ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. ഫോക്കസ് ഇന്ത്യ പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു.  ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി മുഖ്യപ്രഭാഷണം നടത്തി. ഫോക്കസ് ഇന്ത്യ ജനറല്‍ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, ഇസ്മാഈല്‍ കരിയാട്, ജാഫര്‍ വാണിമേല്‍, പി സുഹൈല്‍ സാബിര്‍, ജസീല്‍ ബാംഗ്ലൂര്‍, മിറാഷ് ബാംഗ്ലൂര്‍ പ്രസംഗിച്ചു.
കേരളത്തിന്റെ നവോത്ഥാന മോഡല്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക്   കൂടി വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബാംഗ്ലൂരിലെ ഡിസ്‌കവര്‍ ഇസ്്‌ലാം ഡയറക്ടര്‍ ഉമര്‍ ശരീഫ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മുസ്്‌ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാന്‍ ഈ മാതൃക പ്രയോഗവല്ക്കരിക്കേണ്ടതുണ്ട്. മുസ്്‌ലിം ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വര്‍ധിച്ചുവരുന്ന സംഘടനാ സങ്കുചിതത്വങ്ങള്‍ കെട്ടുറപ്പ് ദുര്‍ബലമാക്കുമെന്നും ഉമര്‍ശരീഫ് പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടായിട്ടും രാജ്യത്തെ ജനകോടികള്‍ ജീവിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാവാതെ പ്രയാസപ്പെടുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് ‘ഫോക്കസ് ഇന്ത്യ’ സമ്മേളനം ആവശ്യപ്പെട്ടു. ചേരി പ്രദേശത്ത് വൃത്തിഹീനമായ ചുറ്റുപാടില്‍ ശുദ്ധജലം പോലും ലഭിക്കാതെ കഴിയുന്ന ഇവരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര പാക്കേജ് പ്രഖ്യാപിക്കണം. സര്‍ക്കാറുകള്‍ നല്കുന്ന ആനുകൂല്യങ്ങള്‍ ദരിദ്രജനവിഭാഗങ്ങള്‍ക്ക് ലഭ്യമാവാതെ വിവിധ തട്ടുകളില്‍ അനര്‍ഹര്‍ കയ്യടക്കുകയാണ്.
ഭരണഘടനാനുസൃതമായി ലഭിക്കേണ്ട തുല്യനീതിയും സുരക്ഷിതത്വവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടം മാത്രമല്ല വികസനത്തിന്റെയും പുരോഗതിയുടെയും അളവുകോല്‍. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന ഗാന്ധിജിയുടെ പ്രഖ്യാപനം മുഖവിലക്കെടുക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.